22 September Sunday
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ മുഖ്യ പോയിന്റുകൾ

വയനാട് ദുരിതാശ്വാസം; വസ്തുതകളും വ്യാജ വാർത്തയ്ക്ക് പിന്നിലെ താത്പര്യങ്ങളും

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

'അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക' - എഴുത്തുകാരന്‍ ജോനാഥന്‍ സ്വിഫ്‌റ്റിന്റെ ഈ വാക്കുകള്‍ ഉദ്ധരിച്ചാണ് വയനാട് ദുരന്തത്തിലെ നഷ്ടപരിഹാര തുകയ്ക്കുള്ള പ്രതീക്ഷിത കണക്കുകള്‍ വിവാദമാക്കിയ മാധ്യമ നിലപാടുകളിലെ വൈരുധ്യത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു കാട്ടിയത്.

എന്താണ് യഥാര്‍ത്ഥ  സംഭവം എന്ന് വിശദീകരിച്ച് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയെങ്കിലും ആദ്യം പറന്ന വ്യാജ വാര്‍ത്തകളുടെ പിന്നാലെ ഇഴയാന്‍ മാത്രമേ അവയ്ക്ക് കഴിഞ്ഞുള്ളൂ.

എന്താണ് ഇതിന്റെ ഫലമായി സംഭവിച്ചത് എന്നും വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ചോദിക്കുന്നുണ്ട്. 

 

കേരളം കണക്കുകള്‍ പെരുപ്പിച്ച് പറഞ്ഞ് അനര്‍ഹമായ കേന്ദ്ര സഹായം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന വ്യാജ കഥ  വലിയൊരു വിഭാഗം ജനങ്ങളുടെ മനസ്സിലേക്ക് കടന്നു കയറി. കേരളീയരും ഇവിടത്തെ സര്‍ക്കാരും ജനങ്ങളും ലോകത്തിനു മുന്നില്‍ അവഹേളിക്കപ്പെട്ടു.

വലിയ പ്രശ്‌നം നുണകളല്ല, ആ നുണകളുടെ  പിന്നിലെ അജണ്ടയാണ്. ആ അജണ്ട ഈ നാടിനും ജനങ്ങള്‍ക്കും എതിരായ ഒന്നാണ്.

എന്താണ് ഇവയ്ക്കു പിന്നില്‍ എന്ന് മുഖ്യമന്ത്രി അക്കമിട്ട് പറഞ്ഞു.

ഇതിനോടകം ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതരായ 131 കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതം നല്‍കി. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷവും സി.എംഡിആര്‍.എഫില്‍ നിന്ന് 2 ലക്ഷവും വീതമാണ് നല്കിയത്.

ഇതിനായി എസ്.ഡി.ആര്‍.എഫില്‍ നിന്ന് 5,24,00,000 രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്ന് 2,62,00,000 രൂപയും ചെലവഴിച്ചു.

മരണമടഞ്ഞ 173 പേരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്കി.

ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രിവാസം ആവശ്യമായി വന്ന 26 പേർക്ക്  17,16,000 രൂപ സഹായമായി നല്കി. ഇതില്‍ 4,16,000 രൂപ എസ്.ഡി.ആര്‍.എഫില്‍ നിന്നും 13 ലക്ഷം രൂപ സി.എം.ഡി.ആര്‍.എഫി ല്‍ നിന്നുമാണ് അനുവദിച്ചത്.

ദുരന്തത്തില്‍ പരുക്കേറ്റ് ഒരാഴ്ചയില്‍ താഴെ മാത്രം ആശുപത്രിയില്‍ കഴിഞ്ഞ എട്ടു പേർക്കായി എസ്.ഡി.ആർ.എഫ് ല്‍ നിന്ന് 43,200 രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്ന് നാലു ലക്ഷം രൂപയും വീതം അനുവദിച്ചു. ആകെ 4,43,200 രൂപ ഈയിനത്തില്‍ ചെലവഴിച്ചു.

ദുരന്തബാധിതരായ 1013 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം നല്കി. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 5000 രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്ന് 5000 രൂപ വീതവുമാണ് നല്കി0യത്. 1,01,30,000 രൂപ ഇതിനായി ചെലവഴിച്ചു.

 

 ദുരന്ത ബാധിത കുടുംബങ്ങളിലെ 1694 പേര്ക്ക്  ഉപജീവന സഹായമായി ദിവസം 300 രൂപ വീതം നല്കി. 30 ദിവസത്തേക്ക് 1,52,46,000 രൂപ ഈയിനത്തില്‍ നല്കിയിട്ടുണ്ട്.

 

കിടപ്പ് രോഗികളായ 33 ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രത്യേക ധനസഹായമായി 2.97 ലക്ഷം രൂപ നല്കി.

 

722 കുടുംബങ്ങൾക്ക് പ്രതിമാസ വാടക 6000 രൂപ (പ്രതിദിനം 200 രൂപ) വീതം നല്കി വരുന്നു. ആദ്യമാസ വാടക ആയി ഇതുവരെ ഈയിനത്തില്‍ 24,95,800 രൂപ ചെലവഴിച്ചു. (വ്യത്യസ്ത ദിവസങ്ങളില്‍ വാടക വീടുകളിലേക്ക് ആളുകള്‍ മാറിയതു കൊണ്ട് ദിവസം 200 രൂപ എന്ന കണക്കിനാണ് ആദ്യമാസത്തില്‍ വാടക നല്കിയിട്ടുള്ളത്.)

