തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ദേവീക്ഷേത്രങ്ങളിൽ നടന്നുവരുന്ന അനുഷ്ഠാനകലാരൂപമാണ് കാളിയൂട്ട്. 'പറണേറ്റ്' എന്ന പേരിലും ഇത് അറിയപ്പെടുന്നു. തിരുവനന്തപുരത്തിനടുത്തുള്ള വെള്ളായണി ദേവീക്ഷേത്രവും ചിറയിൻകീഴിനടുത്തുള്ള ശാർക്കരദേവീക്ഷേത്രവും കാളിയൂട്ട് നടക്കുന്ന പ്രധാന ക്ഷേത്രങ്ങൾ. ഇളമ്പ, ആറ്റിങ്ങൽ തുടങ്ങിയ പ്രദേശങ്ങളിലുമുണ്ട‌് പ്രാദേശിക ഭേദത്തോടെ കാളിയൂട്ട്. കായംകുളം യുദ്ധത്തിൽ പരാജിതനായ മാർത്താണ്ഡവർമ മഹാരാജാവും സചിവോത്തമനായ രാമയ്യനും മടങ്ങിവരുംവഴി ശാർക്കരദേവീക്ഷേത്ര സന്നിധിയിലുള്ള ആൽത്തറയിലിരുന്നു വിശ്രമിച്ചു. യുദ്ധദേവതയായ ശാർക്കരഭഗവതിയോട് യുദ്ധവിജയത്തിനായി പ്രാർഥിക്കുകയും തനിക്കു വിജയമുണ്ടായാൽ ക്ഷേത്രസന്നിധിയിൽ കാളിയൂട്ട് അനുഷ്ഠിക്കാമെന്ന് നേർച്ചനേരുകയും ചെയ്തു. തുടർന്നുണ്ടായ യുദ്ധത്തിൽ മാർത്തണ്ഡവർമ മഹാരാജാവ് വിജയിക്കുകയും ശാർക്കരക്ഷേത്രത്തിൽ കാളിയൂട്ട് ആരംഭിക്കുകയും ചെയ്തതായി ഇന്നത്തെ തലമുറ വിശ്വസിക്കുന്നു. ഭദ്രകാളിയുടെ ദാരികനിഗ്രഹം കഥയാണ് കാളിയൂട്ടിന്റെ പുരാവൃത്തം.
ശാർക്കര കാളിയൂട്ടിന‌് ഒമ്പതുദിവസത്തെ ചടങ്ങുകൾ. പൊന്നറപ്പണിക്കർ വർഗസ്ഥാനികളായ പതിനാറരപ്പേരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് തുള്ളൽപ്പുര എന്ന സ്ഥാനത്തിനു സമീപം കാവൽമാടം എന്ന പേരിൽ പുരകെട്ടിയുണ്ടാക്കുന്നു. ചില ക്ഷേത്രങ്ങളിൽ പള്ളിക്കാമാടം എന്ന പേരിൽ ഈ പുര അറിയപ്പെടുന്നു. ഒന്നാം ദിവസം ക്ഷേത്രത്തിലെ പതിവുപൂജകൾക്കുശേഷം ശ്രീകോവിലിൽനിന്ന‌് ദേവിയെ ദീപം തെളിയിച്ച നിലവിളക്കിൽ ആവാഹിച്ച് കാവൽമാടപ്പുരയിൽ എഴുന്നള്ളിച്ചിരുത്തുന്നു. ദേവിക്ക് ഇരുവശങ്ങളിലുമായി രാജാവിന്റെ പ്രതിനിധിയും എട്ടുവീട്ടിൽപിള്ളമാരുടെ പ്രതിനിധിയും ഉപവിഷ്ടരാകുന്നു. രാജാവും പിള്ളയും ഇരുന്ന ശേഷം വെള്ളാട്ടം കളി ആരംഭിക്കുന്നു.
കാളിയൂട്ടിന്റെ ആദ്യത്തെ ഏഴുദിവസങ്ങളിൽ അനുഷ്ഠാനപൂർവം പൊന്നറപ്പണിക്കർസ്ഥാനികളായ പതിനേഴുപേർ ഒരാൾ പൊക്കമുള്ള ചുട്ടുകറ്റയുടെ വെളിച്ചത്തിൽ വെള്ളാട്ടംകളിയും കുരുത്തോലതുള്ളലും നടത്തുന്നു. മൂന്നു വെളുത്ത വസ്ത്രങ്ങൾ ഇതിന‌് ഉപയോഗിക്കുന്നു. ഉടുക്കാനും തലയിൽകെട്ടാനും വീശിക്കളിക്കാനും. വാദ്യത്തിന്റെ താളത്തിനനുസരിച്ച് മൂന്നാമത്തെ വെളുത്തവസ്ത്രത്തിന്റെ ഒരറ്റം കൈകളിൽ ഉയർത്തിപ്പിടിച്ച് വീശിയും ഇളക്കിയും കളിക്കാർ ചുവടുവയ്ക്കുന്നു.
