06 November Wednesday

നല്ല കെട്ടുറപ്പ്‌, വിപുലീകരണത്തിന്‌ ശ്രമം- ടി പി രാമകൃഷ്ണൻ സംസാരിക്കുന്നു

ദിനേശ്‌ വർമUpdated: Tuesday Sep 10, 2024

കേരളത്തിന്റെ സാമൂഹ്യ– -രാഷ്‌ട്രീയ മണ്ഡലങ്ങളെ  ഒരുപോലെ സ്വാധീനിക്കുന്ന ഘടകമായി എൽഡിഎഫ്‌ നിലകൊള്ളാൻ തുടങ്ങിയിട്ട്‌ നാല്‌ പതിറ്റാണ്ടിലധികമായി. ഇടതുപക്ഷ– മതനിരപേക്ഷ ഉള്ളടക്കവും രാഷ്‌ട്രീയ നിലപാടും ജനകീയ നയരൂപീകരണവും വ്യാപകമായി അംഗീകരിക്കപ്പെടുന്നു. 1980നു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷത്തിലും എൽഡിഎഫിനൊപ്പമാണ്‌ ജനം നിലകൊണ്ടത്‌. ഉപതെരഞ്ഞെടുപ്പുകളും തദ്ദേശതെരഞ്ഞെടുപ്പും മുന്നിൽ നിൽക്കേ, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്ണനുമായി ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ്‌ ദിനേശ്‌ വർമ 
നടത്തിയ അഭിമുഖം


 ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തെ 
അന്തരീക്ഷം മാറിയോ


■ നിശ്ചയമായും മാറി. കേരളത്തിൽ പൊതുവെ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേശീയ രാഷ്‌ട്രീയസ്ഥിതിഗതികൾ നോക്കിയും നിയമസഭ– -തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇവിടത്തെ സാഹചര്യത്തിന്‌ അനുസരിച്ചുമാണ്‌ ജനവിധി. അടുത്തകാലത്തായി അത്‌ തുടർച്ചയായി ഇടതുപക്ഷത്തിന്‌ അനുകൂലമാണ്‌. എൽഡിഎഫിന്റെ നയപരിപാടികൾക്കും ഉറച്ച നിലപാടിനുമുള്ള അംഗീകാരം തന്നെയാണത്‌.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റാണ്‌ എൽഡിഎഫിന്‌ കിട്ടിയതെങ്കിൽ 2021 ൽ നിയമസഭയിലേക്ക്‌ 2016 ലേതിനേക്കാൾ മികച്ച ഭൂരിപക്ഷം ലഭിച്ചു. മുൻകാല തെരഞ്ഞെടുപ്പുകളിലും ഈ രീതി കാണാം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിൽ അല്ലേ ജനം വിശ്വാസമർപ്പിച്ചത്‌. തിരുവനന്തപുരം ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പ്‌ ഫലം എടുത്തു പറയാവുന്നത്‌. ജില്ലാ പഞ്ചായത്ത്‌ ഡിവിഷനടക്കം ഉപതെരഞ്ഞെടുപ്പ്‌ നടന്ന എട്ട്‌ വാർഡിലും എൽഡിഎഫാണ്‌ വിജയിച്ചത്‌. നാല്‌ വാർഡ്‌ യുഡിഎഫിൽനിന്നും നാലെണ്ണം ബിജെപിയിൽനിന്നും പിടിച്ചെടുക്കുകയാണ്‌ എൽഡിഎഫ്‌ ചെയ്തത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നടന്നിട്ട്‌ മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്നോർക്കണം. പ്രകടമായ മാറ്റമാണിത്‌. എൽഡിഎഫ്‌ സർക്കാരിന്റെ ജനക്ഷേമ നടപടികളാണ്‌ അതിന്‌ അടിസ്ഥാനം. അതായത്‌, ജനങ്ങൾ കോലാഹലങ്ങളുടെ കൂടെയല്ല, മറിച്ച്‌ യാഥാർഥ്യങ്ങളോടൊപ്പമാണ്‌ എന്നർഥം. തദ്ദേശഭരണ സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷത്തിലും നിയമസഭയിലും എൽഡിഎഫ്‌ തന്നെ അധികാരത്തിൽ തുടരാനുള്ള സാഹചര്യമാണ്‌ 
ഇപ്പോഴുള്ളത്‌.


