21 December Saturday
ഒക്ടോബർ 16 ലോക ഭക്ഷ്യദിനം

ലോകത്തിന് വിശക്കുന്നു...

മലപ്പട്ടം പ്രഭാകരൻUpdated: Thursday Oct 10, 2024

വിശന്ന്‌ നിലവിളിക്കുകയാണ്‌ ലോകം. എല്ലുന്തി ഒട്ടിയ വയറുമായി വിലപിക്കുന്ന കുഞ്ഞുങ്ങൾ എല്ലായിടത്തേയും കാഴ്‌ചയാണ്‌. ലോകത്ത് ഓരോ നാലുമിനിറ്റിലും ഒരാൾ പോഷകാഹാരക്കുറവാൽ മരിക്കുന്നു. ശിശുമരണങ്ങളിൽ 55 ശതമാനം ഈ കാരണത്താലാണ്‌. രണ്ടാംലോകയുദ്ധത്തിന്‌ പിന്നാലെ ലോകമാകെ കത്തിപ്പടർന്ന ഭക്ഷ്യക്ഷാമം നേരിടാൻ, 1945 ഒക്ടോബർ 16നാണ്‌ ഐക്യരാഷ്ട്രസഭ ഭക്ഷ്യകാർഷിക സംഘടന രൂപീകരിച്ചത്. ഇതിന്റെ ഓർമപ്പെടുത്തലാണ്‌ ഈ ദിനം.

ഓർത്തുനോക്കൂ, ഞാൻ ഒരു നേരമെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ? അമ്മയോടോ അച്ഛനോടോ പിണങ്ങി ആഹാരം വേണ്ടെന്ന്‌ വാശിപിടിച്ചിട്ടില്ലേ. അങ്ങനെ പട്ടിണി കിടന്നവർക്കറിയാം അതിന്റെ പെടാപ്പാട്‌. ഒന്നുരണ്ട്‌ മണിക്കൂർ കഴിയുമ്പോഴേക്ക്‌ ബലംപിടിത്തമെല്ലാം തീരും. വല്ലവരും  നിർബന്ധിച്ചിരുന്നുങ്കെിൽ എന്ന്‌ ആശിച്ചുപോകും. കാര്യങ്ങൾ ഇങ്ങനെയൊന്നുമല്ലാത്ത 120 കോടി മനുഷ്യർ ഭൂമുഖത്തുണ്ട്‌. ദിവസം ഒരുനേരമെങ്കിലും വയറുനിറയെ ഭക്ഷണം കഴിക്കാൻ കഴിയാത്തവർ. അവരെക്കുറിച്ചും ഭക്ഷണത്തിന്റെ ചരിത്രത്തെക്കുറിച്ചുമാണ്‌ ഇത്തവണ അക്ഷരമുറ്റത്തിൽ.

ഒക്ടോബർ 16 ലോകഭക്ഷ്യദിനമാണ്. രണ്ടാംലോകയുദ്ധത്തിന്‌ പിന്നാലെ ലോകമാകെ കത്തിപ്പടർന്ന ഭക്ഷ്യക്ഷാമം നേരിടാൻ, 1945 ഒക്ടോബർ 16നാണ്‌ ഐക്യരാഷ്ട്രസഭ ഭക്ഷ്യകാർഷിക സംഘടന രൂപീകരിച്ചത്. ഇതിന്റെ ഓർമപ്പെടുത്തലാണ്‌ ഈ ദിനം. 1981ലാണ്  ഭക്ഷ്യദിനാചരണത്തിന് തുടക്കം. എല്ലാ യുദ്ധങ്ങളുടേയും അനന്തരഫലങ്ങളിലൊന്ന്‌ ഭക്ഷ്യക്ഷാമമാണ്‌. ആയുധങ്ങളാൽ കൊല്ലപ്പെടുന്നവരോളം വരും പട്ടിണിയാൽ മരണമടയുന്നവർ. ഗാസയിൽ ഒരുവർഷത്തിനിടെ യുദ്ധത്തിൽ കൊല്ലപ്പെട്ടത്‌ 41,825 പേരാണ്‌. പട്ടിണിയാൽ മരണമടഞ്ഞവരുടെ കണക്ക്‌  അജ്ഞാതം.

ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്‌ പ്രകാരം 82 രാജ്യങ്ങൾ  ഭക്ഷ്യപ്രതിസന്ധിയിലാണ്‌. ലോകത്ത് ഓരോ നാലുമിനിറ്റിലും ഒരാൾ പോഷകാഹാരക്കുറവാൽ മരിക്കുന്നു. ശിശുമരണങ്ങളിൽ 55 ശതമാനവും ഈ കാരണത്താലാണ്‌. ഇന്ത്യയിലും ഭക്ഷ്യപ്രതിസന്ധിയുണ്ട്. ദാരിദ്ര്യനിർമാർജന സൂചികകളിൽ നാം ഏറെ പിന്നിൽ. എന്നാൽ,  കേരളം ഭക്ഷ്യസുരക്ഷയിൽ വളരെ മുന്നിലാണ്. അതിദരിദ്രരുടെ പട്ടികയുണ്ടാക്കി പരിഹാരം കണ്ടെത്തി അതിദരിദ്രാവസ്ഥ ഇല്ലാത്തവരുടെ സംസ്ഥാനമായി നമ്മൾ മാറുകയാണ്‌. ഈ ഭക്ഷ്യദിനത്തിൽ കേരളത്തിൽ നിലനിന്നുവന്ന ഭക്ഷണ സംസ്‌കാരത്തിന്റെ ചരിത്രത്തെക്കുറിച്ച്‌ പരിശോധിച്ചാലോ? പല ക്ലാസുകളിൽ ഇക്കാര്യം പഠിക്കാനുണ്ടല്ലോ?
 
ആദിമ മനുഷ്യന്റെ ഭക്ഷണം

മനുഷ്യന്റെ ഭക്ഷണ സംസ്‌കാരത്തിന് അതാതുകാലത്തെ സാമൂഹ്യവ്യവസ്ഥയുമായി ബന്ധമുണ്ട്. പ്രാകൃത മനുഷ്യൻ കായ്‌കനികളും വേരും കിഴങ്ങും പച്ചമാംസവും കാട്ടുവിഭവങ്ങളും തേടിപ്പിടിച്ചാണ്‌ ഭക്ഷിച്ചത്. തീ കണ്ടുപിടിച്ചതോടെ ചുട്ടുതിന്നാനും  വേവിക്കാനും തുടങ്ങി.കൃഷി തുടങ്ങിയതോടെ മത്സരവും  ചൂഷണവും ഉടലെടുത്തിരിക്കണം. ഇത് അടിമ–- ഉടമ വ്യവസ്ഥിതി രൂപപ്പെടുത്തി.  

ഭക്ഷണത്തിലെ ജാതിവേർതിരിവുകൾ

ഫ്യൂഡൽ കാലഘട്ടത്തിലാണല്ലോ ജാതിവർണ വേർതിരിവും അയിത്തവും അനാചാരവും കൊടികുത്തിവാണത്. നാടുവാഴികളാണ് ഏത്‌ ഭക്ഷണമാണ് ഓരോ ജാതിക്കാരനും കഴിക്കേണ്ടതെന്ന വേർതിരിവുണ്ടാക്കിയത്. ഭാഷാപ്രയോഗത്തിൽ പോലും ഇത് നിർബന്ധമായിരുന്നു. ‘അരി' എന്നത് മേലാളനേ പറയാവൂ. കീഴാളനത്‌ ‘കല്ലരി'യാണ്‌. ചോറും സദ്യയും കീഴാളന് ‘കരിക്കാടി'യാണ്. കീഴ്ജാതിക്കാർ കരിക്കാടി മോന്തുകയാണ്. കീഴാളന് ചോറും പപ്പടവും പാടില്ല. ഉണക്കമീൻ ചുട്ടുതിന്നണം. എണ്ണയിൽ വറുത്ത മണം മേലാളൻ തിരിച്ചറിഞ്ഞാൽ പിഴയാണ്‌.

ആദിവാസി ഭക്ഷണം

ആദിവാസികൾക്ക് അതേക്കാൾ  വിലക്കായിരുന്നു. പറയർ ചത്ത പശുവിന്റെ മാംസം തിന്നണം. ഇതിന് ഓരോ കുടുംബത്തിനും മാംസാധികാരം കണക്കാക്കിയിരുന്നു. ‘അവകാശി ഇറച്ചി' എന്നാണ് നാട്ടുഭാഷ. ആമ, ഞണ്ട്, തോട്ടുമത്സ്യം, മൊച്ചൻ കുരങ്ങ്, കാട്ടുകിഴങ്ങ്, കാട്ടിലെ പഴങ്ങൾ, തേൻ എന്നിവയും ഇവർക്കാവാം. മേലാളരുടെ വിവാഹം, പുലകുളി അടിയന്തിരങ്ങളിൽ ഉച്ചിഷ്ട ഭക്ഷണത്തിന് 64 അടി ദൂരെ വെറിപിടിച്ച് കാത്തിരിക്കണം.

ഉപജാതി ഭക്ഷണം

അമ്പലവാസികൾക്ക് ക്ഷേത്രപരിചരണം തൊഴിലായതിനാൽ മത്സ്യവും മാംസവും അരുത്‌. ഉണക്കലരി പടച്ചോറാണ് മുഖ്യം. നായന്മാർക്ക് സസ്യാഹാരവും കറികളുമാവാം. പടപ്പായസം, ഉണ്ണിയപ്പം, അവിൽ, മലർ, പഴം എന്നിവ പട്ടികയിലുണ്ട്.  നെയ്‌ക്കഞ്ഞിയാണ് പ്രഭാത ഭക്ഷണം. മത്സ്യവും മാംസവുമാവാം. പോത്തിറച്ചിയും മൂരിയിറച്ചിയും പാടില്ല. മുത്താറി, ചാമ, വരക്  ധാന്യങ്ങൾ ഉപയോഗിക്കാം. എരിശ്ശേരി, പുളിശ്ശേരി, പച്ചടി, കൂട്ടുകറി എന്നിവയൊക്കെ അനുവദനീയം.  
 
