27 December Friday

കഥകളുടെ പെരുന്തച്ചൻ ; എഴുത്തിന്റെ മാന്ത്രികൻ ഓർമകളിലേക്ക്‌ ചേക്കേറി

എം ജഷീനUpdated: Thursday Dec 26, 2024



കോഴിക്കോട്‌
വാക്കുകൾ ഇടറി...ഇടനെഞ്ചിലെ വിങ്ങൽ  കണ്ണുകളിൽ പടർന്നു...സർഗലോകത്ത്‌  എം ടി  തീർത്ത ഹൃദയസ്‌പന്ദനം പോലും നിശ്ശബ്ദമായ നിമിഷങ്ങൾ... ദശാബ്ദങ്ങളോളം  അക്ഷരവെട്ടം നിറച്ച  എഴുത്തിന്റെ മാന്ത്രികൻ  വാതകച്ചൂളയിൽ അഗ്‌നിനാളമായി ഓർമകളിലേക്ക്‌ ചേക്കേറി. അണപൊട്ടിയ നൊമ്പരത്തോടെ  കേരളം  എം ടി എന്ന മഹാപ്രതിഭ‌ക്ക്‌ വിടചൊല്ലി. വ്യാഴം വൈകിട്ട്‌ 5.23ന്‌  മാവൂർ റോഡിലെ ‘സ്‌മൃതിപഥം’ ശ്‌മശാനത്തിലായിരുന്നു സംസ്‌കാരം. ഒരു നോക്കുകാണാനായി ആയിരങ്ങളാണ്‌ ശ്‌മശാനത്തിലും ഒഴുകിയെത്തിയത്‌.  

പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. വൈകിട്ട്‌ 4.35ന്‌ കൊട്ടാരം റോഡിലെ ‘സിതാര’യിൽനിന്ന്‌ മൃതദേഹവുമായി പുറപ്പെട്ട ആംബുലൻസ് 4.45ന്‌ ‘സ്‌മൃതിപഥ’ത്തിലെത്തി. ശ്‌മശാന മുറ്റത്ത്‌ പൊലീസ്‌ ഗാർഡ്‌ ഓഫ്‌ ഓണർ നൽകിയശേഷം മൃതദേഹം അന്ത്യകർമങ്ങൾക്കായി ഉള്ളിലേക്ക്‌ മാറ്റി. എം ടിയുടെ മൂത്ത സഹോദരൻ പരേതനായ ഗോവിന്ദൻകുട്ടി നായരുടെ മകൻ സതീശൻ  എം ടിയുടെ ചിതയ്ക്ക്  തീ പകർന്നു.  മകൾ അശ്വതി, ബന്ധുക്കളായ എം ടി രാജീവ്‌, എം ടി രാമകൃഷ്‌ണൻ, മോഹനൻ നായർ, ദീപു മോഹൻ എന്നിവരും വലംവച്ചു.

മന്ത്രിമാരായ എം ബി രാജേഷ്‌, പി എ മുഹമ്മദ്‌ റിയാസ്‌, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ ബീന ഫിലിപ്പ്‌, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, എംപിമാരായ എം കെ രാഘവൻ, എ എ റഹീം, ഷാഫി പറമ്പിൽ,  എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി ടി എ റഹീം, ടി സിദ്ദിഖ്‌, അൻവർ സാദത്ത്‌, രാഹുൽ മാങ്കൂട്ടത്തിൽ, എ പി അനിൽകുമാർ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌,  സംവിധായകരായ ലാൽ ജോസ്‌, ജയരാജ്‌, എഴുത്തുകാരായ ബെന്യാമിൻ, ഡോ. എം എം ബഷീർ,  സുഭാഷ്‌ ചന്ദ്രൻ തുടങ്ങി നിരവധിപേർ സ്‌മൃതിപഥത്തിലെത്തി ആദരമർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top