മൂന്നാംദിവസം നാരദർ അരങ്ങിലെത്തുന്നു. ശിവനിർദേശാനുസരണം ദേശവാർത്തകൾക്കും സ്ഥലനിരീക്ഷണത്തിനായിട്ടുമാണ് വരവെന്ന് നാരദരുടെ സംഭാഷണത്തിൽനിന്നു മനസ്സിലാക്കാം. നാടോടിനാടകങ്ങളിലേതുപോലെ ചോദ്യോത്തര രീതിയാണ‌്. ഓ... ഓ... എന്നിങ്ങനെ നീട്ടിയുച്ചരിച്ചുകൊണ്ട് നാട്ടുകാര്യസ്ഥനോട് നാട്ടിലെ വിശേഷങ്ങൾ ചോദിച്ചറിയുന്നു.
വെള്ളാട്ടത്തിനും കുരുത്തോലതുള്ളലിനും ശേഷമാണ് നാലാം ദിവസം അനുഷ്ഠാനത്തിന്റെ ഭാഗമായി കാവലുടെനായർ രംഗത്തു പ്രവേശിക്കുന്നത്. ശിവൻ നന്ദികേശനെ കാളിയൂട്ടുപുരയിലേക്ക് മേൽനോട്ടത്തിന‌് അയക്കുന്നതായിട്ടാണ് ഐതിഹ്യം. ദേശസംരക്ഷകനായ കാവലുടെനായർ സാമൂഹ്യ വിമർശനം നടത്തുന്നു.അന്നത്തെ നായർ സമുദായത്തിലുണ്ടായിരുന്ന ബഹുഭാര്യാത്വത്തെ കഠിനമായി വിമർശിക്കുന്നു. അഞ്ചാംദിവസം കളത്തിലെത്തുന്ന ബ്രാഹ്മണത്വം നിറഞ്ഞ ഓലമ്പള്ളി, ഉഗ്രമ്പള്ളി എന്നീ കഥാപാത്രങ്ങളാണ് ഐരാണിപ്പറ ഇളയതും ഐരാണിപ്പറ മൂത്തതും.
ആറാം ദിവ സം വെള്ളാട്ടവും കുരുത്തോലതുള്ളലും കഴിയുമ്പോൾ കണിയാരും കുറുപ്പും പ്രവേശിക്കുന്നു. നനയർ, കാന്തർ എന്നീ പേരുകളിലറിയപ്പെടുന്ന ഈ കഥാപാത്രങ്ങളും ശിവനിർദേശാനുസരണം വന്ന ദൈവജ്ഞർ. സ്ഥലത്തെ വാലായ്മകൾ പ്രശ്നംവച്ച് പരിഹാരം നിർദേശിക്കുകയാണ് ഇവരുടെ കർത്തവ്യം. പുലയർപുറപ്പാട് ഏഴാം ദിവസത്തെ അനുഷ്ഠാനമാണ്. ഏഴുപുലയരും തമ്പുരാനുമടക്കം എട്ടുകഥാപാത്രങ്ങളാണ് പുറപ്പാടിൽ. പണിക്കന്മാരാണ് ഇതിൽ വേഷം ഇടുന്നത്. വില്വമംഗലം സ്വാമിയാരെ ഭയന്ന് ഭദ്രകാളി അനന്തശയനം കാട്ടിൽനിന്ന‌് ഒളിച്ചോടിവരുന്നവഴി പുലയിവേഷമെടുത്ത് പുലയരോടൊപ്പമിരുന്നു പുലയാട്ടുപറഞ്ഞു രസിച്ചതിന്റെ അനുസ്മരിക്കലാണ് പുലയർ പുറപ്പാടിന്റെ പിന്നിലുള്ള ഐതിഹ്യം. ശാർക്കരദേവിയെ പ്രതിഷ്ഠിച്ച വില്വമംഗലം സ്വാമിയാരെ അനുസ്മരിക്കുന്ന ചടങ്ങാണിത്. കാളിയൂട്ടിന്റെ ഗുരുവായ കോന്തിപ്പണിക്കരച്ചന്റെ പുറപ്പാടും ഈ ദിവസം തന്നെ നടക്കുന്നു. എട്ടാം ദിവസം ദാരികാന്വേഷണാർഥം ഭദ്രകാളിയും ദുർഗയും ദേശസഞ്ചാരം ചെയ്യുന്നു. ഭദ്രകാളി വടക്കോട്ടും ദുർഗ തെക്കോട്ടും യാത്രയാകുന്നു. പ്രത്യേകരീതിയിലുള്ള വേഷങ്ങളണിഞ്ഞ് ഓരോ വീട്ടിലും കയറിയിറങ്ങുന്ന ഭദ്രകാളിയെയും ദുർഗയെയും നിറപറയും നിലവിളക്കുംവച്ച് വീട്ടുകാർ സ്വീകരിക്കുന്നു.
