30 October Wednesday

കണ്ണീരായി കനലായി വാച്ചാത്തി

സി അജിത് ajithdesh@gmail.comUpdated: Sunday Oct 15, 2023

തങ്ങൾ ബലാത്സംഗത്തിന്‌ ഇരയായ ഏരിക്കര എന്ന പ്രദേശം ചൂണ്ടിക്കാട്ടുന്ന വാച്ചാത്തി ഗ്രാമത്തിലെ സ്‌ത്രീകൾ. തങ്ങളുടെ ചിത്രം കൊടുക്കണമെന്ന്‌ അവർ ആവശ്യപ്പെട്ടിട്ടും അവരുടെ മുഖം ഞങ്ങൾ മാസ്‌ക്‌ ചെയ്യുന്നു‐ എഡിറ്റർ േഫാട്ടോ: സി അജിത്‌

ഏരിക്കരയിലെ മുൾക്കാട്ടിൽ വച്ച്‌ 18 പെൺകുട്ടികളെയാണ് യൂണിഫോം ധരിച്ച പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തത്. പെൺകുട്ടികളുടെ വസ്ത്രങ്ങൾ കീറിപ്പറിച്ചു. മുള്ള് കൊണ്ട് ശരീരമാകെ മുറിവേറ്റു. മുറിവുകളുടെ നീറ്റലുമായി ഒരു രാത്രി മുഴുവൻ ഫോറസ്റ്റ് ഓഫീസിൽ. അവിടെ വച്ചും ക്രൂരമർദനം. രക്ഷിതാക്കളുടെ മുന്നിലും പെൺകുട്ടികളുടെ തുണി ഉരിഞ്ഞു. ഒരാളെയും ഉറങ്ങാൻ അനുവദിച്ചില്ല. ദാഹിച്ചു വലഞ്ഞ് ഒരിറ്റ്‌ വെള്ളം ചോദിച്ചപ്പോൾ മൂത്രമൊഴിച്ചു തരാമെന്ന് ആൺ പൊലീസുകാർ. മൂത്രം ഒഴിക്കാൻ സൗകര്യമൊരുക്കണമെന്ന് അപേക്ഷിച്ച സ്ത്രീകളോട് തങ്ങൾക്ക് മുന്നിൽ പരസ്യമായി ഒഴിച്ചോളൂ എന്നും അധിക്ഷേപം. വിശന്നുവലഞ്ഞവരുടെ മുന്നിലേക്ക് കഴിച്ച ആട്ടിറച്ചിയുടെ ഉച്ഛിഷ്ടം മണ്ണുപുരട്ടി എറിഞ്ഞു കൊടുത്തു. സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും ഗർഭണിയെയും ഉൾപ്പെടെ തല്ലിച്ചതച്ചു. വീടും സമ്പാദ്യവും അരിയും വസ്‌ത്രവും ധാന്യങ്ങളുംവരെ ഒറ്റ രാത്രികൊണ്ട്‌ നഷ്ടപ്പെട്ട ഒരു സമൂഹം തെരുവിലിറക്കപ്പെട്ടു. ചന്ദനക്കടത്തെന്ന കള്ളക്കേസ് ചുമത്തി വാച്ചാത്തി ഗ്രാമത്തിൽ തമിഴ്‌നാട് ഭരണകൂടം നടത്തിയ ക്രൂരത ഹൃദയഭേദകം. 30 വർഷത്തിനുശേഷം കുറ്റക്കാരെ മദ്രാസ്‌ ഹൈക്കോടതി ശിക്ഷിച്ചപ്പോൾ അത്‌ സിപിഐ എം നേതൃത്വത്തിൽ നടത്തിയ ത്യാഗോജ്വല പോരാട്ടത്തിന്റെ വിജയംകൂടിയായി.