649 കുടുംബങ്ങൾക്ക്  ഫർണിച്ചർ ഉൾപ്പെടെയുള്ള ബാക്ക് റ്റു ഹോം കിറ്റുകളും നല്കി.

ഇതു കൂടാതെ ദുരിതാശ്വാസ ക്യാമ്പിലെ 794 കുടുംബങ്ങളെ 28 ദിവസം കൊണ്ട് താല്ക്കാലികമായി പുനരധിവസിപ്പിച്ചു.

ഉരുള്‍പൊട്ടലില്‍ തകർന്ന മുണ്ടക്കൈ സർക്കാര്‍ എൽ പി സ്‌കൂളും വെള്ളാർമല സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളും മേപ്പാടിയില്‍ താല്ക്കാലികമായി തുറന്നു.  ദുരന്തമേഖലയിലെ 607 വിദ്യാർഥികളുടെ പഠനം പുനരാംഭിച്ചു. ദുരന്തത്തിന്റെ അമ്പതാം ദിവസം  തേയിലത്തോട്ടങ്ങളില്‍ ജോലി പുനരാരംഭിച്ചു.

നാല് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഉപസമിതി തുടക്കം മുതല്‍ ദുരന്ത മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. ഒരു മന്ത്രി മുഴുവന്‍ സമയവും അമ്പതാം ദിവസം വരെ അവിടെ മേൽനോട്ടം വഹിച്ചു. ഒരുതരത്തിലുമുള്ള ആക്ഷേപങ്ങൾക്ക്  ഇട നല്കാതെയാണ് ഈ പ്രവർത്തനങ്ങള്‍ നടന്നത്. അതിന് എല്ലാ ഭാഗത്തു നിന്നും സഹകരണവും പിന്തുയുമുണ്ടായി.

എന്തായിരുന്നു ഈ പ്രചാരണങ്ങളുടെ ഫലം

ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈയയച്ച് സംഭാവന നല്കുന്ന സാധാരണ ജനങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്ന ദുഷ്ടലക്ഷ്യമാണ്  അതിന്റൈ മറ്റൊരു വശം. ഒരു സംശയവുമില്ലാതെ തുടക്കത്തില്‍ത്തന്നെ പറഞ്ഞുവെക്കട്ടെ, ഈ നശീകരണ മാധ്യമ പ്രവർത്തനം സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്.

യാഥാർഥ്യം  വസ്തുനിഷ്ഠമായി സമൂഹത്തിലേയ്‌ക്കെത്തിച്ച് ജനാധിപത്യത്തെ ശക്തമാക്കുക എന്ന ഉത്തരവാദിത്തം വിസ്മരിച്ചു. പകരം വിവാദങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്  കച്ചവടരാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കുക എന്ന നിലയിലേയ്ക്ക്  അധഃപതിച്ചു.

 

എന്താണ് സംഭവിച്ചത് എന്ന് അറിയണം.

കേരളത്തിന്റെ ചരിത്രത്തില്‍ താരതമ്യമില്ലാത്ത ദുരന്തമാണ്  മേപ്പാടിയില്‍ ഉണ്ടായത്. ദുരന്ത നിവാരണത്തിന് അടിയന്തര അധിക ധനസഹായം അനുവദിക്കുന്നതിനായി കേന്ദ്ര സർക്കാരിന് സംസ്ഥാനം മെമ്മോറാണ്ടം സമർപ്പിച്ചു. ആ മൊമ്മോറാണ്ടത്തിലെ കണക്കുകള്‍  ചെലവിന്റെ് കണക്കായി  വ്യാഖ്യാനിച്ചാണ് വ്യാജ വാർത്ത ഉണ്ടാക്കിയത്. 

ഒരു വാർത്ത ആർക്കെതിരെയാണോ റിപ്പോർട്ട്  ചെയ്യുന്നത്, അതിനു മുൻപ് അവരോട് അതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുക എന്ന അടിസ്ഥാന മാധ്യമ ധർമ്മം പാലിക്കാതെയാണ് ഇത്ര പ്രധാനപ്പെട്ട ഒരു വിഷയത്തിലുള്ള വാർത്ത പ്രക്ഷേപണം ചെയ്തത്. ബഹുമാനപ്പെട്ട ഹൈക്കോടതി മുന്പാകെ സമർപ്പിച്ച മെമ്മോറാണ്ടത്തിലെ വസ്തുതകള്‍ സ്വയം മനസ്സിലാക്കാന്‍ ആയില്ലെങ്കില്‍ അതിനാവശ്യമായ വൈദഗ്‌ധ്യം ഉള്ളവരോട് ചോദിച്ച് തിരിച്ചറിയാനുള്ള സത്യസന്ധത കാണിച്ചില്ല.

 

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മോറാണ്ടമാണ് കേരളം നല്കിയത്. അതിനെ ദുർവ്യാഖ്യാനം ചെയ്ത് ധൂർത്തും അഴിമതിയുമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ തിരിക്കാനാണ് വ്യാജവാർത്തക്കാർ ആഗ്രഹിച്ചത്.

ഒരു കുടുംബത്തിന്റെ വരവുചെലവ് കണക്കുകള്‍ തയ്യാറാക്കുന്നത്ര ലളിതയുക്തിയിലാണ് ഒരു മഹാദുരന്തത്തിന്റെ മെമ്മോറാണ്ടത്തെ അവലോകനം ചെയ്തത്.

 

സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക്  അനുസൃതമായി മാത്രമേ മെമ്മോറാണ്ടം വഴി ധനസഹായം ചോദിക്കാന്‍ സാധിക്കൂ. അത് അറിയാത്തവരല്ല കേരളത്തിലെ മാധ്യമങ്ങള്‍.

