ഞങ്ങളുടെ വീട്ടിൽ ദൈവത്തിന്റെ ചിത്രമോ വിഗ്രഹമോ ഒന്നുമില്ല. അനന്തമൂർത്തി ജപതപങ്ങളൊന്നും ചെയ്യാറില്ല. എങ്കിലും എല്ലാ ഉത്സവങ്ങളും ആഘോഷിക്കുവാനുള്ള ജീവിതപ്രേമം ഉണ്ടായിരിക്കണമെന്നതാണ് അദ്ദേഹത്തിന്റെ നയം.
ദീപാവലിക്ക് കൊളുത്തിയ വിളക്ക്
ക്രിസ്‌മസ് വരെ അണയുകയില്ല
ഓരോ വർഷവും ദീപാവലി വരുമ്പോൾ വീട്ടിൽ വിളക്കുകൾ കൊളുത്തി, പടക്കങ്ങൾ പൊട്ടിച്ച് ഞങ്ങൾ ആഘോഷിക്കും. ഞങ്ങളുടെ വീട്ടുമുറ്റത്ത് ഒരു തുളസിത്തറയുണ്ടായിരുന്നു. തുളസിയുത്സവത്തിന്റെ ദിവസം ഞങ്ങളതിൽ വിളക്കുകൊളുത്തി വന്ദിക്കും. ഗണേശചതുർത്ഥി ദിവസം ഞങ്ങളുടെ വീട്ടിൽ ഉത്സവത്തിന്റെ സദ്യയുണ്ടാകും. ഞങ്ങളുടെ മകൻ ശരത് പരീക്ഷാദിവസങ്ങളിൽ ഗണേശനെ പ്രാർഥിച്ച് നെറ്റിയിൽ വലിയ കുറിയിട്ടുകൊണ്ട് പോകുമായിരുന്നു. സ്‌കൂളിൽ അവന്റെ കൂട്ടുകാരാരോ ചെയ്യുന്നതുകണ്ട് അവനും അനുകരിക്കുകയായിരുന്നു. ഞങ്ങളുടെ വീട്ടിൽ ദൈവത്തിന്റെ ചിത്രമോ വിഗ്രമോ ഒന്നുമില്ല. അനന്തമൂർത്തി ജപതപങ്ങളൊന്നും ചെയ്യാറില്ല. എങ്കിലും എല്ലാ ഉത്സവങ്ങളും ആഘോഷിക്കുവാനുള്ള ജീവിതപ്രേമം ഉണ്ടായിരിക്കണമെന്നതാണ് അദ്ദേഹത്തിന്റെ നയം. ഞാൻ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ പെട്ടവളാണ്.
എന്റെ അച്ഛൻ ബൈബിളിലെ തത്ത്വങ്ങളിൽ വിശ്വസിച്ചിരുന്നെങ്കിലും മതപരമായ സങ്കുചിതത്വമുള്ള ആളായിരുന്നില്ല. മൈസൂരുവിൽ വരുമ്പോഴൊക്കെയും കടലാസും പേനയും കൈയിലെടുത്ത് ബൈബിൾ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തുന്നതിൽ അദ്ദേഹം മുഴുകും. ബൈബിൾ അദ്ദേഹം നന്നായി അധ്യയനം ചെയ്‌തിട്ടുണ്ട്. ''ബ്രാഹ്മണനായ മരുമകനോളം സീരിയസ്സായി നിങ്ങളാരും ബൈബിൾ വായിച്ചിട്ടില്ലല്ലോ '' ‐ അദ്ദേഹം ഞങ്ങളുടെ കുടുംബത്തിലെ ചെറുപ്പക്കാരോട് പറഞ്ഞു. നിയതമായി പള്ളിയിൽ പോയ്ക്കൊണ്ടിരിക്കുന്ന ശീലം എനിക്കില്ല. പോവുകയാണെങ്കിൽ വേണ്ടെന്നു പറയുന്നവർ ആരും തന്നെ ഇല്ലായിരുന്നു.
