പാശ്ചാത്യവും പൗരസ്‌ത്യവുമായ നാടകസങ്കല്പങ്ങളുടെ കലർപ്പിൽ ക്രൈസ്‌തവ സമൂഹത്തിലെ അരങ്ങിലെത്തിയ കലാരൂപമാണ് ചവിട്ടുനാടകം. അമ്പലപ്പുഴമുതൽ കൊടുങ്ങല്ലൂർവരെയുള്ള തീരഗ്രാമങ്ങളിലാണ് ചവിട്ടുനാടകം പ്രചാരത്തിലുണ്ടായിരുന്നത്. ഇന്ന് കൊച്ചി, ആലപ്പുഴ മേഖലകളിൽ ചവിട്ടുനാടകസംഘങ്ങൾ പ്രവർത്തിക്കുന്നു. പോർച്ചുഗീസുകാരുടെ കാലഘട്ടത്തിൽ യൂറോപ്യൻ പാതിരിമാർ ഓപ്പറയുടെ മാതൃകയിൽ ചിട്ടപ്പെടുത്തിയതാണ് ചവിട്ടുനാടകം എന്നൊരഭിപ്രായമുണ്ട്. ഹൈന്ദവസമൂഹങ്ങളിലെ അരങ്ങുകളിൽ മാത്രം അവതരിപ്പിച്ചിരുന്ന കൂടിയാട്ടവും കഥകളിയും ആസ്വദിക്കാൻ ഹൈന്ദവേതരർക്ക് മുമ്പ് സാധിച്ചിരുന്നില്ല. ആ സാമൂഹിക സാഹചര്യമാണ് ചവിട്ടുനാടകത്തിന്റെ പിറവിക്ക‌് ഹേതു. തമിഴകത്തിലെ തിരുച്ചിറപ്പള്ളി, തഞ്ചാവൂർ ദേശങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന നാട്ടുവ സംഗീതനൃത്തരീതിയിൽ വേദനായകംപിള്ള, ചിന്നത്തമ്പിപ്പിള്ള എന്നീ തമിഴ് പണ്ഡിതരാണ് ചവിട്ടുനാടകാവതരണത്തിന് തുടക്കംകുറിച്ചത്. അന്നുണ്ടായിരുന്ന പല കലാരൂപങ്ങളിലും എന്നപോലെ കളരിയഭ്യാസം ലഭിച്ചവരായിരുന്നു താണ്ഡവപ്രധാനമായ ചവിട്ടുനാടകത്തിലെയും അഭിനേതാക്കൾ.
12 വിധം ചുവടുകളാണ് ചവിട്ടുനാടകത്തെ മുന്നോട്ടുനയിക്കുന്നത്. കഥാപാത്രങ്ങളുടെ വേഷത്തിനും സ്വഭാവത്തിനും അനുസരിച്ച് ചുവടുകൾ വ്യത്യസ്‌ത മാകുന്നു. സ്‌ത്രീവേഷത്തിന‌് ലാസ്യപ്രധാനമായ ചുവടുകളും പുരുഷവേഷത്തിന് വീര, രൗദ്ര പ്രാധാന്യമുള്ള ചുവടുകളുമാണ്. സത്വ‐രജ‐തമോഗുണങ്ങൾക്ക് വെവ്വേറെ ചുവടുകൾ. അടിസ്ഥാന ചുവടുകൾ, കവിത്തങ്ങൾ, കലാശങ്ങൾ, ഇടക്കലാശങ്ങൾ, ഇരട്ടിപ്പുകൾ എന്നിങ്ങനെയുള്ള ചുവടുകൾ പരിശീലിച്ചശേഷമാണ് അരങ്ങേറ്റം. അണ്ണാവി എന്നാണ് ആശാൻ അറിയപ്പെടുന്നത്. ചുവടുകൾ, താളം, സംഗീതം, നൃത്തം, അഭിനയം, കളരിപ്പയറ്റ് തുടങ്ങിയ അംശങ്ങളിലെല്ലാം ആശാന് പ്രാഗത്ഭ്യമുണ്ടാകും. നാടകസാഹിത്യം തമിഴിലായതിനാൽ അവ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനും വ്യാഖ്യാനിക്കാനും കഴിയുന്നയാളായിരിക്കണം ആശാൻ.