2012 മുതല്‍ 2019 വരെ വിവിധ സർക്കാരുകള്‍ പല ദുരന്തഘട്ടങ്ങളില്‍ തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ച മെമ്മോറാണ്ടങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ഉണ്ട്. അത് ഒറ്റ ക്ലിക്ക് അകലെ എല്ലാവർക്കും ലഭ്യമാണ്. 2012 മുതല്‍ 16 വരെയുള്ള യുഡിഎഫ് സർക്കാരുകളുടെ കാലത്തു തയ്യാറാക്കി സമർപ്പിച്ച മെമ്മോറാണ്ടങ്ങള്‍ ധൂർത്ത്  ആയോ പെരുപ്പിച്ച കണക്കായോ ഇന്നു വരെ ആരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ?

വരൾച്ച മുതല്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം വരെയുള്ള ദുരന്തഘട്ടങ്ങളില്‍ കേന്ദ്ര സർക്കാരില്‍ നിന്ന് പരമാവധി സഹായം ചോദിച്ചു  വാങ്ങണം എന്നതിനാണ് അന്നത്തെ പ്രതിപക്ഷം പോലും മുൻഗണന നല്കിയത്. എന്നാലിപ്പോള്‍  ദുരന്തങ്ങള്‍ നമ്മുടെ നാടിനെ ഗ്രസിക്കുമ്പോള്‍  മലയാളികള്‍ കൂട്ടായ്മ കൊണ്ടും സഹവർത്തിത്വം കൊണ്ടും അവ തരണം ചെയ്യാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ അതിനെ തുരങ്കം വെക്കുന്നതിന്റെഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല. അതിനായി പരിശീലനം ലഭിച്ച പ്രൊഫഷണലുകള്‍ ആണ്. അത് തയ്യാറാക്കുന്നതിന് രാജ്യമാകെ അവലംബിക്കുന്ന ചില രീതികളുമുണ്ട്. ദുരന്ത ഘട്ടത്തില്‍ രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നതിന്റെ മധ്യത്തില്‍ തയ്യാറാക്കപ്പെടുന്ന മെമ്മോറാണ്ടത്തില്‍ പല സാദ്ധ്യതകള്‍ വിലയിരുത്തി വേണം ഓരോ കണക്കും തയ്യാറാക്കാന്‍. അത്തരത്തില്‍ തയ്യാറാക്കിയ വിവരങ്ങളെയാണ് കള്ളക്കണക്ക് എന്നാക്ഷേപിച്ചത്.

എസ്.ഡി.ആര്‍.എഫിന്റെ വളരെ ഇടുങ്ങിയ മാനദണ്ഡങ്ങള്‍ പ്രകാരം 219 കോടി രൂപ മാത്രമാണ് സർക്കാരിന് മെമ്മോറാണ്ടത്തിലുടെ ആവശ്യപ്പെടാന്‍ സാധിച്ചത്. എന്നാല്‍ മെമ്മോറാണ്ടം തയ്യാറാക്കുന്ന ഘട്ടത്തില്‍ത്തന്നെ യഥാർഥ നഷ്ടം 1200 കോടി രൂപയിലധികമാണെന്ന് കണക്കാക്കിയിരുന്നു.

വയനാട് ദുരന്തബാധിതമേഖലയെ പുനർനിർമ്മിക്കാന്‍ 2200 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് വിദ‌ഗ്‌ധരുടെ അഭിപ്രായം. അപ്പോഴാണ്  219 കോടി രൂപ മാനദണ്ഡപ്രകാരം  സഹായമായി ചോദിച്ചതിന് വ്യാജപ്രചാരണം.

കണക്ക് പെരുപ്പിച്ചു കാണിച്ചു എന്നു പറയുന്നവർക്ക് ഓരോന്നായി വസ്തുതതകള്‍ പരിശോധിക്കാവുന്നതാണ്. അതിന് എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ എന്തൊക്കെ എന്ന കാര്യത്തിലും മെമ്മോറാണ്ടം തയ്യാറാക്കുന്നത് എങ്ങനെ എന്നതിലും പ്രാഥമിക ധാരണ ഉണ്ടായിരിക്കണം. 

ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ധനകാര്യ കമ്മീഷന്‍ നിശ്ചയിക്കുന്ന പ്രകാരം എല്ലാ സംസ്ഥാനങ്ങൾക്കും  ഓരോ വർഷവും പണം നീക്കി വെക്കുന്നുണ്ട്. അതിനോടൊപ്പം സംസ്ഥാന വിഹിതം കൂടി ചേർത്തതാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധി.

 

ഇത് മറ്റു പദ്ധതി വിഹിതങ്ങളെപ്പോലെയല്ല, ഉപയോഗിച്ചില്ലെങ്കില്‍ ലാപ്‌സ് ആയി പോകില്ല. അടുത്ത വർഷങ്ങളില്‍ ഉപയോഗിക്കാം. എന്നാല്‍ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഒരു രൂപ പോലും ചെലവഴിക്കാന്‍ സാധിക്കുകയുമില്ല. ഈ ഫണ്ടിന്റെ നിയന്ത്രണം പൂർണ്ണമായും സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മുതിർന്ന അഞ്ചു സെക്രട്ടറിമാര്‍ അടങ്ങുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാണ്. 