എസ്‌തർ അനന്തമൂർത്തിയും, അനന്തമൂർത്തിയും മക്കൾ ശരത്ത്, അനുരാധ എന്നിവർക്കൊപ്പം
ക്രിസ്‌മസിന്റെ സന്ദർഭത്തിൽ മാത്രം മുടങ്ങാതെ പള്ളിയിൽ ചെന്ന് പ്രാർഥിച്ച് വരും. ഡിസംബർ ഇരുപത്തഞ്ചു മുതൽ ഞങ്ങൾ ബംഗളൂരുവിലുള്ള എന്റെ അമ്മയുടെ വീട്ടിലേക്ക് പോയി അവിടെതന്നെ ക്രിസ്‌മസ് ആഘോഷിക്കും. ചിലപ്പോൾ അനന്തമൂർത്തിക്ക് വരാൻ കഴിയാത്തതിനാൽ ഞാൻ കുട്ടികളെ മാത്രം കൂട്ടിക്കൊണ്ട് പോകുമായിരുന്നു. ''എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് അമ്മവീട്ടിൽ പോയി ഉത്സവം ആഘോഷിക്കുകയാണ്. നമുക്ക് ഇവിടെത്തന്നെ ക്രിസ്‌മസ് ആഘോഷിക്കാം''. അനന്തമൂർത്തി സ്നേഹിതന്മാരെ വീട്ടിലേക്ക് വിളിച്ച് ബിരിയാണിയുണ്ടാക്കി എല്ലാവർക്കും വിളമ്പി ആനന്ദിക്കുമായിരുന്നത്രെ. ഇക്കാര്യം പിന്നീട് എന്റെ മച്ചുനൻ പറഞ്ഞതാണ്.
അനന്തമൂർത്തിയുടെ സാന്നിധ്യത്തിൽ ഒരിക്കലും അദ്ദേഹത്തിന്റേതല്ലാത്ത ഒരു സംസ്‌കൃതിയിൽപ്പെട്ടവളാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടില്ല. ദീപാവലിയും ക്രിസ്മസും ഞങ്ങൾ ഒരേ തരത്തിൽ ആവേശപൂർവം ആഘോഷിക്കുമായിരുന്നു. ഭർത്താവിന്റെ കാര്യങ്ങളിൽ ശ്രദ്ധയുള്ള ഏതൊരു പെണ്ണിനേയുംപോലെ ഞാനും രാത്രി വൈകി വന്നാൽ അനന്തമൂർത്തിയെ അധിക്ഷേപിക്കുമായിരുന്നു. അക്കാരണം കൊണ്ടുതന്നെ ഞങ്ങൾ വഴക്കടിച്ചിട്ടുമുണ്ട്. ഇക്കാലത്ത് മനസ്സുകൾ സങ്കുചിതമായിത്തീരുന്നതിന്റെ ഉദാഹരണങ്ങൾ ധാരാളം നമ്മുടെ ശ്രദ്ധയിൽ പെടുന്നുണ്ടല്ലോ.
ഞങ്ങളുടെ മക്കളെ 'ഈ വിധത്തിൽ വേണം വളരാൻ' എന്ന് ഒരിക്കലും ഞങ്ങൾ നിർബ്ബന്ധിച്ചിട്ടില്ല. മതപരമായ ആശയക്കുഴപ്പമൊന്നും നേരിടാനിടയില്ലാത്തവിധം ഞങ്ങൾ അവരെ വളർത്തി. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സന്ദർഭത്തിൽ നടന്ന ഒരു സംഭവം ഓർമയിൽ തെളിയുന്നു. രാവിലെ റേഡിയോയിൽ അത്യന്തം ദുഃഖകരമായ ആ വാർത്ത പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു. പുറത്ത് അന്തരീക്ഷമാകെ ചൂടുപിടിച്ചിരുന്നു.
ഇന്ദിരാഗാന്ധിയുടെ അന്ത്യരംഗം
ഏതു നിമിഷവും ലഹള പൊട്ടിപ്പുറപ്പെടാമെന്ന അവസ്ഥ. ഞങ്ങളുടെ മകൾ അനു അപ്പോൾ മൈസൂരു മെഡിക്കൽ കോളേജിൽ പഠിച്ചുകൊണ്ടിരിക്കയാണ്. അന്നവൾ ഒരു കൂട്ടുകാരിയുടെ അനിയത്തിയുടെ വിവാഹത്തിനായി പുറപ്പെട്ടിരുന്നു. ഞങ്ങളെല്ലാവരും ''പോകരുത് പുറത്തു കുഴപ്പമുണ്ട്'' എന്ന് അവളോട് പറഞ്ഞു. തനിക്ക് പോയേ തീരൂ എന്നവൾ വാശിപിടിച്ചു. അനന്തമൂർത്തി പുറത്തെ അവസ്ഥയെക്കുറിച്ച് അവളെ ബോധവതിയാക്കാൻ ശ്രമിച്ചു. അനു അതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല.
അനന്തമൂർത്തിക്ക് എന്തൊരു കോപമാണ് വന്നത്! അദ്ദേഹം മകൾക്ക് ഒരടി വെച്ചുകൊടുത്തു. അനു ഒന്നും പറയാതെ വേഗത്തിൽ തന്റെ മുറിയിൽ കയറി വാതിൽ അകത്തു നിന്നടച്ചു.