പരന്തായ്‌ അമ്മ

പരന്തായ്‌ അമ്മ

ഓരോ ചുവടിലും വീഴാതെ തങ്ങളെ ചേർത്ത് പിടിച്ചത് സിപിഐ എമ്മും തമിഴ്‌നാട്‌ ട്രൈബൽ അസോസിയേഷനുമാണെന്ന് വാച്ചാത്തിയിൽ ആക്രമണത്തിന് ഇരയായവർ ഒരേ ശബ്ദത്തിൽ പറയുന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക്‌ നീതി കിട്ടാൻ മൂന്ന്‌ പതിറ്റാണ്ട്‌ അവർ പോരാടി. അന്നവും വസ്‌ത്രവും നൽകി. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ ആത്മവിശ്വാസത്തിന്റെ കരുത്തും ഊർജവും പകർന്ന്‌ ജീവിതത്തിലേക്ക്‌ കൈപിടിച്ചുയർത്തിയതും  ചെങ്കൊടി പ്രസ്ഥാനമാണ്‌. - വാച്ചാത്തിയിലെ സ്ത്രീകളുടെ സാക്ഷ്യം. 

കൊടിയ പീഡനത്തിന്റെ ഭയാനക നിമിഷങ്ങൾ വാച്ചാത്തിയിലെ പരന്തായ്‌ അമ്മയ്ക്ക് കനലായി മനസ്സിലുണ്ട്. പൊലീസ് മർദനത്തിന് ഇരയാവുകയും കള്ളക്കേസിൽ ജയിലിൽ അടയ്‌ക്കപ്പെടുകയും ചെയ്‌ത പരന്തായ്‌ അമ്മയ്‌ക്ക്‌ ഇപ്പോൾ 71 വയസ്സ്‌. മൂന്ന്‌ പതിറ്റാണ്ട്‌ മുമ്പ്‌ നാടും നാട്ടാരും തങ്ങളും നേരിട്ട ക്രൂരതയും പിന്നീട്‌ നീതിക്കായി നടത്തിയ ഐതിഹാസ പോരാട്ടവും അവർ വിവരിച്ചു. കണ്ണുനിറഞ്ഞും തൊണ്ട ഇടറിയും പുറത്തേക്ക് വരുന്ന ഓരോ വാക്കും നമ്മുടെയും ശ്വാസം മുട്ടിക്കും.

ക്രൂരതയ്ക്ക് തുടക്കമിട്ട ശനിയാഴ്ച

തമിഴ്‌നാട്‌ ധർമപുരി ജില്ലയിലെ സിത്തേരി മലയുടെ താഴ്‌വാരത്തിലാണ്‌ വാച്ചാത്തി ഗ്രാമം. മലൈയാളി ആദിവാസി വിഭാഗത്തിലെ 250 ഓളം കുടുംബങ്ങൾ വസിച്ചിരുന്ന പ്രദേശം. കൂലിപ്പണിയിലൂടെ അന്നത്തിന്‌ വക കണ്ടെത്തിയവർ. പരസ്‌പര സ്‌നേഹവും സമാധാനവും നിറഞ്ഞുനിന്ന നാട്ടിൽ ഹൃദയശൂന്യരായവർ യൂണിഫോം ധരിച്ചെത്തിയത്‌ 1992 ജൂൺ 20 ശനിയാഴ്‌ച വൈകിട്ടാണ്. ശെൽവരാജ്‌ എന്ന ഫോറസ്‌റ്റ്‌ ഓഫീസറാണ്‌ പ്രശ്‌നത്തിന് തുടക്കമിട്ടത്‌. കാട്ടിൽനിന്നുള്ള ചന്ദനക്കടത്തിന്‌ കൂട്ടുനിന്നു എന്ന പേരിൽ ഗ്രാമത്തലവൻ പെരുമാൾ ഗൗണ്ടറെ ശെൽവരാജ്‌ ചോദ്യം ചെയ്‌തു. ആരോപണം നിഷേധിച്ച പെരുമാളിനെ ക്രൂരമായി മർദിച്ചു. ഇതുകണ്ട്‌ തടിച്ചുകൂടിയ നാട്ടുകാരെയും കൈയേറ്റം ചെയ്‌തു. നാട്ടുകാർ പ്രതിരോധിച്ചു. അടിയേറ്റുവീണ ശെൽവരാജിനെ കാളവണ്ടിയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ്‌ മുൻനിശ്‌ചയിച്ച പ്രകാരം ലോറി ഉൾപ്പെടെ 17 വാഹനത്തിലായി വനം, പൊലീസ്‌, റവന്യു വകുപ്പുകളിലെ 300ഓളം പേർ ആയുധങ്ങളുമായി എത്തിയത്‌. നരനായാട്ടായിരുന്നു പിന്നീട്. കണ്ടവരെയെല്ലാം സായുധ സംഘം തല്ലി. ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിയരച്ചു. വീടുകൾ തകർത്തു. അരിയും മറ്റ് ഭക്ഷണ സാധനങ്ങളും റോഡിലേക്ക് വലിച്ചെറിഞ്ഞു.  മണ്ണെണ്ണയൊഴിച്ച്‌ നശിപ്പിച്ചു. പൊതുകിണർ മലിനമാക്കി. ആഭരണങ്ങളും ചെറു സമ്പാദ്യങ്ങളും കൊള്ളയടിച്ചു. ശാന്തമായിരുന്ന വാച്ചാത്തി ഗ്രാമം ശ്‌മശാന സമാനമായി.

