23 November Saturday

ചിന്തയുടെ തീനാളങ്ങള്‍

ബിജുകാര്‍ത്തിക്Updated: Wednesday Oct 21, 2015

വയലാറിനുശേഷവും പെരിയാറിലൂടെ ഒരുപാട് വെള്ളമൊഴുകി. ആയിരം പാദസരങ്ങള്‍ കിലുക്കി കാലമൊരുപാട് ഒഴുകി മറഞ്ഞു. നൂറ്റാണ്ടുകളായി നിറഞ്ഞും മെലിഞ്ഞും കരകവിഞ്ഞുമൊഴുകിയിട്ടും കിട്ടാത്ത അംഗീകാരമായിരുന്നു ഒരുവരികൊണ്ട് വയലാര്‍ പെരിയാറിന് സമ്മാനിച്ചത്. അതുവരെ സാധാരണപോലെ ഒഴുകിയിരുന്ന പെരിയാര്‍ പിന്നീട് പതിനാറുകാരിയുടെ ഭാവങ്ങളുമായി നാണിച്ചും ലജ്ജിച്ചും കുണുങ്ങിച്ചിരിയോടെ ഒഴുകിത്തുടങ്ങി.

"പെരിയാറേ...' എന്ന ഒരൊറ്റ വരിയിലൂടെ കേരളത്തിലെ മറ്റൊരു നദിക്കും ലഭിക്കാത്ത അപൂര്‍വസൗഭാഗ്യം വയലാര്‍ ഈ നദിക്ക് പതിച്ചുനല്‍കി. മലയാളികളുടെ ഗൃഹാത നിറഞ്ഞ ഒരു നദിയായി പെരിയാര്‍ മാറി. പാട്ടിന്റെ പാലാഴിയില്‍ മലയാളികളെ കുളിരണിയിച്ച കവിയായിരുന്നു വയലാര്‍. കാറ്റിനോടും തീരത്തോടും തിരയോടും കടലിനോടും പുഴയോടും പ്രകൃതിയോടുമുള്ള സല്ലാപമായിരുന്നു വയലാറിന്റെ ചലച്ചിത്രഗാനങ്ങള്‍. രാവണപുത്രിയും ആയിഷയും ആത്മാവില്‍ ഒരു ചിതയും എഴുതിയ വയലാര്‍തന്നെയാണോ "സന്ന്യാസിനീ നിന്‍ പുണ്യാശ്രമ'ത്തിലും "ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്‍പഗോപുര'വും "സൂര്യകാന്തീ.. സൂര്യകാന്തീ സ്വപ്നം കാണുവതാരെ'യും എഴുതിയതെന്ന് അത്ഭുതപ്പെടുന്നവരേറെ.

1956ല്‍ ജെ ഡി തോട്ടാന്റെ കൂടപ്പിറപ്പ് എന്ന സിനിമക്ക് പാട്ടെഴുതിയായിരുന്നു വയലാര്‍ ഗാനരചയിതാവിന്റെ മേലങ്കിയണിഞ്ഞത്. നാടോടിപ്പാട്ടുകളുടെ ഗാനാത്മകതയും കവിതയുടെ ആത്മാവുമായിരുന്നു വയലാര്‍ ഗാനശാഖയെ അനശ്വരമാക്കിയത്. ഇതില്‍നിന്ന് തുലോം വിഭിന്നമായിരുന്നു വയലാറെന്ന കവി; സിംഹഗര്‍ജ്ജനമായിരുന്നു അത്. പ്രണയ-വിരഹഭാവങ്ങളും നൊമ്പരങ്ങളും അവിടെ വിരിഞ്ഞില്ല; അടിമത്തത്തിനും നാടുവാഴിത്തത്തിനുമെതിരായ കാഹളമായിരുന്നു ആ തൂലികയില്‍നിന്ന് വാര്‍ന്നിറങ്ങിയത്. "സര്‍ഗസംഗീത'വും "മുളങ്കാടും' "ആയിഷ'യുമെഴുതിയ കവിയില്‍നിന്ന് രചനയുടെ ഉറവ ഒരിക്കലും വറ്റിയതേയില്ല. ജന്മിത്തത്തിന്റെയും മുതലാളിത്തത്തിന്റെയും നിഷ്ഠുരതകള്‍ക്കെതിരെ പൊരുതുന്ന തൊഴിലാളി വര്‍ഗത്തിന്റെ സംഘടിത ശക്തിയും നല്ലനാളേക്കുവേണ്ടി തൊഴിലാളി വര്‍ഗം വരിക്കുന്ന രക്തസാക്ഷിത്വങ്ങളും ആ തൂലികയ്ക്ക് വിഷയമായി. ആത്മനിഷ്ഠങ്ങളായ കവിതകളും അദ്ദേഹം എഴുതി. "വെട്ടും തിരുത്തും' എന്നപേരില്‍ 12 ചെറുകഥകളുടെ സമാഹാരവും വയലാറിന്റേതായുണ്ട്. ഗാനരചയിതാവിനുള്ള പുരസ്കാരങ്ങള്‍ നിരവധി തവണ ലഭിച്ച അദ്ദേഹം 1928 മാര്‍ച്ച് 15നാണ് ജനിച്ചത്. വയലാര്‍ രക്തസാക്ഷിദിനത്തിന്റെ 29ാം വാര്‍ഷിക ദിനത്തില്‍ 1975 ഒക്ടോബര്‍ 27ന് ആ കാവ്യജീവിതം ചരിത്രമായി.

