അസാധാരണമായ ഒരു യാത്രയ്ക്കൊരുങ്ങുകയാണ് ശ്രീ എം. കന്യാകുമാരിമുതല്‍ കശ്മീര്‍വരെ പദയാത്ര! അറുപത്താറാം വയസ്സില്‍ യൗവനത്തിന്റെ ചുറുചുറുക്കോടെ. ഒന്നരവര്‍ഷംകൊണ്ട് 6500 കിലോമീറ്ററുകള്‍. ഈ യാത്രയില്‍ അദ്ദേഹം ഒറ്റയ്ക്കല്ല; ഒരുപിടി ലക്ഷ്യങ്ങളുണ്ട് കൂട്ടിന്. വിശ്വാസങ്ങളുടെ സഹവര്‍ത്തിത്വം, സമത്വം, സുസ്ഥിരജീവിതം, സ്ത്രീശാക്തീകരണം, സാമൂഹ്യ ആരോഗ്യം, വിദ്യാഭ്യാസം, യുവജനതയുടെ സമഗ്രവികസനം തുടങ്ങി ജീവിതത്തെ കൂടുതല്‍ മനോഹരമാക്കാനുള്ള ആശയങ്ങള്‍. പ്രത്യാശയുടെ പ്രകാശം വിതറിക്കൊണ്ടുള്ള സഞ്ചാരത്തില്‍ ആര്‍ക്കും ഒപ്പം കൂടാം- മതവിശ്വാസങ്ങളുടെ ബന്ധനങ്ങളില്ലാതെ, രാഷ്ട്രീയ പരിഗണനകളില്ലാതെ, പദവികളുടെ ഭാരങ്ങളില്ലാതെ... യാത്രികര്‍ അന്തിയുറങ്ങുന്നത് എവിടെയുമാകാം. ചിലപ്പോള്‍ ക്ഷേത്രങ്ങളില്‍, മറ്റു ചിലപ്പോള്‍ മുസ്ലിംപള്ളികളില്. ക്രിസ്തീയ ആരാധനാലയങ്ങളില്‍, ഗുരുദ്വാരകളില്‍, അതുമല്ലെങ്കില്‍ മതബന്ധമേതുമില്ലാത്ത പൊതുസ്ഥലങ്ങളില്‍, തുറസ്സായ ഇടങ്ങളില്‍. മുഴുവന്‍ മനുഷ്യരോടും എം പറയുന്നു. ""വരൂ നമുക്ക് ഒപ്പം നടക്കാം. പരസ്പരം സംവദിക്കാം''.
ഒന്നിക്കുക അത്ര എളുപ്പമല്ല; വിഘടിച്ചുനില്‍ക്കാന്‍ അനവധി കാരണങ്ങളുള്ളപ്പോള്‍. വിഘടിപ്പിക്കാനുള്ള കുതന്ത്രങ്ങളുമായി സ്ഥാപിത താല്‍പ്പര്യക്കാര്‍ അധികാരത്തിന്റെ കരുത്തില്‍ തക്കംപാര്ത്തിരിക്കുമ്പോള് വിശേഷിച്ചും. ഈ പശ്ചാത്തലത്തിലാണ് ഒരുമയുടെ സന്ദേശവുമായി എമ്മും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമാനമനസ്കരുടെ കൂട്ടായ്മയായ മാനവ് എക്താ മിഷനും ജനങ്ങള്‍ക്കിടയിലേക്കിറങ്ങുന്നത്. "പ്രത്യാശയുടെ പദയാത്ര' സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12ന് കന്യാകുമാരിയിലെ ഗാന്ധി സ്മൃതിമണ്ഡപത്തില്‍ കരണ്‍സിങ് ഫ്ളാഗ് ഓഫ് ചെയ്യും.
