മൾട്ടിസ്റ്റേറ്റ് സംഘങ്ങൾക്ക് വഴിയൊരുക്കുകയെന്നതാണ് കോർപ്പറേറ്റ് ഹിന്ദുത്വ സർക്കാരിന്റെ ആയുധമായി മാറിയ ഇ.ഡി കേരളത്തിൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. സഹകരണബാങ്കുകളിലെ നിക്ഷേപകരിൽ അവിശ്വാസം പടർത്തി നിക്ഷേപങ്ങളെല്ലാം മൾട്ടിസ്റ്റേറ്റ് സംഘങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള ഹിന്ദുത്വവാദികളുടെ താൽപര്യങ്ങളെ കാണാതെ ഇ.ഡിയും സുരേഷ്‌ഗോപിയും ചേർന്ന് എന്തോ അഴിമതിവിരുദ്ധയുദ്ധം നയിക്കുകയാണെന്ന് വരുത്തിത്തീർക്കുന്ന മാധ്യമങ്ങളുടെയും വലതുപക്ഷ രാഷ്ട്രീയക്കാരുടെയും നിലപാടുകൾ അത്ര നിഷ്‌കളങ്കമല്ലെന്ന് കാര്യഗൗരവമുള്ള എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണസ്ഥാപനങ്ങളിൽ ഉണ്ടായിരിക്കുന്ന ക്രമക്കേടുകളും തട്ടിപ്പുകളും മാപ്പർഹിക്കുന്നതല്ല. പാവപ്പെട്ടവരുടെ നിക്ഷേപങ്ങൾ പലമാർഗങ്ങളിലൂടെ കവർന്നെടുത്തവരും അതിന് കൂട്ടുനിന്നവരും ഒരുകാരണവശാലും രക്ഷപ്പെട്ടുകൂട എന്ന കാര്യത്തിലും ഒരു തർക്കവും ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കില്ല.
എന്നാൽ കരുവന്നൂർബാങ്ക് തട്ടിപ്പുകളെ നിമിത്തമാക്കി കേരളത്തിലെ സഹകരണമേഖലയെയാകെ തകർക്കാനും മൾട്ടിസ്റ്റേറ്റ് കോർപ്പറേറ്റുകൾക്ക് വഴിയൊരുക്കുന്ന തരത്തിൽ കേരളത്തിലെ സഹകരണസ്ഥാപനങ്ങളുടെ വിശ്വാസ്യതയെ തകർക്കാനുമുള്ള നീക്കങ്ങളെ ചെറുക്കുന്നതിൽനിന്ന് ജനാധിപത്യമതനിരപേക്ഷവാദികൾക്ക് മാറിനിൽക്കാനാവില്ല. പലരുടെയും അന്ധമായ സി.പി.ഐ(എം) വിരോധവും താൽക്കാലികമായ രാഷ്ട്രീയനേട്ടങ്ങൾക്കായുള്ള ത്വരയും കേരളത്തിന്റെ നട്ടെല്ലായ സഹകരണമേഖലയെ കയ്യടക്കാനുള്ള സംഘപരിവാർ അജൻഡയ്ക്ക് സഹായകരമായിക്കൊണ്ടിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ സാമൂഹ്യപുരോഗതിയിലും സമ്പദ്ഘടനയിലും നിർണ്ണായക സ്വാധീനമാണ് സഹകരണമേഖലക്കുള്ളത്. മൂന്ന് ലക്ഷം കോടി രൂപയോളം നിക്ഷേപമുള്ള കേരളത്തിന്റെ ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായി വർത്തിക്കുന്ന സഹകരണമേഖലയെ തകർത്താലേ തങ്ങളുടെ മൾട്ടിസ്റ്റേറ്റ് സംഘങ്ങൾക്കും നിധി സ്ഥാപനങ്ങൾക്കും ഇവിടെ വേരുപിടിപ്പിക്കാനാവൂ എന്നതാണ് സംഘപരിവാറും കേന്ദ്രസഹകരണമന്ത്രാലയവും കാണുന്നത്. അതിനാവശ്യമായ രീതിയിൽ കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിപ്പിനെയും അതുമൂലം നിക്ഷേപകർക്കുണ്ടായ വൈഷമ്യങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കടന്നുകയറ്റമാണ് ഇ.