താണുപറക്കാത്ത ആ ചെങ്കൊടിക്ക് ഇന്ന്
നൂറിന്റെ നിറവ്. അനീതികൾക്കെതിരെ,
അസമത്വങ്ങൾക്കെതിരെ, ചൂഷകർക്കെതിരെ, ഭൂമാഫിയകൾക്കെതിരെ അവസാനിക്കാത്ത പോരാട്ടത്തിന് കൂടിയാണ് ഇന്ന് 100 തികയുന്നത്. ഒരിക്കലും അണയാത്ത വിപ്ലവത്തിന്റെ
കനലോർമകൾ ഊതിക്കാച്ചിയാൽ അതിലുണ്ട്
വി എസ് എന്ന നിറയൗവനം. രാഷ്ട്രീയം
സംസാരിക്കുകയും രാഷ്ട്രീയത്തിൽമാത്രം
ജീവിക്കുകയും ചെയ്യുന്ന പോരാളി...
സഖാവ് വി എസ് അച്യുതാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെയും പുരോഗമന പ്രസ്ഥാനത്തിന്റെയും ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ ഒന്നാണ്. വിദ്യാർഥി സംഘടനാരംഗത്ത് സജീവമായ കാലത്താണ് അദ്ദേഹത്തെ അടുത്തറിയാൻ അവസരങ്ങൾ ലഭിച്ചുതുടങ്ങുന്നത്. വർഗീയതയോടുള്ള നിലപാട് ചർച്ചചെയ്യപ്പെട്ട ബദൽരേഖ പ്രശ്‌നംവന്ന ഘട്ടത്തിൽ ഇ എം എസും വി എസുമൊക്കെ എടുത്ത നേതൃപരമായ നിലപാടുകൾ ഞങ്ങൾ യുവാക്കളിൽ വലിയ ആവേശം ഉയർത്തി. പിന്നീട് എസ്‌എഫ്‌ഐയുടെ മുഖ്യസംഘാടകനായി സംസ്ഥാനതലത്തിൽ പ്രവർത്തിക്കുമ്പോൾ, അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസിനെ നേരിൽക്കണ്ട് വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു. ഒരുകാര്യം വിശ്വാസത്തിലെടുത്താൽ, അതിനായി പ്രവർത്തിക്കുകയെന്നത് വി എസിന്റെ വലിയ സവിശേഷതയാണ്. ഓരോ വിഷയവും അദ്ദേഹം അതീവ ഗൗരവത്തോടെ കേൾക്കുകയും കൃത്യമായി ഇടപെടുകയും ചെയ്‌തു. എസ്‌എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ പ്രസിഡന്റുമായൊക്കെ പ്രവർത്തിക്കുമ്പോഴും ആ ബന്ധം തുടർന്നു. വിദ്യാഭ്യാസക്കച്ചവട നയങ്ങൾക്കെതിരെ നടന്ന പ്രക്ഷോഭങ്ങൾ, നിരാഹാര സമരങ്ങൾ, വിദ്യാർഥി, യുവജന സമരത്തിന്റെ ഭാഗമായി കൂത്തുപറമ്പിൽ പ്രതിഷേധിച്ച യുവാക്കൾക്കുനേരെയുണ്ടായ പൊലീസ് വെടിവയ്‌പ് തുടങ്ങി സംഭവബഹുലമായ കാലത്ത് വിദ്യാർഥികൾക്ക് പൂർണ പിന്തുണയുമായി വി എസ് ഉണ്ടായി.
2006ൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി പ്രവർത്തിക്കുമ്പോഴാണ് മുഖ്യമന്ത്രിയായ വി എസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി പാർടി ചുമതലപ്പെടുത്തുന്നത്. അക്കാലത്തുണ്ടായ നിർണായകമായ പല ഇടപെടലുകൾക്കും സാക്ഷ്യംവഹിക്കാനായി. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടുമായി കൃത്യമായ ചർച്ചകളും സൗഹാർദപൂർണമായ ബന്ധവും ഉറപ്പിക്കാനായി. അബ്ദുൾ നാസർ മഅ്‌ദനിക്ക് ന്യായമായ വിചാരണ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് തമിഴ്‌നാട് മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോഴും ഒപ്പമുണ്ടായി. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും മുതിർന്ന കേന്ദ്ര മന്ത്രിസഭാംഗങ്ങളെയും കാണാൻ വി എസിനൊപ്പമുള്ള യാത്രകൾ വലിയ അനുഭവമായിരുന്നു. മെട്രോ റെയിൽ കൊച്ചിയിൽ തുടങ്ങുന്നതിനായി വി എസും ഇ ശ്രീധരനുമായി നടത്തിയ ചർച്ചയാണ് മറ്റൊരു തിളക്കമാർന്ന ഓർമ.
ലാലു പ്രസാദ് യാദവ് ഉൾപ്പെടെ ദേശീയ രാഷ്‌ട്രീയത്തിലെ മുതിർന്ന നേതാക്കളുമായി വി എസിന് വലിയ അടുപ്പമുണ്ടായിരുന്നു. ഈ ബന്ധങ്ങൾ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ വികസനത്തിലും പൊതുവികസനത്തിലുമൊക്കെ നേട്ടമുണ്ടാക്കാൻ സംസ്ഥാനത്തെ സഹായിച്ചു. ഐസർ, ഐഐഎസ്‌ടി തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങൾക്ക് തുടക്കമിടാൻ അക്കാലത്ത് കഴിഞ്ഞു. ഐടി അടിസ്ഥാന സൗകര്യ വികസനത്തിനായി കെഎസ്‌ഐടിഎല്ലിന് തുടക്കമിട്ടു. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സാധ്യമാക്കാൻ വി എസ് സർക്കാർ വലിയ ശ്രമങ്ങൾ നടത്തി. പദ്ധതിയുടെ പ്രായോഗിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പദ്ധതി ടെൻഡർ നടപടികൾവരെ എത്തിക്കാനായി.
2010ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതുവരെ വി എസുമായി അടുത്തുനിന്ന് പ്രവർത്തിച്ചു. ജനപക്ഷത്ത് നിൽക്കുന്ന, ജനങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന മുഖ്യമന്ത്രിമാരുടെയും നേതാക്കളുടെയും നിരയിലാണ് എന്നും വി എസുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..