പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ ഭഗവതീക്ഷേത്രങ്ങളിൽ വേലയോടും പൂരത്തോടുമനുബന്ധിച്ച് അനുഷ്‌ഠിച്ചുവരുന്ന കലാരൂപമാണ് തിറയും പൂതനും. വള്ളുവനാടൻ ദേശത്തും പരിസരങ്ങളിലുമുള്ള ചിനക്കത്തൂർ, പരിയാനംപറ്റ, ആര്യങ്കാവ്, ചേർമ്പറ്റക്കാവ്, കടപ്പറത്തുകാവ്, മുളയൻകാവ്, തലപ്പിള്ളി, പാലക്കാട്ടുശ്ശേരി, വന്നേരി തുടങ്ങിയ പ്രദേശങ്ങളിൽ തിറയും പൂതനും സജീവം. മണ്ണാൻ സമുദായത്തിൽ പെട്ടവരാണ് വേഷം കെട്ടിയാടുന്നത്. ഉത്സവത്തിനു കൊടിയേറുന്നതോടെ ദേശത്തെ വീടുകളിൽ പൂതനും തിറയും എത്തുകയായി. ഇടശ്ശേരിയുടെ പ്രസിദ്ധമായ പൂതപ്പാട്ട് എന്ന കവിതയിലൂടെ കേരളമൊന്നാകെ ഹൃദയത്തോടു ചേർത്തുവച്ചതാണ് ഈ അനുഷ്‌ഠാനനൃത്തം.
കണ്ണകീപുരാവൃത്തമാണ് പശ്ചാത്തലമായി ചിലദേശങ്ങളിൽ പ്രചാരത്തിലുള്ളത്. കണ്ണകിക്ക് ചിലമ്പുപണിയുന്ന സമയത്ത് സ്വർണപ്പണിക്കാരൻ കളവു ചെയ്യാതിരിക്കാൻ കാവലാളായി നിന്നത് പൂതമാണ്. എന്നാൽ, കനകച്ചിലമ്പിനൊപ്പം പൂതം കാണാതെ ഒരു പിത്തളച്ചിലമ്പുകൂടി അയാൾ നിർമിച്ച് വഴിയരികിലെ തോട്ടിലൊളിപ്പിച്ചു. ചിലമ്പ് പണിതീർത്ത് കണ്ണകിക്ക് സമർപ്പിക്കാൻ പൂതത്തിനു പിന്നാലെ ചിലമ്പുമേന്തി നടന്ന സ്വർണപ്പണിക്കാരൻ കാലുതെറ്റി തോട്ടിലേക്കു വീണതായി ഭാവിക്കുന്നു. കരയിലേക്കു കയറുന്നതിനിടയിൽ തോട്ടിലൊളിപ്പിച്ചിരുന്ന പിത്തളച്ചിലമ്പ് സമർഥമായി മാറ്റിയെടുക്കുന്നു. മാറ്റിയെടുത്ത ചിലമ്പ് കണ്ണകിയെ ഏൽപ്പിച്ച് പാരിതോഷികങ്ങളും വാങ്ങി അയാൾ മടങ്ങി. അണിയാനായി ചിലമ്പ് കൈയിലെടുത്തപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം കണ്ണകിക്ക് ബോധ്യമായത്. പണിക്കു കാവൽനിന്ന പൂതം ഇളിഭ്യനായി നാവുകടിച്ചു, ദേഷ്യംകൊണ്ട് കണ്ണുതുറിച്ചു. കള്ളത്തരം ചെയ്‌ത സ്വർണപ്പണിക്കാരനെ അന്വേഷിച്ചു വീടുവീടാന്തരം പൂതൻ കയറിയിറങ്ങുന്നതാണ് കളിയിലെ ദേശസഞ്ചാരത്തിന്റെ പൊരുൾ. കണ്ണുതുറിച്ച് നാവുകടിച്ചുള്ള പൂതക്കോലത്തിന്റെ നിർമിതിയിലും പുരാവൃത്തം വായിച്ചെടുക്കാം. തന്നെ കബളിപ്പിച്ചതിനാൽ സ്വർണപ്പണിക്കാരന്റെ ഭവനങ്ങളിൽ പൂതൻ കയറാറില്ലെന്ന വിശ്വാസത്തിലും പുരാവൃത്തം കേൾക്കാം. നഷ്ടപ്പെട്ട ചിലമ്പ് തേടിയാണ് പൂതൻ വീടുകളിൽ കയറിയിറങ്ങുന്നതെന്നൊരു പാഠഭേദവുമുണ്ട്. പൂതത്തിനു പിന്നാലെ വീടുകളിലെത്തുന്ന തിറയിൽ കണ്ണകിയെ കാണാം.