 അതേസമയം, കേന്ദ്ര നിലപാടിൽ 
ഒരു മാറ്റവുമില്ല

■ ഇതുവരെ തുടർന്നുവന്ന സമീപനംതന്നെയാണ്‌ ബിജെപി ഇതര സംസ്ഥാന സർക്കാരുകളോട്‌ കേന്ദ്രം പുലർത്തിപ്പോരുന്നത്‌. അതിൽ എന്തെങ്കിലും മാറ്റം വരുത്താൻ, ഒറ്റയ്ക്ക്‌ ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലും അവർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽക്കൂടിയാണ്‌ സമാന പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ ഒരു കോൺക്ലേവ്‌ തിരുവനന്തപുരത്ത്‌ ചേരാൻ പോകുന്നത്‌. പഞ്ചാബ്‌ അടക്കം അതിൽ പങ്കെടുക്കും. സംസ്ഥാനങ്ങളുടെ വയറ്റത്തടിക്കുന്ന കേന്ദ്ര സമീപനങ്ങൾക്കെതിരായ യോജിച്ച മുന്നേറ്റമാണ്‌  ലക്ഷ്യമിടുന്നത്‌.
കോർപറേറ്റ്‌ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നിയമനിർമാണം നടത്തുന്നു. കാർഷിക മേഖലയിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട മൂന്ന്‌ കരിനിയമങ്ങൾക്കെതിരെയാണ്‌ രാജ്യമാകെ ശ്രദ്ധിച്ച കർഷകസമരം ഉടലെടുത്തത്‌. ഒടുവിൽ തൊഴിലാളികളും രംഗത്തിറങ്ങി. ഗത്യന്തരമില്ലാതെ ബിജെപി സർക്കാരിന്‌ അവ പിൻവലിക്കേണ്ടിവന്നു. എന്നാൽ, കർഷകർക്ക്‌ നൽകിയ പല ഉറപ്പുകളും പാലിക്കപ്പെടുന്നില്ല. എല്ലാ കാർഷികവിളകൾക്കും താങ്ങുവില ഉറപ്പാക്കണമെന്നടക്കം കേരളവും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്‌. കേന്ദ്രം പാസാക്കുന്ന തൊഴിലാളിവിരുദ്ധ നിയമങ്ങൾക്കെതിരെ കേരളമാണ്‌ നിലപാട്‌ എടുത്തത്‌. ഇവിടെ കൃത്യമായ ബദലും നമ്മൾ മുന്നോട്ടുവയ്ക്കുന്നു. അതുകൊണ്ടുകൂടിയാണ്‌ ഈ സംസ്ഥാനത്തെ ഞെരുക്കി ഇല്ലാതാക്കാൻ ശ്രമിക്കുന്നത്‌.

 മറികടക്കാനാകുമോ


■ കേന്ദ്ര അവഗണനയും സാമ്പത്തിക ഉപരോധവുംമൂലമുള്ള പ്രതിബന്ധങ്ങൾ ചെറുതല്ലെന്ന്‌ ഇതിനകം അനുഭവമുണ്ട്‌. തനതുവരുമാനത്തിൽ വർധനയുണ്ടാക്കി, ജനക്ഷേമ പദ്ധതികൾ ഓരോന്നായി നടപ്പാക്കി ആ പ്രതിസന്ധി മറികടക്കാനാണ്‌ ശ്രമം. നിയമസഭയിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയതും പാവപ്പെട്ടവരുടെയും ദുർബല ജനവിഭാഗത്തിന്റെയും ആനുകൂല്യങ്ങൾ തടസ്സംകൂടാതെ നൽകുമെന്നാണ്‌. അത്തരത്തിലുള്ള ധന മാനേജ്‌മെന്റ്‌ മികവും കാണാം. ഓണക്കാലത്ത്‌ ജനങ്ങൾക്ക്‌ അത്‌ ബോധ്യമാകുന്നുണ്ട്‌. സിവിൽ സപ്ലൈസ്‌ വിതരണ കേന്ദ്രങ്ങളിൽ സാധനങ്ങൾ നിറഞ്ഞുകഴിഞ്ഞു. സബ്‌സിഡി ഇനങ്ങൾക്ക്‌ ക്ഷാമമില്ല. ക്ഷേമ പെൻഷൻ ഒരു കുടിശ്ശികയടക്കം മൂന്നെണ്ണം കൊടുത്തു. വിവിധ തൊഴിൽ മേഖലയിലുള്ളവർക്കും ആനുകൂല്യങ്ങൾ നൽകുന്നു. എല്ലാ പ്രശ്നങ്ങളും തീർന്നുവെന്നല്ല, ക്രമാനുഗതമായി അവയെല്ലാം പരിഹരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം സർക്കാരിനുണ്ട്‌. ജനങ്ങൾക്കാകെ അതിൽ വിശ്വാസവുമുണ്ട്‌.

