തയ്‌വാൻ 30 വർഷങ്ങളിലെ ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റിനാണ് കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. കോങ്ങ്റേ (Typhoon Kong-–-rey) എന്നുപേരുള്ള തീവ്ര കൊടുംകാറ്റ് മണിക്കൂറിൽ 184 കിലോമീറ്റർ വേഗതയിലാണ് ആഞ്ഞടിക്കുകയും ദുരന്തം വിതയ്ക്കുകയും ചെയ്തത്. 10 മീറ്ററോളം ഉയരത്തിൽ തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചു. അടുത്ത ദിവസങ്ങളിൽ ആഞ്ഞടിച്ച യെൻക്‌സിങ് തീവ്ര ചുഴലിക്കാറ്റിന്റെ ഭീതിയിൽനിന്ന് ഫിലിപ്പൈൻസിന് മുക്തി നേടാൻ ദിവസങ്ങൾ വേണ്ടിവരും.
ഏറ്റവും അപകടകാരിയായി ഫ്‌ളോറിഡയിലും സമീപമേഖലകളിലും കഴിഞ്ഞ മാസം ആഞ്ഞുവീശിയ മിൽട്ടൺ ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്. റഫേൽ ചുഴലിക്കാറ്റ് ക്യൂബയിലും വൻനാശമാണ് ഉണ്ടാക്കിയത്. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ മാസം രൂപപ്പെട്ട ദന ചുഴലിക്കാറ്റ് ഒഡിഷയിലും പശ്ചിമബംഗാളിലും ഭീതി വിതച്ചിരുന്നു. കൊടുങ്കാറ്റും ചുഴലിക്കാറ്റുമൊക്കെ വാർത്തകളിൽ നിറയുമ്പോൾ അത്തരമൊരു പ്രതിഭാസത്തെപ്പറ്റി കൂടുതൽ അറിയുന്നത് കൗതുകകരം കൂടിയാണ്. 2019നുശേഷം ഇന്നുവരെ ഏകദേശം 27 ചുഴലിക്കാറ്റുകളാണ് ഇന്ത്യയിൽ ദുരന്തം വിതച്ചത്. ഇവയിൽ നാലെണ്ണം വൻ നാശം വിതച്ചവയാണ്.
മഴയും കൃഷിയും
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ മഴയുടെ ലഭ്യത പലപ്പോഴും ക്രമാതീതമായി വർധിക്കുകയാണ്. കടലും കാറ്റും മഴയും ഒക്കെ പരസ്‌പരം ബന്ധപ്പെട്ടുകിടക്കുന്ന കാര്യങ്ങളാണ്. വർഷാവർഷം കൃത്യമായി പെയ്യുന്ന മഴ കണക്കാക്കിയാണ് കൃഷിയും, മറ്റെല്ലാ പ്രവർത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നതും. മഴയെ ഭൂപ്രകൃതി ഏറെ സ്വാധീനിക്കുന്നുണ്ട്. സഹ്യപർവതവും ഹിമാലയവുമൊക്കെ അതിൽ വലിയ പങ്കാണ് വഹിക്കുന്നത്. തെക്കുപടിഞ്ഞാറൻ കാലവർഷം, വടക്കുകിഴക്കൻ കാലവർഷം എന്നിവയാണ് നമുക്ക് ലഭിക്കുന്ന മഴയിൽ ഏറ്റവും പ്രധാനപ്പെട്ടവ.
ന്യൂനമർദവും ചുഴലിക്കാറ്റും
മഴയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രധാനപ്പെട്ട വാക്കുകളാണ് ന്യൂനമർദവും ചുഴലിക്കാറ്റും. ന്യൂനമർദത്തെപ്പറ്റി പറയുമ്പോൾ അറിഞ്ഞിരിക്കേണ്ട വസ്തുതകളാണ് മർദം, മർദവ്യത്യാസം, കൊറിയോലിസ് പ്രതിഭാസം എന്നിവ. ഏതൊരു വസ്തുവിലും അന്തരീക്ഷവായു ഒരു മർദം പ്രയോഗിക്കുന്നുണ്ട്. വെറുതെ നിൽക്കുമ്പോളും നമ്മുടെ ശരീരത്തിൽ വായു ഒരു മർദം പ്രയോഗിക്കുന്നുണ്ട്. ഉയരം കൂടിയ പ്രദേശങ്ങളിലാണെങ്കിൽ മർദം കൂടുതലും, താഴ്ന്ന പ്രദേശങ്ങളിൽ മർദം കുറവുമായിരിക്കും. മറ്റൊരു പ്രധാന കാര്യം അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിനനുസരിച്ച് മർദത്തിന്റെ തോതും കൂടിക്കൊണ്ടിരിക്കുന്നുവെന്ന ശാസ്‌ത്ര തത്വമാണ്.
