05 December Thursday

കൈരളിയുടെ കളിയച്ഛന് 100

ഡോ എഴുമറ്റൂര്‍ രാജരാജവര്‍മUpdated: Sunday Sep 20, 2015

ആരുടെ ധന്യസ്മരണയില്‍ നാ,മീയരങ്ങൊരുക്കുന്നുആ കളിയച്ഛന്‍ തന്നുടെ പുഞ്ചിരിആദ്യ വിളക്കുകൊളുത്തട്ടെ.കൈരളിയുടെ കളിയച്ഛനായ പ്രൊഫ. എന്‍ കൃഷ്ണപിള്ള, മധ്യാഹ്നത്തിലൊരസ്തമയംപോലെ, 1988 ജൂലൈ 10ന് 72-ാം വയസ്സില്‍ അന്തരിച്ചതിനെതുടര്‍ന്ന്, അദ്ദേഹത്തിന്റെ ശിഷ്യരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് രൂപംനല്‍കിയ പ്രൊഫ. എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷനുവേണ്ടി, മഹാഗുരുനാഥന് സ്മരണാഞ്ജലിയായി ഒ എന്‍ വി കുറുപ്പ് എഴുതിയ കവിതയിലെ ആദ്യവരികളാണ് മുകളില്‍ കുറിച്ചത്. ആ കളിയച്ഛന്റെ ഒരുവര്‍ഷ നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷത്തിന് സപ്തംബര്‍ 20ന് തുടക്കമാകുന്നു.

എന്‍ കൃഷ്ണപിള്ള പ്രഗത്ഭനായ അധ്യാപകനായിരുന്നു, മലയാളനാടകത്തിന്റെ ജാതകം തിരുത്തിയ നാടകകൃത്തായിരുന്നു, സൂക്ഷ്മഗ്രാഹിയായ ഗവേഷകനായിരുന്നു, കുശാഗ്രബുദ്ധിയായ വിമര്‍ശകനായിരുന്നു, സമഗ്രദര്‍ശിയായ സാഹിത്യചരിത്രകാരനായിരുന്നു, ബാലസാഹിത്യകാരനായിരുന്നു, പ്രഭാഷകനായിരുന്നു, സരസസംഭാഷണ പ്രിയനായിരുന്നു, ആദര്‍ശധീരനായിരുന്നു, മനുഷ്യസ്നേഹിയായിരുന്നു. ഈ ഗുണവിശേഷണങ്ങളുടെ അസാധാരണമായ അനുരഞ്ജനംകൊണ്ട് നമ്മുടെ സാംസ്കാരികരംഗത്ത് നിറഞ്ഞുനിന്ന് പ്രകാശംചൊരിഞ്ഞ വ്യക്തിയായിരുന്നു. കൃതികളേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായ എന്‍ കൃഷ്ണപിള്ളയുടെ ജീവിതം അതുകൊണ്ടുതന്നെ അര്‍ഥപൂര്‍ണവും ധന്യവുമായിരുന്നു.