ശിഷ്യന്‍ മുഖ്യമന്ത്രി; ഗുരു വിദ്യാഭ്യാസ മന്ത്രി. ചരിത്രത്തിലിടം നേടിയ മന്ത്രിസഭയിലെ, വേറിട്ട ഒരു ചിത്രം കൂടിയാണിത്. ശിഷ്യന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കീഴില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു പ്രൊഫ. ജോസഫ് മുണ്ടശ്ശേരി. ഇ എം എസ് ആയിരുന്നു ഈ മുഖ്യമന്ത്രി. അങ്ങനെ കേരളം കണ്ട മികച്ച രണ്ടു മുഖ്യമന്ത്രിമാരുടെ അധ്യാപകനായിരുന്നു പ്രൊഫ. ജോസഫ് മുണ്ടശേരി. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ അദ്ദേഹം ഭൗതിക ശാസ്ത്രത്തില്‍ ഡെമോണ്‍സ്ട്രേറ്ററായിരുന്ന കാലത്ത് അവിടെ വിദ്യാര്‍ഥിയായിരുന്നു ഇഎംഎസ് നമ്പൂതിരിപ്പാട്. പിന്നീട് സി അച്യുതമേനോന്റെ മലയാളം അധ്യാപകനായും മുണ്ടശേരിയെത്തി. ഇഎംഎസ് നേതൃത്വം നല്‍കിയ കേരളത്തിലെ ആദ്യ ജനകീയ മന്ത്രിസഭയെ ജാതി-മത ശക്തികള്‍ അട്ടിമറിക്കാന്‍ ഇടയാക്കിയത് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലായിരുന്നു. കേരളത്തില്‍ നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ രീതിയെ ഉടച്ചുവാര്‍ത്ത മുണ്ടശേരി മാനേജ്മെന്റുകളുടെ സ്വേച്ഛാധിപത്യത്തില്‍നിന്ന് വിദ്യാഭ്യാസത്തെ മോചിപ്പിക്കാനും സ്വകാര്യ സ്കൂള്‍ അധ്യാപകരെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുന്നതിനുംവേണ്ടി കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിന്റെ പേരിലായിരുന്നു ആ സമരത്തിന് തുടക്കമായത്. ആഴമേറിയ ചിന്തയും ഉയര്‍ന്ന ജീവിതബോധവുമായിരുന്നു പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ മുഖമുദ്ര. മികച്ച വാഗ്മിയും പ്രഭാഷകനുമായ മുണ്ടശേരിയെ 1952ല്‍തൃശൂര്‍ സെന്റ് തോമസ് കോളേജ് അധികൃതര്‍ പിരിച്ചുവിട്ടു. തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള കുറുക്കുവഴികള്‍ തേടാമായിരുന്നിട്ടും അതിന് നില്‍ക്കാതിരുന്ന ആ വലിയ മനുഷ്യന്‍ ആ കലാലയത്തിന്റെ പടി പിന്നെ കടന്നത് വിദ്യാഭ്യാസ മന്ത്രിയായിട്ടായിരുന്നു. "ചിന്താമാധുരി' എന്ന കവിതാ സമാഹാരത്തോടെയാണ് സാഹിത്യരംഗത്തേക്ക് കടന്നത്. നോവല്‍, കഥ, യാത്രാവിവരണം, ജീവചരിത്രം തുടങ്ങി അനേകം മണ്ഡലങ്ങളിലൂടെ കടന്നുപോയ അദ്ദേഹത്തിന്റെ സാഹിത്യതട്ടകം നിരൂപണമായിരുന്നു. നിരൂപണ ശാഖയില്‍ വിവാദകോലാഹലമുണ്ടാക്കിയ രൂപഭദ്രതാവാദത്തിന് തുടക്കമിട്ടതും മുണ്ടശേരിയെന്ന പ്രതിഭാശാലിയായിരുന്നു. സാഹിത്യം സാഹിത്യമാവണമെങ്കില്‍ രൂപഭദ്രതവേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ശില്‍പഭംഗി കൊണ്ടേ വായനക്കാര്‍ക്ക് ഭാവസാക്ഷാത്കാരമുണ്ടാവൂ; ഉത്തമ സാഹിത്യത്തിന് ഭംഗിയുള്ള പദവാക്യങ്ങളും സാമൂഹികമായ ഉള്ളടക്കവും മാത്രംപോരാ എന്നതായിരുന്നു ഈ വാദത്തിന് അടിസ്ഥാനം. കുമാരനാശാന് വിപ്ലവത്തിന്റെ ശുക്രനക്ഷത്രമെന്ന വിശേഷണം ചാര്‍ത്തിക്കൊടുത്തതും മുണ്ടശേരിയാണ്. നവജീവന്‍ പത്രത്തിന്റെ എഡിറ്ററായിരുന്ന അദ്ദേഹം കൊച്ചി നിയമസഭാംഗമായിരുന്നു. പുരോഗമനസാഹിത്യ സംഘടനയുടെയും സാഹിത്യ പരിഷത്തിന്റെയും പ്രസിഡന്റായിരുന്ന മുണ്ടശേരി ആസൂത്രണബോര്‍ഡംഗവും കൊച്ചി സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറുമായി. 1903ല്‍ ജനിച്ച മുണ്ടശേരി 1926ല്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദവും '28ല്‍ മലയാളത്തില്‍ എംഎയുംനേടി. മാറ്റൊലി, കാവ്യപീഠിക, മാനദണ്ഡം, രൂപഭദ്രത, കൊഴിഞ്ഞ ഇലകള്‍(ആത്മകഥ), നാടകാന്തം കവിത്വം, മനുഷ്യകഥാനുഗായികള്‍, രാജരാജന്റെ മാറ്റൊലി, നയാതെ മീന്‍പിടിക്കാമോ എന്നിവയാണ് പ്രധാനകൃതികള്‍. 1977 ഒക്ടോബര്‍ 25ന് അദ്ദേഹവും ചരിത്രത്തിലേക്ക് മറഞ്ഞു.
 

