30 October Wednesday

തുലാവർഷം പെയ്‌തിറങ്ങുമ്പോൾ

ഡോ. ശംഭു കുടുക്കശേരിUpdated: Sunday Oct 27, 2024

രാജ്യത്ത്‌ വടക്കു കിഴക്കൻ കാലവർഷം (തുലാവർഷം) ശക്തിപ്പെടുകയാണ്‌. തുടക്കത്തിൽത്തന്നെ ബംഗാൾ ഉൾക്കടലിൽ തീവ്ര ചുഴലിക്കൊടുംകാറ്റ്‌ രൂപപ്പെട്ടു എന്നതും പ്രത്യേകതയായി. കഴിഞ്ഞ ദിവസം ഒഡിഷ തീരംതൊട്ട ദന  ചുഴലിക്കാറ്റ്‌ 21ന്‌ കിഴക്കൻ ആൻഡമാൻ കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ പരിണതഫലമാണ്. ഇതേസമയം പസഫിക് സമുദ്രത്തിൽ അത്യന്തം തീവ്ര ചുഴലിക്കാറ്റായ (ടൈഫൂൺ) ട്രാമിയും ശക്തിയോടെ നിലകൊണ്ടു. ഇത്തരം ചുഴലിക്കാറ്റുകൾ ഇനിയും പ്രതീക്ഷിക്കണം. വർഷാ വർഷം തുലാവർഷ മഴയുടെ തീവ്രത കാലാവസ്ഥാമാറ്റംമൂലം ഏറുകയാണ്‌.

ഇതുവരെ സാധാരണം

ഇന്ത്യയിൽനിന്ന്‌ ഇക്കുറി തെക്കു പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) സെപ്‌തംബർ 25 മുതലാണ്‌ പിൻവാങ്ങിത്തുടങ്ങിയത്‌. ഒക്ടോബർ 15ഓടെ പൂർണമായി പിൻവാങ്ങി. ഇന്ത്യയുടെ രണ്ടാം മഴക്കാലമായ തുലാവർഷം (ഒക്ടോബർ– -നവംബർ) തുടങ്ങുകയും ചെയ്തു. വിശാഖപട്ടണംമുതൽ തെക്ക്‌ തമിഴ്നാടുവരെയുള്ള ഭാഗങ്ങളിലെ പ്രധാന മഴക്കാലമാണ്‌ തുലാവർഷം. ഇത്‌ ഇന്ത്യൻ സമുദ്രങ്ങളിലെ ചുഴലിക്കൊടുംങ്കാറ്റുകളുടെ കാലംകൂടിയാണ്. കേരളത്തിലേറിയ പങ്കും ഇടിമിന്നൽ മഴയാണ്‌ ലഭിക്കാറ്‌. ഇടവപ്പാതിക്കാലത്തെ തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ്‌, വടക്കു കിഴക്കൻ തുലാവർഷക്കാറ്റായി മാറുന്നതാണ്‌ പ്രകടമാകുന്ന വ്യത്യാസം. തമിഴ്നാട് ഒഴികെ ഇന്ത്യയിലെമ്പാടും ഇടവപ്പാതിയാണ്‌ പ്രധാന മഴക്കാലം. തുലാവർഷമാണ്‌ തമിഴ്നാട്ടിലെ  മഴക്കാലം.