ചിറയിന്‍കീഴ് താലൂക്കിലെ ചെമ്മരുതി വില്ലേജില്‍ മുത്താന ദേശത്തുള്ള ചെക്കാലവിളാകത്ത് തറവാട്ടില്‍ പാര്‍വതിയമ്മയുടെയും ആറ്റിങ്ങല്‍ കക്കാട്ടുമഠത്തില്‍ കേശവരു കേശവരുടെയും മകനായി 1916 സെപ്തംബര്‍ 22ന് ജനിച്ച കൃഷ്ണപിള്ള സാംസ്കാരികാചാര്യനായ പ്രൊഫ. എന്‍ കൃഷ്ണപിള്ളയാകാന്‍ നടന്നുതീര്‍ത്തത് "മൃദുമഞ്ജുളവും സുഖശീതളവുമായ' പാതകളല്ല. കുഞ്ഞ് കൃഷ്ണന് മൂന്നരവയസ്സുള്ളപ്പോഴേ പിതാവ് മരിച്ചു. അമ്മാവന്‍ എന്‍ നീലകണ്ഠപ്പിള്ളയുടെ തണലില്‍ വളര്‍ന്നു. മുത്താന ഗ്രാമത്തിന് അനുവദിച്ചുകിട്ടിയ പ്രൈമറി സ്കൂളിലെ ആദ്യത്തെ വിദ്യാര്‍ഥി. തറവാട്ടുവസ്തുവകകള്‍ പലതും നഷ്ടപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസം. ശ്രീനാരായണഗുരു സ്ഥാപിച്ച ശിവഗിരി മിഡില്‍സ്കൂളില്‍ നടരാജഗുരുവിന്റെയും ആര്‍ ശങ്കറുടെയും ശിക്ഷണവും സ്നേഹവാത്സല്യങ്ങളുമേറ്റ് കണ്ണും കാതും ഉറച്ചു. ശ്രീനാരായണഗുരുവിനെ കാണാനും ഗാന്ധിജിയെ സ്പര്‍ശിക്കാനും കഴിഞ്ഞതിന്റെ മധുരസ്മരണകള്‍ എന്നും ആ മനസ്സില്‍ നിറഞ്ഞുനിന്നു. തിരുവനന്തപുരത്ത് തുടര്‍ന്ന വിദ്യാഭ്യാസം അറിവിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

എ ആര്‍ രാജരാജവര്‍മയുടെ ശിഷ്യനായ വി കൃഷ്ണന്‍തമ്പി, ഡോ. കെ ഗോദവര്‍മ, പി അനന്തന്‍പിള്ള, എന്‍ ഗോപാലപിള്ള തുടങ്ങിയ ഗുരുശ്രേഷ്ഠരുടെ പ്രിയശിഷ്യനായി.പഠിച്ച ശിവഗിരി സ്കൂളിലും യൂണിവേഴ്സിറ്റി കോളേജിലും അധ്യാപകനായി എന്‍ കൃഷ്ണപിള്ള. അരനൂറ്റാണ്ടോളം കാലം അധ്യാപകനായിരുന്ന അദ്ദേഹം ലോകത്തിലെ ഏറ്റവും മിനുക്കവും പ്രതാപവും അധികാരവും ശക്തിയുമുള്ള ജോലിയുമായിപ്പോലും തന്റെ അധ്യാപകവൃത്തി ഒരുനിമിഷത്തേക്കും വച്ചുമാറാന്‍ സന്നദ്ധനായിരുന്നില്ല. തന്റെ ജീവിതവിജയത്തിന്റെ നാരായവേര് എന്ന് അദ്ദേഹം അധ്യാപകവൃത്തിയെ വിശേഷിപ്പിക്കുന്നു.

എന്‍ കൃഷ്ണപിള്ള അടിമുതല്‍ മുടിയോളം അധ്യാപകനായിരുന്നു. പഠിപ്പിക്കുന്ന വിഷയത്തില്‍ വേണ്ടത്ര പ്രാഗത്ഭ്യം നേടിയശേഷം വിദ്യാര്‍ഥികളെ അഭിമുഖീകരിക്കുകയും ശിഷ്യഹൃദയങ്ങളില്‍ വിഷയസ്വീകരണത്തിനുഗുണമായി കളമൊരുക്കിയശേഷം വിത്തുകള്‍ വിതയ്ക്കുകയും അത് തളിര്‍ത്ത് പുഷ്പിച്ച് ഫലിച്ചുകാണുമ്പോള്‍ മനം കുളിര്‍ത്ത് ആത്മനിര്‍വൃതിയില്‍ ലയിക്കുകയും ചെയ്യുന്ന ഗുരുനാഥനായിരുന്നു കൃഷ്ണപിള്ള. സാഹിത്യത്തിന്റെ പാഠങ്ങള്‍മാത്രമല്ല, ജീവിതത്തിന്റെ പാഠങ്ങളും വാക്കര്‍മങ്ങള്‍കൊണ്ടും മനംകൊണ്ടും ശിഷ്യര്‍ക്ക് പകര്‍ന്നുനല്‍കുന്ന അസാധാരണനായ അധ്യാപകനായിരുന്നു അദ്ദേഹം. ഭാരതീയ സങ്കല്‍പ്പമനുസരിച്ചുള്ള ആചാര്യഭാവം ആ വ്യക്തിത്വത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു.