വാർഷികമായി ലഭിക്കുന്ന തുകയ്ക്ക് പുറമെ വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അധിക ധനസഹായം ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ലഭ്യമാക്കാന്‍ ആണ് നിർദിഷ്ട ഫോർമാറ്റില്‍ മെമ്മോറാണ്ടം കേന്ദ്ര സർക്കാരിന് സമർപ്പിക്കേണ്ടത്. ഇത് ഉന്നതതല സംഘം പരിശോധിച്ച് വിലയിരുത്തിയാണ് അധിക സഹായം ലഭ്യമാക്കുക.

ഓഗസ്റ്റ് ഒൻപതിനു തന്നെ കേരളത്തിലെത്തിയ കേന്ദ്ര സംഘവുമായി കൂടിയാലോചനകള്‍ നടത്തുകയും അവരെ ദുരന്തത്തിന്റെ ആഘാതം ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ നിർദേശം കൂടി പരിഗണിച്ചാണ് ഓഗസ്റ്റ് പതിനേഴാം തിയതിയോടു കൂടി കേരളം മെമ്മോറാണ്ടം തയ്യാറാക്കി സമർപ്പിച്ചത്. ഓഗസ്റ്റ് 14 വരെ ലഭ്യമായ കണക്കുകളാണ് പ്രസ്തുത മെമ്മോറാണ്ടം തയ്യാറാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആശ്രയിച്ചത്.

 

എസ്.ഡി.ആര്‍.എഫ് ചെലവഴിക്കാന്‍ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങളുണ്ട്. ഇത് രണ്ട് തരത്തിലാണ് ചെലവഴിക്കാനാവുക. ഒന്ന് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട യൂണിറ്റ് കോസ്റ്റ് വെച്ചു കൊണ്ട്. മറ്റൊന്ന് എത്രയാണോ യഥാർത്ഥ ചെലവ് അതിന്റെ ആക്ച്വൽസ് (actuals) അഥവാ അത് മുഴുവനായിത്തന്നെ.

ഒരു വീട് നഷ്ടപ്പെട്ടാല്‍ അത് എത്ര ലക്ഷങ്ങള്‍ വിലയുള്ളത് ആണെങ്കിലും പരമാവധി എസ്.ഡി.ആര്‍.എഫില്‍ നിന്ന് നല്കാന്‍ സാധിക്കുക 1.3 ലക്ഷം രൂപ മാത്രമാണ്. ഒരു കിലോമീറ്റര്‍ റോഡിന് 1 ലക്ഷം രൂപ, ഒരു സ്‌കൂളിന് 2 ലക്ഷം രൂപ എന്നിങ്ങനെയാണ് എസ്.ഡി.ആര്‍.എഫില്‍ നിശ്ചയിച്ചിരിക്കുന്നത്.

കേരളത്തിന്റെ സാഹചര്യത്തില്‍ ഇവ എത്രമാത്രം അപര്യാപ്തമാണ് എന്നു കൂടി നമ്മള്‍ ഓർക്കണം. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കൊണ്ട് ഒരു വീടു വെക്കാനാകുമോ? കേരളത്തില്‍ ഒരു വീടിന് ഏറ്റവും ചുരുങ്ങിയത് 4 ലക്ഷം രൂപ സംസ്ഥാന സർക്കാർ നല്കി വരുന്നത് എസ്.ഡി.ആര്‍.എഫ്‌ നു പുറമെ ജനങ്ങള്‍ സംഭാവന നല്കിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൂടി ഉപയോഗിച്ച് കൊണ്ടാണ്.

കോടികള്‍ ചെലവാക്കി പണിത സ്‌കൂളുകളാണ് നമ്മുടെ നാട്ടിലേത്. അവ തകർന്നാല്‍ രണ്ടു ലക്ഷ രൂപകൊണ്ട് അടിത്തറ പോലും കെട്ടാനാകില്ല. ഇങ്ങനെ തീർത്തും അപര്യാപ്തമായ തുക നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ ഒരു പരിധിവരെ അസംബന്ധവുമാണ്. ആ മാനദണ്ഡപ്രകാരം ഒരു ദുരന്തഘട്ടത്തില്‍ ആശ്വാസ പ്രവർത്തനങ്ങൾക്ക് നിസ്സാരമായ തുകയേ ലഭിക്കുകയുള്ളൂ എന്നത് തർക്കമില്ലാത്ത കാര്യമാണ്. അതു തന്നെ പലപ്പോഴും കിട്ടാറില്ല എന്നതാണ് നമ്മുടെ സംസ്ഥാനത്തിന്റെ അനുഭവം.

ഇനി മറ്റ് ചില ഹെഡുകളില്‍ എസ്.ഡി.ആര്‍.എഫ് ല്‍ ചെലവായ മുഴുവന്‍ തുകയും അനുവദിക്കാന്‍ സാധിക്കും. രക്ഷാപ്രവർത്തനം, ക്യാമ്പ് മാനേജ്‌മെന്റ്, ദുരന്ത അവശിഷ്ടങ്ങള്‍ മാറ്റുന്നത്, കുടിവെള്ള വിതരണം തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെട്ടവയാണ്. ഇതിന്റെയൊക്കെ ആകെ ചെലവ് എത്രയാണോ അത് മുഴുവന്‍ എസ്.ഡി.ആര്‍.എഫ് ല്‍  നിന്ന് അനുവദിക്കേണ്ടതുണ്ട്.

ഇതാണ് ആക്‌ച്വൽസ് എന്ന് മെമ്മോറാണ്ടത്തില്‍ സൂചിപ്പിക്കുന്ന കാര്യം. എന്നാല്‍ മെമ്മോറാണ്ടത്തിലെ  ആക്‌ച്വൽസ് കണ്ട് അത് ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞ പണം ആണെന്നാണ് പ്രചരിപ്പിച്ചത്.