18 പെൺകുട്ടികളെ തെരഞ്ഞെടുത്ത്‌ ബലാത്സംഗം

ആക്രമണത്തിൽ വിറങ്ങലിച്ച നാട്ടുകാർ വീടുവിട്ടിറങ്ങി ആൽമരത്തിന് ചുറ്റും ഒത്തുചേർന്നു. അവിടെവച്ചും ഉദ്യോഗസ്ഥർ മർദിച്ചു. പലരുടേയും തലപൊട്ടി ചോര വാർന്നു. പൊലീസുകാർ സ്ത്രീകളിൽനിന്ന് ചെറുപ്പക്കാരികളെ വേർതിരിച്ചു നിർത്തി. എട്ടാം ക്ലാസ് വിദ്യാർഥിനി ഉൾപ്പെടെ 18 പേരെ ലോറിയിൽ വലിച്ചുകയറ്റി. എന്റെ മകളും അതിലുണ്ടായിരുന്നു. ഒളിപ്പിച്ചുവച്ച ചന്ദനത്തടികൾ കണ്ടെടുക്കാനെന്ന പേരിലായിരുന്നു നടപടി. ചന്ദനത്തടിയെക്കുറിച്ച് ഞങ്ങൾക്ക് അറിവില്ലെന്ന് അലറിക്കരഞ്ഞിട്ടും പെൺകുട്ടികളെ ബലംപ്രയോഗിച്ച്‌ കൊണ്ടുപോയി. ഇവരെ തൊട്ടടുത്തുള്ള ഏരിക്കടുത്തുള്ള മുൾക്കാട്ടിൽ എത്തിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു. ശരീരത്തിൽനിന്ന് ചോരവാർന്നൊലിക്കുമ്പോഴും പീഡനം തുടർന്നു. ആൽമരച്ചുവട്ടിൽ ഇരിക്കുന്ന ഞങ്ങളാരും 200 മീറ്റർ അകലെ നടക്കുന്നത് എന്തെന്ന് അറിഞ്ഞില്ല. വൈകിട്ട് കൊണ്ടുപോയ പെൺകുട്ടികളെ രാത്രി ഒമ്പതിനാണ് തിരികെ എത്തിച്ചത്. അപ്പോഴും മറ്റുള്ളവരോട് മിണ്ടാൻ അവരെ അനുവദിച്ചില്ല. പിന്നീട് നൂറിലേറെ പേരെ അരൂർ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു. അവിടെയും പീഡനം തുടർന്നു.