മലയാളനാടകത്തിന്റെ ജാതകംതിരുത്തിയ നാടകകൃത്താണ് എന്‍ കൃഷ്ണപിള്ള. 1942ല്‍ പുറത്തുവന്ന "ഭഗ്നഭവനം' ആണ് ആ കൃതി. തമിഴ് സംഗീതനാടകങ്ങളും അവയുടെ ചുവടുപിടിച്ച് മലയാളത്തില്‍ ഇറങ്ങിയ സംഗീതനാടകങ്ങളും സി വി, ഇ വി തുടങ്ങിയവരുടെ പ്രഹസനങ്ങളും കണ്ട് മനംമടുത്ത എന്‍ കൃഷ്ണപിള്ളയില്‍ മലയാളനാടകത്തിന്റെ പരിഷ്കരണത്തിനുള്ള ദാഹം ആളിക്കത്തി. തന്റെ സങ്കല്‍പ്പത്തിനുസരിച്ചുള്ള നാടകത്തിന്റെ സാക്ഷാല്‍ക്കാരത്തിന് കൂട്ടുചേരാന്‍ പി കെ വിക്രമന്‍നായര്‍ എന്ന സംവിധാനപ്രതിഭയെയും കിട്ടി. കോമാളിവേഷങ്ങള്‍ കണ്ടും വിലകുറഞ്ഞ ഹാസ്യങ്ങള്‍ കേട്ടും പൊട്ടിച്ചിരിച്ച് ഉള്ളുപൊള്ളയായി മടങ്ങുന്ന പ്രേക്ഷകരെ "ഒന്ന് ഞെട്ടിക്കാന്‍' കൃഷ്ണപിള്ള തീരുമാനിച്ചു. പാതിമുറിഞ്ഞുനില്‍ക്കുന്ന പാലത്തിലേക്ക് ചീറിപ്പായുന്ന തീവണ്ടി കാണുന്ന അനുഭവമാണ് "ഭഗ്നഭവനം' പ്രേക്ഷകര്‍ക്ക് നല്‍കിയത്. "ഭഗ്നഭവന'ത്തിലെ ജീവിതം ശ്വാസമടക്കിപ്പിടിച്ച് അനുഭവിച്ച പ്രേക്ഷകര്‍ ഹാളുവിട്ട് പുറത്തുവന്നിട്ടും, നാളുകള്‍ കഴിഞ്ഞിട്ടും അരങ്ങില്‍ കണ്ട ജീവിതത്തിന്റെ വേട്ടയാടലിന് ഇരയായി. തുടര്‍ന്ന് കൃഷ്ണപിള്ള എഴുതിയ ഓരോ നാടകവും പുതിയ ജീവിതസമസ്യയും ഗൗരവമുള്ള സാമൂഹികപ്രശ്നവും അവതരിപ്പിച്ചു.