 

മെമ്മോറാണ്ടം തയ്യാറാക്കുന്ന ഘട്ടത്തില്‍ സംസ്ഥാന സർക്കാരിന്റെ മുന്നില്‍ ഇവയുടെ ഒന്നും ചെലവുകളുടെ യഥാർഥ ബില്ലുകള്‍ ലഭ്യമായിട്ടില്ല. നടക്കുന്ന രക്ഷാപ്രവർത്തനവും അത് എത്ര നാള്‍ തുടരാന്‍ സാധ്യതയുണ്ട് എന്നതിന്റെയും അടിസ്ഥാനത്തില്‍ ഒരു പ്രൊജെക്ടഡ് തുക തയ്യാറാക്കി സമർപ്പിക്കാനാണ് സാധിക്കുക. അത് ചിലപ്പോള്‍ കൂടുതലോ കുറവോ ആകാം.

2018 ലെ പ്രളയ രക്ഷാപ്രവർത്തനത്തിന് 102 കോടി രൂപയുടെ ബില്ല് വ്യോമസേന കേരളത്തിന് അയച്ചത് 2019 ഫെബ്രുവരിയിലാണ്. അത് എസ്.ഡി.ആര്‍.എഫ്ല്‍ നിന്ന് കൊടുക്കാന്‍ സംസ്ഥാനം ബാധ്യസ്ഥമാണ്. 2018ല്‍ നല്കിയ അരിയുടെ വില 205.81 കോടി രൂപ ഈടാക്കാന്‍ കത്ത് നല്കിയത് 2019ല്‍ ആണ്. അതും എസ്.ഡി.ആര്‍.എഫ്ല്‍ നിന്ന് കൊടുക്കാന്‍ സംസ്ഥാനം ബാധ്യസ്ഥമാണ്.

അതുപോലെ മേപ്പാടിയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട്  കേന്ദ്ര സേനകൾക്ക് ഉണ്ടായ ചെലവുകള്‍, അവരുപയോഗിച്ച അത്യാധുനിക ഉപകരണങ്ങൾക്കും സംവിധാനങ്ങൾക്കും ഉൾപ്പെടെയുള്ള ചെലവുകള്‍ തുടങ്ങിയവ എല്ലാം ബില്ലുകള്‍ ആയി പിന്നീടാണ് വരിക. അപ്പോള്‍ അത് കൊടുക്കാന്‍ എസ്.ഡി.ആര്‍.എഫ് ല്‍ പണം വേണം. അത് മുൻകൂട്ടി കണ്ടു കൊണ്ടാണ് മെമ്മോറാണ്ടം ഉണ്ടാക്കുക. ഇതൊന്നും മനക്കണക്ക് വെച്ചല്ല ചെയ്യുക. അതിന് അവലംബിക്കേണ്ട ശാസ്ത്രീയ രീതികളുണ്ട്.

വിവിധ സാഹചര്യങ്ങള്‍ സിമുലേറ്റ് ചെയ്ത് വേണം അതിന്റെ പരമാവധിയിലേക്ക് എത്തിപ്പെടാന്‍. അവ യഥാർത്ഥത്തില്‍ കൂടുതല്‍ ആവുകയാണെങ്കില്‍ അത് കേന്ദ്ര സംഘം പരിശോധിച്ചു കുറയ്ക്കും. എന്നാല്‍ ദുരന്തഘട്ടത്തില്‍ രക്ഷാപ്രവർത്തനം അത്രയൊക്കെ മതി എന്നൊരു നിലപാട് സർക്കാരിന് സ്വീകരിക്കാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ മെമ്മോറാണ്ടത്തില്‍ ഒരിടത്തും പെരുപ്പിച്ചു കാട്ടിയ കണക്കുകളല്ല. സംസ്ഥാനത്തിന് പരമാവധി സഹായം ലഭിക്കാന്‍ തയ്യാറാക്കിയതാണ്.

 

എസ്.ഡി.ആര്‍.എഫ് ലെ അനുവദനീയമായ ഓരോ ഹെഡുകളിലും നമ്മള്‍ ചെലവ് പ്രതീക്ഷിക്കുന്ന തുകയാണ് കണക്കാക്കിയിരിക്കുന്നത്. ഇവ കണക്കാക്കാന്‍ നിയതമായ രീതികളും മാനദണ്ഡങ്ങളുമുണ്ട്. ഉദാഹരണത്തിന് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വേണ്ട ചെലവ് കണക്കാക്കുമ്പോള്‍, അതിന് ആവശ്യമായ ഭൂമി വാങ്ങുക, ആ ഭൂമി ഇതിനായി തയ്യാറാക്കുക, അവിടെ കുഴികള്‍ എടുക്കാന്‍ ആവശ്യമായ യന്ത്രങ്ങളും സാമഗ്രികളും മനുഷ്യവിഭവവും ലഭ്യമാക്കുക, ഓട്ടോപ്‌സി നടപടികൾക്ക് ആവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കുക, മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന ഘട്ടത്തില്‍ അവ മാർക്ക് ചെയ്യാൻ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുക, ഇവ ട്രാൻസ്പോർട്ട് ചെയ്യുക തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിക്കൊണ്ട് വേണം ചെലവ് കണക്കാക്കാന്‍.