കുരിശിന്റെ മുമ്പിൽ നിലവിളക്ക‌് തെളിച്ച് ആശാന് ദക്ഷിണ നൽകിയശേഷം ചുവടി എന്നു വിളിക്കപ്പെടുന്ന നാടകഗ്രന്ഥത്തിലും ദക്ഷിണവച്ച് വണങ്ങുന്നതോടെ പരിശീലനം ആരംഭിക്കും. ആശാനെയും ഗ്രന്ഥത്തെയും വണങ്ങുന്ന ചടങ്ങ് വഴങ്ങൽ എന്നാണ് അറിയപ്പെടുന്നത്. ദീർഘ പരിശീലനംകൊണ്ട് ചുവടുകൾ ഉറച്ചുകഴിയുന്നവരെ പിന്നീട് കളരി അടവുകൾ പഠിപ്പിക്കും. രണ്ടുവർഷം നീളുന്ന കളരി പരിശീലനത്തിൽ വടി, വാൾ, കുന്തം തുടങ്ങിയ ആയുധാഭ്യാസങ്ങൾ ഉൾപ്പെടുന്നു. ആയുധ പരിശീലനം പൂർത്തിയായിക്കഴിഞ്ഞാൽ അഭിനയ പ്രധാനമായ ചൊല്ലിയാട്ടം ആരംഭിക്കും. കൈയും മെയ്യും കണ്ണുമടക്കമുള്ള ശരീരഭാഷയും താളബദ്ധമായ ചുവടുകളും കഥാഭിനയത്തെ കൂടുതൽ ഫലപ്രദമാക്കും. ചുവടുകൾക്കും ശരീരചലനങ്ങൾക്കും പ്രാധാന്യമുള്ളതുകൊണ്ട് ശരീരം അയയുന്നതിന് നടന്മാർക്ക് മെയ്യുഴിച്ചിൽ നിർബന്ധം. ഓരോ നടനും സ്വന്തം ഭാഗത്തിന്റെ ചുവടും ചൊല്ലിയാട്ടവും പരിശീലിച്ചുകഴിഞ്ഞാൽ കളരിയരങ്ങേറ്റം. പിന്നീടാണ് തട്ടിൽ അരങ്ങേറുക. ഗാനരൂപത്തിലുള്ള സംഭാഷണങ്ങൾ വിരുത്തം ഇന്ദിശൈ, താഴിശൈ, കവി, കാപ്പ്, തരു, തുയരം, കലിത്തുറ, ചിന്ത് തുടങ്ങിയ വർണമട്ടുകളിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
തുറന്ന സ്റ്റേജുകളിലായിരുന്നു ചവിട്ടുനാടകം കളിച്ചുവന്നത്. ഒന്നരക്കോൽ പൊക്കത്തിൽ തട്ടിട്ട് ചവിട്ടിയാൽ ശബ്ദംകേൾക്കുന്ന വണ്ണം പലകകൾ നിരത്തിയുറപ്പിച്ചാണ് സ്റ്റേജ‌് നിർമാണം. താളത്തിനൊത്ത് പാട്ടുപാടി ചുവടുവച്ചു ചാടുമ്പോൾ തട്ടിൽനിന്നും താളം മുഴങ്ങും. തട്ടുപൊളിപ്പൻ നാടകം എന്ന പേരുവന്നത് അങ്ങനെ. നീളം കൂടിയ തട്ടിന്റെ ഇരുവശത്തും ഒരാൾ പൊക്കത്തിൽ മേടകളും അതിലേക്ക് കയറാൻ കോണിയുമുണ്ടായിരുന്നു. രാജാക്കന്മാരെപ്പോലെ വലിയ കഥാപാത്രങ്ങൾ വിശ്രമിക്കുന്നതും തട്ടിലേക്കിറങ്ങിവരുന്നതും മേടയിൽനിന്നാണ്. തട്ടിനു സമീപമുള്ള കുരിശിനരികിൽ സദസ്യർക്ക് അഭിമുഖമായി ആശാനും പാട്ടുകാരും വാദ്യക്കാരും നിൽക്കും. ചെണ്ടയും മദ്ദളവും ഇലത്താളവുമായിരുന്നു വാദ്യങ്ങൾ. ഇന്ന് തമ്പേറ്, തബല, ഫിഡിൽ, ബുൾബുൾ, ഫ്ളൂട്ട്, ഗിത്താർ മുതലായ പശ്ചാത്തലവാദ്യങ്ങളും കീ ബോഡും കാണാം. ഇന്ന് സ്റ്റേജിന്റെ ഇടതുഭാഗത്തുകൂടി അരങ്ങിലേക്കു വരുന്ന കഥാപാത്രങ്ങളെ കാണുംവിധം ആശാനും പാട്ടുകാരും വാദ്യക്കാരും വലതുഭഗത്തായി ഇരിക്കുകയാണ് പതിവ്. പണ്ടുണ്ടായിരുന്ന മേടകൾ ഇന്നില്ല.
കേരളത്തിലെ നാടോടിനാടകങ്ങളിൽനിന്ന‌് ഭിന്നമായി കഥാപാത്രങ്ങൾക്ക് യോജിക്കുന്ന വർണപ്പകിട്ടുള്ള വേഷങ്ങളാണ് ചവിട്ടുനാടകത്തിൽ. ഗ്രീക്ക‌് രാജാക്കന്മാരുടെയും ഭടന്മാരുടെയും വേഷങ്ങൾക്ക‌് തുല്യമായ തിളങ്ങുന്ന അംഗവസ്‌ത്രങ്ങളും കിരീടവും ചെങ്കോലും പോർച്ചട്ടയും പടത്തൊപ്പിയും മറ്റും. വെൽവെറ്റ്, കസവ്, സിൽക്ക് തുണികളും വർണക്കടലാസുകളും അലങ്കാരത്തിനുപയോഗിക്കുന്നു.
കൊച്ചീക്കാരൻ വറീച്ചനണ്ണാവി രചിച്ച കാറൽമാൻ ചരിതമാണ് പ്രധാനമായും അവതരിപ്പിക്കാറുള്ളത്. എട്ടാംനൂറ്റാണ്ടിൽ റോമൻ ചക്രവർത്തിയായ കാറൽമാനും പടത്തലവന്മാരും തുർക്കികളെ തോല്പിക്കുന്നതും അവരെ ക്രിസ്‌തുമാർഗത്തിലേക്ക് മാറ്റപ്പെടുത്തുന്നതുമായ കഥ തമിഴിലാണ് എഴുതിയിട്ടുള്ളത്. അഞ്ചുഭാഗങ്ങളും എൺപതോളം കഥാപാത്രങ്ങളുമുള്ള കാറൽമാൻചരിതം അവതരിപ്പിക്കാൻ ഏഴുമുതൽ 15 ദിവസംവരെ വേണം. പ്രണയരംഗങ്ങളും യുദ്ധരംഗങ്ങളും പാതാളപര്യടനമടക്കമുള്ള അത്ഭുതരംഗങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. മൂന്നു മണിക്കൂർ നേരത്തേക്കുള്ള അവതരണത്തിനായി ചിട്ടപ്പെടുത്തിയ ഭാഗങ്ങളാണ് ഇപ്പോൾ കളിച്ചുവരുന്നത്.
