08 September Sunday

"മുഖ്യമന്ത്രിയൊക്കെ വിളിക്കുന്നു, ആർക്കാണിത്ര സ്വാധീനം"; ലോറി ഉടമയോട് കർണാടക പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

അങ്കോള> സംസ്ഥാന സർക്കാർ ഇടപെട്ടതിനാൽ മാത്രമാണ് തിരച്ചിൽ ഈ അവസ്ഥയിലെങ്കിലും എത്തിയതെന്ന് അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. ആദ്യ ദിവസം മുതൽ ഭാരത് ബെൻസ് കമ്പനി നൽകിയ ജിപിഎസ് വിവരങ്ങൾ കർണാടക അധികൃതർക്ക് നൽകിയതാണ്. അങ്ങനെയൊരു ലോറിയില്ല എന്ന നിലപാടാണ് അവർ എടുത്തത്. ലോറി കണ്ടെത്തി അവിടത്തേക്ക് ഓക്സിജനും മറ്റും എത്തിച്ച് തിരച്ചിൽ തുടരുകയായിരുന്നു വേണ്ടിയിരുന്നത്.

ലോറിയുടെ ഉടമ മനാഫ്

ലോറിയുടെ ഉടമ മനാഫ്

എന്നാൽ  വെള്ളിയാഴ്ച കേരളം ശക്തമായി ഇടപെടതോടെ മാത്രം തിരച്ചിൽ സജീവമായി. അതുവരെ കർണാടക മാധ്യമങ്ങളും തിരിഞ്ഞു നോക്കിയില്ല. കേരളത്തിൻ്റെ സമ്മർദ്ദം കണ്ട്, ലോറി ഡ്രൈവർ കേരള രാഷ്ട്രീയത്തിൽ അത്ര സ്വാധീനമുള്ളയാളാണോ എന്നാണ് പൊലീസുകാർ ചോദിച്ചത്. ഡ്രൈവറായാലും മന്ത്രിയായാലും കേരളം ജീവന് ഒരേ പരിഗണനയാണ് കൊടുക്കുന്നത് എന്ന് ഇവിടത്തുകാർക്കറിയില്ലല്ലോ. കേരളം ഒത്തു പിടിച്ചതിനാൽ മാത്രമാണ് ഇങ്ങനെയെങ്കിലും ഉണ്ടായത്. നിലവിൽ തിരച്ചിൽ ഇഴയുകയാണെന്നും തിരച്ചിൽ സംഘം തീരെ പ്രൊഫഷണലല്ലെന്നും മനാഫ് പറഞ്ഞു.


കൈയേറ്റം ചെയ്യാനും ശ്രമം

കർണാടക അധികൃതരുടെ നിസ്സംഗത ചോദ്യം ചെയ്ത ലോറി ഉടമ മനാഫിനെ കൈയേറ്റം ചെയ്യാൻ കർണാടക പൊലീസിൻ്റെ ശ്രമം. തിരച്ചിൽ ഇഴയുകയാണെന്ന് കേരളത്തിലെ മാധ്യമങ്ങളോട് പറയുമ്പോഴാണ് പൊലീസ് ഇടപെട്ടത്. തെരച്ചിൽ സ്ഥലത്തു നിന്നും അപകട സാധ്യത ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ അഞ്ച് കിലോമീറ്റർ അങ്കോള ഭാഗത്തേക്ക് മാറ്റിയിരുന്നു. ശനി ഉച്ചക്ക് ശേഷം ഇവിടെ നിന്നാണ് ദൃശ്യമാധ്യമങ്ങളും മറ്റും വാർത്ത നൽകിയത്. ഇവിടേക്ക് വന്നാണ് മനാഫ് പ്രതികരിച്ചത്. ഇത് പൊലീസ് തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.
തെരച്ചിൽ ഊർജിതമാക്കാൻ തിരുവനന്തപുരം സ്വദേശി രഞ്ജിത്ത് ഇസ്രയേൽ എന്ന രക്ഷാപ്രവർത്തകനെ മനാഫ് എത്തിച്ചിരുന്നു. ഉത്തരാഖണ്ഡിലും പെട്ടിമുടിയിലും തെരച്ചിലിനിറങ്ങിയ സന്നദ്ധ രക്ഷാ സംഘത്തിൽ പെട്ടയാളാണ് രഞ്ജിത്ത്. ഇയാളെയും പൊലീസ് സ്ഥലത്തേക്ക് പോകുന്നത് തടഞ്ഞിരുന്നു. ഉത്തര കന്നഡ കലക്ടറെ കേരളാ പൊലീസ് സംഘം ബന്ധപ്പെട്ടാണ് രഞ്ജിത്തിനെ സ്ഥലത്തേക്ക് കടത്തി വിട്ടത്.



