09 September Monday

ചായം തേക്കാത്ത എപ്പിസോഡുകൾ

അനിൽകുമാർ എ വിUpdated: Tuesday Feb 22, 2022

അഭിനയരംഗത്ത് സ്ത്രീ സാന്നിധ്യമുണ്ടായത് രണ്ടാംഘട്ടത്തിൽ.ആദ്യകാല നാടകങ്ങളിൽ പുരുഷന്മാരായിരുന്നു പെൺവേഷത്തിലും. അതുപോലെ നടനവഴികളിലെ ആൺ ആത്മകഥ/ജീവചരിത്രം പോലെ  സ്ത്രീകളുടേത് വളരെ കുറവാണ്‌.രംഗവേദിയെക്കുറിച്ചുള്ള സ്ത്രീപക്ഷ അന്വേഷണം നിശബ്ദതയുടെ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ടുണ്ട്. അർഥത്തിൽ കെപിഎസിയുടെ ലളിതയുടെ ആത്മകഥ, "കഥ തുടരും' അതിശ്രദ്ധേയമാണ്‌. ഒരു നടി മലയാളത്തിൽ ഉറക്കെ സംസാരിച്ചുവെന്നതാണ് ഏറ്റവും പ്രാധാനം. തിരിച്ചടി അസാമാന്യ ചങ്കുറപ്പോടെ അതിജീവിച്ചതിന്റെ തെളിവുകളും അതിലുണ്ട്. സിനിമയുടെ നിഗൂഢത അപനിർമിച്ചുവെന്നതും എടുത്തുപറയണം.

ആത്മകഥ പകർത്തിയ ബാബു ഭരദ്വാജിന്റെ ആമുഖം ശ്രദ്ധിക്കാം:"ഒരാളുടെ ജീവിതം ഒരാളുടേത് മാത്രമല്ല. ഒരുപാടുപേരുടേതാണ്. അവരോട് അടുത്തവർ, അകന്നുനിന്നവർ, അവർ കാണാത്തവർ, കേൾക്കാത്തവർ, അവരെ അറിയാത്തവർ. കാരണം അവർ കലാകാരിയാണ്. അവർക്ക് പരിചയമില്ലാത്ത പലരായി ലളിത പ്രത്യക്ഷപ്പെട്ടു.അവരുടെയൊക്കെ ജീവിതം ജീവിച്ചു. ഇങ്ങനെ പലരായി ജീവിക്കൽ  നടനും നടിക്കും മാത്രം അവകാശപ്പെട്ടതാണ്‌. നടനെയോ നടിയെയോ ഒരാളായി മാത്രം കാണരുത്. അഭിനയിച്ച എല്ലാ കഥാപാത്രങ്ങളുടെയും അംശം അവരിലുണ്ടാകും. തൊട്ടുമുമ്പത്തെ കഥാപാത്രത്തിൽനിന്ന് പൂർണമായും മോചിച്ചുകാണില്ല. അഭിനയിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രമായി രൂപാന്തരം പ്രാപിച്ചുകാണും. വരാൻ പോകുന്നവയിലേക്ക് പരകായപ്രവേശം നടത്താൻ  തന്നെ തയ്യാറാക്കിക്കൊണ്ടിരിക്കുകയാവും.

