21 November Thursday

മോഹനസഞ്ചാരി

ബിമൽ പേരയം bimalg5@gmail.comUpdated: Sunday Sep 29, 2024


പുറപ്പെട്ടുപോയ ഒരു വാക്കുപോലെ, ജീവിതവും മടക്കമില്ലാത്ത യാത്രയാണെന്നാണല്ലോ പറയാറ്‌. പക്ഷേ, ചിറ്റൂരിലെ മോഹനേട്ടന്‌ അതെല്ലാം അവനവനിലേക്കുള്ള മടക്കയാത്രയാണ്‌. ഡബിൾമുണ്ടും മുറിക്കയ്യൻ ഷർട്ടുമിട്ട്‌ വെറുമൊരു തോൾസഞ്ചിയുമേന്തി ഈ എഴുപത്തിരണ്ടുകാരൻ ‘നടക്കാനി’റങ്ങും. ഒറ്റയാനായി 66 രാജ്യാതിർത്തികൾ പിന്നിട്ട യാത്രകളിൽ ഭാഷയോ ലിപിയോ തടസ്സമായതേയില്ല. സൗഹൃദങ്ങളുടെ തണലിലുറങ്ങിയും പട്ടിണിയാൽ വിശപ്പടക്കിയും കപ്പലുകളിലും വിമാനങ്ങളിലുമായി ജീവിതത്തിന്റെ സായന്തനത്തിൽ അയാൾ ഭൂഖണ്ഡങ്ങളെ തേടിയിറങ്ങി. അതിപ്പോഴും തുടരുന്നു. മണ്ണിലേക്ക്‌ ലയിക്കുവോളം മരുഭൂമികളും കടലുകളും ദ്വീപുകളും വഴികളുമെല്ലാം അയാൾക്കുവേണ്ടി കാത്തിരിക്കുന്നുണ്ട്‌.

നേപ്പാൾ വിളിക്കുംമുമ്പ്‌
ഒന്നരപ്പതിറ്റാണ്ടു മുമ്പ്‌ നേപ്പാളിലേക്കായിരുന്നു ആദ്യയാത്ര. പ്രത്യേകിച്ച്‌ ലക്ഷ്യങ്ങളൊന്നുമില്ലാതെ. എന്നാൽ, അതിനുമുമ്പ്‌ പ്രക്ഷുബ്ദമായിരുന്നു ജീവിതം. പുരോഗമന പ്രസ്ഥാനങ്ങളിലും രാഷ്‌ട്രീയത്തിലും സജീവമായിരുന്ന സമരജീവിതകാലത്തിന്‌ നാൽപ്പതുവർഷത്തെ പഴക്കമുണ്ട്‌. കെഎസ്‌വൈഎഫിലൂടെ തുടങ്ങിയ പ്രവർത്തനത്തിൽ ജയിൽവാസവുമുണ്ടായിരുന്നു. പിന്നീട്‌ ചിറ്റൂർ താലൂക്ക്‌ സെക്രട്ടറിയായി. ലോകത്തിന്‌ പ്രചോദനമായ വിമോചന പോരാട്ടങ്ങളിലൂടെ ചെഗുവേര ഉള്ളിൽ നിറഞ്ഞ നാളുകൾ. വിപ്ലവകാരിയാകാനുള്ള തീരുമാനത്തിൽ കുടുംബജീവിതം വേണ്ടെന്നുവച്ചു. എസ്‌എസ്‌എൽസി കഴിഞ്ഞെങ്കിലും കുടുംബത്തിലെ ദാരിദ്ര്യം ഉപരിപഠന മോഹത്തിന്‌ തടസ്സമായി. പതിനെട്ടാം വയസ്സിൽ പാലക്കാട്ടെ എം ദാമോദരൻ വക്കീലിന്റെ ഗുമസ്‌തനായി. ദീർഘകാലം വക്കീലിന്റെ സഹായിയായി, അദ്ദേഹത്തിന്റെ മരണശേഷം ഗുമസ്‌തനായി തുടരാതെ ആ വേഷത്തിൽനിന്ന്‌ പുറത്തുകടന്നു. ഉപജീവനത്തിന്‌ ചിറ്റൂർ സിവിൽ സ്‌റ്റേഷനിൽ വിവിധ അപേക്ഷാഫോറം പൂരിപ്പിച്ചു നൽകുന്ന തൊഴിലിൽ അഭയംതേടി. പുലർച്ചെ 4.30ന്‌ ഉണർന്ന്‌ അരക്കാതം നടക്കും. പിന്നെ സഞ്ചിയും കുറച്ചു കടലാസുകെട്ടും പേനയുമായി സിവിൽ സ്‌റ്റേഷനിലെത്തും. ട്രഷറിയിലും താലൂക്ക്‌ ഓഫീസിലും ആർടി ഓഫീസിലുമെല്ലാം വന്നുപോകുന്നവർക്ക്‌ സഹായിയായി വൈകുവോളം. ഒറ്റാം തടിയും മുച്ചാം വയറും, തുച്ഛമായ വരുമാനത്തിൽ ഹാപ്പി. ഓൺലൈൻ സംവിധാനത്തിലേക്ക്‌ മാറിയപ്പോൾ പഴയതുപോലെ തിരക്കുകളില്ല, അതിൽ പരാതിയുമില്ല.