അനന്തമൂർത്തി മകളെ അടിച്ചത് ആദ്യമായിട്ടായിരുന്നു; അവസാനമായിട്ടും. ഞങ്ങൾ ചിലപ്പോൾ ഭയപ്പെടുത്തി നല്ല കാര്യങ്ങൾ ഉപദേശിച്ചിട്ടുണ്ടാവും. അമ്മയെന്ന നിലയിൽ എനിക്ക് മക്കളുടെ വളർച്ചയെക്കുറിച്ച് ഉൽകണ്ഠയും അഭിമാനവും താൽപര്യവുമൊക്കെ ഉണ്ടെങ്കിലും ഞാൻ ഒരിക്കൽപ്പോലും അടികൊടുത്ത് ഉപദേശിച്ചിട്ടില്ല. ശരത് വല്ലാത്ത കുസൃതിക്കാരനായിരുന്നു. സ്കൂളിൽ നിന്ന് അവനെക്കുറിച്ച് ധാരാളം പരാതികൾ വന്നുകൊണ്ടിരുന്നു.
അവന്റെ സ്കൂളിൽ കെമിസ്ട്രി പഠിപ്പിക്കുന്ന ഒരു മാഷുണ്ട്. ആൺകുട്ടികളെല്ലാവരും ചേർന്ന് അദ്ദേഹത്തിന് എന്തോ ഒരു ഇരട്ടപ്പേര് ചാർത്തിക്കൊടുത്തു. മറ്റുള്ളവർക്കൊപ്പം ചേർന്ന് ശരത്തും മാഷിനെ ഇരട്ടപ്പേര് വിളിച്ച് പരിഹസിച്ചിരുന്നു. ആ മാഷ് ഞങ്ങളുടെ വീട്ടിൽ വന്ന് ശരത്തിന്റെ കുരുത്തക്കേടിനെക്കുറിച്ച് പരാതി പറഞ്ഞു.
ഞങ്ങൾ ശരത്തിനെ ശകാരിച്ച് ഇനി അങ്ങനെ ചെയ്യരുതെന്ന് ഉപദേശിച്ചു. ഞങ്ങൾ ബർമ്മിങ്ങ് ഹാമിലായിരുന്നപ്പോൾ ഒരു മാഷിന് പകരക്കാരനായി അനന്തമൂർത്തിക്ക് പോകേണ്ടി വന്ന സന്ദർഭം ആ നിമിഷം ഞങ്ങൾ ഓർത്തുപോയി. ആ മാഷിന് കോളേജിൽ വരാൻ സാധിക്കാഞ്ഞതിന്റെ കാരണം കൗതുകകരമായിരുന്നു. അവിടത്തെ കുട്ടികൾ എത്ര ഭയങ്കര കുസൃതികളാണെന്നോ! അവർ അദ്ദേഹത്തെ പാഠമെടുക്കാൻ അനുവദിക്കാറില്ലത്രെ. ഇക്കാരണത്താൽ അദ്ദേഹത്തിന് നാഡിക്ഷയം സംഭവിച്ച് അവധിയിൽ പോകേണ്ടി വന്നുവത്രെ!
ശരത്തും അനുവും പഠിച്ചത് മൈസൂരുവിലെ റീജിയണൽ കോളേജിലാണ്. ശരത്തിനെ അവിടെ ചേർക്കുമ്പോൾ ഫീസ് രണ്ടരരൂപ ആയിരുന്നു. അനുവിന്റെ പ്രവേശനകാലത്ത് അത് ഇരുപതുരൂപയായി വർധിച്ചു. ശരത്തിന് ആ സ്കൂൾ വളരെ ഇഷ്ടമായിരുന്നു. അവിടെ അഭിപ്രായ പ്രകടനത്തിന് സ്വന്തമായ അവസരങ്ങൾ ഉണ്ടായിരുന്നു. ഒരിക്കൽ ഞങ്ങൾ അവന്റെ സ്കൂൾ മാറ്റണമെന്ന് ആലോചിച്ചു. ഒണ്ടിക്കൊപ്പലിലെ ഒരു സ്കൂളിൽ ചേർക്കുകയും ചെയ്തു. രണ്ടു ദിവസം അവിടെ പോയശേഷം 'ഇനി ഞാൻ അങ്ങോട്ടില്ല' എന്നു പറഞ്ഞ് അവൻ പഴയ സ്കൂളിലേക്കുതന്നെ മടങ്ങി.