"കന്യക', "ബലാബലം', "അനുരഞ്ജനം', "മുടക്കുമുതല്‍', "അഴിമുഖത്തേക്ക്', "കുടത്തിലെ വിളക്ക്', "മരുപ്പച്ച' ഇവയെല്ലാം പ്രേക്ഷകഹൃദയങ്ങളില്‍ ആഘാതം വിതച്ച് ആദരവുകൊയ്തു. ഇബ്സന്റെയും ആഗസ്റ്റ് സ്ട്രിന്‍ബര്‍ഗിന്റെയും നാടകലോകത്തോട് പ്രത്യേക അടുപ്പം തോന്നിയ കൃഷ്ണപിള്ള അവരുടെ സുഘടിത നാടകസങ്കല്‍പ്പം സ്വാംശീകരിച്ച്, നമ്മുടെ സംസ്കാരത്തിന്റെയും കുടുംബാന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തില്‍ ജീവിതപ്രശ്നങ്ങളെയും വ്യക്തിചിന്തകളെയും മാനുഷികബന്ധങ്ങളെയും ഹൃദയവികാരവിചാരങ്ങളെയും സൂക്ഷ്മാപഗ്രഥനത്തിന് വിധേയമാക്കുകയായിരുന്നു. വ്യക്തിബന്ധങ്ങള്‍ വലിഞ്ഞുമുറുകുന്നതും ചിലപ്പോള്‍ പൊട്ടിച്ചിതറുന്നതും അത് സമൂഹത്തിന്റെതന്നെ നാശത്തിന് വഴിയൊരുക്കുന്നതും ഈ നാടകങ്ങളില്‍ കണ്ട പ്രേക്ഷകര്‍ അവയെ ഹൃദയപൂര്‍വം സ്വീകരിച്ചു.

"ദര്‍ശനം' തികച്ചും വ്യത്യസ്തമായ നാടകമാണ്. കലാകാരന്റെ സ്വാതന്ത്ര്യം വിഷയമാക്കുന്ന കാവ്യനാടകമാണത്, "ചെങ്കോലും മരവുരി'യും വിച്ഛിന്നാഭിഷേകകഥയുടെ വ്യാഖ്യാനവും.എന്‍ കൃഷ്ണപിള്ളയുടെ നാടകങ്ങള്‍ ഗൗരവപ്രകൃതിയുള്ള യഥാതഥ നാടകങ്ങളാണ്. എന്നുവച്ച് അവ ജീവിതത്തിന്റെ പകര്‍പ്പല്ല. ജീവിതത്തിന്റെ ചൂണ്ടുപലകകളാണ് അവ. കഥാപാത്രങ്ങളുടെയും സംഭവങ്ങളുടെയും സംഭാഷണങ്ങളുടെയും കാര്യത്തില്‍ അവ മിതത്വം പാലിക്കുന്നു, അവ സംഭാഷണപ്രധാനമാണ്, സാഹിത്യപ്രധാനവുംതന്നെ. കുറിക്കുകൊള്ളുന്ന, വലിഞ്ഞുമുറുകുന്ന കയറുംതോറും സങ്കീര്‍ണമാകുന്ന ജീവിതസമസ്യകള്‍ അനാവരണം ചെയ്യുന്ന സംഭാഷണങ്ങളാണ് അവ.

