കൊച്ചി
ഭവനനിർമാണ രംഗത്ത് ജില്ല ഇതുവരെ കാണാത്ത മുന്നേറ്റമാണ് എൽഡിഎഫ് സർക്കാർ ലൈഫ് മിഷനിലൂടെ യാഥാർഥ്യമാക്കിയത്. 10,000 വീടുകൾ നിർമിക്കാൻ ലക്ഷ്യമിട്ട പദ്ധതിയിൽ രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയായത് 14,901 വീടുകൾ. വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ അതിനായി ചെലവഴിച്ചത് 560 കോടിയോളം രൂപ.
സമയബന്ധിതമായും പരാതികൾ യഥാസമയം പരിഹരിച്ചും കൃത്യമായ ആസൂത്രണത്തിലൂടെയും മികവോടെയുമാണ് ലൈഫ് ഭവനങ്ങളുടെ നിർമാണം പൂർത്തിയാക്കിയത്. പണലഭ്യതയില്ലാതെ മുൻകാലങ്ങളിൽ ആവിഷ്‌കരിച്ച ഭവനപദ്ധതികളിൽ പലതും പാതിവഴിയിൽ മുടങ്ങിയിരുന്നു. അത്തരം വീടുകൾ ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കാനാണ് ലൈഫ് ഒന്നാംഘട്ടത്തിൽ ശ്രമിച്ചത്. 82 പഞ്ചായത്തുകളും 13 മുനിസിപ്പാലിറ്റിയും കൊച്ചി നഗരസഭയും ഉൾപ്പെട്ട ജില്ലയിലെ 96 തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ ഈ വിഭാഗത്തിൽപ്പെട്ട 1066 ഗുണഭോക്താക്കളെ കണ്ടെത്തി. വിവിധ ഭവനനിർമാണ പദ്ധതികളിൽ ഉൾപ്പെട്ടിട്ടും വീട് ലഭിക്കാത്ത മുഴുവൻപേരുടെയും വിവരങ്ങൾ ശേഖരിച്ച് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി. പദ്ധതിവഴി ലഭിക്കുന്ന നാല് ലക്ഷം രൂപ മുമ്പ് ഉൾപ്പെട്ട പദ്ധതിയിൽ കൈപ്പറ്റിയ തുക കഴിച്ച് നൽകി. ഒപ്പം വിവിധ സന്നദ്ധസംഘടനകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹായങ്ങളും പ്രത്യേക ഭവനനിധിയിലൂടെ ലഭ്യമാക്കി. തൊഴിലുറപ്പ് തൊഴിലാളികളുടെ സംരംഭങ്ങളിൽനിന്ന് സൗജന്യമായി അഞ്ചുലക്ഷം സിമെന്റുകട്ടയും 30 കോടിയോളം രൂപ സംസ്ഥാന സർക്കാർ വിഹിതമായും ഗുണഭോക്താക്കൾക്ക് കിട്ടി. രണ്ടുവർഷത്തിനുള്ളിൽ 1066 വീടുകളിൽ ഒമ്പതെണ്ണമൊഴിച്ച് എല്ലാത്തിന്റെയും നിർമാണം പൂർത്തിയായി. ഗുണഭോക്താക്കളുടെ താൽപ്പര്യക്കുറവ് അടക്കമുള്ള പ്രശ്‌നങ്ങളാലാണ് ഒമ്പത് വീടുകളുടെ നിർമാണം വൈകുന്നത്.
രണ്ടാംഘട്ട പദ്ധതിയിൽ ഭൂമിയും വീടുമില്ലാത്ത 5540 ഗുണഭോക്താക്കളെ കണ്ടെത്തി 4987 കുടുംബങ്ങൾക്ക് കിടപ്പാടം നൽകി. പട്ടികജാതിയിൽപ്പെട്ട ഗുണഭോക്താവിന് ഭൂമി വാങ്ങാൻ 2.25 ലക്ഷം രൂപയും ജനറൽ വിഭാഗത്തിന് രണ്ടുലക്ഷം രൂപയും നൽകി. വീട് നിർമിക്കാൻ നാലുലക്ഷം വീതവും. തൊഴിലുറപ്പ് പദ്ധതിയിൽ 90 ദിവസത്തെ സൗജന്യ സേവനവും 40 മുതൽ 60 ശതമാനംവരെ വിലക്കുറവിൽ പ്രമുഖ കമ്പനികളുടെ നിർമാണസാമഗ്രികളും ലഭ്യമാക്കി. എല്ലാ സഹായവും തടസ്സമില്ലാതെ ഗുണഭോക്താവിലേക്ക് എത്തിയതോടെ 420 ചതുരശ്ര അടി വിസ്‌തീർണത്തിൽ സുരക്ഷിതമായ വീടുകൾ എല്ലായിടത്തും നിശ്‌ചിത സമയപരിധിക്കുള്ളിൽത്തന്നെ പൂർത്തിയാക്കാനായി. ശേഷിക്കുന്ന വീടുകളിൽ 250 എണ്ണത്തിന്റെ മേൽക്കൂരവരെയുള്ള ഭാഗം പൂർത്തിയായി.
മൂന്നാംഘട്ടത്തിൽ ജീവനോപാധികളോടുകൂടിയുള്ള ഫ്ലാറ്റുകൾക്ക് അർഹരായ 15,200 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. ആകെ 500 അപ്പാർട്‌മെന്റുകളാണ് നിർമിക്കുക. ഇതിനായി ജില്ലയിൽ ഏഴിടത്ത് 49 ഏക്കർ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. പദ്ധതിയുടെ ഡിപിആർ പൂർത്തിയായി ടെൻഡർ നടപടികളിലേക്ക് നീങ്ങുന്നു. ഏലൂർ, രാമേശ്വരം, കൂത്താട്ടുകുളം, അയ്യമ്പുഴ, കരുമാല്ലൂർ, തിരുമാറാടി, കാക്കനാട് എന്നിവിടങ്ങളിലാണ് സ്ഥലം കണ്ടെത്തിയത്. പദ്ധതിയിൽ ഉൾപ്പെട്ട മുന്നൂറോളംപേരെ രണ്ടാംഘട്ട പദ്ധതിയിലേക്ക് മാറ്റി വീട് നിർമാണത്തിന് ആനുകൂല്യം നൽകി.
മഹാപ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്കായി റീബിൽഡ് കേരള പദ്ധതിയിൽ 2400 വീടുകളുടെ നിർമാണം നടക്കുന്നതോടൊപ്പമാണ് കാലങ്ങളായി സ്വന്തം വീടെന്ന സ്വപ്‌നം ലാളിച്ചുകഴിയുന്നവർക്കായി ലൈഫ് പദ്ധതിയിൽ എറണാകുളം ജില്ല വൻ മുന്നേറ്റം നടത്തിയത്. ലൈഫ് പദ്ധതിയിലുണ്ടായ ഉണർവിൽനിന്നുള്ള ആവേശം ഏറ്റെടുത്ത് സമാന വ്യവസ്ഥകളോടെ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളും തനതുഫണ്ട് ചെലവഴിച്ച് നൂറുകണക്കിന് വീടുകളും ഭവനസമുച്ചയങ്ങളും ഇക്കാലത്ത് പൂർത്തിയാക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..