ശരത് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ 'ഹ്യുമൻ ബയോളജി' പഠനത്തിന് സീറ്റ് നേടി അങ്ങോട്ടു പോയി. പക്ഷെ അവിടെ ഏതാനും ദിവസങ്ങൾ മാത്രമേ താമസിച്ചുള്ളു. നാടുവിട്ട് കഴിയാനാവില്ലെന്നു പറഞ്ഞ് അവൻ മൈസൂരുവിലേക്ക് തിരിച്ചുവന്നു.
പിന്നീടവൻ കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്കുള്ള പ്രവേശന പരീക്ഷയെഴുതി പാസ്സായി. കാൺപൂരിലും ഏതാനും ദിവസങ്ങൾ കഴിച്ചുകൂട്ടിയ ശേഷം 'ഞാൻ മൈസൂരുവിലേക്കുതന്നെ തിരിച്ചുവരും' എന്ന് വാശിപിടിക്കാൻ തുടങ്ങി. അവനെ സംബന്ധിച്ചിടത്തോളം മാനസികക്ഷോഭത്തിന്റെ ദിനങ്ങളായിരുന്നു അവ.
പ്രായത്തിന്റേതായ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. എനിക്ക് തീവ്രമായ ഉൽകണ്ഠ അനുഭവപ്പെട്ടു. കഴിയുന്നത്ര ഞാൻ പറഞ്ഞുനോക്കി. അനന്തമൂർത്തിയും ഏറെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ച് ഒടുവിൽ 'ഇനി നിന്റെ ഇഷ്ടം പോലെ ചെയ്യുക' എന്നു പറഞ്ഞു. അവന് മൈസൂരു സർവ്വകലാശാലയിൽ എംഎസ്‌സിക്ക് സീറ്റു കിട്ടിയിരുന്നു. മൈസൂരുവിൽത്തന്നെ താമസിച്ച് പഠിച്ചോളാം എന്ന് അവൻ കൂടെക്കൂടെ പറയാറുണ്ടായിരുന്നു.
മൈസൂരു സർവ്വകലാശായിൽ ഇതുമായി ബന്ധപ്പെട്ട വിഭാഗത്തിൽ ചെന്ന് അനന്തമൂർത്തി പറഞ്ഞു. ''അവൻ തിരിച്ചു വരികയാണെങ്കിൽ സീറ്റ് കൊടുക്കരുത്.'' എന്റെ മച്ചുനൻ ഗുരുരാജിനെ കാൺപൂരിലേക്കയച്ച് ശരത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുവാൻ ഏർപ്പാടു ചെയ്തു. ഗുരുരാജ് അവിടെച്ചെന്ന് ഏതാനും ദിവസങ്ങൾ താമസിച്ച്, ശരത് അവിടത്തെ ചുറ്റുപാടുകളുമായി പൊരുത്തുപ്പെട്ടതിനുശേഷം, മടങ്ങി.
സ്കൂൾ‐കോളേജ് ദിനങ്ങളിൽ ബുദ്ധിമതിയായ കുട്ടിയായിരുന്ന അനു. ഉയർന്ന മാർക്ക് നേടി അവൾ പാസ്സായിക്കൊണ്ടിരുന്നു. അവൾ ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ ഒരു സംഭവം നടന്നു. ആ സ്കൂളിൽ ഒരു കന്നഡ ടീച്ചറുണ്ടായിരുന്നു. സരസ്വതിയെന്നു പേർ. വളരെ നന്നായി പഠിപ്പിക്കുന്ന ടീച്ചറാണ്. പക്ഷെ ആ വർഷം അബദ്ധവശാൽ നിശ്ചിതമായ പാഠത്തിനു പകരം വേറെ ഏതോ പാഠമായിരുന്നു അവർ പഠിപ്പിച്ചത്.
വർഷം മുഴുവനും അവരുടേതായ പാഠങ്ങൾ തന്നെ. പക്ഷെ പരീക്ഷയിൽ വന്ന ചോദ്യങ്ങൾ കണ്ട് കുട്ടികൾ തളർന്നുപോയി. അനു കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വന്നത്. അവൾക്ക് നല്ല മാർക്ക് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങളും. നമ്മുടെതല്ലാത്ത തെറ്റിന് നമ്മളെന്തിന് ശിക്ഷ അനുഭവിക്കണം? എനിക്ക് ദേഷ്യം വന്നു. സ്കൂളിൽ ചെന്ന് എച്ച്എമ്മിനെ കണ്ട് ''കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണ് നിങ്ങൾ ചെയ്തത്...'' എന്നു പറഞ്ഞു.
