28 December Saturday

ചെറുപുഞ്ചിരി മാഞ്ഞ് ‘സിതാര’

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

എം ടി വാസുദേവൻ നായരുടെ നടക്കാവിലെ ‘സിതാര‘ വീട്


കോഴിക്കോട്‌
‘വരും വരാതിരിക്കില്ല... കാത്തിരിപ്പിനോളം വലിയ പ്രാർഥനയില്ല’. ഒരിക്കലും തിരിച്ചുവരില്ലെന്ന്‌ അറിഞ്ഞിട്ടും എം ടിയെ തേടി ശോകമൂകമായ കൊട്ടാരം റോഡിലെ സിതാര വീട്ടിലേക്ക്‌ എഴുത്തിനെ സ്‌നേഹിച്ചവരെത്തുന്നു. എം ടിയുടെ ചെറുപുഞ്ചിരിയില്ലാത്ത വീട്ടിലെത്തി ആദരമർപ്പിച്ചും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചുമായിരുന്നു മടക്കം. ഒരുവേള  എം ടി ഇരിക്കുന്ന ചാരുകസേരയും എഴുത്തുമേശയും കണ്ടു അവരിൽ നിന്ന്‌  മൗനസാന്ദ്രമായ നിശ്വാസമുയരുന്നു. എം ടിയുടെ ഓർമകൾ ജ്വലിക്കുന്ന കോഴിക്കോട്ടെ സ്‌മൃതിപഥത്തിലും വെള്ളിയാഴ്‌ച അക്ഷരസ്‌നേഹികളെത്തി.

ഗുരുതുല്യനായിരുന്ന എം ടിയില്ലാത്ത ജീവിതം മഹാശൂന്യതയാണെന്ന്‌ അഭിപ്രായപ്പെട്ടവർ, എം ടി ഓർമ മാത്രമായെന്ന്‌ വിശ്വസിക്കാനാവാത്തവർ, ആ അക്ഷരങ്ങളെ ഹൃദയത്തിലേറ്റിയവർ, കഥാപാത്രങ്ങളെ ആഴത്തിൽ കൊണ്ടുനടക്കുന്നവരായിരുന്നു ദൂരദേശങ്ങളിൽനിന്നുപോലും സിതാരയിലെത്തിയവർ. അതിൽ പലരും വെറും സാധാരണക്കാരായിരുന്നു.

1968ലാണ്‌ കോഴിക്കോട്ട്‌ സിതാരയിൽ താമസം ആരംഭിക്കുന്നത്‌. എം ടിയില്ലാത്ത വീട്ടിലേക്ക്‌ ഒന്നുകയറാൻ മടിച്ചവരായിരുന്നു ഏറെയും. പലരും കൊട്ടാരം റോഡിലെത്തി മടങ്ങി.  മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, കലാമണ്ഡലം വൈസ്‌ചാൻസലർ ഡോ. ബി അനന്തകൃഷ്‌ണൻ, ചലചിത്രപ്രവർത്തകരായ ബേസിൽ ജോസഫ്‌,  മേജർ രവി, എഴുത്തുകാരി ബി എം സുഹറ, ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌ ഭാഗ്യലക്ഷ്‌മി, എൻ ഇ സുധീർ,  ഇ ടി മുഹമ്മദ്‌ ബഷീർ എംപി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്‌കുമാർ, കോൺഗ്രസ്‌ നേതാവ്‌ കെ സി അബു, എം എ റസാഖ്‌ തുടങ്ങിയവർ വെള്ളിയാഴ്‌ച വീട്ടിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top