ഡിയെ ഉപയോഗിച്ച് ഹിന്ദുത്വവാദികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒരുകാര്യം ആവർത്തിച്ച് വ്യക്തമാക്കട്ടെ, ഒരർത്ഥത്തിലും കരുവന്നൂർബാങ്കിലും അതിനുസമാനമായ രീതിയിൽ മറ്റ് സ്ഥാപനങ്ങളിലും നടന്നിട്ടുള്ള ഒരുതരം ക്രമക്കേടുകളെയും തട്ടിപ്പുകളെയും കുറച്ചുകാണുക എന്നത് ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ല. സഹകരണസ്ഥാപനങ്ങളെ തകർക്കുന്ന പുഴുക്കുത്തുകൾക്കെതിരായി നിർദ്ദയമായ നടപടികൾ സ്വീകരിച്ചുപോകണമെന്ന ഉറച്ച നിലപാടിൽനിന്നുകൊണ്ടുതന്നെ കേരളത്തിന്റെ സഹകരണമേഖലയെ തകർക്കാനുള്ള ബി.ജെ.പിയുടെ അജൻഡയെ പ്രതിരോധിക്കേണ്ടതുണ്ട്. സഹകരണമേഖലയിലെ ഹിന്ദുത്വവാദികളുടെ അജൻഡ എന്തെന്ന് മനസ്സിലാക്കാൻ ഗുജറാത്തിലെ ക്ഷീരസംഘങ്ങളെയും വിശ്വവിഖ്യാതമായ അമൂൽപ്രസ്ഥാനത്തെയുമൊക്കെ പിടിച്ചെടുക്കുകയും കോർപ്പറേറ്റ്‌വൽക്കരിക്കുകയും ചെയ്ത മോഡി – –അമിത്ഷാ ഇടപെടലുകളുടെ ചരിത്രമൊന്നറിഞ്ഞിരിക്കണം. വർഗീസ് കുര്യനെ ക്രിസ്ത്യൻ വർഗീയവാദിയും മതപരിവർത്തനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആളുമായിവരെ അപവാദപ്രചരണം നടത്തിയാണ് ക്ഷീരസഹകരണപ്രസ്ഥാനങ്ങളെ ബി.ജെ.പി കയ്യടക്കിയത്.
തൃശൂരിൽ സുരേഷ്‌ഗോപിയെ രംഗത്തിറക്കി കേന്ദ്രസർക്കാരും ഇ.ഡിയും കളിക്കുന്ന വർഗീയരാഷ്ട്രീയം മൾട്ടിസ്റ്റേറ്റ് കോർപ്പറേറ്റുകൾക്ക് സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപം തട്ടിയെടുക്കാനുള്ള ഹിന്ദുത്വവാദികളുടെ അജൻഡയിൽ നിന്ന് ആസൂത്രണം ചെയ്യപ്പെട്ടതാണ്. ഇത് വ്യക്തമാക്കുന്നതാണ് സംഘികളുടെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ. ടി.ജി.മോഹൻദാസിനെപോലുള്ള ബി.ജെ.പി വക്താക്കൾ സാമൂഹ്യമാധ്യമങ്ങളിൽ വർഗീയവിദേ്വഷം ഇളക്കിവിടുന്ന രീതിയിൽ സഹകരണബാങ്കുകൾക്കെതിരായി പ്രചാരണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. സഹകരണബാങ്കുകൾ വഴി ഹൈന്ദവദേവാലയങ്ങളുടെ സമ്പത്ത് സി.പി.ഐ എം കവർന്നെടുക്കുകയാണെന്നൊക്കെയാണ് വെറുപ്പിന്റെ വക്താവായ മോഹൻദാസ് ഒരു വീഡിയോവിലൂടെ തട്ടിവിടുന്നത്!