ആത്മകഥകള്‍കൊണ്ട് സമ്പന്നമാണ് മലയാള സാഹിത്യമെങ്കിലും കഥപോലെ കവിത പോലെ വായിച്ചുപോകാവുന്ന, ജീവിതത്തോട് അത്രമേല്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന ആത്മകഥകള്‍ നമുക്ക് വിരളമായിരുന്നു. വായനക്കാരെ കൈപിടിച്ചുകൊണ്ടുപോയി ഒരു കാലഘട്ടത്തിന്റെ ചരിത്രത്തില്‍ അലിയിച്ചുചേര്‍ക്കുന്ന ആത്മകഥ ഒന്നേയുള്ളൂ; അത് ചെറുകാടിന്റെ "ജീവിതപ്പാത'യാണ്. ആത്മകഥകള്‍ പലപ്പോഴും തീര്‍ത്തും വ്യക്തിപരമാവാറാണ് പതിവ്. പലപ്പോഴും ആത്മപ്രശംസകളായോ പുറത്തുപറയാനാവുന്ന കുമ്പസാര രഹസ്യങ്ങളായോ ഏറ്റു പറച്ചിലുകളായോ മാറാറുമുണ്ട്. ജീവിതത്തിന്റെ നൈരന്തര്യത്തെ സാമൂഹിക കാഴ്ചപ്പാടുകളുടെ പശ്ചാത്തലത്തില്‍ അടയാളപ്പെടുത്തിയും അവയോട് പോരടിക്കുന്ന മനുഷ്യരെക്കൂടി പ്രതിപാദിക്കുകയുംചെയ്യുന്ന ആത്മകഥയാണ് "ജീവിതപ്പാത'.

