22 November Friday

തളരാത്ത ധീരതയോടെ അവർ 17 പേർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

ഇടപ്പള്ളി കേസ് പ്രതികൾ: കെ സി മാത്യു, എം എം ലോറൻസ്, കെ എ വറുതുട്ടി, കുഞ്ഞൻബാവ കുഞ്ഞുമോൻ, വി പി സുരേന്ദ്രൻ, എൻ കെ ശ്രീധരൻ, എം എ അരവിന്ദാക്ഷൻ, കെ എ രാജൻ, വി ശൗരിമുത്തു, ഒ രാഘവൻ

1950ലെ റെയിൽവേ പണിമുടക്ക്. അത് വിജയിപ്പിക്കാൻ പാർടി ജനറൽ സെക്രട്ടറി ബി ടി ആറിന്റെ ആഹ്വാനം. അതേപ്പറ്റി ആലോചിക്കാൻ ഇടപ്പള്ളി പോണേക്കരയിൽ യോഗം. സ്ഥലം പരിചയമില്ല. അത് തിരുവിതാംകൂറിന്റെ ഭാഗമാണ്. ഞങ്ങൾ കൊച്ചിക്കാരും. കെ സി മാത്യുവായിരുന്നു യോഗം വിളിച്ചത്. നോർത്ത് സ്റ്റേഷനിലെത്തി. ചായ കഴിച്ചപ്പോ വണ്ടിക്ക് കാശില്ല. ഇടപ്പള്ളിയിലേക്ക് കള്ളവണ്ടി. വടക്കുവശത്ത് ഇറങ്ങി പുറത്തേക്ക്. ഒരാൾ വന്ന് കൊണ്ടുപോയി. അവിടെ കെ സി മാത്യുവും കുറേപേരും. മാത്യു പറഞ്ഞു: രണ്ട് സഖാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടപ്പള്ളി സ്റ്റേഷനിലാണവർ. ഒരാളെ കൊന്നെന്നാണ് കേൾവി. ജീവിച്ചിരിക്കുന്ന സഖാവിനെ മോചിപ്പിക്കണം.

നിർദേശം വിഡ്ഢിത്തമെന്നാണ് തോന്നിയത്. വിശ്വനാഥമേനോനോട് പറഞ്ഞു: സ്റ്റേഷൻ പരിചയമില്ല. എത്ര പൊലീസുകാരുണ്ടെന്നോ, എത്ര തോക്കുണ്ടെന്നോ അറിയില്ല. വഴി പിടിയില്ല. ഈ സാഹചര്യത്തിൽ തീരുമാനം അബദ്ധമാകുമെന്ന് തോന്നുന്നു. കൈയിൽ മൂന്ന് കൈബോംബും നാല് വാക്കത്തിയും കുറച്ച് മുളവടിയും. എന്റെ ആശങ്ക പങ്കുവെയ്ക്കാൻ തുടങ്ങിയപ്പോൾ വിശ്വം തടഞ്ഞു. ഇപ്പോൾ പറഞ്ഞാൽ ഭീരുത്വമാണെന്ന് തോന്നും. ചാവാൻ ഒരുങ്ങിയതല്ലേ.  നോക്കാം. അങ്ങനെയാണ് സ്റ്റേഷനിലേക്ക് പോയത്.

17 പേർ പുലർച്ചെ  രണ്ടുമണിക്ക് ജാഥയായി നീങ്ങി. കാവൽക്കാരൻ ബയണറ്റ് ഘടിപ്പിച്ച തോക്കുകൊണ്ട് ഒരാളെ കുത്തി. നേരെ കൊണ്ടില്ല.  രണ്ടാമത് കുത്താൻ പോയപ്പോൾ മാത്യു പിടിച്ചു. കൈ മുറിഞ്ഞു. ആരോ കാവൽക്കാരനെ അടിച്ചിട്ടു. അകത്ത് കയറിയപ്പോൾ പൊലീസുകാരിൽ പലരും ഓടി. ചിലർക്ക് അടി കൊണ്ടു. വേലായുധൻ എന്ന പൊലീസുകാരനുണ്ടായിരുന്നു. ജനദ്രോഹി. ഖദർ ജുബ്ബയിട്ട് സിഐഡിയായി നടന്ന്  കമ്യൂണിസ്റ്റാണെന്ന് മുദ്രകുത്തി, ഭീഷണിപ്പെടുത്തി കാശുവാങ്ങന്നവൻ. അയാളും അടികൊണ്ട് വീണു. അവർ രണ്ടുപേരും മരിച്ചു. സ്റ്റേഷൻ ആക്രമണം 15 മിനുറ്റെടുത്തു. ലോക്കപ്പിൽ അവർ രണ്ടുപേരുമുണ്ട്. ആരും മരിച്ചിട്ടില്ല. ലോക്കപ്പ് തുറക്കാൻ താക്കോൽ കിട്ടിയില്ല. ചാഞ്ചൻ എന്ന സഖാവ്കരുത്തനാണ്. തോക്കിൻ പട്ടകൊണ്ട് അഴിയിൽ ഇടിച്ചു. ശബ്ദംകേട്ട് ചുറ്റുപാടുള്ള വീട്ടുകാർ ലൈറ്റിട്ടു. കുഴപ്പം മണത്ത് ഓഫാക്കി. ഫോൺ തുടക്കത്തിലേ കട്ട് ചെയ്തിരുന്നു. വയർലസ് അന്നുണ്ടായിരുന്നില്ല. മറ്റു പൊലീസുകാർ വരുമെന്ന് കരുതി 15 മിനുറ്റിനകം പിന്മാറി. ലോക്കപ്പ് തുറക്കാൻ കഴിഞ്ഞില്ല; എത്ര അടിച്ചിട്ടും.

