ചൊവ്വയിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് പാലക്കാട്ടുകാരി ശ്രദ്ധ പ്രസാദ്. ശാസ്ത്രം അതിവേഗം മുന്നോട്ട് കുതിക്കുമ്പോൾ അവളുടെ സ്വപ്‌നങ്ങളും വർണാഭമാകുകയാണ്. സാമ്പത്തിക പ്രതിസന്ധി മാറി മാർസ് വൺ ഫൗണ്ടേഷന്റെ ചൊവ്വാ ദൗത്യം സഫലമാകുമെന്ന് മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയായ ശ്രദ്ധ പ്രതീക്ഷിക്കുന്നു
‘കാഴ്ചയെ മറച്ചുകൊണ്ട് വീശിയടിക്കുന്ന പൊടിക്കാറ്റ്. കണ്ണെത്താദൂരത്ത് പൊടിയിൽ മൂടിയ വലിയ പാറക്കെട്ടുകൾ. ആഴമേറിയ ഗർത്തങ്ങൾ, മലയിടുക്കുകൾ. ശ്വസിക്കാനാവശ്യമായ ഓക്സിജനില്ല. ഭൗമസമാനമായ അന്തരീക്ഷമർദമോ ഗുരുത്വാകർഷണമോ ഇല്ല. ഇതിനെയൊക്കെ മറികടന്നുവേണം എനിക്ക് ചൊവ്വയിൽ ജീവിക്കാൻ. ഈ നിശ്ചയദാർഢ്യത്തിലാണ് ‘വൺ വേ ടിക്കറ്റ്’ ആണെന്നറിഞ്ഞിട്ടും മാർസ് വണ്ണിന്റെ ചൊവ്വായാത്രയ്ക്ക് തയ്യാറെടുത്തത്. ചുവന്ന ഗ്രഹത്തിൽ പോകാനും മനുഷ്യസമൂഹത്തെ സൃഷ്ടിക്കാനും എത്രകാലം കാത്തിരിക്കേണ്ടിവരുമെന്നറിയില്ല. എന്നാലും പ്രിയപ്പെട്ട ചൊവ്വാ, അവിടെയെത്താനുള്ള ആഗ്രഹം എന്റെ ഉറക്കംകെടുത്തുന്നു’, പാലക്കാട് വടവന്നൂരിലെ ശ്രദ്ധ പ്രസാദിന്റെ വാക്കുകളാണിത്.
ജീവന്റെ നിലനിൽപ്പിന് ഭൂമിക്കപ്പുറം വാസയോഗ്യമായൊരിടം നമ്മൾ കണ്ടെത്തേണ്ടിവരും. അത്തരമൊരു ‘കുടിയേറ്റം’ സാധ്യമാക്കാൻ മനുഷ്യനല്ലാതെ മറ്റൊരു ജീവിവർഗം ഭൂമിയിലില്ല. മാർസ് വൺ ദൗത്യം നടപ്പായാൽ ചൊവ്വയിൽ മനുഷ്യവാസത്തിനാവശ്യമായ സാഹചര്യങ്ങളൊരുങ്ങും. അതിലൂടെ ശ്രദ്ധയുടെ സ്വപ്നവും യാഥാർഥ്യമാകും. ചൊവ്വയെന്ന സ്വപ്നം കുട്ടിക്കാലംമുതൽക്കേ കയറിക്കൂടിയതാണ് ശ്രദ്ധയുടെ മനസ്സിൽ. 18–-ാം വയസ്സിലാണ് ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടി കയറുന്നത്. ചൊവ്വാ യാത്രയ്ക്കായി രജിസ്റ്റർചെയ്തു. അഭിമുഖം, ശാരീരിക–- മാനസിക പരിശോധന, വിവിധ പരീക്ഷകൾ തുടങ്ങിയ കടമ്പകളിൽ വിജയിച്ചു. രണ്ടുലക്ഷത്തിൽപ്പരം അപേക്ഷകരെ നൂറുപേരായി ചുരുക്കിയപ്പോൾ ശ്രദ്ധ അതിലൊരാളായി. ചൊവ്വാ ദൗത്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളി ശ്രദ്ധ പ്രസാദ് സംസാരിക്കുന്നു.