നീരൊഴുക്കും ഇടിയുന്ന മണ്ണും പ്രശ്നം: എൻഐടി സംഘം


വരണ്ട പ്രദേശങ്ങളിലെ ഭൂമിക്കടിയിലെ പൈപ്പും മറ്റും കണ്ടെത്തുന്ന റഡാർ സംവിധാനമാണ് തങ്ങൾക്കുള്ളതെന്ന് സുറത്കൽ എൻഐടിയിൽ നിന്നും എത്തിയ വിദഗ്ദസംഘം പറഞ്ഞു. ഷിരൂരിലെ മണ്ണിടിഞ്ഞ സ്ഥലത്ത് നീരൊഴുക്ക് തുടരുകയാണ്. തട്ട് സ്ഥലത്ത് ഉന്തുവണ്ടി പോലെ ഉരുട്ടിയാണ് മണ്ണിനടിയിലെ സിഗ്നൽ പിടിക്കേണ്ടത്. ചെങ്കുത്തായ ചളി പ്രദേശമായതിനാൽ അതിന് സാധിക്കുന്നില്ല. എങ്കിലും രണ്ടിടത്തു നിന്നും ലോഹ സമാനമായ വസ്തുക്കളുടെ രൂപം പതിഞ്ഞിട്ടുണ്ട്. ചിലപ്പോൾ അത് കല്ലുമാകാം. കൂടുതൽ മണ്ണ് നീക്കിയ ശേഷമേ വ്യക്തത ഉണ്ടാക്കുവെന്നും റഡാർ ഓപ്പറേറ്റർ പറഞ്ഞു.

ഷിരൂർ സ്ഥിരം വിശ്രമകേന്ദ്രം


ദേശീയ പാത 66 ൽ മംഗളൂരു എത്തുന്നതിന് മുമ്പായി മലയാളി ട്രക്ക് ഡ്രൈവർമാർ സ്ഥിരം വിശ്രമിക്കുന്ന സ്ഥലമാണ് ദുരന്തമുണ്ടായ ഷിരൂർ ഗംഗാവാലി പുഴയോരം. ഇവിടെ ചായക്കട നടത്തുന്ന ലക്ഷ്മൺ നായക്കും ഭാര്യയും രണ്ടു മക്കളും മണ്ണിടിച്ചിലിൽ മരിച്ചു. ഇവരുടെ മൃതദേഹം കഴിഞ്ഞ ചൊവാഴ്ച തന്നെ പുഴയിൽ നിന്നും കിട്ടി. മലയാളം സംസാരിക്കുന്ന ലക്ഷ്മൺ നായിക്ക് ഉണ്ടാക്കുന്ന കേരള വിഭവങ്ങൾ ദീർഘദൂര മലയാളി ട്രക്ക് ഡ്രൈവർമാർക്ക് പ്രീയമായിരുന്നുവെന്ന്, അർജുന് ഒരു മണിക്കൂർ പിന്നാലെ കേരളത്തിലേക്ക് ട്രക്ക് ഓടിച്ച് വരികയായിരുന്ന പത്തനംതിട്ട സ്വദേശി ഹംസ പറഞ്ഞു. പുഴയിൽ നല്ല കുളിക്കടവും റോഡരികിലെ വിശാലമായ പാർക്കിങും ഡ്രൈവർമാർക്ക് നല്ല സൗകര്യമാണ്. മണ്ണിടിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞാണ് ഹംസ സ്ഥലത്തെത്തിയത്. അർജുൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ തിരച്ചിൽ സ്ഥലത്ത് തുടരുകയാണ് ഹംസ.