മൂത്രം തരാം, കുടിച്ചോളൂ

സ്‌ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നൂറിലധികം പേരെ ഒന്നിച്ചാണ്‌ ഫോറസ്‌റ്റ്‌ ഓഫീസിൽ ഇരുത്തിയത്‌. ഉദ്യോഗസ്ഥർ മാറിമാറി വന്ന് ഞങ്ങളെ മർദിച്ചു. മുട്ടിൽ നിർത്തി ചുമലിൽ ഉദ്യോഗസ്ഥർ കയറി നിന്നു. കാൽ നീട്ടിവച്ച്‌ മുട്ടിൽ മരക്കഷ്‌ണം കൊണ്ട്‌ ആഞ്ഞടിച്ചു. പലർക്കും നിൽക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥ. ആക്രമണത്തിനിടെ എന്റെ സാരി അഴിഞ്ഞു. പാവാടയും ബ്ലൗസും മാത്രമായി നിൽക്കേണ്ട അവസ്ഥ. അതിനിടെ, സ്‌ത്രീകളുടെ കൈകളിൽ ചൂല്‌ തന്ന്‌ ഗ്രാമത്തലവനായ പെരുമാളിനെ അടിക്കാൻ പറഞ്ഞു. ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അദ്ദേഹത്തെ അപമാനിക്കാൻ ഞങ്ങൾക്കായില്ല. അടിക്കാൻ വിസമ്മതിച്ചവരെ പൊതിരെ തല്ലി. ഒന്നുരണ്ടു പേർ പീഡനം ഭയന്ന്‌ അനുസരിച്ചു. ഒരു രാത്രി മുഴുവൻ ഒരിറ്റ്‌ വെള്ളമോ ഭക്ഷണമോ തന്നില്ല. ദാഹിച്ച്‌ വലഞ്ഞപ്പോൾ ഒരാൾ കുടിവെള്ളം ചോദിച്ചു. മൂത്രം തരാമെന്നായിരുന്നു മറുപടി. പിറ്റേന്ന്‌ രാവിലെ ഉദ്യോ ഗസ്ഥർ വാച്ചാത്തിയിലെത്തി ഞങ്ങൾ പോറ്റിവളർത്തിയ ആടുകളെ വെട്ടി കറിവച്ച്‌ കഴിച്ചു. വെട്ടിയ ആടിന്റെ കുടൽമാല ഉൾപ്പെടെ അവശിഷ്ടങ്ങൾ പൊതു കിണറിൽ തള്ളി. ഓയിലോടുകൂടി മോട്ടോറും കിണറ്റിലിട്ടു. ഇതോടെ ഗ്രാമത്തിന്റെ ഏക ജലസ്രോതസ്സ്‌ അടഞ്ഞു. വിശന്ന്‌ വലഞ്ഞവർക്ക്‌ ഉദ്യോഗസ്ഥർ കഴിച്ച ആട്ടിറച്ചിയുടെ ഉച്ഛിഷ്ടം മണ്ണ്‌ ചേർത്താണ്‌ നൽകിയത്‌. ഇത്‌ കഴിക്കാൻ വിസമ്മതിച്ചതിനും കിട്ടി അടി.