വര്‍ഗീയത മഹാവിപത്ത്വിശ്വാസത്തിലും ആത്മീയതയിലും ഊന്നിക്കൊണ്ടുതന്നെ ജാതീയതയ്ക്കും വര്‍ഗീയതയ്ക്കുമെതിരായ കാഴ്ചപ്പാട് ശക്തിപ്പെടുത്തുകയാണ് എമ്മിന്റെ ലക്ഷ്യം. അതിനായി വിവിധ സമുദായങ്ങള്‍ തമ്മിലുള്ള ആശയവിനിമയം സാധ്യമാകണം. വിശ്വാസം സമാധാനം ഉറപ്പാക്കാനുള്ള ഉപകരണമായിത്തീരണം. സഹവര്ത്തിത്വത്തിലൂടെയല്ലാതെ സമാധാനജീവിതം സാധ്യമാകില്ല.മുസ്ലിമായി ജനിച്ച് ഹിമാലയസാനുക്കളില്‍ യോഗികളോടൊപ്പം കഴിഞ്ഞ് യോഗവിദ്യയില്‍ പ്രാവീണ്യം നേടി, ഉപനിഷത്തുകളെ മാര്‍ഗദീപങ്ങളായി ഉള്‍ക്കൊള്ളുന്ന എമ്മിന്റെ ജീവിതംതന്നെയാണ് വിശ്വാസപാരസ്പര്യം സാധ്യമാണെന്നതിന് ഉത്തമ ഉദാഹരണം. കാവിയും രുദ്രാക്ഷവും ധരിച്ച് നാവില്‍ വര്‍ഗീയവിഷം തുപ്പുന്ന വാക്കുകളുമായി വിശ്വാസികളെ വഴിതെറ്റിക്കുന്ന ആത്മീയവ്യാപാരികളുടെയും ആള്‍ദൈവങ്ങളുടെയും വഴിയല്ല അദ്ദേഹത്തിന്റേത്.
""നിങ്ങള്‍ വിയോജിച്ചോളൂ... പക്ഷേ നമുക്ക് തുടര്‍ന്നും സംസാരിച്ചുകൊണ്ടിരിക്കാമല്ലോ. അങ്ങനെ പരസ്പരം മനസ്സിലാക്കാനുള്ള ശ്രമം തുടരാം...'' എന്ന് എം പറയുമ്പോള്‍ മലയാളി ഓര്‍ത്തുപോകുന്നത് ആലുവയില്‍ 1924ല്‍ സര്‍വമത സമ്മേളനം വിളിച്ചുചേര്ത്തപ്പോര് കവാടത്തില്‍ എഴുതിവയ്ക്കാന്‍ ശ്രീനാരായണഗുരു നിര്‍ദേശിച്ച വാക്കുകളാകാം. "വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്' എന്നായിരുന്നു ആ വാക്കുകള്‍.മാര്‍ക്സിസത്തെയും മിഷണറിമാരെയും മുഖ്യശത്രുക്കളായി പ്രഖ്യാപിച്ചുകൊണ്ട് വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവര്‍ ഈ സമീപനത്തോട് എന്ത് നിലപാടെടുക്കുമെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്. കെ ആര് മല്‍ക്കാനിയെയും നാനാജി ദേശ്മുഖിനെയുംപോലുള്ള ആര്‍എസ്എസ് പ്രധാനികളുമായി എമ്മിന് ഒരുകാലത്ത് അടുത്ത ബന്ധമുണ്ടായിരുന്നു.