ഒറ്റയ്‌ക്കൊരു വീടും മണ്ണും വേണ്ടെന്ന തോന്നലിൽ കുടുംബഭൂമി ജ്യേഷ്‌ഠൻ രാധാകൃഷ്‌ണന്‌ നൽകി. പെരുവെമ്പ്‌ സ്‌കൂളിലെ അധ്യാപികയായിരുന്ന ഓമന മോഹന ശിഷ്യനെ വീട്ടിലേക്കു വിളിച്ചു. അങ്ങനെ കച്ചേരിമേട്ടിലെ ‘സാംബെല്ലി’ൽ അംഗമായി. ടീച്ചറുടെ മക്കൾ ബംഗളൂരുവിലാണ്‌. ടീച്ചറുടെ മരണശേഷം സാംബെല്ലിന്റെ കാവൽക്കാരനായി.

കാലാവധി കഴിഞ്ഞ പാസ്‌പോർട്ട്‌
പുസ്‌തകങ്ങൾക്കൊപ്പമുള്ള സഹവാസത്തിലൂടെ വായനയിൽ സജീവമായിരുന്നു. എങ്കിലും എസ്‌ കെ പൊറ്റെക്കാട്ടിന്റെ നൈൽഡയറിയും കാപ്പിരികളുടെ നാട്ടിലും വായിച്ചിട്ടും യാത്രാകമ്പമൊന്നും തോന്നിയില്ല. മുപ്പതു വയസ്സിനുമുമ്പേ പാസ്‌പോർട്ട്‌ എടുത്തിട്ടും എവിടെയും പോയതുമില്ല. പഴയ കടലാസുകൾക്കിടയിൽ കിട്ടിയ കാലാവധി കഴിഞ്ഞ പാസ്‌പോർട്ട്‌ വഴിത്തിരിവായി. പാസ്‌പോർട്ട്‌ പുതുക്കാൻ ചെന്നപ്പോഴാണ്‌ രാഷ്‌ട്രീയ കേസുകളുണ്ടെന്നും നടക്കില്ലെന്നും അറിഞ്ഞത്‌. ഏഴുവർഷം കോടതി കയറിയിറങ്ങി കേസുകൾ തീർപ്പാക്കി. അതിന്റെ ആവേശത്തിൽ സ്വരുക്കൂട്ടി വച്ചിരുന്ന കാശുമെടുത്ത്‌ ഉലകം ചുറ്റാനിറങ്ങി. ആദ്യ ലക്ഷ്യം നേപ്പാളായിരുന്നു. ഗൊരഖ്‌പുർ വരെയുള്ള ട്രെയിൻ യാത്രയും കാഠ്‌മണ്ഡുവിലെ കാഴ്‌ചകളും യാത്രയോടുള്ള അഭിനിവേശം കൂട്ടി. രണ്ടാമത്‌ മലേഷ്യയിലേക്ക്‌ വച്ചുപിടിച്ചു. ചില ബന്ധുക്കളുണ്ടായിരുന്നതിനാൽ വിലാസം കണ്ടുപിടിച്ച്‌ അവരുടെ അരികിലെത്തി. താമസത്തിനും ബുദ്ധിമുട്ടുണ്ടായില്ല. പിന്നെ 15 തവണ മലേഷ്യയിൽ പോയി. ചെലവ്‌ കുറഞ്ഞ യാത്രയും ഇതാണത്രേ. ഏറെ ചെലവായത്‌ അമേരിക്കൻ യാത്രയും.