ദേവസ്വംബോർഡിന്റെ പണം നിക്ഷേപിച്ചിരിക്കുന്നത് സഹകരണബാങ്കുകളിലാണെന്നും ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിലെ പണം തട്ടിയെടുക്കലാണ് സഹകരണബാങ്കുകളിലൂടെ നടക്കുന്നത് എന്നുമാണ് മോഹൻദാസിനെപോലുള്ളവർ അടിച്ചുവിടുന്നത്. യാതൊരുവിധ വസ്തുതാബന്ധവുമില്ലാത്ത ഇത്തരം ആരോപണങ്ങളിലൂടെ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും സഹകരണസ്ഥാപനങ്ങൾക്കുമെതിരെ ക്ഷുദ്രവികാരം ഇളക്കിവിടുകയാണ്. സഹകരണബാങ്കുകളിലെ നിക്ഷേപകരോട് എത്രയുംവേഗം ആ നിക്ഷേപം പിൻവലിക്കാനാണ് മോഹൻദാസ് ആ വീഡിയോയിൽ ആവശ്യപ്പെടുന്നത്.
എന്നുമാത്രമല്ല ലക്ഷക്കണക്കിന് കോടികൾ വിജയമല്യമാരും നീരവ്‌മോഡിമാരും തട്ടിയെടുത്ത വാണിജ്യബാങ്കുകളെ ആദർശവൽക്കരിക്കുകയുമാണ് മോഹൻദാസിനെ പോലുള്ളവർ. ബി.ജെ.പി ഭരണകാലത്ത് പൊതുമേഖലാ ബാങ്കുകളിൽ കോർപ്പറേറ്റുകൾ കിട്ടാക്കടമാക്കിമാറ്റി എഴുതിത്തള്ളുന്ന ലക്ഷക്കണക്കിന് കോടികൾ രാഷ്ട്രസമ്പത്തിന്റെ കവർച്ചയാണെന്ന സത്യം ജനങ്ങൾക്കറിയില്ലെന്ന അഹന്തയിലാണ് ഇത്തരം വിദേ്വഷപ്രചരണങ്ങൾ അഴിച്ചുവിടുന്നത്.
സഹകരണബാങ്കുകളിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്ന സാധാരണക്കാരെ ക്യാൻവാസ് ചെയ്ത് മൾട്ടികോർപ്പറേറ്റ്‌സംഘങ്ങളിലേക്ക് കൊണ്ടുവരാൻ ഗുജറാത്തിൽനിന്നും കർണാടകയിൽനിന്നുമൊക്കെയുള്ള വൻകിട മൾട്ടികോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഏജന്റുമാർ ഇവിടെ കാത്തുകിടക്കുകയാണല്ലോ. അവർക്കുവേണ്ടിയാണല്ലോ മോഡി സർക്കാർ ഇ.ഡിയെ ഇറക്കിവിട്ടിരിക്കുന്നത്. മൾട്ടി കോർപ്പറേറ്റ് സംഘങ്ങൾക്ക് സംസ്ഥാനത്തിന്റെ സഹകരണനിയമങ്ങളുടെ പിൻബലമില്ലെന്നും സംസ്ഥാന സഹകരണവകുപ്പിന്റെ നിയന്ത്രണമില്ലെന്നും മനസ്സിലാക്കണം.
ഇന്ത്യയിലെ സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രം പഠിക്കുന്നവർക്കറിയാം 1919ലെ മൊണ്ടേഗൂചെംസ്‌ഫോർഡ് കമ്മീഷൻ നിർദ്ദേശമനുസരിച്ചാണ് സഹകരണം ഒരു പ്രവിശ്യാവിഷയമായി മാറിയത്. അതിനുമുമ്പ് 1904ലെ പ്രഥമ സഹകരണ നിയമമനുസരിച്ച് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച സഹകരണസംഘങ്ങൾക്കെതിരായി ഉയർന്നുവന്ന പ്രവിശ്യാതലത്തിലുള്ള പ്രതിഷേധങ്ങളുടെ ഫലമായിട്ടാണ് സഹകരണത്തെ പ്രവിശ്യാവിഷയമാക്കിയത്. 1935ൽ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിലും സഹകരണം പ്രവിശ്യാവിഷയമായാണ് വ്യവസ്ഥ ചെയ്തത്. ഇത് എന്തിനുവേണ്ടിയായിരുന്നു എന്ന കാര്യം ബ്രിട്ടീഷുകാരുടെ ഏജന്റുമാരായി നടന്നിരുന്ന ആർ.എസ്.എസ് നേതാക്കൾ അറിയാനിടയില്ല.