500 രൂപയിൽ തുടക്കം
2013 ആഗസ്‌ത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ അവധിക്കാലം. കോയമ്പത്തൂരിലെ വീട്ടിൽ അമ്മ ഗീതയോടൊപ്പമാണ് താമസം. അവിടെവച്ചാണ് മലയാള പത്രത്തിൽ മാർസ് വണ്ണിനെക്കുറിച്ചുള്ള ലേഖനം കണ്ടത്. ‘ചൊവ്വാ ദൗത്യത്തിൽ പങ്കാളിയാകാൻ മാർസ് വൺ ഫൗണ്ടേഷൻ അപേക്ഷ ക്ഷണിക്കുന്നു. ചൊവ്വയിൽ മനുഷ്യവാസത്തിന് സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. പരിശീലനവും സാങ്കേതിക സഹായങ്ങളും മാർസ് വൺ ഒരുക്കും’. രജിസ്‌ട്രേഷൻ വിവരമുൾപ്പെടെ വിശദമായ ഉള്ളടക്കം ലേഖനത്തിലുണ്ടായിരുന്നു. ഒരുപക്ഷേ, തിരിച്ചുവരാത്ത യാത്രയായിരിക്കുമെന്നും സൂചനയുണ്ട്. കുട്ടിക്കാലംമുതൽക്കേ ചൊവ്വയെയും ബഹിരാകാശത്തെയും സ്വപ്നംകാണുന്ന എനിക്ക് ആ ലേഖനം എന്തെന്നില്ലാത്ത ആഗ്രഹം തന്നു. അതുകൊണ്ടാണ്, ഭൂമിയിലേക്ക് മടക്കമില്ലെന്ന് അറിഞ്ഞിട്ടുകൂടി യാത്രയിൽ പങ്കാളിയാകാമെന്ന് തീരുമാനിച്ചത്. യാത്ര എങ്ങനെ, എത്രത്തോളം ക്ലേശകരം എന്നത് എന്നെ അലട്ടിയില്ല. പിന്നെ സൗരയൂഥം മുഴുവനും ആ ചുവന്ന ഗ്രഹത്തിൽ കേന്ദ്രീകരിക്കുന്നപോലെ എനിക്ക് അനുഭവപ്പെട്ടു. രാത്രികളിൽ ആകാശത്തേക്ക് കണ്ണുംനട്ടിരുന്നു. ലക്ഷ്യം ചൊവ്വമാത്രം.
രജിസ്ട്രേഷന് 500 രൂപ വേണം. ആരോട് പറയും? വിദ്യാർഥിയായ എന്റെ കൈയിലുള്ളത് ചില്ലറത്തുട്ടുകൾമാത്രം. എത്രകൂട്ടിയാലും 500 തികയില്ല. അമ്മയോട് പറഞ്ഞാൽ ഇത്തരം ഒരു ദൗത്യത്തിന് സമ്മതിക്കുമോ എന്ന ആശങ്ക. അതിനാൽ, കാര്യം അറിയിക്കാതെ പണം ആവശ്യപ്പെട്ടു. വലിയ സ്വപ്നത്തിന് ചെറിയ കള്ളം. കേവലമൊരു രജിസ്ട്രേഷൻ മാത്രമായിരുന്നില്ല അത്. താൽപ്പര്യവും അറിവും അളക്കുന്ന നിരവധി ചോദ്യങ്ങളുടെ കൂട്ടം. ചൊവ്വയെക്കുറിച്ച് കൂടുതൽ അറിയാൻ ലൈബ്രറിയിൽ പുസ്തകങ്ങൾ തിരഞ്ഞു. സിനിമ, ഇന്റർനെറ്റ് തുടങ്ങി സകലതിനെയും ഉപയോഗപ്പെടുത്തി. അങ്ങനെ ചോദ്യങ്ങൾക്കുള്ള മറുപടി വീഡിയോ രൂപത്തിലും എഴുത്തിലുമായി ഞാൻ അവരിലേക്കെത്തിച്ചു.