 

വയനാട്ടിലെ കാര്യമാണെങ്കില്‍ മെമ്മോറാണ്ടം തയ്യാറാക്കുന്ന ഘട്ടത്തില്‍ 128 പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നുള്ള കാര്യം കൂടി മുൻകൂട്ടി കാണണം. അവ ശരീരഭാഗങ്ങളായാണ് ലഭ്യമാകുന്നത് എങ്കില്‍ അവയെ ഓരോന്നിനെയും ഓരോ മൃതദേഹമായിത്തന്നെ കണ്ട് സംസ്‌കരിക്കണമെന്നതാണ് സംസ്ഥാന സർക്കാര്‍ സ്വീകരിച്ച നയം. അപ്പോള്‍ അതിനു കൂടിയുള്ള ചെലവുകള്‍ പ്രതീക്ഷിക്കണം. അധികഭൂമി ആവശ്യമെങ്കില്‍ വിലകൊടുത്തു വാങ്ങേണ്ടി വരും. അതിനെല്ലാം പ്രതീക്ഷിക്കുന്ന ചെലവാണ് മെമ്മോറാണ്ടത്തില്‍ രേഖപ്പെടുത്തുക.

 

ഇതിനായി ഭൂമിയും മനുഷ്യാധ്വാനവും സൗജന്യമായി കേരളത്തിലെ നല്ലവരായ മനുഷ്യര്‍ ലഭ്യമാക്കിയേക്കാം. എന്നാല്‍ അതു വെച്ച് മാത്രമല്ല ഉത്തരവാദിത്തപ്പെട്ട സര്ക്കാര്‍ കണക്ക് ഉണ്ടാക്കേണ്ടത്. കേന്ദ്ര സർക്കാര്‍ ഇതിനൊന്നും നമുക്ക് പണം തരേണ്ടതില്ല എന്ന് തീരുമാനിക്കാന്‍ പറ്റില്ല. നമുക്കിനിയും നിറവേറ്റാന്‍ ഒട്ടേറെ ആവശ്യങ്ങളുണ്ട്. അതിന് മാനദണ്ഡങ്ങള്‍ അനുസരിച്ചു കൊണ്ട് പണം ചെലവഴിക്കേണ്ടതുമുണ്ട്.

 

മറ്റൊരു ആക്ഷേപം സന്നദ്ധ പ്രവർത്തകരുടെ പേരില്‍ കോടികള്‍ എന്നതായിരുന്നു. മെമ്മോറാണ്ടത്തിലെ വൊളണ്ടിയേഴ്‌സ് ആൻഡ് ട്രൂപ്‌സ്  എന്നതിലെ സേനകള്‍ എന്ന ഭാഗം സൗകര്യപൂര്‍വം ഒഴിവാക്കി ആ കണക്കുകൾ അവതരിപ്പിക്കുകയാണ് ഈ  മാധ്യമങ്ങള്‍ ചെയ്തത്. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കേരളത്തിലെത്തിച്ച കേന്ദ്ര സേനകളെ ട്രാൻസ്‌പോര്‍ട് ചെയ്യാനും അവര്ക്ക്  താമസമൊരുക്കാനും ഒന്നും ചെലവാകില്ല എന്നാണോ?

 

വിമാനക്കൂലി മുതല്‍ ഇവരെയും ഉപകരണങ്ങളെയും കണ്ണൂരിലെയും കരിപ്പൂരിലെയും എയർപോർട്ടിൽ നിന്നു ദുരന്ത സ്ഥലത്ത് എത്തിക്കാനും അതുപോലെ ഇവരെയൊക്കെ തിരിച്ചയക്കാനുമുള്ള ചെലവുകള്‍ കാണണ്ടേ?

കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പൊലീസും ഫയര്‌ഫോഴ്‌സും ആരോഗ്യപ്രവർത്തകരും അവിടെ എത്തിയില്ലേ? അവരുടെ താമസവും ഭക്ഷണവും യാത്രാച്ചെലവും കാണിക്കണ്ടേ? സന്നദ്ധ പ്രവർത്തകരുടെ കൂട്ടത്തില്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്ന് സർക്കാര്‍ കൊണ്ടു  വന്ന പരിശീലനം കിട്ടിയ ആപ്ത മിത്ര സിവില്‍ ഡിഫൻസ് വളണ്ടിയർമാര്‍ ഉണ്ടല്ലോ. ഇതെല്ലാം കണക്കിലെടുക്കണ്ടേ?

 90 ദിവസം വരെ തിരച്ചില്‍ തുടരുകയാണെങ്കില്‍ നൂറുകണക്കിനു വരുന്ന ഈ സന്നദ്ധ പ്രവർത്തകർക്കും രക്ഷാസേനകൾക്കും  വേണ്ടി പ്രതീക്ഷിക്കേണ്ട ചെലവുകള്‍ കേന്ദ്ര സർക്കാരിനോട് ചോദിച്ചു വാങ്ങണ്ടേ? കേരളത്തിലെ വിവിധ രാഷ്ട്രീയ യുവജന സംഘടനകള്‍ ഉൾപ്പെടെ വിവിധ സന്നദ്ധ സംഘടനകള്‍ നിസ്വാർത്ഥമായ സേവനം ദുരന്ത ബാധിത പ്രദേശത്ത് ചെയ്തിട്ടുണ്ട്. അവരാരും തന്നെ അതിനു പണം ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ കേരളത്തില്‍ ഇങ്ങനെ എല്ലാം ജനങ്ങള്‍ ചെയ്തുകൊള്ളും എന്നാണോ നമ്മള്‍ കേന്ദ്രത്തോട് പറയേണ്ടത്?