പയ്യപ്പിള്ളി ബാലനെയും കെ എ രാജനെയുമാണ് ആദ്യം അറസ്റ്റ് ചെയ്തത്. രണ്ട് പേരും ആക്രമണം അറിഞ്ഞിട്ടുപോലുമില്ല. ഇരുവരെയും ഭീകരമായി മർദിച്ചു. ഒരു മാസത്തിനകം മറ്റുള്ളവരും അറസ്റ്റിൽ. മാത്യുവാണ് ആദ്യം പിടിയിലായത്. അതിന്റെ പിന്നിലൊരു കഥയുണ്ട്: കുറേനാൾ മാത്യുവുമായുള്ള ബന്ധം വിട്ടുപോയിരുന്നു. ഞാൻ ബോംബെയിലേക്ക് ഒളിവിൽപോകാൻ തീരുമാനിച്ച് വീട്ടിൽനിന്ന് കാശ് സംഘടിപ്പിച്ചു. മാത്യുവിനെ വീണ്ടും ബന്ധപ്പെടാനിടയായി. ഇവിടത്തന്നെ ഒളിസങ്കേതം നോക്കാമെന്ന് പറഞ്ഞു. അയാളുടെ അമ്മയുടെ വീടുണ്ട് കോലഞ്ചേരിയിൽ. മറ്റു ഷെൽട്ടർ കിട്ടിയില്ലെങ്കിൽ മാത്യുവും വരാമെന്ന് പറഞ്ഞു.

ഇല്ലെങ്കിൽ അപ്പോൾ മാത്യുവിന്റെ കൂടെയുണ്ടായ ആളുടെ കൈവശം വീട്ടിലേക്കുള്ള വഴി അടങ്ങിയ കത്തുകൊടുത്തയക്കാമെന്നും അറിയിച്ചു. ആ ദിവസങ്ങളിൽ രാത്രി മഹാരാജാസ് ഹോസ്റ്റലിൽ കിടക്കും. രണ്ട് ദിവസം കഴിഞ്ഞ് മാത്യു പറഞ്ഞപോലെ ഞാൻ ലോ കോേളജ് ഹോസ്റ്റലിന് സമീപം ചെന്നു. സാധാരണ അവിടങ്ങളിൽ കാണാറില്ലാത്ത ചിലർ. വേഗം നടന്നു. റോഡിൽ കയറുമ്പോൾ മാത്യു പറഞ്ഞയാൾ വരുന്നു.

മുഖം കരുവാളിച്ച് മുടി പാറിപറന്നിരിക്കുന്നു, വേഗം പോവാൻ നോക്കിയപ്പോൾ അയാൾ നിർത്തി. സംസാരിക്കാൻ തുടങ്ങുമ്പോൾ മഫ്ടി പൊലീസിന്റെ പിടിവീണു. ഞാൻ ബഹളം കൂട്ടി.  തർക്കത്തിനിടെ സ്ഥിരം പ്രസംഗം കേൾക്കാൻ മഫ്ടിയിൽ വരുന്ന സിഐഡി വർഗീസ് തിരിച്ചറിഞ്ഞു.

മാത്യു പറഞ്ഞയച്ചയാളെ  ഒരാഴ്ചമുമ്പ് കസ്റ്റഡിയിലായിലെടുത്തിരുന്നു. അവന് കുറേ പണം കൊടുത്ത് ട്രെയ്സ് ചെയ്താണ് ഞങ്ങളെ പിടിക്കുന്നത്. അന്ന് ഞാൻ രക്ഷപ്പെട്ടിരുന്നെങ്കിൽ പിന്നെ അറസ്റ്റുണ്ടാകില്ലായിരുന്നു. അന്നത്തെ സാഹചര്യം മനസിലാക്കണം. പാർടിക്കെതിരെ വ്യാപക മർദനം.

സഖാക്കളെ കാരണമില്ലാതെ കൊണ്ടുപോയി ലോക്കപ്പിലിട്ട് തല്ലിച്ചതക്കുക. വീട്ടിൽ കയറി മർദിക്കുക. നിരവധി സംഭവങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗത്തും. മട്ടാഞ്ചേരിയിൽ സ്റ്റുഡൻസ് ഫെഡറേഷൻ പ്രവർത്തകൻ ശ്രീനിവാസനെ വീട്ടിൽ കയറി അമ്മയുടെ മുന്നിൽവെച്ചാണ് ക്രൂരമായി മർദിച്ചത്. അതൊക്കെ ഞങ്ങളിൽ വലിയ രോഷമുണ്ടാക്കി. ആ പശ്ചാത്തലംകൂടി സ്റ്റേഷനാക്രമിക്കാൻ  പ്രചോദനമായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top