‘തീയ്യ' വിഭാഗം അയിത്ത ജാതിക്കാരാണ്. കള്ളുചെത്ത് കുലത്തൊഴിലായതിനാലും മേലാളർക്ക് കള്ള് വേണ്ടതിനാലും കള്ള്‌  അയിത്തപ്പട്ടികയിലില്ല. വിവാഹസദ്യയിൽ തെങ്ങിൻശർക്കരയും നാളികേരവും ചേർച്ച് കുഴച്ച അവിലാണ് മുഖ്യം. കാടിക്കഞ്ഞി, ചക്കപ്പുഴുക്ക്, ചക്കരപ്പാനി എന്നിവ ഇവരുടെ പട്ടികയിലുള്ള ചിലവയാണ്.

ബ്രാഹ്മണ ഭക്ഷണം

ക്ഷേത്ര പരിപാലനവുമായി ബന്ധപ്പെടുന്ന വിഭാഗമായതിനാൽ പൂർണ സസ്യാഹാരികൾ. ഉണക്കലരി ചോറാണ് പ്രധാനം. കാളൻ, ഓലൻ, അവിൽ, എരിശ്ശേരി, പച്ചടി, കിച്ചടി, നാരങ്ങാക്കറി അങ്ങനെ പോകുന്നു വിഭവസമൃദ്ധ ഭക്ഷണം.

ക്രൈസ്തവരും മുസ്ലീങ്ങളും

ഇരട്ടക്കുളമ്പുള്ളതും അയവെട്ടുന്നതുമായ മൃഗങ്ങളെ ഭക്ഷിക്കാമെന്ന് ബൈബിളിലുണ്ട്‌. കപ്പ, പോത്തിറച്ചി, പന്നിയിറച്ചി, അവലോസ് പൊടി, പനങ്കള്ള്,  വീഞ്ഞ്, മറ്റ് മദ്യങ്ങൾ എന്നിവ ആവാം. ചിതമ്പലും ചിറകുമുള്ള മത്സ്യമാവാം. ക്‌നാനായക്കാരുടെ ‘പിടിയും കോഴിയും’ ഒത്തുകല്ല്യാണത്തിന് നിർബന്ധമാണ്. പോത്തിറച്ചി മപ്പാസ്‌ ഇഷ്ടഭോജ്യം. മുസ്ലീങ്ങൾക്ക്‌ അറേബ്യൻ ഭക്ഷണരീതിയാണ്. പന്നിയിറച്ചി പാടില്ല. കാള, പോത്ത്, ആട്, കോഴി മാംസവും നെയ്‌ച്ചോറും ഇഷ്ടവിഭവമാണ്.

മാറ്റത്തിന്റെ തുടക്കം

അമ്പതുകളിൽ  സംഭവിച്ച ജന്മിത്വ വ്യവസ്ഥയുടെ പതനത്തോടെ പിൽക്കാലത്ത്‌ ഫ്യൂഡൽകാല ഭക്ഷണ നിയന്ത്രണം സ്വയം കൊഴിഞ്ഞുവീണു. ഇഷ്ടമുള്ള ഭക്ഷണം ആർക്കും ഭയമില്ലാതെ കഴിക്കാമെന്നായി. നിഷിദ്ധമായിരുന്ന സുഗന്ധനെല്ലും ഔഷധനെല്ലും കൃഷി ചെയ്ത് അവർ ആഘോഷിച്ചു. വിവാഹസദ്യയിൽ ഇഷ്ടമുള്ളതല്ലാം ഉൾപ്പെടുത്തി. പുലയനേയും പറയനേയും പന്തിയിൽ ഇലയിട്ട്‌ സൽക്കരിച്ചു.

ഇതൊക്കെ ചരിത്രം. ഭക്ഷണശീലങ്ങൾ പുതിയ കാലത്ത്‌ പാടെ  മാറി. കൃത്രിമ ഭക്ഷ്യവസ്തുക്കൾ ചേർത്ത് ആകർഷവും രുചിപ്രദവുമാക്കി കമ്പോളങ്ങളിലെത്തുകയാണ്‌. ഇതിൽ പലതും ആരോഗ്യത്തിന് ഹാനികരമാണ്‌. ഭക്ഷണം രോഗാതുരമായ തലമുറയെ സൃഷ്ടിക്കുകയാണ്‌. ജീവിത ശൈലീരോഗവും ഭക്ഷണശൈലിരോഗവും മനുഷ്യനെ കീഴ്പ്പെടുത്തുന്നു. പോഷകപ്രധാനമായ ഭക്ഷണശൈലിയിലേക്കും ജീവിതശൈലിയിലേക്കും നമ്മൾ മടങ്ങേണ്ടിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top