സന്ധ്യയോടെ നാടകം വിളംബരംചെയ്‌ത് ചെണ്ടക്കാർ ഒന്നാം കേളി പെരുക്കും. അതോടെ അണിയറയിൽ നടന്മാർ വേഷമിട്ടു തുടങ്ങും. നടന്മാരുടെ നെറ്റിമേൽ അണ്ണാവി മനയോലകൊണ്ട് കുരിശുവരയ്‌ക്കും. രണ്ടുമണിക്കൂറിനുശേഷം രണ്ടാംകേളി പെരുക്കും. പത്തുമണിക്ക് നാടകം ആരംഭിക്കണമെങ്കിൽ എട്ടുമണിക്ക് രണ്ടാംകേളി പെരുക്കണം. ആശാനും ഗായകസംഘവും അഭിനേതാക്കളും കുരിശുവരച്ച് പ്രാർഥനാഗാനത്തിലേക്ക് കടക്കുന്നു. വിരുത്തം മൂളുക എന്നാണ് ഈ ഗാനശുശ്രൂഷ അറിയപ്പെടുന്നത്. ക്രിസ്‌തുദേവനെയും ഗുരുക്കന്മാരെയും വന്ദിച്ച് പാടിയശേഷം നാടകത്തിന്റെ ചുരുക്കവും പാടും. ഇരുവശങ്ങളിൽനിന്നായി കുട്ടികൾ തട്ടിലെത്തി ആശാനെ വണങ്ങി ചുവടുവച്ച് കഥ ചുരുക്കിപ്പറയും. അവർ പിൻവാങ്ങുന്നതോടെ മൂന്നാം കേളി പെരുക്കി നാടകം ആരംഭിക്കും.
കഥകളിയിലെ പുറപ്പാടുപോലെ ആഡംബരത്തോടെയുള്ള രാജാവിന്റെ പ്രവേശനരംഗമാണ് തുടക്കം. നിറപ്പകിട്ടാർന്ന രാജസദസ്സിലേക്ക് സർവാലങ്കാരഭൂഷിതനായി സൈന്യത്തിന്റെ അകമ്പടിയോടെ എത്തുന്ന രാജാവിനെ സൈനികർ സ്‌തുതിച്ചു പാടും. തുടർന്ന് നടനചിന്ത് പാടി മന്ത്രി എത്തും. രാജ്യസമാചാരങ്ങൾ കഴിഞ്ഞാൽ പ്രധാന കഥയോടു ബന്ധപ്പെടുത്തി ചില പ്രണയരംഗങ്ങളുണ്ടാകും. നായാട്ടോ യുദ്ധമോ ദിഗ്വിജയമോ നിർബന്ധം. തുർക്കി രാജാവിനെ യുദ്ധം ചെയ്‌തു പരാജയപ്പെടുത്തി വിജയം ആഘോഷിക്കുന്നതോടെ മൂന്നു മണിക്കൂർകൊണ്ട് അവതരിപ്പിക്കുന്ന നാടകം അവസാനിക്കും. ശരിയായ ആയുധങ്ങൾ ഉപയോഗിച്ചുള്ള യുദ്ധരംഗത്തിൽ പോർത്തുര പാടി വീരവാദങ്ങൾ മുഴക്കിയാണ് ചുവടുകൾ. വിദൂഷകനു തുല്യമായി തന്മയത്വത്തോടെ ഹാസ്യരംഗങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള കട്ടിയക്കാരൻ (കട്ടിയേൻ) എന്നൊരു കഥാപാത്രമുണ്ടായിരുന്നു. ഏതവസരത്തിലും തട്ടിലെത്തി തമിഴിലുള്ള നാടകത്തിന് മലയാളത്തിൽ വിവരണം നൽകി നാടകത്തെ മുമ്പോട്ടു നയിച്ചിരുന്നത് കട്ടിയക്കാരനായിരുന്നു. ഇപ്പോൾ കട്ടിയക്കാരൻ ഇല്ലാത്തതിനാൽ ഓരോ രംഗത്തിനും മുന്നോടിയായി മലയാളത്തിൽ രംഗവിവരണമുണ്ട്. നാടകാന്ത്യം അണ്ണാവി മംഗളസ്തുതി പാടും. അഭിനേതാക്കളൊരുമിച്ച് ഏറ്റുപാടി ചുവടുചവിട്ടി സഭാവന്ദനം ചെയ്യുന്നതോടെ നാടകം പൂർണം.
bravikumar61@gmail.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..