മാവേലിക്കര> തിരുവിതാംകൂറിന്റെ വികസനത്തിന് വഴിയൊരുക്കിയ ചരിത്രപ്രസിദ്ധമായ കുളച്ചല്‍ യുദ്ധ വിജയത്തിന് ഓഗസ്റ്റ് 10 ന് 280 ആണ്ട്. (ഓഗസ്റ്റ് 12 ന് എന്ന് മറ്റൊരു രേഖയുമുണ്ട്). 1741 ഓഗസ്റ്റിലായിരുന്നു കുളച്ചല്‍ യുദ്ധം. അന്ന് മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യത്തിന്റെ തടവുകാരനായി പിടിക്കപ്പെട്ട ഡച്ച് നാവിക കമാന്‍ഡര്‍ യുസ്താക്കിയൂസ് ബെനെദിക്തുസ് ഡി ലെനോയ് (ഡി ലെനോയ്) പിന്നീട് തിരുവിതാംകൂറിന്റെ സര്‍വ്വ സൈന്യാധിപനായി. യുദ്ധം കഴിഞ്ഞ്, 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഡച്ചുകാരുമായി മാര്‍ത്താണ്ഡവര്‍മ്മ ഉണ്ടാക്കിയ സമാധാന സൗഹൃദ കരാര്‍ ഉടമ്പടിയുടെ സ്മരണക്കായി ഡിലെനോയ് നിര്‍മ്മിച്ചു നല്‍കിയ സ്തംഭവിളക്കാണ് ഇന്നും മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിലുള്ളത്.
സ്തംഭ വിളക്കിന് ചുറ്റും നാല് ഡച്ച് പോരാളികളുടെ ശില്‍പങ്ങളുണ്ട്. തോക്കേന്തിയ നിലയിലുള്ള പട്ടാളക്കാരുടെ ഈ അപൂര്‍വ്വ ശില്‍പങ്ങള്‍, ഡച്ച് രീതിയില്‍ ഒരുവശം മടക്കിവച്ച വലിയ തൊപ്പിയും ധരിച്ച് കാവല്‍ നില്‍ക്കുന്ന രൂപത്തിലാണ്. 1746 ല്‍ മാര്‍ത്താണ്ഡര്‍മ, ഇപ്പോഴത്തെ മാവേലിക്കര ഉള്‍പ്പെടുന്ന പ്രദേശമടക്കം തന്റെ അധീനതയിലാക്കി തിരുവിതാംകൂറിനോട് ചേര്‍ത്ത ശേഷമാണ് ഡച്ചുകാരുമായി സമാധാന സൗഹൃ ഉടമ്പടിയുണ്ടാക്കിയത്.
മാര്‍ത്താണ്ഡവര്‍മ്മയുടെ നായര്‍ പട്ടാളത്തിന് ഡച്ച് രീതികളും തോക്കും ഉപയോഗിക്കാനുള്ള പരിശീലനം നല്‍കിയത് ഡി ലെനോയിയുടെ നേതൃത്വത്തിലായിരുന്നു. . ആദ്യം, ജര്‍മ്മന്‍ കമാന്‍ഡര്‍ ദുയ്വന്‍ഷോട്ടിന്റെ കീഴില്‍ പ്രവര്‍ത്തിച്ച ലെനോയ്, ദുയ്വന്‍ഷോട്ടിന്റെ മരണ ശേഷം കമാന്‍ഡറായി. പിന്നീട് തിരുവിതാംകൂര്‍ പട്ടാളത്തിന്റെ വലിയ കപ്പിത്താന്‍ (കമാന്‍ഡര്‍ ഇന്‍ ചീഫ്) ആയി മാറി. ആറ്റിങ്ങല്‍, കൊല്ലം, കായംകുളം, പന്തളം, അമ്പലപ്പുഴ, ഇടപള്ളി, തെക്കുംകൂര്‍ (ചങ്ങനാശ്ശേരി), വടക്കുംകൂര്‍ (ഏറ്റുമാനൂര്‍) എന്നീ നാട്ടുരാജ്യങ്ങളെ തിരുവിതാംകൂറിലേക്കു ചേര്‍ക്കുന്നതില്‍, മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ചത് ഡി ലെനോയിയായിരുന്നു.
വിശ്വാസത്തിന്റെ പേരില്‍ സൈന്യം യുദ്ധം ചെയ്യാന്‍ മടിച്ച അവസരങ്ങളില്‍ ഡി ലെനോയിയെ മുന്നില്‍ നിര്‍ത്തി മാര്‍ത്താണ്ഡവര്‍മ്മ പ്രതിസന്ധി മറികടന്നു.
1798 ല്‍ ടിപ്പുവിന്റെ പടയോട്ടത്തെ തടഞ്ഞ നെടുങ്കോട്ട രൂപകല്‍പന ചെയ്തതും ലെനോയിയായിരുന്നു. കുളച്ചിലിലെ വ്യാപാര കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന ലെനോയിക്ക് മാര്‍ത്താണ്ഡ വര്‍മ്മ ജന്മി സ്ഥാനം നല്‍കി. ധര്‍മരാജാവിന്റെ കാലത്തും ആ പദവിയില്‍ തുടര്‍ന്നു. 1777 വരെ തിരുവിതാംകൂറിനെ സേവിച്ച ലെനോയ് 1777 ജൂണ്‍ 1 ന് ഉദയഗിരിക്കോട്ടയില്‍ വെച്ചു മരിച്ചു. ഈ കോട്ടയിലാണ് അദ്ദേഹത്തിന്റെ സ്മൃതികുടീരം സ്ഥിതി ചെയ്യുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..