2014 ജൂലൈ ആയപ്പോഴേക്കും മാർസ് വണ്ണിൽനിന്ന് സന്ദേശമെത്തി. ‘ഒന്നാം റൗണ്ടിലേക്ക് പ്രവേശനം നേടിയിരിക്കുന്നു. ഇനി വിവിധ പരീക്ഷകളിലൂടെ കടന്നുപോകും. ഓരോ ഘട്ടത്തിലും ചുരുക്കപ്പട്ടിക തയ്യാറാക്കും. ശേഷിക്കുന്ന 100 പേർക്കാണ് പരിശീലനം. അതിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 24 പേർ ചൊവ്വയിലേക്ക് പോകും'. അറിയിപ്പ് ലഭിച്ചതോടെ ഞാൻ അമ്മയുമായി ദൗത്യത്തെക്കുറിച്ച് സംസാരിച്ചു. അമ്മയുടെ അന്നത്തെ പേടിച്ച മുഖം ഓർത്തെടുക്കാൻ ഇപ്പോഴും പ്രയാസമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 2,02,586 അപേക്ഷകളാണ് അന്ന് സ്വീകരിക്കപ്പെട്ടത്. ഈ കാര്യം അമ്മയെ ബോധ്യപ്പെടുത്തിയപ്പോൾ തെല്ലൊന്നടങ്ങി. അടുത്ത ഘട്ടമെത്തുമ്പോൾ ഈ പത്തൊമ്പതുകാരി പുറത്തായേക്കുമെന്ന് കരുതിക്കാണണം. ദൗത്യവുമായി മുന്നോട്ട് പോകരുതെന്ന് അമ്മ എന്നോട് പറഞ്ഞില്ല.
കടമ്പകൾ
സൈക്കോമെട്രിക് ടെസ്റ്റ്, ഇക്യൂ ടെസ്റ്റ് തുടങ്ങിയവയാണ് ആദ്യഘട്ടം. അതിനുശേഷം ‘മാർസ് വൺ’ വിഷയത്തിൽ മൂന്നു ചോദ്യം അയച്ചുതന്നു. വീഡിയോ രൂപത്തിലാണ് മറുപടികൾ അയക്കേണ്ടത്. ഇതിലൂടെയാണ് രണ്ടുലക്ഷത്തിൽപ്പരം അപേക്ഷകരെ 1067 പേരാക്കി ചുരുക്കിയത്. രണ്ടാംഘട്ടം ശാരീരികക്ഷമത പരിശോധനയാണ്. ഒരുകൂട്ടം പരിശോധനകളുടെ ലിസ്റ്റ് അയച്ചുതന്നു. മികച്ച ആശുപത്രിയിൽ പരിശോധിക്കണമെന്നും നിബന്ധന. റിസൾട്ട് വന്നപ്പോൾ അതിനെയും ഞാൻ മറികടന്നു. ക്ഷമതയുണ്ടെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തി. ആരോഗ്യ പരിശോധന കഴിഞ്ഞപ്പോൾ ഞങ്ങൾ 600 പേരായി ചുരുങ്ങി. കേരളത്തിൽനിന്ന് ഈ ഘട്ടത്തിൽ എന്നെക്കൂടാതെ വിജയിച്ച രണ്ടുപേരുണ്ട്. പാലക്കാട് സ്വദേശി ലേഖ മേനോൻ, തിരുവനന്തപുരം സ്വദേശി രാകേഷ്. യാത്രയ്‌ക്കുമുമ്പ് ഏറെ കാര്യങ്ങൾ പഠിക്കാനുണ്ട്. സ്റ്റഡി മെറ്റീരിയലുകൾ മാർസ് വൺ അയച്ചുതന്നു. ഇലക്ട്രിക്കൽ റിപ്പയറിങ്ങും പ്ലംബിങ്ങുംവരെ അതിലുണ്ട്. മെഡിസിൻ, എൻജിനിയറിങ്, സൈക്കോളജി തുടങ്ങിയ വിഷയങ്ങളിൽ വിശാലമായ അറിവ് വേണമെന്നും അറിയിച്ചു.