അനന്തമൂർത്തി അങ്ങനെ ചെയ്തില്ല. സ്കൂളിന്റെ പാഠങ്ങളും പരീക്ഷയുമൊക്കെ നിയന്ത്രിക്കുന്ന ദേശീയ സ്ഥാപനമായ എൻസിഇആർടിയ്ക്ക് കത്തെഴുതി. സരസ്വതി വളരെ നല്ല അധ്യാപികയാണ്. എങ്കിലും അബദ്ധവശാൽ സിലബസ്സിൽ ഇല്ലാത്ത പാഠങ്ങളാണ് പഠിപ്പിച്ചത്. അതുകൊണ്ട് ഈ സ്കൂളിലെ കുട്ടികൾ കന്നഡപരീക്ഷയിൽ എഴുതിയ ഉത്തരങ്ങൾ ഉദാരമായി പരിഗണിച്ച് അവർക്ക് മാർക്ക് നൽകണമെന്ന് അദ്ദേഹം അപേക്ഷിച്ചു.
അപ്പോൾ എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹം പ്രശസ്തനായിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കത്തിന് പരിഗണന ലഭിച്ചു. അധ്യാപികയ്ക്കും അന്യായമൊന്നും പറ്റിയില്ല. നിഷ്കളങ്കരായ കുട്ടികൾക്ക് ന്യായം ലഭിക്കുകയും ചെയ്തു.
അനു പിയുസിയിൽ ഉയർന്ന മാർക്ക് നേടി മൈസൂരു മെഡിക്കൽ കോളേജിൽ ചേർന്നു. അവളെ കോളേജിലേക്ക് കൂട്ടികൊണ്ടുപോയത് അനന്തമൂർത്തിതന്നെ. അന്ന് മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ഫീസ് കേവലം 500 രൂപയായിരുന്നു. അനന്തമൂർത്തിയുടെ കീശയാകെ തപ്പിയിട്ടും അത്രയ്ക്ക് പണമില്ലായിരുന്നു. അവിടെത്തന്നെയുള്ള പരിചയക്കാരനോട് കടം വാങ്ങി ആ പണം അടച്ചു. വിവരമറിഞ്ഞ് എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.
മെഡിക്കൽ കോളേജിൽ ചേർന്നശേഷം അനു വിശ്രമമില്ലാതെ എഴുത്തിലും വായനയിലും മുഴുകി. അവൾ കർണാടക സംഗീതം പഠിച്ചുകൊണ്ടിരുന്നത് നിർത്തിവെയ്‌ക്കേണ്ടി വന്നതിൽ അനന്തമൂർത്തിക്ക് നീരസമുണ്ടായി.
അനന്തമൂർത്തിക്ക് എഴുത്തുകാരായ സുഹൃത്തുക്കളെപ്പോലെ രാഷ്ട്രീയരംഗത്തും ചങ്ങാതിമാർ ധാരാളമുണ്ടായിരുന്നു.
എന്റെ ഓർമ ശരിയാണെങ്കിൽ അനന്തമൂർത്തി കൊറിയയിൽ നടന്ന എഴുത്തുകാരുടെ ശിൽപ്പശാലയിൽ പങ്കെടുത്ത് ഹോങ്കോങ്ങ് വഴി ബംഗളൂരുവിൽ വന്നിറങ്ങിയ ദിവസമായിരുന്നു ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. എല്ലായിടത്തും സംഘർഷാത്മകമായ അന്തരീക്ഷമായിരുന്നു.അനന്തമൂർത്തി അന്നു മുതൽക്കേ സർക്കാറിനെതിരായ തന്റെ നിലപാട് വ്യക്തമാക്കാനാരംഭിച്ചു.
എന്റെ ഓർമ ശരിയാണെങ്കിൽ അനന്തമൂർത്തി കൊറിയയിൽ നടന്ന എഴുത്തുകാരുടെ ശിൽപ്പശാലയിൽ പങ്കെടുത്ത് ഹോങ്കോങ്ങ് വഴി ബംഗളൂരുവിൽ വന്നിറങ്ങിയ ദിവസമായിരുന്നു ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.
അനന്തമൂർത്തി ആദ്യകാലത്ത്
എല്ലായിടത്തും സംഘർഷാത്മകമായ അന്തരീക്ഷമായിരുന്നു.അനന്തമൂർത്തി അന്നു മുതൽക്കേ സർക്കാറിനെതിരായ തന്റെ നിലപാട് വ്യക്തമാക്കാനാരംഭിച്ചു. സോഷ്യലിസ്റ്റ് സുഹൃത്തുക്കളുമായി ചേർന്ന് ഇന്ദിരാഗാന്ധിക്കെതിരെ ആലോചനകളും പ്രക്ഷോഭങ്ങളും സംഘടിപ്പക്കാൻ തുടങ്ങി. ശിവമൊഗ്ഗയിലും ഹാസനിലും അദ്ദേഹം ഇന്ദിരാഗാന്ധിക്കെതിരായി പ്രഭാഷണങ്ങൾ നടത്തി.
ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന മാനസികാവസ്ഥയിലായിരുന്നു അദ്ദേഹം. തടവിലാക്കപ്പെടുന്നതിൽ അദ്ദേഹത്തിന് തരിമ്പും ഭയമുണ്ടായിരുന്നില്ല. ഒരു ബാഗിൽ അത്യാവശ്യം വേണ്ടുന്ന വസ്ത്രങ്ങൾ നിറച്ച് അദ്ദേഹം തയ്യാറായി ഇരുന്നു. അദ്ദേഹത്തിനല്ല, എനിക്കാണ് ഭയമുണ്ടായിരുന്നത്. ''ഇതെല്ലാം നിങ്ങൾക്കെന്തിനാ? എന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?'' എന്ന് ഞാൻ ചോദിച്ചപ്പോൾ ''മിണ്ടാതിരിക്ക് നിനക്കതൊന്നും മനസ്സിലാവില്ല'' എന്നു മാത്രം അദ്ദേഹം പറഞ്ഞു.
ഇതേ സന്ദർഭത്തിൽ സിംലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ സ്റ്റഡീസിന്റെ ക്ഷണം സ്വീകരിച്ച് അനന്തമൂർത്തിക്ക് അങ്ങോട്ട് പോകാനുള്ള അവസരം ലഭിച്ചു. എന്നെയും കുട്ടികളെയും ഒപ്പം അങ്ങോട്ട് കൊണ്ടുപോയി. ഞങ്ങളുടെ ആദ്യത്തെ ഉത്തരേന്ത്യൻ യാത്രയായിരുന്നു അത്. സിംലയിൽ നിന്ന് മടങ്ങുന്ന വഴി ഡൽഹിയും ആഗ്രയുമൊക്കെ ചുറ്റിക്കറങ്ങിയാണ് ഞങ്ങൾ വന്നത്.
ഡൽഹിയിൽ ഞങ്ങൾ താമസിച്ചിരുന്നത് ഹിന്ദി കവി കമലേശ് ശുക്ലയുടെ വീട്ടിലാണ്. കമലേശ് അനന്തമൂർത്തിയുടെ അടുത്ത സുഹൃത്താണ്. ''കൈയിൽ പണമൊന്നുമില്ല. ഒരു നൂറുരൂപയുണ്ടെങ്കിൽ എടുക്കെടോ!'' എന്നു പറയുന്നത്ര അടുപ്പം അവർ തമ്മിൽ ഉണ്ടായിരുന്നു.
ഒരിക്കൽഞാൻ അദ്ദേഹത്തിന്റെ അടുക്കളയിലായിരുന്നപ്പോൾ കുട്ടികൾ ഓടിവന്ന് ആരോ വന്നിട്ടുണ്ട് എന്നു വിളിച്ചു പറഞ്ഞു.
ഞാൻ ബദ്ധപ്പെട്ട് അങ്ങോട്ടുപോയി. വന്നയാളെ അനന്തമൂർത്തിക്കും പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്റെ മകൻ ശരത് മാത്രം ആളെ തിരിച്ചറിഞ്ഞു. വന്നത് ജോർജ്ജ് ഫെർണാണ്ടസ് ആയിരുന്നു. അടിയന്തരാവസ്ഥക്കെതിരെ സജീവമായ പോരാട്ടം നടത്തുന്ന അദ്ദേഹം പ്രവർത്തനങ്ങളിൽ മുഴുകി ഒളിവിൽ കഴിയുകയാണ്.
കമലേശിന്റെ ആത്മമിത്രമാണ് അദ്ദേഹം. അനന്തമൂർത്തിയും ജോർജ്ജ് ഫെർണാണ്ടസും കമലേശും ദീർഘനേരം ചർച്ചയിലേർപ്പെട്ടു. സ്വേച്ഛാധികാരത്തിന്റെ ഭരണരീതിയെ എങ്ങനെയാണ് ചെറുക്കുക എന്നതിനെക്കുറിച്ചുള്ള രഹസ്യ ചർച്ചയായിരുന്നു അത്.