അതിൽനിന്നൊക്കെ മോചിപ്പിച്ചുവേണം എനിക്കവരെ എഴുതാൻ.  മോചിപ്പിക്കൽ ലളിതയുടെ ആത്മകഥയെ സരളവും എന്നാൽ ശക്തവുമാക്കി.ചോരക്കുഞ്ഞിന്റെ പട്ടടയിൽ ദഹിപ്പിച്ച പാർടിസാഹിത്യം,പവിഴമല്ലിയും പാട്ടിന്റെ പാലാഴിയും,ഒരു ആത്മഹത്യാശ്രമം, കൂപ്പ ലളിത, നമ്മക്കിത് സീരിയസ്സായി എടുക്കാം,നിശ്ചയ പിറ്റേന്ന് കല്യാണം, നൃത്തത്തിൽനിന്ന് നാടകത്തിലേക്ക്, ആദ്യ സിനിമ ആദ്യ ഷോട്ട്, വസൂരിയും പോൾമുനിയും, എന്റെ ഭാസിച്ചേട്ടൻ, കെപിഎസിയിലെ മഹാറാണി, ഭരതേട്ടന്റെ പ്രണയങ്ങൾതുടങ്ങിയ ഉപശീർഷകങ്ങൾ ഹൃദയത്തിൽ സ്പർശിക്കും. നേർരേഖയിൽ മുന്നോട്ടുമാത്രം ചലിക്കുന്നതല്ല ആത്മകഥയുടെ രചനാരീതി.

ചിതറിത്തെറിച്ച വ്യത്യസ്ത സമീപനം ജീവിതത്തെ മറ്റൊരു രീതിയിൽ കാണിക്കുന്നു. കുട്ടിക്കാലത്തെ  കാഴ്ചകളും നേരിട്ട തടസ്സങ്ങളും രണ്ടാംഘട്ടത്തിലെ ജയപരാജയങ്ങളും സത്യസന്ധമായി അവർ ഓർത്തെടുത്തു. പത്താം വയസ്സിൽ നാടകാഭിനയം തുടങ്ങിയ ലളിത സിനിമയിൽ തനിക്ക് മാത്രം അവകാശപ്പെട്ട സ്വാഭാവികതയിലൂടെയാണ് ശ്രദ്ധേയയായത്. അന്നത്തെ കേരളീയ കുടുംബ ജീവിതത്തിന്റെ ശക്തിദൗർബല്യം കടന്നുവരുന്ന ഭാഗങ്ങളെക്കാൾ നാടകസിനിമാ കഥ പറയുന്ന അധ്യായങ്ങളാണ് ആകർഷകം.സിനിമയുടെ വഴുവഴുപ്പൻ ലോകത്തെ ഒരു നടി പുനർവായിക്കുംമട്ടിലുള്ള തുറന്നുപറച്ചിൽ ധാരാളം.

സിനിമയിലെ സ്നേഹവും സ്നേഹശൂന്യതകളും വളച്ചുകെട്ടില്ലാതെ വെളിപ്പെടുത്തിയ ലളിത ഏറ്റവും അടുപ്പുമുണ്ടായ സഹപ്രവർത്തകരെ അനുസ്മരിച്ചിട്ടുണ്ട്. തോപ്പിൽ ഭാസി, ബഹദൂർ, മധു, സത്യൻ അന്തിക്കാട്, പവിത്രൻ, ശാരദ, ജയഭാരതി, കവിയൂർ പൊന്നമ്മ, സുകുമാരി, ദിലീപ്, ജയറാം, മഞ്ജുവാര്യർ തുടങ്ങിയവരൊക്കെ പലതലങ്ങളിൽ കടന്നുവരുന്നു. ഭരതനുമായുള്ള പ്രണയത്തിന്റെ ഇടവേളയിൽ ശ്രീവിദ്യയെ അടയാളപ്പെടുത്തുന്നത് സത്യസന്ധമായ ഭാഷയിലാണ്‌. അടൂർ ഭാസിയെ എന്നാൽ അനിഷ്ടത്തിന്റെ സൂചനയിലാണ് വരച്ചത്. അതിനു  തന്റേതായ വിശദീകരണമുണ്ട്.

"നമുക്കിത് സീരിയസ്സായി എടുക്കാം' എന്ന അധ്യായത്തിൽ ഭരതൻലളിത പ്രണയത്തിന്റെ നല്ലഓർമകളാണ്. ശ്രീവിദ്യയുമായുള്ള ഭർത്താവിന്റെ അടുപ്പത്തെ സമചിത്തതയോടെ വിലയിരുത്താനും ശ്രമിച്ചു.

