കൊച്ചി
മാൻഹോളിൽ കുടുങ്ങിയവരെ കണ്ടെത്താനും മാലിന്യം നീക്കാനും ഇനി നട്ടംതിരിയേണ്ട. മാൻഹോൾ വൃത്തിയാക്കുന്നതിനായി കേരളത്തിന്റെ സ്വന്തം റോബോട്ട് റെഡി. മികച്ച ഡ്രോണും മാലിന്യംമാറ്റൽ യന്ത്രവും അടങ്ങുന്നതാണ് റോബോട്ട്. കാർബൺ ഫൈബർ ബോഡിയോടെ മൂന്നു ചക്രങ്ങളുള്ള യന്ത്രമാണ് മാൻഹോളിലേക്ക് ഇറങ്ങിച്ചെന്ന് കൃത്യമായ വിവരം മോണിറ്ററിൽ അറിയിക്കുക.
മാൻഹോളിലെ കാർബൺ മോണോക്‌സൈഡ്, മീഥയ്ൻ, അമോണിയ തുടങ്ങിയ വിഷവസ്‌തുക്കളെ റോബോട്ട് കണ്ടെത്തി വിവരം നൽകും. എത്ര ഇരുണ്ടയിടങ്ങളായാലും 180 ഡിഗ്രി തിരിയുന്ന നാലു കാമറകളുമായി താഴേക്കിറങ്ങുന്ന ഡ്രോൺ കൃത്യമായ ദൃശ്യങ്ങൾ പകർത്തിനൽകും. തത്സമയദൃശ്യങ്ങൾ മാൻഹോളിനുമുകളിലുള്ള സ്‌ക്രീനിൽ കാണാം.
2014ൽ കുറ്റിപ്പുറം എംഇഎസ് എൻജിനിയറിങ് കോളേജിൽനിന്ന് പഠിച്ചിറങ്ങിയ വിമൽ ഗോവിന്ദ്, എൻ പി നിഗിൽ, റാഷിദ്, അരുണ ദേവ് എന്നിവർ ചേർന്നാണ് മാൻഹോൾ ക്ലീനിങ് റോബോട്ട് ഒരുക്കിയത്. 2017ൽ മുഖ്യമന്ത്രി പിണറായി വിജയൻ ‘വിവൺ’ എന്നപേരിൽ അറിയപ്പെടുന്ന റോബോട്ട് പുറത്തിറക്കി. വി ടു റോബോട്ട് പ്രധാനമന്ത്രിയും പുറത്തിറക്കി. 19 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും മാൻഹോൾ ശുചീകരണത്തിനായി ഈ റോബോട്ട് ഉപയോഗിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ ആമയിഴഞ്ചാൻതോട്ടിൽ കുടുങ്ങിയ തൊഴിലാളി ജോയിക്കായുള്ള തിരച്ചിലിന് ഉപയോഗിച്ച പ്രധാന റോബോട്ടാണ് ഇത്. കൂടുതൽ സംവിധാനങ്ങളോടെ റോബോട്ടിനെ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നാൽവർസംഘം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..