ഈയടുത്ത കാലത്ത്, എന്നുവെച്ചാൽ അനന്തമൂർത്തിയുടെ നിര്യാണത്തിനുശേഷം കമലേശ് ശുക്ല ബംഗളൂരുവിലെ ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം തീരെ മോശമായിരുന്നു. പടികൾ കയറി വരാൻ അദ്ദേഹം ഏറെ ആയാസപ്പെടുന്നുണ്ടായിരുന്നു. പിന്നീട് ഏതാനും മാസങ്ങൾക്കകം അദ്ദേഹം മരിച്ചുപോയതായി വാർത്ത വന്നു. സഹൃദയനായ ആ സമത്വവാദിയെ ഓർത്ത് കണ്ണുകൾ ആർദ്രമായി.
*** *** ****
രാമകൃഷ്ണ ഹെഗ്‌ഡേ മുഖ്യമന്ത്രിയായിരുന്ന കാലം. അനന്തമൂർത്തിയും ഹെഗ്‌ഡേയും അടുത്ത സുഹൃത്തുക്കളായിരുന്നു. അതുകൊണ്ടുതന്നെ അനേകം പേർ ഞങ്ങളുടെ വീട്ടിൽ വന്ന് സർക്കാർ വൃത്തങ്ങളിൽ സ്വന്തം കാര്യങ്ങൾ നടന്നുകിട്ടാൻ വേണ്ടി ശുപാർശ ചെയ്യണമെന്ന് നിർബന്ധം ചെലുത്തി.
എല്ലാ ദിവസവും നേരം വെളുക്കുമ്പോൾ വീട്ടിനുമുമ്പിൽ ആരെങ്കിലും ഉണ്ടാവും. ഇത്തരമാളുകളെ ആദരിച്ചും ഉപചരിച്ചും എനിക്ക് മതിയായിക്കഴിഞ്ഞിരുന്നു. ''ഇത്തരം വ്യവഹാരങ്ങളൊക്കെ നിങ്ങൾക്കെന്തിനാണ്?'' ഞാൻ പലതവണ ചോദിച്ചു. അതിന് ഉത്തരമൊന്നും ഉണ്ടായിരുന്നില്ല.
ചിലർ ഗിഫ്റ്റുകളും കൊണ്ടുവരുമായിരുന്നു. ''ദയവായി ഇത് തിരികെ കൊണ്ടുപോവുക.'' പാരിതോഷികങ്ങൾ ഞങ്ങൾ അപ്പോൾത്തന്നെ തിരിച്ചയച്ചു. വന്നവരെ നിരാശരാക്കരുതെന്നു കരുതി അനന്തമൂർത്തി ശുപാർശക്കത്ത് എഴുതിക്കൊടുക്കുമായിരുന്നു. പക്ഷെ ആർക്കുംതന്നെ അദ്ദേഹം ഫോൺ ചെയ്തിരുന്നില്ല. ഫോൺചെയ്യണമെന്ന് ആരെങ്കിലും അപേക്ഷിക്കമ്പോൾ അദ്ദേഹം കോപിച്ചു.
രാമകൃഷ്ണ ഹെഗ്‌ഡേ എന്നു പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്നൊരു സംഭവം ഓർമ വരികയാണ്. അന്നൊരിക്കൽ കെ ആർ നാഗരാജയും കെ സത്യനാരായണയും അപ്രതീക്ഷിതമായി വീട്ടിൽ വന്നു. ഗോപാലകൃഷ്ണ അഡിഗയുടെ 'സാക്ഷി'യെന്ന സാഹിത്യമാസിക നിന്നുപോയതിനാൽ ആധുനികതയുടെ മുഖപത്രമായി ഒരു പുതിയ പ്രസിദ്ധീകരണം ആരംഭിക്കുവാൻ അവർ അനന്തമൂർത്തിയെ നിർബന്ധിച്ചു.
അങ്ങനെയാണ് 'റജുവാതു' ആരംഭിച്ചത്. പത്രം ആരംഭിക്കണമെങ്കിൽ മൂലധനം വേണ്ടെ? അനന്തമൂർത്തി ചിലർക്ക് കത്തെഴുതി പ്രസിദ്ധീകരണം ആരംഭിക്കുന്ന കാര്യം പറഞ്ഞ് പരോക്ഷമായി സഹായം അഭ്യർഥിച്ചു. അക്കൂട്ടത്തിൽ രാമകൃഷ്ണ ഹെഗ്ഡേക്കും എഴുതി.
