ഏകരൂപമല്ലാത്ത ഭാഷാഖ്യാനവും വ്യവസ്ഥിതിയും മൂല്യബോധവുമാണ് വിനോയ് തോമസിന്റെ 'രാമച്ചി' എന്ന കഥാസമാഹാരം മുന്നോട്ടുവയ്ക്കുന്നത്. നമുക്കുചുറ്റുമുള്ള ഒരു ലോകക്രമത്തിന്റെ അടയാളപ്പെടുത്തലുകള്‍. പ്രാദേശികമായും തദ്ദേശീയവുമായ സംസ്കാരം ആഗിരണം ചെയ്യപ്പെടുന്ന കഥാപരിസരം. പ്രമേയ വൈവിധ്യം. ഹൃദയത്തോട് നേരിട്ട് സംവദിക്കുന്ന ആഖ്യാനം. ഭാഷാസൌന്ദര്യമാണ് അതിന്റെ പ്രധാന സവിശേഷത. ഓരോ കഥയുടെ പശ്ചാത്തലത്തിനും അനുയോജ്യമായ ഭാഷാശൈലി.
അധികാരമെന്നാല്‍ സര്‍വാധികാരമാണെന്നും അതിന്റെ കാതല്‍ പൌരുഷമാണെന്നും കരുതുന്ന അധൈര്യശാലിയായ ഇറച്ചിവെട്ടുകാരനാണ് വിശുദ്ധ മഗ്ദലനമറിയത്തിന്റെ പള്ളി എന്ന കഥയില്‍. കശാപ്പുകാരനായിട്ടും വ്യവസ്ഥിതിയോടും അനീതിയോടും പ്രതികരിക്കാന്‍ കഴിയാത്ത സാംസണ്‍. പൌരുഷം നേടാന്‍ സാംസണ്‍ നടത്തുന്ന ക്രിയകള്‍. കഥാന്ത്യത്തില്‍ കാളക്കുട്ടന്റെ വൃഷണം പാകപ്പെടുത്തി ഭക്ഷിക്കുന്ന സാംസണ്‍ പൌരുഷം വീണ്ടെടുത്തതായി കരുതി പ്രതികരിക്കുന്ന കഥാപശ്ചാത്തലം.
ചീട്ടുകളിയുടെ പിന്നാമ്പുറത്തുള്ള സൌഹൃദവും ഐക്യവും ഓര്‍മപ്പെടുത്തുകയാണ് 'ഇടവേലിക്കാര്‍'. പ്രാദേശികതയുടെ വകഭേദങ്ങളും പ്രാദേശിക വിരുദ്ധതയും പൊതിഞ്ഞുനില്‍ക്കുന്നു പ്രമേയപരിസരം. പ്രധാന കഥാപാത്രമായ മണിചാച്ചന്‍ നാട്ടില്‍ വീരശൂരപരാക്രമിയാണ്. എന്നാല്‍, നാടിന്റെ അതിര്‍ത്തി കടക്കുമ്പോള്‍ അയാള്‍ പരാജിതനാകുന്നു. അന്യനാട്ടിലെ കളിനിയമത്തില്‍ അയാള്‍ക്ക് അടിതെറ്റുന്നു. ഓരോ നാട്ടിലും ഓരോ നിയമമാണ്; കളിനിയമവും എന്ന് ഈ കഥ അടിവരയിടുന്നു. അതിര്‍ത്തി കടക്കുമ്പോള്‍ വ്യക്തിത്വം നഷ്ടപ്പെടുന്ന പീഡിതരെയും അപമാനിതരെയും അവിടെ കാണാം.
രാമച്ചി കഥകള്‍ വിനോയ് തോമസ് ഡിസി ബുക്സ് വില: 140 രൂപ
അമിച്ചന്‍ എന്ന വളര്‍ത്തുനായയുടെ കാഴ്ചയിലൂടെയാണ് 'ഉടമസ്ഥന്‍' എന്ന കഥ വികസിക്കുന്നത്. തന്റെ ഇഷ്ടംപോലെ പ്രവര്‍ത്തിക്കാത്ത വളര്‍ത്തുനായകളെ സ്വേഛാധിപതിയായ ഗൃഹനാഥന്‍ കൊന്നൊടുക്കുന്നു. ഒരു ഏകാധിപതി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഒരു വീടിന്റെ പശ്ചാത്തലത്തില്‍ ഈ കഥയിലുണ്ട്. തന്റെ അധികാരപരിധിയില്‍ ഉള്ളതിനെയെല്ലാം, അത് മനുഷ്യനാകട്ടെ, മൃഗമാകട്ടെ എല്ലാത്തിനെയും ഒരേ കണ്ണോടെയാണ് പാപ്പച്ചന്‍ കാണുന്നത്. ക്രൂരനായ ഏകാധിപതിയുടെ പതനത്തില്‍ സ്വന്തം മക്കള്‍പോലും ആഹ്ളാദിക്കുന്ന സുന്ദരനിമിഷമാണ് കഥാന്ത്യത്തില്‍.
പരിസ്ഥിതിയുടെയും വികസനത്തിന്റെയും രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതാണ് മൂര്‍ഖന്‍ പറമ്പ് എന്ന കഥ. പ്രത്യക്ഷത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് അനുബന്ധമായി വികസിക്കുന്ന കഥ എന്നുതോന്നുമെങ്കിലും തീക്ഷ്ണ രാഷ്ട്രീയവും വ്യവഹാരങ്ങളുമാണ് പങ്കുവയ്ക്കുന്നത്. ഈന്തുമരത്തില്‍ ചിത്തഭ്രമം ബാധിച്ചവരെ തളച്ചിട്ടിരുന്ന കാലവും മൂര്‍ഖന്‍ പറമ്പിലുണ്ട്.
കഥയുടെ അന്തരീക്ഷത്തിലും പ്രമേയത്തിലും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നല്‍കുന്ന സൌന്ദര്യമാണ് രാമച്ചിയെന്ന കഥയ്ക്ക്. പ്രകൃതിയുടെ അതിസൂക്ഷ്മമായ ചലനങ്ങള്‍പോലും പ്രതിഫലിക്കുന്ന സ്ത്രീപക്ഷ രചന. സ്നേഹത്തിന്റെയും കാടിന്റെയും മാതൃത്വത്തിന്റെയും വ്യത്യസ്തതലങ്ങള്‍ അനുഭവിപ്പിക്കുന്ന കാഴ്ചകള്‍.
ഏഴ് കഥകളുടെ ഈ സമാഹാരത്തിലെ മിക്കാനിയ മൈക്രാന്ത, അരി എന്നീ കഥകളിലും മാറുന്ന സാഹചര്യങ്ങളിലെ സംഘര്‍ഷഭരിതമായ പുതുലോകത്തെ അടയാളപ്പെടുത്തുന്നു.
midhunrain@gmail.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..