അഭിമുഖം
2014 ഒക്ടോബർ. അഭിമുഖമാണ് മൂന്നാമത്തെ കടമ്പ. യാത്രയിലെ നിർണായക ഘട്ടം. ആശങ്കയുണ്ടോ എന്ന് ചോദിച്ചാൽ, ഉണ്ട്. ആരാണ് അഭിമുഖം നയിക്കുന്നതെന്ന് ഒരു പിടിയുമില്ല. ലൈവിലെത്തിയപ്പോൾ മാത്രമാണ്, നാസയിലെ ആസ്ട്രനട് റിക്രൂട്ട്‌മെന്റ് സംഘത്തിലെ അംഗം നോബർട്ട് ക്രാഫ്ട്, മാർസ് വൺ സിഇഒ ലാൻസ് ഡോപ് എന്നിവരാണ് എന്നെ പരീക്ഷിക്കുന്നതെന്നറിഞ്ഞത്. മാർസ് വൺ ദൗത്യത്തിന്റെ ചീഫ് മെഡിക്കൽ ഓഫീസർകൂടിയാണ് നോബർട്ട്. ചൊവ്വയെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ കൂടുതലും. ഞാൻ പ്രതീക്ഷയോടെ മറുപടി നൽകി. ചൊവ്വയിൽ മനുഷ്യവാസം സാധ്യമാക്കേണ്ട എല്ലാ പ്രവർത്തനവും നിശ്ചയദാർഢ്യത്തോടെ ഏറ്റെടുക്കുമെന്ന് അവരെ ബോധ്യപ്പെടുത്തി.
നൂറുപേർ, മൂന്ന് ഇന്ത്യക്കാർ
2015 ഫെബ്രുവരി. അഭിമുഖം കഴിഞ്ഞപ്പോൾ ഞങ്ങൾ നൂറുപേർ. പകുതിയും സ്ത്രീകളാണ്. 19 മുതൽ 84 വയസ്സുള്ളവരുണ്ട്. എനിക്കാണ് ഏറ്റവും പ്രായം കുറവ്. ഏഷ്യയിൽനിന്നുള്ള 16 പേരിൽ ഇന്ത്യൻ വംശജർ മൂന്നുപേർ. അമേരിക്കയിൽനിന്ന് 39, യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് 31, ആഫ്രിക്കയിൽനിന്നും അയർലൻഡിൽനിന്നുമായി ഏഴുവീതം പേർ. ഇന്ത്യൻ വംശജരായ 29 വയസ്സുള്ള ബി എച്ച് തരൺജീത് സിങ് അമേരിക്കയിലാണ് താമസം. 29 വയസ്സുള്ള റിതിക സിങ് ദുബായിലുമാണ്.