മലയാളനാടകം കൃഷ്ണപിള്ളയില്‍നിന്ന് ഏറെ ദൂരം മുമ്പോട്ടുപോയിട്ടുണ്ട്. എന്നാല്‍, ആ നാടകങ്ങളുടെ സ്വാധീനത ഇന്നും പ്രബലമായിരിക്കുന്നു. നാളെയും അതങ്ങനെയാവാതെ തരമില്ല. കാരണം, ചിരന്തനമായ ജീവിതമൂല്യങ്ങളാണ് അവയുടെ ആത്മസത്തയില്‍ കുടിയിരിക്കുന്നത്.സൂക്ഷ്മഗ്രാഹിയായ ഗവേഷകനും കുശാഗ്രബുദ്ധിയായ വിമര്‍ശകനുമാണ് കൃഷ്ണപിള്ള എന്നുപറഞ്ഞു. ഈ രണ്ട് ഗുണങ്ങളും ഒത്തുചേരുന്നതാണ് എന്‍ കൃഷ്ണപിള്ളയുടെ നിരൂപണം. ക്ലാസുമുറികളാണ് കൃഷ്ണപിള്ളയുടെ നിരൂപണത്തിന്റെ വിളഭൂമി. അതുകൊണ്ടുതന്നെ അവയ്ക്ക് സമഗ്രശോഭ കൈവന്നിട്ടുണ്ട്. അധ്യാപകന്റെ മാന്യതയും സത്യാന്വേഷകന്റെ കൈയൊപ്പും അവയ്ക്കുണ്ട്. പറഞ്ഞതൊന്നും മാറ്റിപ്പറയേണ്ടിവന്നിട്ടില്ല അദ്ദേഹത്തിന്.എന്‍ കൃഷ്ണപിള്ളയുടെ നിരൂപണപ്രതിഭ അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നത് "പ്രതിപാത്രം ഭാഷണഭേദം' എന്ന ഗ്രന്ഥത്തില്‍ നാം കാണുന്നു. സി വി രാമന്‍പിള്ളയുടെ നാടകപ്രതിഭയില്‍ എന്‍ കൃഷ്ണപിള്ളയുടെ നാടകവിമര്‍ശനപ്രതിഭ ഉരഞ്ഞുരഞ്ഞുണ്ടായ തീപ്പൊരികളാണ് ആ ഗ്രന്ഥത്തിലെ നിരീക്ഷണങ്ങള്‍. ഇവിടെ കഥാപാത്രങ്ങളുടെ സന്ദര്‍ഭാനുസൃതമായ സംഭാഷണങ്ങളുടെ അപഗ്രഥനത്തിലൂടെ കൃഷ്ണപിള്ള ചെന്നെത്തുന്നത്, സി വി രാമന്‍പിള്ളയുടെ ശൈലീവല്ലഭത്വത്തിന്റെ ശ്രീകോവിലിലും കരയില്ലാത്ത തീക്കടല്‍ സങ്കല്‍പ്പിച്ച അത്ഭുതവീര്യത്തിന്റെ കനകവിഗ്രഹത്തിലുമാണ.

ഭാഷാശാസ്ത്രത്തിന്റെ സംഭാവനയായ ശൈലീപഠനത്തെ എങ്ങനെ സര്‍ഗശക്തിയുടെ മാപിനിയാക്കാമെന്ന് ആ കൃതി കാണിച്ചുതന്നു."കൈരളിയുടെ കഥ'യില്‍ സമഗ്രദര്‍ശിയായ സാഹിത്യചരിത്രകാരനെ നാം കാണുന്നു. "കൈരളിയുടെ കഥ' മലയാളസാഹിത്യ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വേദപുസ്തകമാണ്. അതിലെ ഓരോ വാക്യവും ഒരു ഗവേഷണത്തിനുള്ള വിഷയമാണ് എന്നുപറയുന്നത് ഒട്ടും അതിശയോക്തിയല്ല. കൃതികളെയും കര്‍ത്താക്കളെയും താരതമ്യം ചെയ്യുന്നത് നിഷ്പക്ഷതയോടെയാണ്, സൂക്ഷ്മതയോടെയാണ്, ഉദാരതയോടെയാണ്, ചരിത്രപശ്ചാത്തലവിവരണത്തോടെയാണ്, മഹത്വത്തിന്റെ മാറ്റുരച്ചുകൊണ്ടാണ്. മലയാളസാഹിത്യചരിത്രങ്ങളില്‍ "കൈരളിയുടെ കഥ' അപൂര്‍വചാരുതയോടെ എന്നും പരിലസിക്കും."കൈരളിയുടെ കഥ' ആദ്യം ബാലസാഹിത്യകൃതിയായി, മൂന്നുഭാഗങ്ങളിലായി പുറത്തുവന്നു, 1956ല്‍. പിന്നീട് അത് പരിഷ്കരിച്ച് 1958ല്‍ ഒറ്റവാല്യമായി പ്രസിദ്ധീകരിച്ചു. ഇതിനുപുറമെ ഒമ്പത് ബാലസാഹിത്യകൃതികള്‍ എന്‍ കൃഷ്ണപിള്ള രചിക്കുകയുണ്ടായി. ഇരുളും വെളിച്ചവും, സമ്പൂര്‍ണ ജീവിതം, ബിന്ദുക്കള്‍, സീതാപരിത്യാഗം തുടങ്ങിയ കൃതികളെല്ലാംതന്നെ വിദ്യാര്‍ഥികളുടെ പ്രായവും ബുദ്ധിശക്തിയും പഠനശേഷിയും മനസ്സിലാക്കി രചിച്ചിട്ടുള്ളവയാണ്. ഇവ പാഠപുസ്തകങ്ങളായിരുന്നു.