കേരളത്തിന്റെ ശരാശരി വാർഷിക മഴയായ 2928.3 മില്ലിമീറ്ററിൽ 16.3 ശതമാനവും തമിഴ്നാടിന്റെ 914.4 മില്ലിമീറ്ററിൽ 49.7 ശതമാനവും ഏതാണ്ട്  ഒക്ടോബർ18 മുതൽ തുടങ്ങി 67 ദിവസത്തോളം നീളുന്ന തുലാവർഷക്കാലത്ത്‌ ലഭിക്കുന്നു. കിഴക്കൻ അല്ലെങ്കിൽ വടക്കു കിഴക്കൻ കാറ്റിന്റെ നാല്‌ കിലോമീറ്റർ ഉയരംവരെയുള്ള തീവ്രത, കിഴക്കു പടിഞ്ഞാറായി നീണ്ടുകിടക്കുന്ന ന്യൂനമർദപ്പാത്തിയും അതിൽ രണ്ട്‌ കിലോമീറ്റർ ഉയരത്തിലുള്ള കിഴക്കൻതരംഗവും (easterly wave)ന്യൂനമർദങ്ങളുടെ ചുഴലിക്കാറ്റായുള്ള ശക്തിപ്പെടലും തുടർന്നുള്ള പ്രയാണവുമെല്ലാമാണ്‌ തുലാവർഷ മഴയെ സ്വാധീനിക്കുന്നത്‌. കേരളത്തിൽ ഇത്‌  പശ്ചിമഘട്ടത്തിന്റെ ഉയരം, ഉച്ചയോടെ ഉടലെടുക്കുന്ന കടൽക്കാറ്റ് എന്നിവയെക്കൂടി ആശ്രയിച്ചിരിക്കും. ഇക്കുറി ഒക്ടോബർ 22ഓടെ കേരളത്തിൽ തുലാവർഷ മഴയുടെ സജീവ സാന്നിധ്യം പ്രകടമായിത്തുടങ്ങി. ഇതുവരെ കേരളത്തിൽ തുലാവർഷം സാധാരണ രീതിയിലും (228.6 മില്ലീമീറ്റർ) തമിഴ്നാട്ടിൽ അധികമായും അനുഭവപ്പെട്ടു. കഴിഞ്ഞ വർഷം കേരളത്തിൽ 27 ശതമാനം അധികമഴയാണ്‌ തുലാവർഷക്കാലത്ത്‌ ലഭിച്ചത്‌. 624.9 മില്ലിമീറ്റർ. പത്തനംതിട്ടയിൽ പ്രതീക്ഷിച്ചതിനേക്കാൾ 94 ശതമാനവും (1220.2 മില്ലീമീറ്റർ) തിരുവനന്തപുരത്ത്‌ 52 ശതമാനവും (836.6 മില്ലീമീറ്റർ) അധികമഴ ലഭിച്ചിരുന്നു.

ഇടവപ്പാതിയിൽ കുറഞ്ഞെങ്കിലും

തെക്കു പടിഞ്ഞാറൻ കാലവർഷക്കാലത്ത്‌ ഇക്കുറി മഴയളവിൽ 13 ശതമാനം കുറഞ്ഞെങ്കിലും കേരളത്തിൽ സാധാരണരീതി (1748.1 മില്ലിമീറ്റർ)യിൽ മഴ ലഭ്യമായി. (പോയവർഷം മഴക്കുറവ്‌ 34 ശതമാനമായിരുന്നു) ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട്  ജില്ലകളിൽ മഴക്കുറവ്‌ യഥാക്രമം 21 ശതമാനം, 27 ശതമാനം, 33 ശതമാനം, 30 ശതമാനം എന്നിങ്ങനെയാണ്‌. പലയിടത്തും അപ്രതീക്ഷിത അതി തീവ്രമഴയും രേഖപ്പെടുത്തി. വയനാട്ടിലുണ്ടായ ദുരന്തത്തിനു കാരണം അതിതീവ്ര മഴയാണ്‌.

മുൻ വർഷങ്ങളിൽനിന്ന്‌ വ്യത്യസ്തമായി മധ്യകേരളംമുതൽ സൗരാഷ്ട്ര തീരംവരെയുള്ള പടിഞ്ഞാറൻതീര സംസ്ഥാനങ്ങളിൽ തീവ്രമഴയുടെ വിതരണക്രമം ഈ വർഷം കൂടുതലായിരുന്നു. ഇതിനു കാരണം സമുദ്രതീരത്തിനകലെയുള്ള ന്യൂനമർദപ്പാത്തി (offshore trough), സമുദ്രതീര ഭാഗത്തുള്ള ന്യൂനമർദപ്പാത്തി (onshore trough),  വടക്കു കിഴക്കൻ രാജ്യങ്ങളിലും മൺസൂൺ ന്യൂനമർദപ്പാത്തിയിലും നിലനിന്ന കാറ്റുചുഴികളുടെ സ്വാധീനംമൂലം  പടിഞ്ഞാറൻ തീരത്തുണ്ടാകുന്ന ശക്തമായ സംവഹനം, കാലവർഷക്കാറ്റിനെ തടയുന്ന സഹ്യപർവതം എന്നിവയാണ്. തീവ്രന്യൂനമർദങ്ങൾ, അതിതീവ്ര ന്യൂനമർദങ്ങൾ, ചുഴലിക്കാറ്റുകൾ എന്നിവ മഴയളവിനെ മൊത്തത്തിൽ ബാധിക്കുന്നു. ആഗസ്തത്‌ 25 മുതൽ സെപ്തംബർ രണ്ടുവരെ അറബിക്കടലിൽ നിലകൊണ്ട അസ്ന ചുഴലിക്കാറ്റ് സൗരാഷ്ട്ര– കച്ച്, ഗുജറാത്ത്‌ മേഖലകളിൽ മഴയളവ്‌ വലിയതോതിൽ കൂട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top