അമ്മ നിരാശയിലായി. രാകേഷും ലേഖടീച്ചറും അഭിമുഖത്തെ അതിജീവിച്ചില്ല. ഇന്ത്യയിൽ താമസമുള്ള ആരും ദൗത്യത്തിലില്ല. ഞാൻ പുറത്താകുമെന്ന അമ്മയുടെ പ്രതീക്ഷ അടഞ്ഞു. ഏക മകളാണ് ചൊവ്വയിലേക്ക് മടക്കമില്ലാതെ സഞ്ചരിക്കുന്നത്. ഗ്രഹത്തിലേക്ക് പോയി മടങ്ങിവരുന്നതിനെക്കുറിച്ച് ഒരറിവും ലഭിക്കുന്നില്ല. അവിടെ എങ്ങനെ അതിജീവിക്കുമെന്നറിയില്ല. സിംഗിൾ പാരന്റായ അമ്മയെ പറഞ്ഞ് മനസ്സിലാക്കുക എന്നതും കടമ്പയായിരുന്നു. അല്ലെങ്കിലും മനുഷ്യരാരും പോയിട്ടില്ലാത്ത ഒരു ലോകത്തേക്ക് മകൾ പോകുമ്പോൾ ഏത് അമ്മയ്ക്കാണ് സന്തോഷം തോന്നുക. നൂറിൽ ഒരാളാണെന്നറിഞ്ഞതോടെ യാത്ര ഒഴിവാക്കാൻ അമ്മ ജ്യോത്സ്യന്റെ സഹായം തേടി. തിരിച്ചുവരാത്ത യാത്രയിൽനിന്ന് പിന്തിരിപ്പിക്കാൻ എന്തെങ്കിലും വഴി കാണിക്കണമെന്ന് ആവശ്യപ്പെട്ടു. ‘യാത്ര ഇല്ലാതാക്കരുത്. ഇതുപോലൊരു യാത്ര നിങ്ങളെക്കൊണ്ട് സാധ്യമാക്കാൻ കഴിയുമോ’ എന്ന് ജ്യോത്സ്യൻ മറുപടി നൽകിയതോടെ അമ്മ മടങ്ങി.
അവസാന നൂറിലൊരാൾ ഞാനാണെന്ന വാർത്ത മാധ്യമങ്ങളിലൂടെ പ്രചരിച്ചു. അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനത്തിൽനിന്ന് മൂന്നുപേർ കോയമ്പത്തൂരിലെ വീട്ടിലെത്തി. ഞങ്ങളോടൊപ്പം മൂന്നുദിവസം ചെലവഴിച്ച് ഷൂട്ടിങ് പൂർത്തിയാക്കി. 100 പേരെയും ഉൾക്കൊള്ളിച്ച് സീരീസ് പുറത്തിറക്കി. അമേരിക്കയിൽ അത് ടെലികാസ്റ്റ് ചെയ്തു. കൂടാതെ, തമിഴ്നാട്ടിലെയും കേരളത്തിലെയും മാധ്യമങ്ങളിൽ വാർത്ത വന്നു. ഇതോടെ അഭിനന്ദനങ്ങളും ചേർത്തുപിടിക്കലും വർധിച്ചു. അമ്മ സന്തോഷിക്കണോ, സങ്കടപ്പെടണോ എന്ന ആശങ്കയിലായി. എങ്കിലും എന്റെ സ്വപ്‌നത്തോടൊപ്പമാണ് പിന്നീടുള്ള നാളുകളിൽ അമ്മ നിലകൊണ്ടത്. ‘കുറെ വർഷങ്ങൾ കഴിഞ്ഞാൽ സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെടും. ചൊവ്വയിലേക്ക് പോകുന്നവർക്ക് തിരിച്ചുവരാനുള്ള വഴിയൊരുങ്ങും’–- അമ്മ എന്നോട് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി
അടുത്ത ഘട്ടത്തിൽ നൂറുപേരെ പത്ത് ഗ്രൂപ്പായി തിരിച്ചാണ് ഐസൊലേഷൻ റൗണ്ട്. ഒറ്റയ്ക്ക് പത്തുദിവസം കഴിയാൻ വിടും. ആരുമായും ബന്ധമുണ്ടാകില്ല. അപ്പോൾ എങ്ങനെയാണ് പെരുമാറുന്നതെന്ന് നിരീക്ഷിക്കും. അത് എവിടെവച്ചാണ് ഉണ്ടാകുകയെന്നോ എപ്പോഴായിരിക്കുമെന്നോ അറിവില്ല. ഭക്ഷണം, താമസം, യാത്ര തുടങ്ങിയവയ്ക്കുള്ള ചെലവ് മാർസ് വൺ വഹിക്കും. ചൊവ്വയിലേതിനു സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് പരിശീലിപ്പിക്കാനും പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാർസ് വൺ സിഇഒ നാസയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറിയിപ്പ് ലഭിച്ചു. ഞങ്ങളുടെ പരിശീലനം തത്സമയം ലോകത്തെ കാണിക്കാനും പദ്ധതിയുണ്ടായിരുന്നു.
