23 December Monday

വിടവാങ്ങിയത‌് അരങ്ങിലെ ശബ്ദഗാംഭീര്യം

നിഖിൽ കരകുളംUpdated: Saturday Dec 8, 2018



പേരൂർക്കട
അരങ്ങിൽ അഭിനയമികവിനൊപ്പം ശബ്ദഗാംഭീര്യംകൊണ്ടുകൂടി ശ്രദ്ധേയനായ കലാകാരനായിരുന്നു കരകുളം ചന്ദ്രൻ. നാല് പതിറ്റാണ്ടുകാലം പ്രൊഫഷണൽ നാടകാഭിനയ–- സംവിധാനരംഗത്ത് നിറഞ്ഞുനിന്നു അദ്ദേഹം. കെപിഎസിയുടെ കൈയും തലയും പുറത്തിടരുത് എന്ന നാടകത്തിലെ ബസ‌് കണ്ടക്ടറും ഭീഷ്മർ എന്ന നാടകത്തിലെ ഭീഷ്മപിതാമഹനും ജനഹൃദയങ്ങളിൽ ഏറെ ഇടംനേടി. കെപിഎസി രണ്ടാംതവണ അണിയിച്ചൊരുക്കിയ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മുടിയനായ പുത്രൻ എന്നീ നാടകങ്ങളിലും മുഖചിത്രം, പദയാത്ര, അശ്വമേധം, ആട്ടവിളക്ക്, നാറാണത്ത് ഭ്രാന്തൻ എനിവയിലെയും കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. അജന്തയുടെ ആകാശവിളക്കാണ് അഭിനയരംഗത്തെ അവസാന നാടകം. സംഭാഷണത്തിലെ കൃത്യതയും ഉറച്ച ശബ്ദവും നാടകവേദികളിൽ കരഘോഷങ്ങൾ ഉയർത്തി. പെൺകുട്ടികൾ നാടകാഭിനയത്തിൽ മടിച്ചുനിന്നപ്പോൾ സ്കൂൾകാലത്ത് സ്ത്രീവേഷം കെട്ടി ശ്രദ്ധ നേടി അദ്ദേഹം. കവി കടമ്മനിട്ടയുമായുള്ള ബന്ധത്തിലൂടെ 1968ൽ പ്രൊഫ.ജി ശങ്കരപ്പിള്ളയുടെ നേതൃത്വത്തിലുള്ള നാടകകളരിയിൽ വിദ്യാർഥിയായെത്തി. അവിടെനിന്നാണ് പ്രൊഫഷണൽ നാടകരംഗത്തേക്ക് ചുവടുവച്ചത്. വയലാ വാസുദേവൻപിള്ളയുടെ തീർഥാടനം എന്ന നാടകത്തിലൂടെ തുടക്കം കുറിച്ചു.

ഒരു പതിറ്റാണ്ടിലേറെക്കാലം തോപ്പിൽ ഭാസിയുടെ ശിക്ഷണത്തിൽ നാടകരംഗത്ത് പ്രാഗത്ഭ്യം നേടി.  എൻ എൻ പിള്ള, ഡോ. അയ്യപ്പപ്പണിക്കർ, കാവാലം നാരായണപ്പണിക്കർ‌‌, വയലാ വാസുദേവൻപിള്ള, കാമ്പിശ്ശേരി, കെ എസ് ജോർജ്, ഒ മാധവൻ, കെപിഎസി സുലോചന, സുധർമ തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് പ്രവർത്തിച്ചു. വിവിധ സമിതികളിലായി 118 നാടകം സംവിധാനവും ചെയ്തു. തുടക്കകാലംമുതൽ ഇടതുപക്ഷ സഹയാത്രികനായിരുന്നു. നാടക സമിതികൾ കച്ചവടതാൽപ്പര്യത്തിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന തോന്നലിൽ 1985ൽ കൊല്ലം കേന്ദ്രീകരിച്ച് അജന്ത എന്ന നാടകസമിതിക്ക് രൂപം നൽകി. അജന്ത അണിയിച്ചൊരുക്കിയ ഇരുപതോളം നാടകത്തിന്റെ സംവിധായകനും നടനുമായി. 1997ൽ സമാവർത്തനത്തിനും ’99ൽ ഭാഗ്യജാതകത്തിനും മികച്ച നാടക സംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ആറുതവണ സംസ്ഥാന സർക്കാരിന്റെ അവാർഡിന് അർഹനായി. 2008ൽ മലയാള നാടകവേദിക്ക് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് കേരള സംഗീത നാടക അക്കാദമി പുരസ‌്കാരം നൽകി ആദരിച്ചു. പ്രാദേശിക പുരസ്കാരങ്ങളടക്കം എണ്ണൂറിലധികം പുരസ്കാരത്തിന‌് അർഹനായിട്ടുണ്ട്. അഞ്ച് സിനിമയിലും നിരവധി സീരിയലുകളിലും അഭിനയിച്ചു.

കരകുളം ചന്ദ്രന്റെ നിര്യാണത്തിൽ  മന്ത്രി എ കെ ബാലൻ അനുശോചിച്ചു. സംസ്ഥാനത്തെ ചെറുതും വലുതുമായ ഒട്ടുമിക്ക പ്രൊഫഷണൽ  നാടകസമിതികളിലും പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിയോഗം നാടകവേദിക്ക് തീരാനഷ്ടമാണെന്ന‌് - അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top