ഇന്ദ്രാണിയുടെ മകൾ ജയിൽറാണി

രണ്ട്‌ ദിവസം കഴിഞ്ഞാണ്‌ ഞങ്ങളെ അരൂർ മജിസ്‌ട്രേട്ട്‌ കോടതിയിൽ ഹാജരാക്കിയത്‌. പീഡനത്തെക്കുറിച്ച്‌ എന്തെങ്കിലും കോടതിയിൽ മിണ്ടിയാൽ കൊല്ലുമെന്നായിരുന്നു ഭീഷണി. 75 സ്‌ത്രീകൾ ഉൾപ്പെടെ 105 പേർക്കെതിരെയാണ്‌ കേസെടുത്തത്‌. ചന്ദനക്കടത്തിന്‌ കൂട്ടുനിൽക്കൽ, ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി. ഒമ്പതുമാസം ഗർഭിണിയെ ഉൾപ്പെടെ പ്രതിചേർത്തു. രണ്ടുപേരെ വീതം ചേർത്ത്‌ വിലങ്ങണിയിച്ച്‌ റോഡിലൂടെ നടത്തിയാണ്‌ കോടതിയിൽ എത്തിച്ചത്‌. ചെയ്ത കുറ്റം എന്തെന്നുപോലും അറിയാതെയുള്ള കുറ്റവിചാരണയിൽ ഞങ്ങൾ തകർന്നു. ഭയംമൂലം കോടതിയിൽ ഒന്നും മിണ്ടാനായില്ല. ഞങ്ങളുടെ ദുരിതമയമായ അവസ്ഥ കണ്ടിട്ട്‌ പോലും മജിസ്‌ട്രേട്ടും ഒന്നും ചോദിച്ചില്ല. തുടർന്ന്‌ സേലം ജയിലിലേക്ക്‌ മാറ്റി. ഒന്നു മുതൽ മൂന്ന് മാസം വരെ തടവ്‌. ഒമ്പതുമാസം ഗർഭിണിയായിരിക്കെ ജയിലിലെത്തിയ ഇന്ദ്രാണി അവിടെ പ്രസവിച്ചു. ജയിലിൽ ജനിച്ച പെൺകുട്ടിക്ക്‌ ജയിൽറാണി എന്ന്‌ പേരിട്ടു.

സിപിഐ എം നേതാക്കളെ വാച്ചാത്തി ഗ്രാമത്തിലേക്ക്‌ ആരതി ഉഴിഞ്ഞ് വരവേൽക്കുന്നു

സിപിഐ എം നേതാക്കളെ വാച്ചാത്തി ഗ്രാമത്തിലേക്ക്‌ ആരതി ഉഴിഞ്ഞ് വരവേൽക്കുന്നു

ചെങ്കൊടിത്തണലിൽ മലയിറക്കം

സിപിഐ എം നേതൃത്വത്തിലുള്ള തമിഴ്‌നാട്‌ ട്രൈബൽ അസോസിയേഷന്റെ (ടിഎൻടിഎ)  യോഗം വിളിച്ചുചേർക്കാൻ 1992 ജൂലൈ ഏഴിന്‌ നേതാക്കൾ വാച്ചാത്തിയിൽ എത്തിയപ്പോഴാണ്‌ കൊടും ക്രൂരതയെക്കുറിച്ച്‌ അറിഞ്ഞത്‌. ഗ്രാമവാസികളെല്ലാം ഭയപ്പാടിൽ നാടുവിട്ട്‌ സമീപത്തുള്ള സിത്തേരി, കളസംപാടി മലകളിൽ അഭയം പ്രാപിച്ചിരുന്നു. ഇവരെ തിരിച്ചുവിളിക്കാൻ ശ്രമിച്ചെങ്കിലും ആരും വരാൻ കൂട്ടാക്കിയില്ല. ഭീതി അവരെ അത്രമേൽ വേട്ടയാടിയിരുന്നു. ഒടുവിൽ, സിപിഐ എം നേതാക്കൾ ചെങ്കൊടി വീശി. ആ കൊടിയുടെ ധൈര്യത്തിലാണ്‌ വാച്ചാത്തിക്കാർ മലയിറങ്ങിയത്‌. പിന്നീട്‌, ടിഎൻടിഎ നേതാവ്‌ പി ഷൺമുഖത്തിന്റെ നേതൃത്വത്തിൽ നേതാക്കൾ വാച്ചാത്തിയിലെത്തി. അന്നുമുതൽ ചെങ്കൊടിത്തണലിലാണ്‌ വാച്ചാത്തിയുടെ യാത്ര. ജയിൽവാസം കഴിഞ്ഞ് തിരിച്ചെത്തിയവർക്ക് വസ്ത്രവും പാത്രങ്ങളും ഭക്ഷണത്തിനുള്ള വിഭവങ്ങളും നൽകിയത് സിപിഐ എം പ്രവർത്തകർ.