 ഇവിടെയാകട്ടെ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി ന്യായത്തെയാണ് ദുർവ്യാഖ്യാനം ചെയ്തത്. ഇന്റർഫിയറൻസ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ജസ്റ്റിസ് ആണ് നടത്തിയിരിക്കുന്നത്. അതുകൂടി കണക്കിലെടുത്തുള്ള നിയമനടപടികള്‍ ആലോചിക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്.

 ഇവിടെ ഒരു നാടിനെത്തന്നെയാണ് ആക്രമിക്കുന്നത്.

സർ

സർക്കാരിനെതിരെയുള്ള വ്യാജവാർത്തകളും വ്യാജ പ്രചാരണങ്ങളും മാത്രമല്ല, ജനങ്ങൾക്ക് വലിയ തോതില്‍ ഉപകാരപ്രദമാകുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ തകർക്കാനും ബോധപൂർവമായ ചില ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പല രൂപത്തില്‍ ഇപ്പോഴും തുടരുന്നുമുണ്ട്.

ഇവര്‍ ആലോചിക്കുന്നില്ല, ഇവരുടെ ഈ വ്യാജപ്രചാരണങ്ങള്‍ എത്ര പാവപ്പെട്ട മനുഷ്യരെയാണ് ബാധിക്കുന്നതെന്ന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഇല്ലാതായാല്‍ ആയിരക്കണക്കിന് മനുഷ്യർക്കാണ് ചികിത്സാ സഹായം ലഭ്യമാകാതെ പോകുക. അതോടൊപ്പം വിവിധ ദുരന്തങ്ങളും ദുരിതങ്ങളും നേരിട്ടവർക്കുള്ള അടിയന്തര സഹായങ്ങളും നിലച്ചുപോകും.

ഈ സർക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 2135.29 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത്. അതില്‍ ചികിത്സാസഹായമായി മാത്രം നല്കിംയത് 685.62 കോടി രൂപയാണ്. ആയിരക്കണക്കിന് പേർക്കാണ് സഹായം ലഭ്യമായത്.

 ഇതു കൂടാതെ പ്രളയബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ സർക്കാര്‍ വന്നതിനു ശേഷം 856.95 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. കോവിഡ് സമയത്ത് ദുരിതമനുഭവിച്ചവർക്ക്  380.95 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ കാലയളവില്‍ നല്കിയത്.

 

കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, കൃത്യമായി പറഞ്ഞാല്‍ 25/5/2016 മുതല്‍ 20/5/2021 വരെ, 5715.92 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത്.

സുതാര്യവും സുഗമവും ആയി പ്രവ്ർത്തിക്കുന്ന ഒരു സംവിധാനമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അത് ഇല്ലാതായാല്‍ പാവപ്പെട്ട ജനങ്ങൾക്ക് ചികിത്സാ സഹായം ഇല്ലാതാകും. രോഗബാധിതരുടെ ചികിത്സയ്ക്ക് തടസ്സമുണ്ടാകും. അതുപോലെ തന്നെ മറ്റു പല ദുരിതങ്ങളും അനുഭവിക്കുന്നവർക്കുള്ള സഹായങ്ങളും ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകും. അതുകൊണ്ട്  വ്യാജപ്രചാരകര്‍ അതില്‍ നിന്ന് പിന്മാറണം. ഈ ദുരവസ്ഥ നമ്മുടെ നാടിനുണ്ടാകരുത്.

പ്രളയത്തിന്റെ സമയത്ത് കോൺഗ്രസ് അനുകൂലികളായ സർക്കാർ ജീവനക്കാരുടെ സംഘടനകള്‍ സാലറി ചലഞ്ചിനെതിരെ രംഗത്തുവന്നത് ഓർക്കുന്നത് നന്നാവും. സാലറി ചലഞ്ചിനോട് മുഖം തിരിക്കുക മാത്രമല്ല, ക്യാമ്പയ്ന്‍ മുടക്കാന്‍ അഹോരാത്രം പണിയെടുക്കുകയും ചെയ്തു.

നാടിന്റെപുനർനിർമ്മാണത്തില്‍ പങ്കാളികളാവുകയാണ് ബഹുഭൂരിപക്ഷം ജീവനക്കാരും ചെയ്തത്.

 

കൊറോണക്കാലത്ത് മാനദണ്ഡം ലംഘിച്ചു പുറത്തിറങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുക വരെ ചെയ്തില്ലേ പ്രതിപക്ഷ നേതൃത്വം. സമരകോലാഹലങ്ങള്‍ നടത്തി നാടിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കാനല്ലേ ഇവര്‍ അന്ന് ശ്രമിച്ചത്. വ്യാജ പ്രചാരണങ്ങളുടെ പെരുമഴയല്ലേ അന്നിവര്‍ നടത്തിയത്.

കോവിഡ് വിഷയത്തിലെ സാലറി ചലഞ്ചു വഴി ധനമന്ത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് വിളിച്ചു പറഞ്ഞത്. കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയില്‍ സർക്കാർ ജീവനക്കാർക്ക് മാൻഡേറ്ററി സാലറി കട്ട് നല്കുന്ന അതേ സമയത്തായിരുന്നു ആറു ദിവസത്തെ ശമ്പളം കടമായി ദുരിതാശ്വാസ നിധിയിലേക്ക് നല്കാന്‍ സർക്കാര്‍ അഭ്യർത്ഥിച്ചത്. 

