ഇടുക്കി
‘1924 ജൂലൈയിലെ ആദ്യ പന്ത്രണ്ടുദിവസം മഴ ഇടതടവില്ലാതെ തുടർന്നു. പതിമൂന്നുമുതൽ അതിശക്തമായി. ഒരുദിവസം മാത്രം 7.77 ഇഞ്ചുമുതൽ 10 ഇഞ്ചുവരെ (254 മില്ലി മീറ്റർവരെ) മഴ. തൊഴിലാളികൾക്ക് പണിക്കിറങ്ങാനായില്ല. ചെണ്ടുവരയിലേക്കുള്ള പ്രധാന റോഡിലെ അഞ്ച് പാലങ്ങൾ തകർന്നു. എസ്‌റ്റേറ്റ് ലയങ്ങൾ ഒന്നൊന്നായി ഇടിഞ്ഞുവീഴുന്നു. 17ന് രാത്രി അതിശക്തമായ കൊടുങ്കാറ്റുവീശി. 304.8 മില്ലി മീറ്റർ മഴ. ഉരുൾപൊട്ടൽ കൂടിയായപ്പോൾ മാട്ടുപ്പെട്ടിയിലെ ഫാക്ടറിയും മൂന്നാറുമെല്ലാം പൂർണമായും വെള്ളത്തിൽ മുങ്ങി. ചെളിയും മരങ്ങളും നിറഞ്ഞ വലിയ കുത്തൊഴുക്കിൽ വൻനാശമുണ്ടായി. മുതിരപ്പുഴയാറിന്റെ തീരത്ത് പ്രവർത്തിച്ചിരുന്ന ഫാക്ടറി, ആംഗ്ലോ തമിഴ് പ്രൈമറി സ്കൂൾ, മൂന്നാർ സപ്ലൈ അസോസിയേഷൻ (എംഎസ്എ) എന്നിവയെല്ലാം വെള്ളത്തിനടിയിലായി’ –-മൂന്നാർ കണ്ണൻ ദേവൻ കമ്പനി മാനേജരായിരുന്ന എ എഫ് മാർട്ടിന്റെ ഭാര്യ വയലറ്റ് മാർട്ടിൻ 1930ൽ പ്രസിദ്ധീകരിച്ച ഹിസ്‌റ്ററി ഓഫ് ഹൈറേഞ്ച് എന്ന പുസ്‌തകത്തിൽ മഹാപ്രളയത്തെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ.
പെരുമഴ സമുദ്രനിരപ്പിൽനിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽവരെ വെള്ളപ്പൊക്കമുണ്ടാക്കി. മരിച്ചവർക്ക് കണക്കില്ല. മധ്യ തിരുവിതാംകൂറിനെയും തെക്കൻ മലബാറിനെയും പ്രളയം ബാധിച്ചു.
മഴ 4850 മില്ലി മീറ്റർ
പൊടുന്നനെയാണ് കാലാവസ്ഥയിൽ മാറ്റം വന്നത്. എന്ത് സംഭവിക്കുന്നുവെന്ന് മനസിലാകാതെ തേയില തോട്ടങ്ങളിൽനിന്ന് തൊഴിലാളികൾ പണി അവസാനിപ്പിച്ച് വീടുകളിലേക്കുപോയി. ഇടുക്കിയുടെ ഭൂരേഖതന്നെ മാറ്റിമറിച്ചതാണ് മൂന്നാഴ്‌ച നീണ്ട പെരുമഴ. ഒമ്പതുദിവസത്തിനകം മൂന്നാർ പ്രദേശത്ത് 2023. 2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കമ്പനി മാനേജരായിരുന്ന ഗ്രോലി ബോയ്ഡിന്റെ ഡയറിക്കുറിപ്പുകൾ ഇത് വ്യക്തമാക്കുന്നു.
മൂന്നാറിൽ 4850 മില്ലി മീറ്റർ മഴപെയ്‌തപ്പോൾ മണ്ണിടിയാത്ത മലഞ്ചെരിവുകളില്ല. രണ്ട് മലകൾക്കിടെ ജലാശയങ്ങൾ രൂപപ്പെട്ടു. മൂന്നാർ, ദേവികുളം, പീരുമേട് കൊക്കയാർ എന്നിവിടങ്ങളിൽ താഴ്‌വരകളും രൂപപ്പെട്ടു. ഉരുൾപൊട്ടലായിരുന്നു കാരണം. തേയില ഫാക്ടറികളും പാലങ്ങളും ഒലിച്ചുപോയി. എറണാകുളവുമായി ബന്ധിപ്പിച്ചിരുന്ന ആലുവ –-മൂന്നാർ റോഡ് തകർന്നടിഞ്ഞു. മുല്ലപ്പെരിയാർ ഡാമിന്റെ സ്ലൂയിസ് വാൽവുകൾ തുറന്നതോടെ പെരിയാർ കുതിച്ചുപാഞ്ഞു. ഉയർന്ന പ്രദേശങ്ങൾ അഭയാർഥികളാൽ നിറഞ്ഞു. പട്ടിണി ജനങ്ങളെ വലച്ചു. 1924ലെ വെള്ളപ്പൊക്കത്തിനൊപ്പം വരില്ലെങ്കിലും 1939, 1961, 2018 വർഷങ്ങളിലും കനത്ത പ്രളയങ്ങളാണുണ്ടായി.
മറക്കാനാകാത്ത
‘വെള്ളപ്പൊക്കത്തിൽ’
1924ലെ വെള്ളപ്പൊക്കത്തിന്റെ തീവ്രത കാലങ്ങൾക്കിപ്പുറവും ഓർമപ്പെടുത്തുന്നതാണ് തകഴി ശിവശങ്കരപിള്ളയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന ചെറുകഥ. ദിവസങ്ങളോളം പെയ്‌ത മഴ എങ്ങനെയാണ് നാടിനെ വിഴുങ്ങിയതെന്ന് ചിത്രത്തിലെന്നപോലെ ഇതിൽ വരച്ചു കാട്ടുന്നുണ്ട് കുട്ടനാടിന്റെ ഇതിഹാസകാരൻ. മനുഷ്യനടക്കമുള്ള ജീവികളുടെയെല്ലാം വിശപ്പും സങ്കടവും പ്രതീക്ഷയും ഓരോ ഭാഗത്തും കാണാം. കേന്ദ്ര കഥാപാത്രമായ നായയിലൂടെയാണ് വെള്ളപ്പൊക്കത്തിൽ അകപ്പെട്ടുപോയവരുടെ കഥ ചരിത്രകാരൻ പറഞ്ഞത്. വെള്ളത്തിൽ മുങ്ങിയ വീടിനടുത്തേക്ക് ഓരോ വള്ളം അടുക്കുമ്പോഴും പ്രതീക്ഷയോടെ നോക്കിനിൽക്കുകയും പിന്നീട് നിരാശപ്പെടുകയും ചെയ്യുന്ന നായ. പോത്തും പശുവുമടക്കമുള്ള മൃഗങ്ങളുടെ ശരീരം ഒഴുകി അകലുന്നതും രക്ഷിക്കാൻ ആളെത്തുമെന്ന് കാത്തിരുന്ന പട്ടി ചത്തുപോകുന്നതും, മനുഷ്യർ മാത്രമല്ല പ്രളയത്തിന്റെ ഇരകളെന്ന് ഉറക്കെപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..