പ്രവിശ്യാ സഹകരണനിയമങ്ങളെ മറികടന്ന്, പ്രവിശ്യകളുടെ അതിരുകടന്ന് സ്ഥാപിക്കപ്പെട്ട സംഘങ്ങളെ സംരക്ഷിക്കാനായിട്ടാണ് 1942ൽ ബ്രിട്ടീഷ് ഗവൺമെന്റ് മൾട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് കൊണ്ടുവന്നത്. സ്വാതന്ത്ര്യാനന്തരം ദേശീയ സഹകരണനയത്തിന്റെ അനിവാര്യത നിലനിർത്തണമെന്ന ചർച്ചയുടെയും സമ്മർദ്ദത്തിന്റെയും ഫലമായിട്ടാണ് മൾട്ടിസ്റ്റേറ്റ് സംഘങ്ങൾക്ക് നിയമപരമായി നിലനിൽക്കാൻ അവകാശം നൽകിയത്.
സഹകരണമേഖലയെ കോർപ്പറേറ്റ് മൂലധനതാൽപര്യങ്ങൾക്കാവശ്യമായ രീതിയിൽ പുനഃസംവിധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വൈദ്യനാഥൻ കമ്മറ്റി ശുപാർശകൾ വരുന്നത്. അതിന്റെ അപകടങ്ങൾ മനസ്സിലാക്കിക്കൊണ്ടാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം കക്ഷിഭേദമില്ലാതെ വൈദ്യനാഥൻ കമ്മറ്റി റിപ്പോർട്ടിനെതിരെ നിലപാടെടുത്തത്. വൈദ്യനാഥൻ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കാനുളള തീരുമാനത്തിനെതിരായി ഉയർന്നുവന്ന ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഉമ്മൻചാണ്ടി സർക്കാർ ആ തീരുമാനത്തിൽനിന്ന് പിറകോട്ടുപോയത്.
2002ൽ വാജ്‌പേയ് സർക്കാർ കൊണ്ടുവന്ന പരിഷ്‌കരിക്കപ്പെട്ട മൾട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രാജ്യമാകെ കറക്കുസംഘങ്ങൾ പ്രവർത്തനമാരംഭിച്ചത്. 1500ലേറെ മൾട്ടിസ്റ്റേറ്റ് സംഘങ്ങൾ
ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്ക്. 2022ൽ റിസർവ് ബാങ്ക് 9 സംസ്ഥാനങ്ങളിലെ 44 സംഘങ്ങളെ അഴിമതിയുടെ പേരിൽ അടച്ചുപൂട്ടിച്ചിരുന്നു. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും പഞ്ചാബിലെയും രാജസ്താനിലെയും ഉത്തർപ്രദേശിലെയും ഡൽഹിയിലെയും ഝാർഖണ്ഡിലെയും അടച്ചുപൂട്ടിയ സംഘങ്ങളുടെ പട്ടിക സഹകരണമന്ത്രി അമിത്ഷാ തന്നെയാണ് പാർലമെന്റിന്റെ മുമ്പിൽവെച്ചത്. ഈ സംഘങ്ങൾ പതിനായിരം കോടിയിലേറെ രൂപയാണ് പൊതുജനങ്ങളിൽനിന്ന് കവർന്നെടുത്തത്!
അഴിമതിയുടെയും തട്ടിപ്പിന്റെയും കാര്യത്തിൽ ആയിരക്കണക്കിന് കരുവന്നൂരുകൾ സൃഷ്ടിക്കുകയാണ് ഇന്ത്യയിലെമ്പാടും ബി.ജെ.പി മുതലാളിമാരുടെ മൾട്ടിസ്റ്റേറ്റ് കോർപ്പറേറ്റുകൾ എന്നതാണ് യാഥാർത്ഥ്യം. മൾട്ടിസ്റ്റേറ്റ് സംഘങ്ങൾക്ക് ഒരു നിയന്ത്രണവും കേന്ദ്രസംസ്ഥാന സർക്കാരുകൾക്കില്ല. ഒരു സംസ്ഥാനത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിൽ ഓപ്പറേറ്റ് ചെയ്യപ്പെടുന്ന ഇത്തരം സംഘങ്ങളുടെ ഭരണസമിതിയിൽ ആരൊക്കെയാണ്, ഓഹരി ഉടമകൾ ആരൊക്കെയാണ് എന്നതിനെക്കുറിച്ചൊന്നും ഒരു വിവരവുമില്ല.