എന്‍ കൃഷ്ണപിള്ളയുടെ പ്രവര്‍ത്തനമണ്ഡലം തിരുവനന്തപുരം ആസ്ഥാനമാക്കിയായിരുന്നു. അനന്തപുരിയിലെ വേദികളില്‍ അര്‍ഥഗരിമയും നര്‍മമാധുര്യവും നിറഞ്ഞ ആ പ്രഭാഷണങ്ങള്‍ മുഴങ്ങിക്കൊണ്ടിരുന്നു. ശ്രോതാക്കള്‍ക്ക് പുതുതായി എന്തെങ്കിലും നല്‍കാത്ത ഒരു പ്രഭാഷണവും അക്കൂട്ടത്തിലില്ല.അദ്ദേഹത്തെ തേടിയെത്തിയ പുരസ്കാരങ്ങളും ബഹുമതികളും നിരവധിയാണ്. കൃതികള്‍ രചിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതിയുമായി താരതമ്യം ചെയ്യുമ്പോള്‍ അവാര്‍ഡുകള്‍ നല്‍കുന്ന സന്തോഷം നിസ്സാരമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.അടിയുറച്ച ലക്ഷ്യബോധവും ആത്മാര്‍ഥമായ പരിശ്രമവുംകൊണ്ട് കൈവരിക്കാവുന്ന മോഹങ്ങള്‍മാത്രമേ കൃഷ്ണപിള്ള വച്ചുപുലര്‍ത്തിയുള്ളൂ. അതുകൊണ്ടാണ് ആ ജീവിതം സഫലമായത്. മൂല്യാധിഷ്ഠിതമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. ആദര്‍ശധീരത, സമദര്‍ശിത, മഹാമനസ്കത, ആത്മാര്‍ഥത, നിഷ്കളങ്കത, ഉദാരത, സ്നേഹവാത്സല്യ കാരുണ്യാദികള്‍, സ്വാശ്രയശക്തി, ചാരിത്രശുദ്ധി എല്ലാം ചേര്‍ന്ന വ്യക്തിസത്ത ആ ജീവിതത്തെ ഒരു പ്രാര്‍ഥനാഗീതംപോലെ മധുരവും മനോഹരവും ഭക്തിസാന്ദ്രവുമാക്കിത്തീര്‍ത്തു.

സംതൃപ്തമായ ഒരു കുടുംബജീവിതത്തിനുടമയുമാണ് എന്‍ കൃഷ്ണപിള്ള. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ കര്‍ത്താവായ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ അനന്തരവളുടെ മകള്‍ സരസ്വതിക്കുഞ്ഞമ്മയാണ് കൃഷ്ണപിള്ളയുടെ സഹധര്‍മിണി. സാഹിതി, കല, ഹരി, മാധുരി, നന്ദിനി എന്നിങ്ങനെ അഞ്ചു മക്കള്‍. മക്കളും കൊച്ചുമക്കളുമൊക്കെയായി ഉല്ലാസത്തോട് കഴിഞ്ഞുവരവേ പെട്ടെന്നായിരുന്നു നിയതിനിയോഗം. കൃഷ്ണപിള്ള സാര്‍ നിത്യയശസ്വിയായി. നാള്‍തോറും വളരുന്ന ജ്ഞാനതേജസ്സായി മലയാളസാഹിത്യനഭസ്സില്‍ എന്‍ കൃഷ്ണപിള്ള ഉയര്‍ന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top