ലോറിയിൽ കൂറ്റൻ മരം


ബലെഗാവി രാംനഗറിൽ നിന്ന് കല്ലായിയിലേക്ക് അക്കേഷ്യ മരത്തടി കയറ്റി വരുകയായിരുന്നു അർജുൻ. കഴിഞ്ഞ എട്ടിന് കോഴിക്കോട് കണ്ണാടിക്കലിലെ വീ ട്ടിൽനിന്ന് പുറപ്പെട്ടു. മലപ്പുറത്തെ കോട്ടക്കലിൽ നിന്ന് കല്ലെടുത്ത് മൈസൂരുവിലെ മലവള്ളിയിൽ ഇറക്കി. അവിടെനിന്ന് മടിക്കേരി കുശാൽനഗറിലെത്തി കാറ്റാടി മരത്ത ടി കയറ്റി ബെലഗാവിയിലേക്ക് തിരിച്ചു. അവിടെ മര ത്തടിയിറക്കി ബെലഗാവിയിലെ രാനഗറിലുള്ള ഡി പ്പോയിൽനിന്ന് അക്കേഷ്യ കയറ്റി മടങ്ങുകയായിരുന്നു. ചൊവ്വ രാത്രി 200 കിലോമീറ്റർ ഓടി പുലർച്ചെ ഷിരൂരിലെത്തി. വിശ്രമിച്ച് ഭക്ഷണം കഴിച്ച് യാത്ര തുടരാനിരിക്കെയാണ് എട്ടരയോടെ മണ്ണിടിഞ്ഞത്.

കോഴിക്കോട് കിണാശ്ശേരിയിലുള്ള മനാഫിന്റെയും മുനീബിൻ്റെയും ലോറിയിൽ എട്ടുവർഷ ത്തോളമായി ഡ്രൈവറാണ് അർജുൻ. സഹോദരൻ അഭിജിത്തും സഹോദരീ ഭർത്താ വ് ജിതിനും അമ്മയുടെ സഹോദരിയുടെ മകൻ നിവേദും ഷാരൂരിൽ രക്ഷാപ്രവർത്തന സ്ഥലത്ത് കണ്ണീരോടെ അർജുനെ കാത്തിരിക്കുകയാണ്.



എത്തിച്ചത് പഠനാവശ്യത്തിനുള്ള കൊച്ചു റഡാർ

സൂറത്ത് കൽ എൻഐടിയിൽ വിദ്യാർഥികൾ പOനാവശ്യത്തിന് ഉപയോഗിക്കുന്ന കൊച്ചു ജിപിആർഎസ് സിസ്റ്റമാണ് ഷിരൂരിൽ എത്തിച്ചത്. നാലു മീറ്റർ മാത്രമെ ഇതിൻ്റെ പരിധിയുള്ളൂ. ഇതിനേക്കാളും ശക്തിയുള്ള റഡാർ സിസ്റ്റം ലഭ്യമാണ്. ചെങ്കുത്തായ സ്ഥലത്ത് ഓടിക്കാൻ കഴിയാത്തതിനാൽ സാങ്കേതിക വിദഗ്ദാര ക്രെയിനിൽ തൂക്കിയാണ് മണ്ണിടിഞ്ഞതിന് മുകളിൽ എത്തിച്ചത്. ഉച്ചക്കു ശേഷം ശക്തമായ മഴ തിരച്ചിൽ വീണ്ടും ദുഷ്കരമാക്കി.

എൻഡിആർഎഫ്, എസ്ഡിആർഎഫ് , ഫയർഫോഴ്സ്, പൊലീസ് എന്നിവരെ മാത്രമെ സ്ഥലത്തേക്ക് വിടുന്നുള്ളൂ. കേരളത്തിലേത് പോലെ സന്നദ്ധ പ്രവർത്തനം ഇവിടെയില്ല. കേരളത്തിൽ നിന്നെത്തിയ ഉദ്യോഗസ്ഥ സംഘത്തെ പോലും അഞ്ചു കിലോമീറ്റർ അപ്പുറം കർണാടക പൊലീസ് സംഘം തടഞ്ഞു. കേരളത്തിൽ നിന്നും ഉത്തരകന്നഡ കലക്ടരെ വിളിച്ചപ്പോഴാണ് പൊലീസ്, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് അനുമതി കിട്ടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top