03 December Tuesday

വള്ളത്തോളില്ലാത്ത മലയാളത്തിന് 57

വെബ് ഡെസ്‌ക്‌Updated: Wednesday Mar 11, 2015

മലയാള കവിതയിലും സാംസ്കാരിക രംഗങ്ങളിലും പൊതുജീവിതത്തിലും വ്യക്തിമുദ്ര പതിപ്പിച്ച മഹാകവി വള്ളത്തോളിന്റെ കാവ്യജീവിതത്തിന് തിരശ്ശീല വീണിട്ട് 57വര്‍ഷം. ആധുനിക കവിത്രയത്തില്‍ പ്രമുഖനായ വള്ളത്തോള്‍ നാരായണമേനോന്‍ ഭാരതസംസ്കാരവും ദേശീയബോധവും ഉയര്‍ത്തിപ്പിടിച്ച കവിയാണ്. "ദിവാസ്വപ്ന'ത്തിലെ "ഭാരതമെന്നപേര്‍ കേട്ടാലഭിമാന -പൂരിതമാകണ മന്തരംഗംകേരളമെന്നു കേട്ടാലോ തിളയ്ക്കണംചോര നമുക്കു ഞരമ്പുകളില്‍'. എന്ന നാലുവരി മതി അദ്ദേഹത്തിന്റെ ദേശസ്നേഹം തിരിച്ചറിയാന്‍. ദേശാഭിമാനവും സാതന്ത്ര്യവാഞ്ചയും എന്നും വളത്തോളിന്റെ മനസ്സില്‍ കെടാവിളക്കായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ആഞ്ഞടിച്ച സ്വാതന്ത്ര്യസമര ചരിത്രം വള്ളത്തോള്‍ കവിതകളിലൂടെ ജനങ്ങളിലെത്തിച്ചു. ഭാരതത്തെ ഒന്നായിക്കണ്ട് ഗാന്ധിജിയെ സ്വന്തം ഗുരുനാഥനായി ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും കവിയായിരിക്കുമ്പോള്‍തന്നെ കാവ്യഭാഷയില്‍ ചമല്‍ക്കാരങ്ങള്‍ വിരിയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

കേരളത്തിന്റെ സൗന്ദര്യത്തെയും സൗഭാഗ്യത്തെയും സംസ്കാരത്തെയും പാടി പുകഴ്ത്താന്‍ കവി മടികാണിച്ചില്ല. "പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല വച്ചുംസ്വച്ഛാബ്ധിമണല്‍ത്തിട്ടാംപാദോപദാനം പൂണ്ടുംപള്ളികൊണ്ടീടുന്ന നിന്‍പാര്‍ശ്വയുഗ്മത്തെ കാത്തുകൊള്ളുന്നു കുമാരിയുംഗോകര്‍ണേശനുമമ്മേ-' "സാഹിത്യമഞ്ജരി' യിലെ ഈ വരികള്‍ അമ്മയെ നോക്കിക്കണ്ടാനന്ദിക്കുന്ന കുഞ്ഞു മനസ്സിന്റെ സൗന്ദര്യ ചിന്തകളാണ് വര്‍ണിക്കുന്നത്.