അദ്ദേഹം ഒരു ലക്ഷം രൂപാ കൊടുത്തയച്ചു. പക്ഷെ ഇടനിലക്കാരനായ ഒരു രാഷ്ട്രീയനേതാവ് ആ തുകയിൽ നിന്ന് അൽപ്പം കൈയിൽ വെച്ച് ഒരു തുക അനന്തമൂർത്തിക്ക് എത്തിച്ചുകൊടുത്തു. അനന്തമൂർത്തി കോപിച്ച് ''അതൊന്നും വേണ്ട ഞാൻ ആ തുക മുഴുവനും പത്രത്തിനുവേണ്ടി വിനിയോഗിച്ച്, അവസാനം വിവരങ്ങൾ, ചെലവുകളുടെ കണക്കടക്കം ഹെഗ്‌ഡേയെ അറിയിക്കാനുള്ളതാണ്...'' എന്നു പറഞ്ഞ് അയാളോട് ബാക്കി തുകയും ചോദിച്ചു വാങ്ങി. കുവെംപുനഗരയിലെ ഞങ്ങളുടെ പുതിയ വീട്ടിൽ പത്രത്തിന്റെ ഓഫീസ് തുറന്നതും അനന്തമൂർത്തിയുടെ വിദ്യാർഥികൾ പത്രാധിപത്യത്തിന്റെ ജോലി ചെയ്യുവാൻ സഹായികളായി വന്നതുമൊക്കെ ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്.
യുക്തിവാദിയുടെ ഭാര്യയാവുകയെന്നാൽ വളരെ കഷ്ടമാണ്. ഒരിക്കൽ അനന്തമൂർത്തി പുറപ്പെടുവിച്ച പ്രസ്താവന സംവരണത്തിന് എതിരാണെന്നു പറഞ്ഞ് പ്രതിഷേധങ്ങൾ നടന്ന് ഗംഗോത്രിയിലെ അദ്ദേഹത്തിന്റെ ഓഫീസിലെ ഉപകരണങ്ങൾക്കും മറ്റും തീവെച്ചിരുന്നു.
തന്റെ വാക്കുകളുടെ അർഥം എന്തായിരുന്നുവെന്ന് അദ്ദേഹം സ്പഷ്ടമാക്കുന്നതുവരെ പ്രതിഷേധങ്ങൾ തുടർന്നു. അപ്പോൾ ഞാൻ ഏതുതരം പ്രതിസന്ധിയിലാണ് ജീവിച്ചിരുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. അനന്തമൂർത്തി വീട്ടിലെത്തിയാൽ ആരോടെങ്കിലും ഫോണിൽ സംസാരിച്ചുകൊണ്ടരിക്കും.
1980ലെ ഗോകാക് പ്രക്ഷോഭത്തിന്റെ സന്ദർഭത്തിലും അനന്തമൂർത്തിയുടെ പ്രസ്താവന വിവാദത്തിന് കാരണമായി. ഭീഷണിപ്പെടുത്തുന്ന വിളികൾ വന്നു. ഞങ്ങളുടെ വീടിനു ചുറ്റിലും പൊലീസ് കാവൽ ഏർപ്പെടുത്തപ്പെട്ടു.
എനിക്കാണെങ്കിൽ ദിവസവും രാവിലെ എഴുന്നേറ്റ് പൊലീസുകാരുടെ മുഖം കണ്ട് മതിയായി. എന്തോ തെറ്റുചെയ്തവരെപ്പോലെ അരക്ഷിതരായി ജീവിക്കേണ്ടി വരുന്നുവല്ലോ എന്നാലോചിച്ച് വല്ലാത്ത നീരസം തോന്നി. കുട്ടികൾ സ്കൂളിലേക്ക് പുറപ്പെടുമ്പോൾ എനിക്ക് ഭയമായിരുന്നു.
വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴും തിരികെ വന്നു കയറുമ്പോഴും പൊലീസിന്റെ കണ്ണുകൾ ഞങ്ങളിൽ സൂക്ഷ്മമായി പതിയുന്നണ്ടായിരുന്നു.
വീടിന് പൊലീസ് സംരക്ഷണം നൽകിയ മറ്റൊരു സംഭവം അടുത്തകാലത്തുണ്ടായി. അദ്ദേഹം മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധമുണ്ടായതോടെ ബംഗളൂരുവിലെ ഞങ്ങളുടെ വീടിനു മുമ്പിൽ പൊലീസ് വാൻ നിൽക്കുന്ന അവസ്ഥയുണ്ടായി.
ഇപ്പോൾ അനന്തമൂർത്തിയുണ്ടായിരുന്നെങ്കിൽ എത്രയധികം ഉൽകണ്ഠയും സമ്മർദവും അനുഭവിക്കേണ്ടിവരുമായിരുന്നോ എന്തോ!.(തുടരും)
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..