ഈ ഘട്ടത്തിലേക്ക് കടക്കവേയാണ് മാർസ് വണ്ണിന് സ്പോൺസർമാരെ നഷ്ടമായത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു. പിന്നീട് ലോകം കോവിഡിനെ അതിജീവിക്കാനുള്ള പ്രവർത്തനത്തിലായതോടെ പരിശീലനം ഉൾപ്പെടെയുള്ള ചില പദ്ധതികൾ നിശ്ചയിച്ച പ്രകാരം നടത്താൻ കഴിഞ്ഞില്ല. 2024ൽ റോബോട്ടിനെ ചൊവ്വയിലെത്തിക്കാനുള്ള ദൗത്യമാണ് അതിൽ പ്രധാനം. ചരക്കുകൾ ചൊവ്വയിലെത്തിക്കാനുള്ള റോക്കറ്റുകൾ ലഭ്യമാണെങ്കിലും ഭീമമായ തുക ആവശ്യമാണ്. ഈ സാമ്പത്തിക ബുദ്ധിമുട്ടുകളെ മറികടക്കാനുള്ള ശ്രമത്തിലാണ് മാർസ് വൺ ഇപ്പോൾ.
തെരഞ്ഞെടുത്തവരുടെ വിവരങ്ങൾ പങ്കുവയ്ക്കുന്ന ഡോക്യുമെന്ററി വൈകാതെ പുറത്തിറങ്ങും. ഒടിടിപോലുള്ള പ്ലാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്തി അത് ജനങ്ങളിലേക്ക് എത്തിക്കും. അതിലൂടെ ദൗത്യത്തിനും പരിശീലനത്തിനുമായുള്ള ചെലവിൽ കുറച്ചെങ്കിലും കണ്ടെത്താൻ കഴിയും. ഡോക്യുമെന്ററി നിർമാണവുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചു. എന്നിൽനിന്ന് 2023 മേയിൽ സമ്മതം സ്വീകരിച്ചു.
ഇ–-- മെയിൽ വഴിയാണ് ഇപ്പോൾ ആശയവിനിമയം. തെരഞ്ഞെടുക്കപ്പെട്ടവർ ഉൾപ്പെടുന്ന ഫെയ്‌സ് ബുക്ക് ഗ്രൂപ്പുമുണ്ട്. ഞങ്ങൾ 100 പേരും ഈ ഗ്രൂപ്പിലൂടെ സംസാരിക്കാറുണ്ട്. ഡോക്യുമെന്ററി പുറത്തിറങ്ങിയാൽ ഏതെങ്കിലും രാജ്യം ഈ ദൗത്യത്തെ പ്രോത്സാഹിപ്പിക്കുമെന്നും മാർസ് വണ്ണിന്റെ സ്ഥാപകർ പ്രതീക്ഷിക്കുന്നു.
നഷ്ടപ്പെട്ട കൂടിക്കാഴ്‌ച
ആദ്യഘട്ടത്തിൽ വിജയിച്ചപ്പോൾത്തന്നെ അന്നത്തെ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും ഞങ്ങളെ വിളിച്ചു. അമ്മയ്ക്ക് വലിയ ഊർജമായിരുന്നു അവരുടെ വാക്കുകൾ. കലാമുമായി കൂടിക്കാഴ്‌ച നിശ്ചയിച്ച തീയതിക്ക് ഒരാഴ്‌ചമുമ്പാണ് അദ്ദേഹം മരിക്കുന്നത്.
