കൽപ്പറ്റ
നൂറുകണക്കിന് കുടുംബങ്ങളുടെ കണ്ണീർ ഒഴുകിയിറങ്ങിയ ആ നാൾ മുതൽ കൽപ്പറ്റയിലെ സിവിൽ സ്‌റ്റേഷനും ഉറങ്ങിയിട്ടില്ല. രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനവും കൺട്രോൾ റൂമുമെല്ലാം സിവിൽ സ്‌റ്റേഷനാണ്. ക്യാമ്പുകളിലേക്ക് ആവശ്യമായ സാമഗ്രികളും ഇവിടേക്കാണ് എത്തിക്കുന്നത്. ദുരന്തത്തിന്റെ വിശദമായ ചിത്രം പുറത്തുവരുംമുമ്പ് ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞ് സിവിൽ സ്‌റ്റേഷൻ കൺട്രോൾ റൂമായി മാറിയിരുന്നു. അവധിയിൽപ്പോയ ജീവനക്കാരിലേറെയും തിരിച്ചെത്തി.
കലക്ടർ ഡി ആർ മേഘശ്രീ മന്ത്രിസഭാ ഉപസമിതിയിലെ അംഗങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും ഏകോപിപ്പിച്ചും ക്യാമ്പുകൾ ഒരുക്കിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. എഡിഎം കെ ദേവകിയുടെ നേതൃത്വത്തിൽ റവന്യു ജീവനക്കാർ രാത്രിയിലും കലക്ടറേറ്റിൽ ജോലിയിലാണ്. 145 ജീവനക്കാർ ഏതുസമയത്തും വിവിധ സെക്‌ഷനിലായുണ്ട്. സാധനസാമഗ്രികളുടെ കലക്‌ഷൻ സെന്റർ, ചൂരൽമലയിലെ മൂന്ന് കൺട്രോൾ റൂമുകൾ, ഭക്ഷ്യസാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾ തുടങ്ങി എല്ലായിടത്തും ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും വിവിധ ചുമതലകളുമായി ദുരന്തമുഖത്തുണ്ട്. തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവുവിന്റെയും ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനം. ഒപ്പം അധ്യാപകർ ഉൾപ്പെടെയുള്ള സ്‌കൂൾ ജീവനക്കാർ, സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരുമെല്ലാം നാടിനൊപ്പം നിൽക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..