മർദത്തിന്റെ തോത് വിവിധ സ്ഥലങ്ങളിൽ വ്യത്യസ്തമായിരിക്കും. ചൂടുകൂടിയ സ്ഥലങ്ങളിൽ മർദം കുറയുമ്പോൾ, താരതമ്യേന ചൂട് കുറഞ്ഞ പ്രദേശങ്ങളിലെ മർദം കൂടുതലായിരിക്കും. അത്തരം അവസരങ്ങളിൽ മർദം കൂടിയ ഭാഗത്തുനിന്നും മർദം കുറഞ്ഞ ഭാഗത്തേക്ക് വായുവിന്റെ ഒരു ഒഴുക്ക് ഉണ്ടാകാറുണ്ട്. അത് വായുവിന്റെ കാര്യത്തിൽ മാത്രമല്ല, ജലത്തിന്റെയും, ലവണങ്ങളുടെയുമൊക്കെ കാര്യത്തിൽ ഇതുപോലെ ഗാഢത കൂടിയ പ്രദേശത്തുനിന്നും, ഗാഢത കുറഞ്ഞ പ്രദേശത്തേക്ക് ഒഴുകാനുള്ള പ്രവണത ആയിരിക്കും. അതിനെ "ഓസ്മോസിസ്’ എന്നും പറയാറുണ്ട്. ഇവിടെ ഓസ്മോസിസ് എന്ന പദം ഉപയോഗിക്കേണ്ടതില്ലെങ്കിലും, അതേ തത്വമാണ് സംഭവിക്കുന്നത്.
കൊറിയോലിസ് പ്രതിഭാസം
ഭൂമധ്യരേഖയ്ക്ക് ചേർന്നുകിടക്കുന്ന സമുദ്രപ്രദേശങ്ങളിലാണ് കൂടുതലായും ന്യൂനമർദം സംഭവിക്കുന്നത്. അവിടെയാണ് സൂര്യന്റെ താപം ഏറ്റവുമധികം ലഭിക്കുന്നത്. ചൂട് കൂടുന്നതിനനുസരിച്ച് അവിടെയുള്ള മർദം കുറയുകയും അടുത്തുള്ള മറ്റ് മർദം കൂടുതലുള്ള പ്രദേശങ്ങളിൽനിന്ന് ഇവിടേയ്ക്ക് വായുവിന്റെ ഒഴുക്ക് ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെയുണ്ടാകുന്ന വായുവിന്റെ വലിയ ഒഴുക്ക് സ്വാഭാവികമായും ഒരേ ദിശയിലാവുമെന്ന് നമുക്ക് വേണമെങ്കിൽ കരുതാം.
എന്നാൽ, അങ്ങനെ നേർരേഖയിൽ ഉണ്ടാവുന്ന കാറ്റ് ചുഴലിക്കാറ്റായി മാറുന്നത് എങ്ങനെയായിരിക്കാം. അതിനുപിന്നിൽ ഉണ്ടാകുന്ന കാരണങ്ങളിൽ പ്രധാനമാണ് "കൊറിയോലിസ് പ്രതിഭാസം’. ഒരു പദാർഥം അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോൾ, അതേസമയം ഭൂമിയും ഭ്രമണം ചെയ്യുമ്പോൾ ആ പദാർഥത്തിന്റെ പാതയിലുണ്ടാകുന്ന ചെറിയ വളവാണ് കൊറിയോലിസ് പ്രതിഭാസമെന്ന് അർഥമാക്കുന്നത്. അതിനുകാരണമാകുന്ന ബലമാണ് കൊറിയോലിസ് ബലം. ഭൂമി പടിഞ്ഞാറുനിന്നും കിഴക്കൻ ദിശയിലേക്ക് ഭ്രമണം ചെയ്യുന്നതിനനുസരിച്ച് ഭൂമിയിലെ ചലിക്കുന്ന വസ്തുക്കളിൽ ഉണ്ടാകുന്ന നേരിയ ചരിവാണ് കൊറിയോലിസ് ബലം.