ദാരികാസുരനിഗ്രഹവുമായി ബന്ധപ്പെട്ട പുരാവൃത്തത്തിനാണ് മറ്റിടങ്ങളിൽ പ്രചാരം. ശിവപുത്രിയായ ഭദ്രകാളി ദാരികാസുരനെ നിഗ്രഹിച്ചശേഷം പൂതഗണങ്ങളുടെ അകമ്പടിയോടെ ആനന്ദനൃത്തം ചവിട്ടിവരുന്നതിനെ അനുസ്‌മരിപ്പിക്കുന്നതാണ് തിറയും പൂതനുമെന്ന് വിശ്വസിച്ചുവരുന്നു. താളവാദ്യമായി തുടി വന്നത് ശിവന്റെ പൂതഗണങ്ങളുടെ ആട്ടമായതുകൊണ്ടുമാകാം.
അർധവൃത്താകൃതിയിലുള്ള തിറയ്‌ക്ക് ഏകദേശം നാൽപ്പതുകിലോ ഭാരം ഉണ്ടായിരിക്കും. നല്ലെണ്ണയിൽ മുക്കി പതംവരുത്തിയ വരിക്കപ്ലാവിന്റെ തായ്‌വേരിലാണ് തിറയുടെ ആദിവട്ടം കൊത്തുന്നത്. മുകളിൽ ഭഗവതിയുടെ രൂപം. താഴെ വ്യാളീമുഖം. ചില ദേശങ്ങളിൽ മൂന്നു മഹാലക്ഷ്‌മി രൂപവും കാണാം. ഇവയ്‌ക്ക് ചുറ്റും തുമ്പിക്കൈയാൽ ജലതർപ്പണം ചെയ്യുന്ന ആനയുടെയും വാദ്യങ്ങളുടെയും വിളക്കുകളുടെയും രൂപങ്ങൾ കൊത്തിയ പതിനാറു പലകകൾ ചേർത്തുവച്ച് ചൂരലുകൊണ്ട് കെട്ടിയുറപ്പിക്കും. പലകകളുടെ മുകളിലായി ഓടയും പീലിത്തണ്ടും ചെങ്ങണപ്പുല്ലും മെടഞ്ഞുണ്ടാക്കിയ തഴ പിടിപ്പിക്കുന്നു. തുണിയിൽ തീർത്ത കുതിരക്കണ്ണുകൾ അതിനുമേലെ തുന്നിച്ചേർക്കും. കറുപ്പ്, വെളുപ്പ്, പച്ച, ചുവപ്പ് നിറത്തിലുള്ള തുണികളാണ് ഇതിനുപയോഗിക്കുന്നത്. തുണി ഉറച്ചിരിക്കാൻ തഴക്കോലുമുണ്ടായിരിക്കും. മുരിക്ക്, പാല തുടങ്ങിയ ഭാരംകുറഞ്ഞ പൊങ്ങുതടികളിലാണ് പൂതക്കോലം കൊത്തുക. നാവുപുറത്തേക്ക് തള്ളിയ രീതിയിലാണ് നിർമാണം. പീലിത്തണ്ടും ചെങ്ങണപ്പുല്ലും മെടഞ്ഞുണ്ടാക്കിയ തഴ പൂതക്കോലത്തിനുമുണ്ട്. അതിനുമുകളിൽ നിരന്ന പീലികൾ. പൂതക്കണ്ണാടിയും നിറങ്ങളും ചേർത്ത് കോലത്തിനു ഭംഗികൂട്ടും. മുഖമറയായതിനാൽ കണ്ണിന്റെ സ്ഥാനത്ത് കാഴ്‌ച മറയാതിരിക്കാൻ രണ്ട് ദ്വാരമുണ്ടാകും. കരമാത്രം മഞ്ഞളിൽ മുക്കിയുണക്കിയ എട്ടുമുഴം നീളമുള്ള കോടിത്തുണിയാണ് തിറയും പൂതനും ഉടുക്കുക. അതിനുമേൽ തിറയ്‌ക്ക് അലങ്കാരവസ്‌ത്രങ്ങളും തൊങ്ങലുകളുമുണ്ടാവും. പൂതന്റെ പിൻഭാഗം കഥകളിയിലെ ഉടുത്തുകെട്ടുപോലെയായിരിക്കും. കണ്ണിൽ കരിമഷിയെഴുതി മുഖത്തും ശരീരത്തും അരിമാവും മഞ്ഞളും ചാലിച്ച കുറികളണിഞ്ഞ് പൂമാലകൾ ചാർത്തി അരമണിയും കാലിൽ ചിലമ്പുമിട്ടുകൊണ്ടാണ് തിറ കെട്ടുന്നയാൾ കോലമണിയുന്നത്. പട്ടുടുപ്പിനുമേലെ ഉത്തരീയവും ഞൊറികളുമിട്ട് കാലിൽ കാൽക്കെട്ടിയും ചിലമ്പുമണിഞ്ഞ് മാർത്താലിയും കുരലാരവും അരത്താലിയും കെട്ടിയ ശേഷമാണ് പൂതൻ കിരീടം ധരിക്കുക. മുടിവച്ച് ശ്രദ്ധയോടെ കെട്ടുന്ന ചടങ്ങ് മുടിമുറുക്കുക എന്നാണ് അറിയപ്പെടുന്നത്.