മാർസ് വൺ മിഷൻ
2011ൽ നെതർലൻഡുകാരനായ ബാസ് ലാൻസ്ഡ്രോപ്പിന്റെയും അർണോ വിൽഡേഴ്സിന്റെയും നേതൃത്വത്തിലാണ് ‘മാർസ് വൺ മിഷന്റെ' ആരംഭം. നാസയിൽനിന്ന് വിരമിച്ച ബഹിരാകാശയാത്രാ വിദഗ്ധന്മാരും മിഷന്റെ നേതൃസ്ഥാനത്തുണ്ട്. സ്പോൺസർമാരിൽനിന്നും ജനങ്ങളിൽനിന്നും യാത്രയ്ക്കുള്ള പണം കണ്ടെത്താനായിരുന്നു പദ്ധതി. ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന ആളുകൾക്ക് കഠിന പരിശീലനം നൽകി പ്രാപ്തരാക്കുക, മനുഷ്യവാസത്തിനാവശ്യമായ സാധനസാമഗ്രികൾ ചൊവ്വയിലെത്തിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. സാമ്പത്തിക സഹായം ലഭിച്ചാൽ അടുത്ത ഘട്ടം ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പരിശീലനം പൂർത്തിയാക്കും.
സ്വകാര്യ പങ്കാളിത്തം
ബഹിരാകാശ ദൗത്യങ്ങളിലുള്ള പങ്കാളിത്തം ആരംഭിക്കുന്നത് വാണിജ്യ ആശയവിനിമയ ഉപഗ്രഹങ്ങളുടെ വിക്ഷേപണംമുതലാണ്. ഇലോൺ മസ്കിന്റെ സ്‌പെയ്‌സ് എക്സ് ചൊവ്വാ ദൗത്യം നിറവേറ്റുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചു. കമ്പനിയുടെ സ്റ്റാർഷിപ് ബഹിരാകാശ പേടകം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിമാനയാത്രപോലെ ചൊവ്വയിലേക്കുള്ള യാത്രയും സാധാരണമാക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്തി ദൗത്യങ്ങൾ വേഗത്തിലാക്കാൻ നാസ പുതിയ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. 2024 മേയിൽ ചൊവ്വാ ദൗത്യവുമായി ബന്ധപ്പെട്ട പഠനം നടത്തുന്നതിന് സ്വകാര്യ കമ്പനികൾക്ക് കരാർ നൽകിയിരുന്നു. ചൊവ്വ പര്യവേക്ഷണത്തിനായി ഒരു പുതിയ മാതൃക വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. സാങ്കേതികവിദ്യ ഉണ്ടെങ്കിലും ഭീമമായ ചെലവാണ് പലപ്പോഴും ഗവൺമെന്റുകളെ സ്വകാര്യ കമ്പനികളുടെ സഹായം തേടാൻ പ്രേരിപ്പിക്കുന്നത്.
എന്തുകൊണ്ട് ചൊവ്വ
ഭൂമി ഉൾപ്പെടുന്ന സൗരയൂഥത്തിൽ മനുഷ്യന് താമസിക്കാൻ കഴിയുന്ന ഏറ്റവും അടുത്തുള്ള ഗ്രഹം ചൊവ്വയാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. എങ്കിലും മനുഷ്യവാസം സാധ്യമാക്കാൻ വെല്ലുവിളികളും അവസരങ്ങളും ഒരുപോലെയുണ്ട്. ഭൂമി സൂര്യനെ ചുറ്റുന്ന സമയമാണ് ഏകദേശം ചൊവ്വയും എടുക്കുന്നത്. അതിനാൽ, ഭൂമിയിലെപ്പോലെ വിവിധതരം ഋതുഭേദങ്ങൾ ചൊവ്വയിലും ഉണ്ട്. രാവും പകലും ഭൂമിയുടേതിനു സമാനമാണ്. 24 മണിക്കൂർ 39 മിനിറ്റ്. കൂടാതെ കാറ്റ്, മഞ്ഞ്, കുന്നുകൾ, മലകൾ, അഗ്നിപർവതങ്ങൾ, മരുഭൂമി, സമതലങ്ങൾ എന്നിവയെല്ലാം കുടിയേറ്റ സാധ്യതകൾക്ക് കരുത്തുപകരുന്നു. കാർബൺ ഡൈ ഓക്‌സൈഡ്, നൈട്രജൻ, ഓക്സിജൻ തുടങ്ങിയ അവശ്യ ഘടകങ്ങളുടെ സാന്നിധ്യവുമുണ്ട്.
