30 October Wednesday

എം ജി ആറിനെ ജനം മറന്ന ‘കതകേ തുറന്തിട്‌ സീസേ’

ദിനേശ്‌‌ വർമUpdated: Friday Oct 6, 2023


എം ജി ആറിനെ കാത്തിരുന്ന്‌ അക്രമാസക്തരാകാൻ തുടങ്ങിയ തമിഴ്‌മക്കളെ ഒറ്റ ഡയലോഗ്‌ കൊണ്ട്‌ ശാന്തരാക്കിയ ചരിത്രമുണ്ട്‌ ആനത്തലവട്ടത്തിന്‌. കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത്‌ നടന്ന ഒരു പോതുയോഗം. എഐഎഡിഎംകെയുമായി സിപിഐ എം സഖ്യമുള്ള കാലം. പാർടി സംഘടിപ്പിച്ച യോഗത്തിന്‌ എം ജി ആർ എത്താമെന്ന്‌ ഉറപ്പുനൽകി.

പതിനായിരങ്ങളാണ്‌ എം ജി ആറിനെ കാണാൻ തടിച്ചുകൂടിയത്‌. രാവിലെ പത്തിന്‌ യോഗം നിശ്ചയിച്ചിട്ട്‌ മൂന്നായിട്ടും എം ജി ആർ എത്തിയില്ല. യോഗം തുടങ്ങിയില്ലെങ്കിൽ ജനം ബഹളംവയ്ക്കുമെന്ന അവസ്ഥ. ‘ എം ജി ആർ പ്രസംഗിക്കേണ്ടവേദിയിൽ വേറെ ആര്‌ കയറിയാലും പിടിച്ചുനിൽക്കാനാകില്ല ’ എന്ന്‌ പറഞ്ഞ്‌ പാർടി സെക്രട്ടറി ശങ്കരയ്യ ഉൾപ്പെടെ പിന്മാറി. ആ സമയത്ത്‌ തെരഞ്ഞെടുപ്പ്‌ ചുമതലയുടെ ഭാഗമായി ആനത്തലവട്ടം അവിടെയുണ്ട്‌.
സംഘാടകർ പ്രഖ്യാപിച്ചു ‘ കേരളത്തിൽ നിന്നുള്ള ആനന്ദൻ പ്രസംഗിക്കും’. ഒഴിഞ്ഞുമാറാനുള്ള ഒരടവും ഫലിച്ചില്ല.

‘‘ അബാക്കാ കസം അബൂക്കാ ഹുക്കും കതകേ തുറന്തിട്‌ സീസേ...’’ എന്ന സൂപ്പർഹിറ്റ്‌ ഡയലോഗ്‌ ( മധുരൈവീരൻ) പറഞ്ഞുകൊണ്ട്‌ ആനത്തലവട്ടം തുടങ്ങി. നായികയായ ജയലളിതയെ തട്ടിക്കൊണ്ടുപോയ കൊള്ളക്കാരിൽനിന്ന്‌ ഈ മന്ത്രം ചൊല്ലി ഗുഹതുറപ്പിച്ച്‌ രക്ഷിച്ചുകൊണ്ട്‌ കുതിരപ്പുറത്ത്‌ എം ജി ആർ പായുന്ന രംഗം തമിഴ്‌ പ്രേക്ഷകരിൽ പ്രകമ്പനം കൊള്ളിച്ചിരുന്ന കാലമാണ്‌. ഈ രംഗം അവതരിപ്പിച്ചുതുടങ്ങി ഒരു മണിക്കൂർ ആനത്തലവട്ടം കത്തിക്കയറി. സദസ്സ്‌ നിശ്ചലം കേട്ടിരുന്നു. മാർത്താണ്ഡത്തേക്കുള്ള യാത്രയ്‌ക്കിടെ എം ജി ആറിന്‌ ചെറിയ അപകടം പറ്റിയതിനാൽ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി എന്ന അറിയിപ്പോടെ യോഗം പിരിച്ചുവിട്ടു. ജനങ്ങളാകെ മികച്ചപ്രസംഗം കേട്ടതിന്റെ ആവേശത്തിൽ നിശ്ശബ്ദമായി പിരിഞ്ഞുപോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top