 19 വർഷം മാത്രമുണ്ടായ  ദാമ്പത്യം സമ്മാനിച്ച സന്തോഷങ്ങൾക്കൊപ്പം അതിലെ മുറിവുകളും പറയുന്നുണ്ട്. വീട്ടിൽ വെറുതെയിരിക്കുമ്പോൾ ഭീമമായ തുക ഫോൺബില്ല് വരുത്തുന്ന ഭരതൻ. അതിനദ്ദേഹം നൽകുന്ന മറുപടി രസകരമാണ്. "കൂപ്പ ലളിത' എന്ന അധ്യായത്തിലെ  തീവണ്ടി യാത്രാവിശേഷംപോലെ തമാശയുടെ മേമ്പൊടി ചേർത്ത അവതരണം അവരുടെ വ്യക്തിത്വത്തിന്റെ അനന്യത പ്രകടമാക്കുന്നു. ഭരതൻ ജീവിച്ചിരിക്കുമ്പോഴും കുടുംബാവശ്യങ്ങൾക്കുള്ള കാശ് ലളിത കണ്ടെത്തേണ്ടിയിരുന്നു.മരിച്ച ശേഷം അത് കൂടുതൽ ഭാരംതീർത്തു.ഭർത്താവിന്റെ ചികിത്സ,കുട്ടികളുടെ പഠിത്തം,വിവാഹം തുടങ്ങിയ ഘട്ടങ്ങളിലെല്ലാം ലളിത "കുടുംബനാഥൻ' ആയി. തോപ്പിൽഭാസിയുമായുള്ള ബന്ധവും അത് നാടകസിനിമാ ലോകത്ത് നേടിക്കൊടുത്ത ബഹുമാന്യതയും വിവരിക്കുമ്പോൾ ലളിതയ്ക്ക് ആരാധനയുടെ ഭാഷയാണ്‌. കെപിഎസിയുടെ പ്രവർത്തനങ്ങളും നാടക ഇടപെടലും ചരിത്രപരമായി വിശദമാക്കുന്നുമുണ്ട്.

അഭിനയിച്ച സിനിമകളിലൂടെയുള്ള സഞ്ചാരങ്ങൾ,അവയെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ എന്നതിലുപരി വിശദാംശങ്ങളുമാവുന്നുണ്ട് ഭാഗങ്ങൾ.സംവിധായകരെയും സഹഅഭിനേതാക്കളെയും അടിവരയിട്ടാണ് അത്  മുന്നേറുന്നതും.  നാടകം=ജീവിതം എന്നുറപ്പിച്ച കാലത്തെ കലാപ്രവർത്തനം ഏറെ ഉത്സാഹഭരിതമായ നിലയിലാണ് ആത്മകഥ ചേർത്തുപിടിച്ചത്. വരുമാനം കുറവാണെങ്കിലും നാടകം സനിമയെക്കാളുപരി ഏതെല്ലാമോ വിധത്തിൽ സ്വാന്തനമായെന്ന് പറയുന്നുമുണ്ട്.

കലാകാരന്മാർ തമ്മിലുള്ള ബന്ധത്തിന്റെ രണ്ട് രീരികളും കടന്നുവരുന്നു. ഏറ്റവും ശ്രദ്ധേയമായത് ആദ്യകാല നടിമാർ കാണിച്ച സ്നേഹവായ്പ് വിവരിക്കുന്നതാണ്.സിനിമയുടെ ചിട്ടവട്ടങ്ങൾക്കപ്പുറത്ത് യഥാർഥ ജീവിതത്തിന്റെ കാറ്റും കോളും നിറഞ്ഞതാണ് "കഥ തുടരും'.ചായത്തിൽ മുക്കാത്ത എപ്പിസോഡുകൾ ചരിത്രത്തിന്റെയും സിനിമയുടെയും ഭാഗവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top