ചൊവ്വയ്ക്കടിയിൽ സമുദ്രങ്ങൾ രൂപപ്പെടാൻ പാകത്തിൽ ജലമുണ്ടെന്ന് നാസയ്ക്കുവേണ്ടി കലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മൈക്കൽ മാംഗയുടെ നേതൃത്വത്തിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിലായി നാസ പുറത്തുവിട്ട വിവരമാണിത്. 2018ൽ നാസ ചൊവ്വയിലേക്കയച്ച ഇൻസൈറ്റ് ലാൻഡറിൽനിന്നുള്ള വിവരങ്ങളാണ് പoനത്തിനായി ഉപയോഗിച്ചത്.
ഇത്രയേറെ സാമ്യതകളുണ്ടെങ്കിലും സാങ്കേതികവിദ്യ ഉപയോഗിച്ച് കൃതിമ അന്തരീക്ഷം സൃഷ്ടിച്ചാൽ മാത്രമേ മനുഷ്യർക്ക് അതിജീവിക്കാൻ കഴിയൂ. ചൊവ്വയിലെ താപനില 20 ഡിഗ്രി സെൽഷ്യസിനും മൈനസ് 153 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. പകൽ സമയങ്ങളിൽ താപനില ഉയരും. ചൊവ്വയ്ക്ക് കട്ടിയുള്ള അന്തരീക്ഷമില്ലാത്തതിനാൽ ആവാസ വ്യവസ്ഥകൾക്കും ബഹിരാകാശ സ്യൂട്ടുകൾക്കുമായി പ്രത്യേക ഷീൽഡ് ആവശ്യമാണ്. വായു, വെള്ളം, ഭക്ഷണം, മാലിന്യ സംസ്കരണം എന്നിവയ്ക്കുള്ള സംവിധാനങ്ങളും ഭൂമിയിൽനിന്ന് എത്തിക്കേണ്ടിവരും. സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ ഇടത്തുമാത്രമാണ് കൃഷി ചെയ്യാൻ കഴിയുക. കടുത്ത പൊടിക്കാറ്റിനെ അതിജീവിക്കുക എന്നതും ശ്രമകരമായ ദൗത്യമാണ്. ചൊവ്വയിൽ താമസിക്കുന്നവരുടെ ഒറ്റപ്പെടൽ യാത്രികർക്ക് മാനസിക വെല്ലുവിളികൾ ഉയർത്തും. മാനസികാരോഗ്യത്തിന് ആശ്വാസവും വിനോദവും നൽകുന്ന ആവാസ വ്യവസ്ഥകൾ രൂപകൽപ്പന ചെയ്യേണ്ടതും പ്രധാനമാണ്.
ചന്ദ്രനിൽനിന്ന് ചൊവ്വയിലേക്ക്
1970കൾക്കുശേഷം ശാസ്ത്രലോകം ചന്ദ്രനെ ഉറ്റുനോക്കുന്നതിന്റെ പിന്നിലും ചൊവ്വയാണ്. ചന്ദ്രനെ ഇടത്താവളമാക്കി മാറ്റാൻ കഴിഞ്ഞാൽ ചൊവ്വയിലേക്ക് ചെലവുകുറഞ്ഞ യാത്രകൾ സാധ്യമാകും. ചന്ദ്രനെ വലംവയ്ക്കുന്ന സ്‌പെയ്‌സ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നാസ ആരംഭിച്ചു. ചൊവ്വാ ദൗത്യങ്ങൾ ചന്ദ്രനിൽനിന്ന് നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യം. അതിനായി ആശയവിനിമയത്തിനും ഇന്ധനം ലഭ്യമാക്കാനും ചന്ദ്രനിൽ സംവിധാനമൊരുക്കണമെന്നുമാത്രം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..