അധ്യാപകനായും രാഷ്ട്രീയ പ്രവര്‍ത്തകനായും എഴുത്തുകാരനായും തിളങ്ങിയ ഗോവിന്ദപ്പിഷാരടിയെന്ന ചെറുകാടിന്റെ "ജീവിതപ്പാത' ഉത്തരകേരളത്തിന്റെ ജീവിതമാണ്. സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങള്‍ ശക്തമായ ബാല്യകാലത്ത് യുവജനസംഘത്തിന്റെ പ്രാദേശിക പ്രവര്‍ത്തകനായി രാഷ്ട്രീയത്തിലേക്ക് പിച്ചവച്ചു. അയിത്തം, വിദേശവസ്ത്രങ്ങള്‍, മദ്യപാനം എന്നിവക്കെതിരെയുള്ള പ്രചാരകനായി. ഗാന്ധി മാര്‍ഗത്തിലൂടെ നൂല്‍നൂല്‍ക്കാനും ഖദറുടുക്കാനും തുടങ്ങി അദ്ദേഹം ജീവിതം തന്നെ സമരമാര്‍ഗമാക്കി. രാഷ്ട്രീയത്തില്‍ മുഴുകിയ അദ്ദേഹത്തിന്റെ ജീവിതത്തെ സാഹിത്യത്തിലേക്ക് വഴി തിരിച്ചുവിട്ടത് നാലപ്പാട്ട് നാരായണ മേനോന്‍ നിര്‍വഹിച്ച "പാവങ്ങള്‍' തര്‍ജ്ജമയാണ്. രാഷ്ര്ടീയത്തില്‍ തിളങ്ങുമ്പോള്‍തന്നെ സാഹിത്യത്തിന്റെ ഭൂമികയിലും നാമ്പിട്ട ഈ വിപ്ലവസൂര്യന്‍ മലങ്കാടന്‍ എന്ന പേരില്‍ ഹാസ്യകവിതയെഴുതിയാണ് സാഹിത്യജീവിതത്തിന് തുടക്കമിട്ടത്. അധ്യാപക ജോലി ഉപേക്ഷിച്ച് അദ്ദേഹം സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി. തുടര്‍ന്ന് നവജീവന്‍, ദേശാഭിമാനി പത്രങ്ങളില്‍ പ്രൂഫ് റീഡറായി. 1957ല്‍ പട്ടാമ്പി കോളേജില്‍ അധ്യാപകനായി ചേര്‍ന്നതോടെ വീണ്ടും മുഴുവന്‍ സമയ സാഹിത്യകാരനായി. മണ്ണിന്റെ മാറില്‍, മുത്തശ്ശി, വിശുദ്ധ നുണ, വാല്‍നക്ഷത്രം, നമ്മളൊന്ന്, കറുപ്പന്‍കുട്ടി തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. ചെറുകഥയും ബാലസാഹിത്യവും നാടകവും കഥയും കവിതയും നോവലും ഉള്‍പ്പെടെ അദ്ദേഹം സാഹിത്യത്തിലെ സമസ്ത മേഖലകളിലും ഇടപെട്ടു. 1914ല്‍ പട്ടാമ്പിയില്‍ ജനിച്ച അദ്ദേഹം 1976 ഒക്ടോബര്‍ 26ന് ജീവിതത്തില്‍നിന്ന് വിടവാങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top