എന്നാൽ സംസ്ഥാന സഹകരണനിയമത്തിൻകീഴിലുള്ള സഹകരണസ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം സഹകരണ രജിസ്ട്രാറുടെ നിയന്ത്രണത്തിലാണവ പ്രവർത്തിക്കുന്നത്. ഓഡിറ്റിനും ഇൻസ്‌പെക്ഷനും പ്രതേ്യക സംവിധാനങ്ങൾ തന്നെയുണ്ട്. ജനാധിപത്യപരമായാണ് അവയുടെ പ്രവർത്തനങ്ങൾ.
ഓഹരിയുടമകളുടെ ജനറൽബോഡി, തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇങ്ങനെ സുതാര്യമാണ് സഹകരണസംഘങ്ങളുടെ പ്രവർത്തനങ്ങൾ. അതിൽ വീഴ്ചകളോ കാര്യക്ഷമതാക്കുറവോ ഉണ്ടാകുമായിരിക്കാം. അത് കണ്ടെത്താനും ആവശ്യമായ നടപടികളിലൂടെ തിരുത്താനും കഴിയുന്ന സ്ഥാപനങ്ങളാണ് നമ്മുടെ സഹകരണസ്ഥാപനങ്ങളും അതിന്റെ പരിശോധനാ ഭരണസംവിധാനങ്ങളും. എന്നാൽ മൾട്ടിസ്റ്റേറ്റ് കോർപ്പറേറ്റുകൾ വ്യവസ്ഥാരഹിതവും നിരുപാധികവുമായ പ്രവർത്തനങ്ങളിലൂടെ വൻകിടക്കാർക്ക് പാവപ്പെട്ട നിക്ഷേപകരുടെ പണം തട്ടിയെടുക്കാൻ കഴിയുന്ന കറക്കുകമ്പനികളാണെന്നതാണ് മനസ്സിലാക്കേണ്ടത്.
ഇത്തരം മൾട്ടിസ്റ്റേറ്റ് സംഘങ്ങളുടെ പിറകിൽ വൻകിട കോർപ്പറേറ്റുകളാണുള്ളത്. കേരളത്തിലെ ഇത്തരം സംഘങ്ങളുടെ ഏജന്റുമാർ വൻകിടക്കാരുടെ പേരുകൾ ഉപയോഗിച്ചാണ് നിക്ഷേപസമാഹരണത്തിനായി ആളുകളെ ക്യാൻവാസ് ചെയ്തുകൊണ്ടിരിക്കുന്നത്. നിക്ഷേപകർക്ക് 10 മുതൽ 12 വരെ ശതമാനം പലിശനിരക്കുകൾ വാഗ്ദാനം ചെയ്യുന്നു (സാധാരണ 5 മുതൽ 8% വരെയാണ് പലിശനിരക്ക്). ഉയർന്ന പലിശനിരക്ക് ഓഫർ ചെയ്താണ് സാധാരണക്കാരെയും അഭ്യസ്തവിദ്യരായ ഇടത്തരക്കാരെയുമൊക്കെ മൾട്ടിസ്റ്റേറ്റ് സംഘക്കാർ വലയിലാക്കുന്നത്. ഏജന്റുമാർ നൽകുന്ന സംഘത്തിന്റെ കാർഡ് ഇങ്ങനെയാണ്:
രജിസ്‌ട്രേഡ് അണ്ടർ എം.എസ്.സി.എസ് ആക്ട് 2002 പാസ്സ്ഡ് ബൈ ഓണറബിൾ പാർലമെന്റ് ഓഫ് ഇന്ത്യൻ യൂണിയൻ എന്ന് അച്ചടിച്ചിരിക്കും. പിന്നെ ബൈ സെൻട്രൽ രജിസ്ട്രാർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ്, ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നും കാണും. പിന്നെ സെൻട്രൽ രജിസ്ട്രാറുടെ വെബ്‌സൈറ്റിലെ പ്രസക്തഭാഗവും ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് വെച്ചിട്ടുണ്ടാവും. ഇതോടെ ഇടപാടുകാരുടെ വിശ്വാസം ആർജിക്കാനാകുമല്ലോ.