തന്റെ ആത്മകഥയില്‍ അവരുടെ പരിശ്രമശാലിത്വത്തെയും അച്ചടക്കത്തെയും ഒരു വാചകത്തിലാണെങ്കിലും പ്രശംസിക്കുവോളം ആ ബന്ധത്തിന് വ്യാപ്തിയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാകാം അവരെയും സംവാദത്തിന്റെ തട്ടകത്തിലേക്ക് കൊണ്ടുവരികയും മാനവമൈത്രി എന്ന ആശയത്തില്‍ ഒരുമിപ്പിക്കാനായി പരിവര്‍ത്തനം ചെയ്യിക്കുകയും വേണമെന്ന് അദ്ദേഹം പറയുന്നത്.എന്താണ് എംഈ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ നമുക്കൊരു ജീവിതപാഠം മറിച്ചുനോക്കേണ്ടതുണ്ട് 1948ല്‍ തിരുവനന്തപുരത്ത് പുരോഗമന വീക്ഷണം വച്ചുപുലര്‍ത്തിയ ഒരു മുസ്ലിംകുടുംബത്തില്‍ ജനിച്ച മുംതാസ് അലിഖാന്റെ ജീവിതകഥ. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് ഉത്തരേന്ത്യയില്‍നിന്ന് കുടിയേറിയവരാണ് മുംതാസിന്റെ പൂര്വപിതാക്കന്മാര്. കുട്ടിക്കാലത്ത് പിശാചുക്കളെ പേടിസ്വപ്നം കണ്ടിരുന്ന മുംതാസ് ഹോളി ഏഞ്ചല്‍സ് സ്കൂളിലും മോഡല്‍ സ്കൂളിലും വിദ്യാര്‍ഥിയായി. കെട്ടിനിര്മാണക്കരാര്പണിയും പാഴ്കടലാസുകളുടെ വ്യാപാരവും നടത്തിയിരുന്ന അച്ഛന്റെ സാമ്പത്തികസ്ഥിതി മെച്ചമായിരുന്നു. തന്റെ സഹോദരിമാരെപ്പോലെ ഉന്നതവിദ്യാഭ്യാസം നേടി മെച്ചപ്പെട്ട ഉദ്യോഗം നേടാന്‍ മുംതാസ് അലിക്കും സാധിച്ചേനെ. (സഹോദരിമാരിലൊരാള് കര്‍ണാടകത്തില്‍ മുതിര്‍ന്ന ഐഎഎസ് ഓഫീസറായിരുന്നു).
പക്ഷേ അയാളുടെ വഴി വ്യത്യസ്തമായിരുന്നു. പത്തൊമ്പതാം വയസ്സില്‍ മുംതാസ് വീടുവിട്ടിറങ്ങി. ആത്മീയാനുഭവങ്ങള്‍ തേടി ഹിമാലയത്തിലേക്കായിരുന്നു യാത്ര. ഒമ്പതാം വയസ്സില്‍ ഉണ്ടായതായി ആത്മകഥയില്‍ രേഖപ്പെടുത്തുന്ന ഒരു സംഭവം ഇതിന് കാരണമായിട്ടുണ്ടാകാം. തിരുവനന്തപുരം വഞ്ചിയൂരില്‍ അംബുജവിലാസം റോഡിലാണ് അക്കാലത്ത് താമസം. വെളിച്ചം മങ്ങിത്തുടങ്ങിയ സന്ധ്യയില്‍ വീട്ടുവളപ്പിലെ പ്ലാവിന് ചുവട്ടില്‍ അപരിചിതനായ ഒരു "വിചിത്രമനുഷ്യ'നെ മുംതാസ് കണ്ടു. അയാള്‍ കാതില്‍ ചെമ്പു കര്ണകുണ്ഠലം അണിഞ്ഞിരുന്നു. "കുഛ് യാദ് ആയി' (എന്തെങ്കിലും ഓര്‍ക്കുന്നുണ്ടോ) അയാള്‍ ചോദിച്ചു.വീട്ടില്‍ ഉറുദുവിന്റെ വകഭേദമായിരുന്ന ദഖ്നിയായിരുന്നു സംസാരഭാഷയെന്നതുകൊണ്ട് ചോദ്യം മുംതാസിന് മനസ്സിലായി."നഹി' (ഇല്ല) എന്നു മറുപടി
"ബാദ് മേം മാലും ഹോ ജായേഗാ' (പിന്നീട് എല്ലാം മനസ്സിലായിക്കൊള്ളും) എന്നായി അപരിചിതന്. അതിനുശേഷം അയാളുടെ കണ്ണുകള്‍ തന്നെ പിന്തുടരുന്നതായി തോന്നിയെന്ന് എം എഴുതുന്നു.