ഈ ബലം ഉത്തരാർധഗോളത്തിൽ വലത്തോട്ടും ദക്ഷിണാർധഗോളത്തിൽ ഇടത്തോട്ടുമാണ് ഉണ്ടാകുന്നത്. മർദം കൂടിയ ഭാഗത്തുനിന്നും കുറഞ്ഞ ഭാഗത്തേക്ക് വായു കൂട്ടമായി എത്തുമ്പോൾ അതിന്റെ സഞ്ചാരപാത നേർരേഖയ്ക്ക് പകരം, കൊറിയോലിസ് ബലത്തിന്റെ ഭാഗമായി ഘടികാരദിശക്കെതിരായി ചലിക്കുന്നു. ദക്ഷിണാർധഗോളത്തിൽ അത് ഘടികാരദിശയിലുമായിരിക്കും. ഇതുപോലെ വൃത്താകൃതിയിലെ കറക്കത്തിന്റെ ഭാഗമായാണ് ചുഴലിക്കാറ്റ് ഉണ്ടാകുന്നത്.
പേരുകൾ പലവിധം
ചുഴലിക്കാറ്റുകളെ പൊതുവെ "സൈക്ലോൺ, "ടൈഫൂൺ’, ‘ഹരിക്കെയ്ൻ’ എന്നിങ്ങനെ അറിയപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലാണ് രൂപപ്പെടുന്നതെങ്കിൽ അവയെ സൈക്ലോൺ എന്നും വടക്കു പടിഞ്ഞാറൻ പസഫിക്ക് സമുദ്രത്തിലാണെങ്കിൽ ടൈഫൂൺ എന്നും, അറ്റലാന്റിക്ക് സമുദ്രത്തിലോ വടക്കുകിഴക്കൻ പസഫിക് സമുദ്രങ്ങളിലോ ആണെങ്കിൽ അവയെ ഹരിക്കെയ്ൻ എന്നുമാണ് പൊതുവിൽ വിളിക്കുന്നത്.
വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷനും ഐക്യരാഷ്ട്രസംഘടനയുടെ എക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ, എക്കോസോക് വിഭാഗത്തിന്റെ ഏഷ്യ-പസഫിക് ചാപ്റ്ററുമായി ചേർന്നാണ് ചുഴലിക്കാറ്റുകൾക്ക് ‘നാട്ടുപേരുകൾ’ നൽകുന്നത്. ഇന്ത്യൻ സമുദ്രത്തെ ചുറ്റി സ്ഥിതിചെയ്യുന്നത് 13 രാജ്യങ്ങളാണ് ഇവിടെയുണ്ടാകുന്ന ചുഴലിക്കാറ്റുകൾക്ക് പേര് നിർദേശിക്കുന്നത്. 13 പേരുകൾ വീതം നിർദേശിക്കുകയും അത്തരം 169 പേരുകൾ അടങ്ങിയ ഒരു പട്ടിക തയ്യാറാക്കുകയും ചെയ്യും. ആ പട്ടികയിൽനിന്നാണ് പേരുകൾ ക്രമമായി നൽകുന്നത്.
ആളുകളുടെ പേരോ, ലിംഗപരമായ പേരുകളോ ഒന്നും ഇടാൻ പാടില്ലെന്നതാണ് ചട്ടം. 2020–-21ൽ നിർദേശിച്ച പേരുകളായ നിവാർ (ഇറാൻ), ബുറേവി (മാലിദ്വീപ്), ടൗട്ടെ (മ്യാൻമാർ), യാസ് (ഒമാൻ) എന്നിവയൊക്കെ ഓരോ രാജ്യങ്ങളുടെ സംഭാവനകളായിരുന്നു. ഇന്ത്യ അവസാനമായി നൽകിയ പേര് "ഗതി’ എന്നായിരുന്നു. അടുത്തിടെ ഒഡിഷ വഴി കടന്നുപോയ ദനയ്ക്ക് പേരിട്ടത് ഖത്തറായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..