ഉത്സവകാലത്ത് തിറയുടെ കാവേറ്റം വിളംബരം ചെയ്‌തുകൊണ്ട് പൂതൻ രണ്ടുമൂന്നു ദിവസംമുമ്പേ ദേശത്തെ വീടുകളിൽ എത്തും. തുടിയുടെ താളത്തിൽ ഓതിരം മറിയൽ, ചിലമ്പാട്ടം, മയിലാട്ടം, ചവിട്ടിത്തിരിയൽ, കോഴിയങ്കം, ആനയങ്കം എന്നിങ്ങനെ അഭ്യാസങ്ങൾ എല്ലാ പ്രായക്കാർക്കും രസിക്കുംവണ്ണം കളിക്കുന്നു. നെല്ലും നാളികേരവും വസ്‌ത്രവും ദക്ഷിണ സ്വീകരിച്ച് പൂതൻ ഊരുചുറ്റി കളിതുടരുന്നു. മുടിമുറുക്കുന്ന തറവാട്ടുമുറ്റത്തുനിന്ന് തിറ ദേശത്തണ്ടാന്റെ വീട്ടിലേക്കാണ് ആദ്യം എത്തുന്നത്. തണ്ടാനിൽനിന്ന‌് കാവേറ്റത്തിനുള്ള അനുമതി സ്വീകരിച്ചശേഷമാണ് ദേശവലത്ത് ആരംഭിക്കുന്നത്. നിലവിളക്കും നിറപറയും നാഴിയരിയും ഇടങ്ങഴി നെല്ലും നാളികേരവും കാർഷികവിഭവങ്ങളും ഒരുക്കിവച്ചാണ് തിറയെ സ്വീകരിക്കുന്നത്. മലക്കൽ, ഓതിരം മറിയൽ, തവളച്ചാട്ടം, മുതലച്ചാട്ടം, പിണങ്കാല്, വെട്ടിമലക്കം, അടിവാളുവീശൽ തുടങ്ങിയവക്കുശേഷം തിറ കുമ്പിട്ട് പറതളിച്ച് അരിയും പൂവും വീട്ടാളുകളുടെ ശിരസ്സിൽ തൂവി അനുഗ്രഹിക്കുന്നു. വശങ്ങളിലുറപ്പിച്ചിട്ടുള്ള ലോഹവളയങ്ങളിൽ കെട്ടിമുറുക്കിയ തോർത്തിൽ പിടിച്ച് തിറയുടെ സമനില തെറ്റാതെ ഒറ്റക്കാലിൽ തുള്ളിക്കൊണ്ട് മറുകാലൂന്നിത്തിരിഞ്ഞ് താഴ്‌ന്നശേഷം നിവർന്നുപൊങ്ങിയാണ് കുമ്പിടുന്നത്. തുടർന്ന് തിറയും പരിവാരങ്ങളും കാവിലേക്കു നീങ്ങുന്നു. പൂതങ്ങളോടും തിറകളോടുമൊപ്പം പറയൻകളിയും കുതിരകളും കണ്ടുവരുന്നു. ഈ ഘോഷയാത്ര കാവിന്റെ പരിസരത്തെത്തുമ്പോൾ വേലവരവ് എന്നാണ് പേര്. കാവിലെ ദർശനക്കളിയിൽ പറയും തുടിയും ചിലമ്പും മുഴക്കുന്ന ചടുലതാളത്തിനൊത്ത് തിറകളും പൂതങ്ങളും ദേശവാസികളും ആവേശത്തോടെ ഇടകലർന്നു കളിക്കുന്നു. പതിനെട്ടരക്കോൽ കണക്കിലാണ് ഇവർ കളിക്കുന്നതെന്നൊരു പറച്ചിലുണ്ട്. ഈ പറച്ചിലിന‌് രണ്ടർഥമുണ്ട്. കളിയുടെ താളക്കണക്കെന്ന നിലയിലാണ് ആദ്യത്തെ അർഥം.
കൊടിയേറിയതിനുശേഷം വീട്ടുമുറ്റങ്ങളിൽ കളിക്കുന്നത് പതിനെട്ടുകോലും ഉത്സവദിവസം കാവിൽ കളിക്കുന്നത് അരക്കോലും എന്നതാണ് രണ്ടാമത്തെ അർഥം. കാവിൽ കളിച്ച് നടയിൽ കുമ്പിടുന്നതോടെ അക്കൊല്ലത്തെ കളി പൂർണമാകുന്നു. വരുംവർഷം വേലയ്‌ക്ക് മുളയിടുകയോ പൂരത്തിന് കൊടിയേറുകയോ ചെയ്യുന്നതുവരെ ആ ദേശത്ത് പൂതനും തിറയും പിന്നെ ഇറങ്ങുകയില്ല.
bravikumar61@gmail.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..