ഈ അനുഭവത്തിന്റെ തുടര്‍ച്ചതന്നെയായിരുന്നു ഹിമാലയന്‍ യാത്ര. അവിടെ അദ്ദേഹം ഒരു ഗുരുവിനെ കണ്ടെത്തി- മഹേശ്വര്‍നാഥ് ബാബാജി. ക്രിയായോഗയെന്ന പുരാതനയോഗവിദ്യ വീണ്ടെടുത്തതായി കരുതപ്പെടുന്ന മഹാവതാര്‍ ബാബാജിയുടെ ശിഷ്യന്. യോഗികളുടെ "നാഥ' സമ്പ്രദായത്തില്‍ മുംതാസിനെയും അദ്ദേഹം കണ്ണിചേര്‍ത്തു. നാഥസമ്പ്രദായത്തെപ്പറ്റി മഹേശ്വര്നാഥിന്റെ വാക്കുകളിലൂടെ എം വിവരിക്കുന്നത് ഇങ്ങനെ.""വളരെ പ്രാചീനമാണ് നാഥ സമ്പ്രദായം. ശിവമഹാദേവ് ആണ് ഈ സമ്പ്രദായത്തിന്റെ സ്ഥാപകന്‍. ആദിനാഥ് എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. അടുത്ത ആചാര്യന് മഹാനായ മത്സ്യേന്ദ്രനാഥ് ആയിരുന്നു... നാഥന്മാര് അസാമാന്യ കഴിവുള്ള യോഗികളായിരുന്നു. യോഗവിദ്യയെ സംബന്ധിക്കുന്ന സുപ്രധാന കൃതിയികള് രചിച്ചിട്ടുള്ളത് അവരായിരുന്നു.
ഗോരക്ഷശതകം, ഘോരണ്ഡസംഹിത, ഹഠയോഗ പ്രദീപിക തുടങ്ങിയ കൃതികള്‍ നാഥയോഗികള്‍ രചിച്ചവയാണ്. ആസനങ്ങള്‍, പ്രാണായാമം, ക്രിയായോഗം, ബന്ധങ്ങള്‍, മുദ്രകള്‍ എന്നിവയില്‍ പരിശീലനങ്ങള്‍ നടത്തിയിട്ടുള്ളതും പൂര്‍ണത കൈവരിച്ചിട്ടുള്ളതും അവരാണ്''.നാഥസമ്പ്രദായത്തിന്റെ ഭാഗമായതോടെ മുംതാസിന്റെ പേര് മധുകര്‍നാഥ് എന്ന് മാറ്റി. അതിന്റെ ചുരുക്കമാണ് "എം'. എങ്കിലും ഹിമാലയത്തില്‍ യോഗിയുടെ ജീവിതം നയിക്കുകയല്ല നിന്റെ നിയോഗമെന്ന് എമ്മിനോട് ഗുരു പറഞ്ഞു. "താഴ്വരയിലേക്കു മടങ്ങുക. സാധാരണ ജീവിതം നയിക്കുക. പക്ഷേ ജനങ്ങള്‍ക്കായി പ്രവൃത്തിയെടുക്കുക' ഇതായിരുന്നു ഗുരു നിര്‍ദേശത്തിന്റെ പൊരുള്‍.
തിരുവനന്തപുരത്ത് മടങ്ങിയെത്തി അച്ഛനമ്മമാരോടും സഹോദരിമാരോടുമൊപ്പം കുറെനാള്‍ ചെലവഴിച്ചു. പിന്നീട് അജ്മീറിലേക്കു പോയി. അവിടെ സൂഫിസന്യാസിമാര്ക്കൊപ്പം. ജലാലുദീന്‍ റൂമി എഴുതിയ "മസ്നവി' പഠിച്ചു. റൂമിയുടെതന്നെ ഗദ്യകൃതി ഫിഹി മാഫിഹിയും (അതാണ്, എന്നാല്‍ അത് അല്ല) വായിച്ചു. അജ്മീറില്‍നിന്ന് മടങ്ങിയെത്തിയശേഷം ഫാര്‍മസികോഴ്സ് പഠിക്കാനും കുടുംബം ആരംഭിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനം നോക്കിനടത്താനുമാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ, മനസ്സ് കൊണ്ടുചെന്നെത്തിച്ചത് രാമകൃഷ്ണാശ്രമത്തില്‍. പിന്നീട് ദില്ലിയില്‍ പത്രപ്രവര്‍ത്തകനായി. മന്ഥന്, ന്യൂവേവ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. ജിദ്ദു കൃഷ്ണമൂര്‍ത്തിയുമായുള്ള പരിചയം അദ്ദേഹത്തെ കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷന്റെ ഭാഗമാക്കി. അവിടത്തെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