 

ലോകം മുഴുവന്‍ മഹാമാരി മരണം വിതച്ച സമയമായിരുന്നല്ലോ അന്ന്. തൊഴില്‍ നഷ്ടപ്പെട്ട് സകലരും വീട്ടില്‍ അടച്ചിരിക്കേണ്ടിവന്ന ഒരു ഘട്ടം. സർക്കാരുകളുടെ വരുമാനം നിലച്ചപ്പോള്‍ ദൈനംദിന ചെലവുകൾക്കു പോലും വേണ്ടത്ര പണമില്ലാതെ ലോകമാകെ സർക്കാരുകൾ പ്രയാസപ്പെട്ട സാഹചര്യമായിരുന്നു. പല ഇടങ്ങളിലും ശമ്പളം മുടങ്ങുന്ന നിലയുണ്ടായി. എന്നാല്‍ കേരളത്തില്‍ അങ്ങനെ ഉണ്ടായില്ല. ആറു ദിവസത്തെ ശമ്പളം കടം കൊടുക്കാന്‍ മാത്രമാണ് കേരളത്തിലെ സര്ക്കാര്‍ ജീവനക്കാരോടഭ്യര്‍ത്ഥിച്ചത്.

 

സർക്കാരിന്റെ ഉത്തരവ്  തെരുവില്‍ കത്തിക്കുകയല്ലേ കോണ്‌ഗ്രേസ്സ് അനുകൂല സർവീസ് സംഘടനകള്‍ ചെയ്തത്? ഇതിനും പുറമെ ആറു ദിവസത്തെ ശമ്പളം കടം കൊടുക്കാന്‍ മനസ്സില്ലാതെ സർക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹർജിയുമായി പോവുകയാണ് കോൺഗ്രസുകാര്‍ ചെയ്തത്.

ഇപ്പോള്‍ പെരുപ്പിച്ച കണക്ക്  എന്നും വ്യാജ കണക്ക് എന്നും മറ്റുമുള്ള കഥകള്‍ പ്രചരിപ്പിക്കുന്നതും ഇതേ കൂട്ടരാണ്.

കേന്ദ്ര സർക്കാർ വയനാടിനായി ഇതുവരെ പ്രത്യേക സഹായമൊന്നും നല്കിയിട്ടില്ല. എന്നാല്‍ സംസ്ഥാനം നല്കിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റിനെ 'ചെലവാക്കിയ തുകയായി' ദുർവ്യാഖ്യാനം ചെയ്തു നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ കേന്ദ്ര ഭരണ കക്ഷിയായ ബിജെപിയുടെ പ്രധാന നേതാക്കളും ഉണ്ട് എന്നത് നാം കാണുകയാണ്. ആ പരിഹാസ്യ സമീപനം നമ്മുടെ  മാധ്യമങ്ങൾക്ക് വാർത്തയേ അല്ല. മറ്റു പല സംസ്ഥാനങ്ങൾക്കും പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ പെട്ടെന്നു തന്നെ സഹായം പ്രഖ്യാപിക്കുന്ന വാർത്തകള്‍ നമ്മുടെ മാധ്യമങ്ങള്‍ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മുഖ്യധാരാ മാധ്യമങ്ങൾക്കുള്ള ഇടതുപക്ഷ വിരുദ്ധതയുടെ ആഴവും പരപ്പും എന്തെന്നു കാട്ടിത്തരുന്ന കൃത്യമായ  ഉദാഹരണമാണ്  വയനാട് ദുരിതാശ്വാസത്തിന്റെ് പേരില്‍ കൊള്ള എന്ന ഏറ്റവും പുതിയ അസത്യ പ്രചാരണം. ഒരു പകല്‍ മുഴുവന്‍ തങ്ങളാല്‍ കഴിയുംവിധം നുണ പ്രചരിപ്പിച്ച ശേഷം തെറ്റുപറ്റിപ്പോയെന്ന ചിലരുടെ പരിദേവനങ്ങളും പിന്നീട് കേട്ടു.

 

ചാനലുകളുടെ കിടമത്സരത്തില്‍ വ്യാജവാർത്തകളുടെയും അജണ്ട വെച്ചുള്ള അസത്യപ്രചാരണങ്ങളുടെയും കുത്തൊഴുക്കാണ് നടക്കുന്നത്. സാമാന്യ ഭാഷാശേഷിയുള്ളവർക്കു പോലും മനസ്സിലാവുന്ന ഒരു കാര്യം മനഃപൂർവം തെറ്റായി വ്യാഖ്യാനിച്ച് സർക്കാരിനെ പഴിചാരാന്‍ ഉപയോഗിക്കുകയായിരുന്നു എന്നത് വയനാടിന്റെ കാര്യത്തില്‍ വ്യക്തമാണ്. ദുരന്താനന്തരം ലഭിക്കേണ്ടുന്ന കേന്ദ്ര സഹായം മുടക്കാനുള്ള ക്വട്ടേഷനാണോ ഇക്കൂട്ടര്‍ ഏറ്റെടുത്തതെന്ന സംശയം സമൂഹത്തില്‍ നിലനില്ക്കു്ന്നു. ഉണ്ടായ ദുരന്തത്തില്‍ നിന്ന് നാട് ഇനിയും കരകയറിയിട്ടില്ല. കേരളമൊന്നായി വയനാട്ടിനൊപ്പം ചേർന്ന്  തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. അതിനിടയില്‍ ചാനല്‍ റേറ്റിങ്ങിനുവേണ്ടി ഒരു ജനതയുടെ അതിജീവനപോരാട്ടങ്ങളെ തുരങ്കം വെക്കരുതെന്നാണ്  അഭ്യർത്ഥിക്കാനുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top