 തൃശൂരിലെ ബിജെപി ജയവും 
അനന്തര ഫലവും


■ കേരളത്തിൽ ബിജെപിക്ക്‌ ഒരു സീറ്റ്‌ ലഭിച്ചെന്നുള്ളത്‌ ഇടതുപക്ഷ- – മതനിരപേക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ച്‌ പ്രതികൂല ഘടകംതന്നെയാണ്‌. അതേ ഗൗരവത്തിൽത്തന്നെയാണ്‌, ആ സാഹചര്യത്തെ ഞങ്ങൾ പരിശോധിച്ചിട്ടുള്ളത്‌. ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌, അവരെ കേട്ട്‌, ആവശ്യമായ തിരുത്തലുകൾ വരുത്തി അതിജീവിക്കാനുള്ള തീവ്രമായ ശ്രമമാണ്‌ നടത്തുന്നത്‌. തൃശൂർ എംപി സഹമന്ത്രിയായ ശേഷമുള്ള അന്തരീക്ഷവും കാണാതെ പോകരുത്‌. പ്രഖ്യാപനങ്ങൾ അതേപടി കിടക്കുന്നു. ബിജെപി പാർലമെന്റിൽ അവതരിപ്പിച്ച നയപ്രഖ്യാപനത്തിലോ ബജറ്റിലോ കേരളത്തിലെ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന എന്തെങ്കിലും പ്രഖ്യാപനം ഉണ്ടായോ.

 കേരളത്തിലെ പ്രതിപക്ഷം

■ ജനങ്ങളുടേതായ എന്തെങ്കിലും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭം നടത്താൻ പ്രതിപക്ഷത്തിന്‌ കഴിയുന്നില്ല. അതിന്‌ ഇടവരാത്ത വിധം സർക്കാർ ജനകീയ പദ്ധതികളും അവരുടെ ആവശ്യങ്ങളും നിറവേറ്റുന്നുണ്ട്‌. അതുകൊണ്ടാണ്‌ മാധ്യമങ്ങൾ കൊണ്ടുവരുന്ന എന്തെങ്കിലും വ്യാജ പ്രചാരണങ്ങളുടെ പിന്നാലെ പ്രതിപക്ഷത്തിന്‌ പോകേണ്ടിവരുന്നത്‌. അതിനും പക്ഷേ, ജനങ്ങളെ അണിനിരത്താൻ കഴിയുന്നില്ല. അതുകൊണ്ട്‌ അക്രമം അഴിച്ചുവിടുന്നു. കഴിഞ്ഞ ദിവസംതന്നെ യൂത്ത്‌കോൺഗ്രസുകാർ പൊലീസുകാരുടെ ഷീൽഡ്‌ അടിച്ചുപൊട്ടിക്കുന്നതടക്കമുള്ള അക്രമങ്ങൾ നാട്ടുകാർ കണ്ടതാണ്‌.

 എൽഡിഎഫ്‌ വിപുലീകരിക്കുമോ


■ എൽഡിഎഫ്‌ നല്ല ഭദ്രതയോടെയും കെട്ടുറപ്പോടെയുമാണ്‌ മുന്നോട്ടുപോകുന്നത്‌. ജനകീയ അടിത്തറ കൂടുതൽ വിപുലപ്പെടുത്തും. അതിനിടയിൽ എൽഡിഎഫിലെ പാർടികളെക്കുറിച്ച്‌ മറ്റുതരത്തിലുള്ള ചർച്ചതന്നെ അപ്രസക്തമാണ്‌. അതേസമയം, അപ്പുറത്തുള്ള ഏതെങ്കിലും പാർടികൾ അവരുടെ നിലപാട്‌ തുറന്നുപറഞ്ഞ്‌ മുന്നോട്ടുവരികയാണെങ്കിൽ ആ ഘട്ടത്തിൽ നിശ്ചയമായും പരിശോധിക്കും. മതനിരപേക്ഷ ശക്തികൾ ഒന്നിച്ച്‌ അണിനിരക്കണമെന്ന നിലപാട്‌ തന്നെയാണ്‌ അടിസ്ഥാനപരമായ നിലപാട്‌. സാമ്പത്തികനയത്തിന്റെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും തുടരുന്നത്‌ ഒരേ നിലപാടാണെന്നും മറക്കരുത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top