ഇക്കാലത്തുതന്നെയാണ് ബ്രാഹ്മണവിഭാഗത്തില്‍പ്പെട്ട സുനന്ദാ സനദിയുമായി എം വിവാഹബന്ധത്തിലേര്‍പ്പെടുന്നത്. അധ്യാപികയായിരുന്നു സുനന്ദ. കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷനില്‍നിന്ന് രാജിവച്ചശേഷം എം ആന്ധ്രപ്രദേശിലുള്ള മദനപ്പള്ളിയില്‍ താമസമാക്കി. സത്സംഗ് ഫൗണ്ടേഷന് ആരംഭിച്ചു. വിദ്യാഭ്യാസമേഖലയിലാണ് എം ശ്രദ്ധയൂന്നിയത്. മദനപ്പള്ളി പ്രദേശത്ത് ലംബാനി വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് ഏറെയും താമസം. അവരെ മോഷ്ടാക്കളും കൊള്ളക്കാരുമായാണ് പരിഗണിച്ചിരുന്നത്. ലംബാനി കുട്ടികള്‍ക്കായുള്ള ഒരു വിദ്യാലയമാണ് എം ആദ്യം ആരംഭിച്ചത്. പതിനഞ്ചു വിദ്യാര്‍ഥികളുമായി തുടക്കം. ഇന്ന് ഇരുന്നൂറിലധികം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. എല്ലാവര്ക്കും സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും.
കുട്ടികള്‍ പഠിക്കാന്‍ തുടങ്ങിയതോടെ മുതിര്‍ന്നവരിലും മാറ്റം വന്നുതുടങ്ങി. ഐസിഎസ്ഇ സിലബസില്‍ പീപ്പല് ഗ്രോവ് സ്കൂള്‍ എന്നൊരു സ്ഥാപനവും പിന്നീട് തുടങ്ങി. ഇവിടെ ഫീസ് വാങ്ങി കുട്ടികളെ പഠിപ്പിക്കുന്നു. പക്ഷേ, ഈ തുക ലംബാനി കുട്ടികള്‍ക്കുള്ള സ്കൂളിനായാണ് ചെലവഴിക്കുന്നത്.തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള നിഗൂഢ അനുഭവങ്ങളെപ്പറ്റി എം വിശദീകരിക്കുന്നുണ്ട്. അവിശ്വസനീയമായ കഥകളാണ് അവയില്‍ മിക്കവയുമെന്നതില് തര്‍ക്കമില്ല. ആത്മകഥയില്‍ ഇവ രേഖപ്പെടുത്തുമ്പോള്‍ എംതന്നെ ആ വിചാരം പങ്കുവയ്ക്കുന്നുമുണ്ട്. പക്ഷേ, കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെയായി അദ്ദേഹം കാട്ടിത്തരുന്ന ജീവിതമാതൃകയുണ്ട്. മതവിശ്വാസങ്ങള്‍ക്കപ്പുറം മനുഷ്യനുണ്ട് എന്ന സന്ദേശമുണ്ട്. വര്‍ഗീയഭ്രാന്തിനെ ചെറുക്കാന്‍ സംവാദത്തിന്റെ സാധ്യതകള്‍ തുറക്കാനുള്ള പ്രയത്നമുണ്ട്. പ്രകൃതിയെ അറിയാനും ആദരിക്കാനുമുള്ള കര്‍മപദ്ധതികളുണ്ട്. നിങ്ങള്‍ എന്റെ പിന്നാലെ നടക്കൂ എന്ന ഗുരുനാട്യത്തിനപ്പുറം നമുക്കൊരുമിച്ചു നടക്കാമെന്ന സമത്വചിന്തയുണ്ട്. ഇതൊക്കെയായിരിക്കാം മതേതര ജനാധിപത്യവാദികളുമായി സഹകരിക്കാന്‍ ശ്രീ എമ്മിനുള്ള പ്രചോദനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..