30 വർഷത്തെ നിയമപോരാട്ടം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറിയും രാജ്യസഭാ എംപിയുമായിരുന്ന എ നല്ലശിവവും പി ഷൺമുഖവുമാണ്‌ വാച്ചാത്തി സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്‌ അന്നത്തെ മുഖ്യമന്ത്രി ജയലളിതയ്‌ക്ക്‌ കത്തയച്ചത്‌. എന്നാൽ, സംഭവം കെട്ടിച്ചമച്ചതാണെന്നും ഗ്രാമത്തിൽ റെയ്‌ഡ്‌ നടത്തിയത്‌ ചന്ദനവേട്ട തടയാനാണെന്നുമായിരുന്നു  വനംമന്ത്രി കെ എ ചെങ്കോട്ടയന്റെ നിയമസഭയിലെ വിശദീകരണം. പിന്നീട്‌ കോടതി ഇടപെടലിനെ തുടർന്ന്‌ പട്ടികവിഭാഗ ദേശീയ കമീഷൻ ഡയറക്ടർ ഭാമതി വാച്ചാത്തി സന്ദർശിച്ച്‌ റിപ്പോർട്ട്‌ നൽകിയെങ്കിലും എഐഎഡിഎംകെ സർക്കാർ അത്‌ മുഖവിലയ്‌ക്ക്‌ എടുത്തില്ല. നല്ലശിവം മദ്രാസ്‌ ഹൈക്കോടതിയിൽ നൽകിയ ഹർജി ജസ്‌റ്റിസ്‌ പത്മിനി ജെസുദുരൈ തള്ളി. കുറ്റം ആരോപിക്കപ്പെടുന്നവർ നല്ല വിദ്യാഭ്യാസം ഉള്ളവരാണെന്നും അവർ ഇങ്ങനെ ചെയ്യാൻ സാധ്യതയില്ലെന്നുമുള്ള വിചിത്ര വാദം മുൻനിർത്തിയാണ് ഹർജി തള്ളിയത്‌. സിപിഐ എം നേതൃത്വത്തിൽ നിയമപോരാട്ടം തുടർന്നു. കോടതിക്ക്‌ പുറത്തും നിരാഹാരം ഉൾപ്പെടെയുള്ള സമരം നടത്തി. പി ഷൺമുഖം, അണ്ണാമലൈ, ദില്ലി ബാബു തുടങ്ങിയ നേതാക്കൾ പ്രാദേശികമായി നേതൃത്വം നൽകി. ഡിവൈഎഫ്‌ഐ, മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകളും ഒപ്പം ചേർന്നു. ഒടുവിൽ 1995ലാണ്‌ കോടതി സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. 1996 ഏപ്രിൽ 25ന് സിബിഐ അന്വേഷണ റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു. വനം, പൊലീസ്‌, റവന്യു വകുപ്പിലെ 269 പേർക്കെതിരെ ബലാത്സംഗം ഉൾപ്പെടെ വിവിധ കുറ്റം ചുമത്തിയായിരുന്നു റിപ്പോർട്ട്‌. പിന്നെയും പത്തുവർഷം കഴിഞ്ഞാണ്‌ വിചാരണ ആരംഭിച്ചത്‌. 2011 സെപ്‌തംബർ 29ന് അതേവരെ മരിച്ച 54 പേർ ഒഴികെ 215 പ്രതികളെയും ധർമപുരി ജില്ലാ പ്രിൻസിപ്പൽ കോടതി ശിക്ഷിച്ചു. 126 വനംവകുപ്പ്‌ ഉദ്യോഗസ്ഥർ, 84 പൊലീസ്‌, അഞ്ച്‌ റവന്യു ഉദ്യോഗസ്ഥർ എന്നിവർക്ക് ഒന്ന്‌ മുതൽ പത്ത്‌ വർഷം വരെ തടവാണ്‌ വിധിച്ചത്‌. ശിക്ഷിക്കപ്പെട്ടവരിൽ നാല്‌ ഇന്ത്യൻ ഫോറസ്‌റ്റ്‌ സർവീസ്‌(ഐഎഫ്‌എസ്‌) ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 2012 ൽ വാച്ചാത്തി ഗ്രാമത്തിലെ 105 പേർക്കെതിരെ ചുമത്തിയ കള്ളക്കേസ്‌ മദ്രാസ്‌ ഹൈക്കോടതി റദ്ദാക്കി. 2011 ലെ കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ തള്ളിയാണ് 2023 സെപ്തംബർ 29 ന് ഹൈക്കോടതി ജസ്റ്റിസ് പി വേൽമുരുകൻ ശിക്ഷ ശരിവച്ചത്. ശിക്ഷാവിധിക്ക് മാസങ്ങൾക്ക് മുമ്പ് ജസ്റ്റിസ് പി വേൽമുരുകൻ വാച്ചാത്തിയും കിലോമീറ്ററുകൾ നടന്ന് കളസംമലയും സന്ദർശിച്ച് മൊഴി രേഖപ്പെടുത്തി. ഇതോടെ പ്രതികളുടെ വാദങ്ങളെല്ലാം പൊളിഞ്ഞു. കേസിൽ ഇത് അതിനിർണായകമായി. ബലാത്സംഗത്തിന് ഇരയായ 18 പെൺകുട്ടികൾക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോട് നിർദേശിച്ചു. അതിക്രമം നടന്നപ്പോൾ ഉചിതമായി ഇടപെടാതിരുന്ന കലക്ടർ, എസ്‌പി, ജില്ലാ ഫോറസ്റ്റ് ഓഫീസർ എന്നിവർക്കെതിരെ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്‌. പീഡനം നേരിട്ടവരുടെ കുടുംബത്തിലെ ഒരാൾക്കെങ്കിലും സർക്കാർ ജോലിയോ സ്വയം തൊഴിലിനുള്ള സൗകര്യമോ ഒരുക്കാനും ഉത്തരവിൽ പറയുന്നു.