എന്നാൽ ഈ രജിസ്‌ട്രേഷനപ്പുറം ഒരു സംഘത്തിനും മുകളിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് കേന്ദ്ര കൃഷി കർഷകമന്ത്രാലയത്തിന്റെ 2017 ജൂലൈ മാസത്തെ ആർ 11017/19/2017/എൽ ആന്റ് എം സർക്കുലറിൽ പറയുന്നു. അന്ന് സഹകരണവകുപ്പ് കേന്ദ്രകൃഷിമന്ത്രാലയത്തിനുകീഴിലായിരുന്നു. ഈ സർക്കുലർ പ്രകാരം നാലു കാര്യങ്ങളാണ് അഡീഷണൽ കമ്മീഷണർ (സഹകരണം) പി.സമ്പത്ത് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കേന്ദ്രസഹകരണ രജിസ്ട്രാർക്കോ അയാളുടെ ഓഫീസിനോ മൾട്ടിസ്റ്റേറ്റ് സംഘങ്ങൾക്ക് മുകളിൽ കാര്യമായ ഒരു നിയന്ത്രണവുമില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ മൾട്ടിസ്റ്റേറ്റ് സംഘങ്ങൾ കേന്ദ്രകൃഷി കർഷകക്ഷേമമന്ത്രാലയത്തിനുകീഴിലുള്ള കേന്ദ്രസഹകരണ രജിസ്ട്രാർ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളാണെന്ന ധാരണ ഉണ്ടാക്കിയെടുത്താണ് ജനങ്ങളുടെ വിശ്വാസം നേടാൻ നോക്കുന്നത്. തട്ടിപ്പും തരികിടയും കലയാക്കിയവരാണ് മൾട്ടിസ്റ്റേറ്റ് കോർപ്പറേറ്റുകൾക്ക് പിറകിലുള്ള മുതലാളിമാർ.
ഇന്ത്യയിലെ ആയിരക്കണക്കിന് മൾട്ടിസ്റ്റേറ്റ് സംഘങ്ങൾ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപങ്ങൾ മടക്കിനൽകുന്നില്ലെന്ന പരാതി കേന്ദ്രമന്ത്രാലയത്തിൽ എത്രയോ ലഭിച്ചിട്ടുണ്ട്. തനി തട്ടിപ്പുസംഘങ്ങളെപോലെയാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന വസ്തുതയാണ്, കേരളത്തിൽ മൾട്ടിസ്റ്റേറ്റ് കോർപ്പറേറ്റുകൾക്ക് വഴിയൊരുക്കാനുള്ള അജൻഡയിൽ നിയമാനുസൃതം പ്രവർത്തിക്കുന്ന സഹകരണസ്ഥാപനങ്ങൾക്കെതിരെ നുണപ്രചരണം നടത്തുന്നവർ കൗശലപൂർവ്വം മറച്ചുപിടിക്കുന്നത്.
സഹകരണമേഖലയിലാകെ കള്ളപ്പണം എന്ന പ്രതീതി സൃഷ്ടിക്കാനും ഈ മേഖല കൈവരിച്ച വിശ്വാസ്യതയെ തകർക്കാനുമാണ് ഹിന്ദുത്വവാദികൾ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന കാര്യം താൽക്കാലിക രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ആരോപണം ഉന്നയിക്കുന്നവർ മനസ്സിലാക്കാതെപോകുകയാണ്. ബി.ജെ.പിയുടെ കേരള അജൻഡയുടെ ഭാഗമാണ് നമ്മുടെ സമ്പദ്ഘടനയുടെ താങ്ങായി പ്രവർത്തിക്കുന്ന സഹകരണസ്ഥാപനങ്ങളെ തകർക്കാനും മൾട്ടിസ്റ്റേറ്റ് സംഘങ്ങൾക്ക് വഴിയൊരുക്കാനുമുള്ള കുത്സിത നീക്കങ്ങൾ.
(ചിന്ത വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..