ജീവിതരേഖ
1878 ഒക്ടോബര്‍ 16-ന് വള്ളത്തോള്‍ തറവാട്ടിലാണ് നാരായണമേനോന്റെ ജനം. വൈദ്യവും സംസ്കൃതവും പഠിച്ചു. ചെറുപ്പത്തിലേ കഥകളിയോടും കാവ്യമേഖലയോടും താല്‍പര്യമുണ്ടായി. ഭാഷാപോഷിണിസഭ കോഴിക്കോട് നടത്തിയ കവിതാ പരീക്ഷയില്‍ വള്ളത്തോളിന് ഒന്നാം സ്ഥാനം ലഭിച്ചത് 16-ാം വയസ്സിലാണ്.വള്ളത്തോളിന്റെ ആദ്യകൃതി "ഋതുവിലാസം' ആണ്. ഷേക്സ്പിയറിന്റെ "മര്‍ച്ചന്റ് ഓഫ് വെനീസ്' "പോര്‍ഷ്യ വിവാഹം' എന്ന പേരില്‍ മലയാളത്തിലേക്ക് തര്‍ജ്ജമചെയ്തു. അച്ഛനും അമ്മയും അമ്മാവനും അടുത്തടുത്തായി മരിച്ചതോടെ വീട്ടില്‍ ഒതുങ്ങി. ഇക്കാലത്ത് ചരമശ്ലോകങ്ങള്‍, ദേവീസ്തവങ്ങള്‍, കിളിപ്പാട്ടുകള്‍, കൈകൊട്ടിക്കളിപ്പാട്ടുകള്‍ ഇങ്ങനെ പലതരം കവിതകള്‍ എഴുതി. 1905ല്‍ തൃശൂര്‍ കേരള കല്പദ്രുമം പ്രസ്സില്‍ സാഹിത്യവിഭാഗം പത്രാധിപരായി. ഇക്കാലത്ത് വാല്മീകി രാമായണം തര്‍ജ്ജമ തുടങ്ങി. 1907-ല്‍ മാസിക രൂപത്തിലും 1909-ല്‍ പുസ്തക രൂപത്തിലും പ്രസിദ്ധീകരിച്ചു. ഇതോടെ "കേരളവാല്മീകി' എന്ന് സഹൃദയലോകം വാഴ്ത്തി. കേള്‍വിശക്തി നഷ്ടമായ അദ്ദേഹം ബധിരതയുടെ വേദന അക്ഷരങ്ങളിലേക്ക് പകര്‍ത്തി. കേള്‍വികൊതിച്ചും സ്വന്തം ബധിരതയെക്കുറിച്ച് ദേവിയോട് വിലപിക്കുന്ന രൂപത്തിലും എഴുതിയ ഖണ്ഡകാവ്യമാണ് "ബധിരവിലാപം.' "ചിത്രയോഗം' മഹാകാവ്യം എഴുതിയതോടെ മഹാകവി വള്ളത്തോള്‍ ആയി. 1957-ല്‍ 79-ാം വയസ്സില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഫിലിംസ് ഡിവിഷന്റെ ക്ഷണപ്രകാരം കഥകളിയെക്കുറിച്ച് ചിത്രം നിര്‍മ്മിക്കാന്‍ അദ്ദേഹം ബോംബെയില്‍ എത്തി. തിരികെ നാട്ടിലെത്തിയ വള്ളത്തോളിന് ഉദരരോഗം ബാധിച്ചു. ചിരകാല സ്വപ്നമായിരുന്ന "ഋഗ്വേദപരിഭാഷ' ജീവിത സായാഹ്നത്തില്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം 1958 മാര്‍ച്ച് 13-ന് അന്തരിച്ചു.

കേരള കലാമണ്ഡലം
കവി എന്നതിലുപരി കലാസ്വാദകന്‍ കൂടിയായിരുന്നു വള്ളത്തോള്‍. കഥകളിയുടെയും മറ്റ് പ്രാചീനകലാരൂപങ്ങളുടെയും പുനരുദ്ധാരണത്തിനും പുരോഗതിക്കും ഒരു സ്ഥാപനം തുടങ്ങണമെന്ന തീരുമാനമാണ് "കേരളകലാമണ്ഡലത്തി'ന്റെ രൂപീകരണത്തിന് വഴിവച്ചത്. 1927-ല്‍ കോഴിക്കോട്ട് കലാമണ്ഡലം സ്ഥാപിതമായി. പിന്നീടത് ചെറുതുരുത്തിയിലേക്ക് മാറ്റി. 1957-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരു ഗ്രാന്റ്-ഇന്‍-എയിഡ് സ്ഥാപനമാക്കി. ഇപ്പോള്‍ കല്‍പിത സര്‍വകലാശാലയാണ്. വള്ളത്തോള്‍ നാരായണമേനോന്റെ ഓര്‍മയ്ക്ക് എല്ലാവര്‍ഷവും വള്ളത്തോള്‍ പുരസ്കാരം നല്‍കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top