പെട്ടത്‌ ഒമാനിൽ
യാത്ര പുറപ്പെട്ടപ്പോൾ ശ്രദ്ധിക്കാൻ വിട്ടുപോയതാണോയെന്ന്‌ ഉറപ്പില്ലെങ്കിലും ഒമാനിൽ വിമാനമിറങ്ങിയപ്പോൾ വിസയുടെ കാലാവധി കഴിഞ്ഞിരുന്നു. അതോടെ കുടുങ്ങി. ആറു ദിവസം ജയിലിൽ. ചിറ്റൂർ സ്വദേശിയായ സുഹൃത്ത്‌ വിസ തരപ്പെടുത്തി പുറത്തിറക്കി. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചിട്ടുള്ളതിനാൽ ഒമാനിലെ തുറുങ്ക്‌ യാത്രാനുഭവത്തിന്റെ പുതിയ പതിപ്പായി.

ഒരു വർഷം 11 രാജ്യങ്ങൾ
സമ്പാദ്യം യാത്രയ്‌ക്ക്‌ തികയുമെന്ന്‌ വന്നാലുടൻ പുറപ്പെടുകയായി. ഏതെങ്കിലും ഏജൻസികളുടെ യാത്രാ പാക്കേജിലാണ്‌ വിദേശ പര്യടനം. നാട്ടിലെത്തിയാലുള്ള വസ്‌തുക്കച്ചവടത്തിലൂടെ ചിലപ്പോൾ നല്ല കോളു കിട്ടും. അക്കുറി യാത്രകളുടെ എണ്ണവും കൂടും. 2023ൽ അങ്ങനെ 11 യാത്ര നടന്നു. അറുപത്തെട്ടാമത്തെ വയസ്സിൽ, അമേരിക്ക–- മെക്‌സിക്കോ കപ്പൽ യാത്രയിലാണ്‌ ജീവിതത്തിൽ ആദ്യമായി പിറന്നാൾ കേക്ക്‌ മുറിച്ചത്‌. പാസ്‌പോർട്ട്‌ പരിശോധന വേളയിൽ ജനനത്തീയതി കണ്ട്‌ കപ്പൽസംഘമാണ്‌ ആ ദിവസം ആഘോഷമാക്കിയത്‌. കാഴ്‌ചകൾ കാണുന്നതിലുപരി സാധനങ്ങളൊന്നും വാങ്ങാറില്ല. കൈയും വീശി പോരും. യുകെ, ജപ്പാൻ, റഷ്യ, ചൈന, വിയത്‌നാം, കംബോഡിയ, ശ്രീലങ്ക, ഭൂട്ടാൻ, ഇസ്രയേൽ, ഈജിപ്‌ത്‌, പലസ്‌തീൻ, ഫിലിപ്പീൻസ്‌, കൊറിയ, ദക്ഷിണാഫ്രിക്ക, സ്വീറ്റ്‌സർലൻഡ്‌, സൗദി, സിംബാബ്‌വെ, മൗറീഷ്യസ്‌, ഇന്തോനേഷ്യ, സാംബിയ, അതിർത്തികൾ മാറിമാറി ആ യാത്ര തുടരുകയാണ്‌.

വൈവിധ്യങ്ങളുടെ ഭൂപടങ്ങളിലൂടെ ഒറ്റയാനായി, മുണ്ടും മടക്കിക്കുത്തി അയാളിങ്ങനെ നടക്കും. ജീവിതചക്രം കയറ്റിറക്കങ്ങൾ പിന്നിടുന്നതൊന്നും മുന്നോട്ടുവച്ച ആ കാലുകളെ തടയുന്നില്ല. സ്വന്തം ഇച്ഛാനുസരണം ലോക കാഴ്‌ചകൾ കണ്ട്‌ അവയെ മനസ്സിൽ പകർത്തി ആസ്വദിച്ചൊരു നടത്തം. എങ്കിലും കണ്ടതിൽ മനോഹര ദേശം ഏതെന്ന ചോദ്യത്തിന്‌ മോഹൻകുമാറിന്റെ കൈയിൽ ഉത്തരമൊന്നേയുള്ളൂ ‘എന്റെ കേരളവും എന്റെ ചിറ്റൂരും’.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top