ഹൈക്കോടതി വിധിയെ തുടർന്ന് വാച്ചാത്തിയിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന ആഹ്ലാദ പ്രകടനം

ഹൈക്കോടതി വിധിയെ തുടർന്ന് വാച്ചാത്തിയിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന ആഹ്ലാദ പ്രകടനം

വീരപ്പൻ കഥ

കാട്ടുകള്ളൻ വീരപ്പനെ ചന്ദനം കടത്താൻ വാച്ചാത്തിക്കാർ സഹായിച്ചതാണ് പ്രശ്നത്തിന് ആധാരമെന്ന ഒരു പ്രചാരമുണ്ടായി. എന്നാൽ, വീരപ്പനുമായി ഒരു ബന്ധവും വാച്ചാത്തിക്ക് ഇല്ല. ‘ഞങ്ങളാരും ഇതേ വരെ വീരപ്പനെ കണ്ടിട്ടുപോലുമില്ല. ഇവിടത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ, അന്നത്തെ എഐഎഡിഎംകെ സർക്കാരിന്റെ പിന്തുണയോടെ നടത്തിയ ചന്ദനക്കടത്തിന് മറയിടാൻ ഞങ്ങളെ കരുവാക്കുകയായിരുന്നു. അതിന് ഒരുക്കിയ തിരക്കഥയാണ് ഉദ്യോഗസ്ഥർ നടപ്പാക്കിയ’തെന്ന്‌ പരന്തായ് അമ്മ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top