ദാരികവധം അരങ്ങേറുന്ന കാളിയൂട്ട് ഒമ്പതാം ദിവസം വൈകിട്ട‌് അഞ്ചിന‌് ആരംഭിക്കുന്നു. പൊന്നറപ്പണിക്കന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങുകൾ ഒമ്പതോടെ സമാപിക്കും. മറ്റ് അനുഷ്ഠാനകലകളിൽനിന്നു വ്യത്യസ്തമായി രണ്ടു പറണുകൾ കാളിയൂട്ടിനായി നിർമിക്കുന്നു. ഭൂമിയിലും പാതാളത്തിലുമായാണ് കാളിദാരികസംഘർഷം പുരാവൃത്തത്തിൽ കാണുന്നത്. ദാരികന്റെ ഒരു തുള്ളി രക്തം ഭൂമിയിൽ വീണാൽ ആയിരം ദാരികന്മാർ ജന്മംകൊള്ളുമെന്നും അതിനാൽ വേതാളത്തിന്റെ നാവിന്മേലിട്ടാണ് ദാരികനെ നിഗ്രഹിച്ചതെന്നും പുരാവൃത്തം പറയുന്നുണ്ട്. രക്തം മുഴുവൻ വേതാളം നുണഞ്ഞ് ഇറക്കുന്നതിനാൽ ഭൂമിയിൽ പതിക്കുന്നില്ല. പറണ് ഭൂമിയിൽനിന്ന‌് ഉയർന്നു നിൽക്കുന്ന വേതാളത്തിന്റെ നാവിനെയും അനുസ്മരിപ്പിക്കുന്നു. 22 കോൽ 16 അംഗുലം പൊക്കമുള്ള നാലുതെങ്ങുകൾ പന്ത്രണ്ടും എട്ടും അടിദീർഘ ചതുരത്തിൽ കുഴിച്ചുനിർത്തി മുകളിൽ തട്ടുകെട്ടും. വലിയ പറണിന്റെ തെക്കുഭാഗത്ത് ഉദ്ദേശം 52 കോൽ അകലെ ദാരികന് കയറി ഇരിക്കുന്നതിനായി കമുകിൻ തടിയിൽ ചെറിയ പറണു നിർമിക്കും. പറണുകൾ നിർമിക്കാനാവശ്യമായ തടി തണ്ടാർ സമുദായക്കാരും പറണുകെട്ടാനുള്ള വടം ക്രൈസ്തവരുമാണ‌് നൽകുക. പറണു കൾ തല്ലിക്കൂട്ടി നിർമിക്കാനുള്ള അവകാശം ആശാരിമാർക്കാണ‌്. വലിയ പറണിലെ പൂജ കഴിഞ്ഞാലുടൻ ഭദ്രകാളി ദാരികനോടു യുദ്ധത്തിനു വരുന്നതായി ശംഖധ്വനി മുഴക്കി വിളിച്ചറിയിക്കും. ഭദ്രകാളി പറയുന്നതിന്റെ എതിർഭാഗം ദാരികൻ ചെറിയ പറണിൽ കയറിയിരുന്നു വിളിച്ചുപറയും. ഗാനരൂപത്തിലുള്ള ഈ ചൊല്ലുകൾ പറണിൽതോറ്റം എന്നറിയപ്പെടുന്നു. പറണിന് ഇത്രയധികം പ്രാധാന്യമുള്ളതുകൊണ്ടാണ് കാളിയൂട്ടിനെ പറണേറ്റ് എന്നു വിളിച്ചുവരുന്നത്.
ദാരികവധം അരങ്ങേറുന്ന കാളിയൂട്ട് ഒമ്പതാം ദിവസം വൈകിട്ട‌് അഞ്ചിന‌് ആരംഭിക്കുന്നു. പൊന്നറപ്പണിക്കന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങുകൾ ഒമ്പതോടെ സമാപിക്കും. മറ്റ് അനുഷ്ഠാനകലകളിൽനിന്നു വ്യത്യസ്തമായി രണ്ടു പറണുകൾ കാളിയൂട്ടിനായി നിർമിക്കുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..