29 September Sunday

മറഞ്ഞു സഹനസൂര്യൻ ; ഇനി ജ്വലിക്കുന്ന നക്ഷത്രം

പി ദിനേശൻ Updated: Sunday Sep 29, 2024

സമരഭൂമിയിൽ കരുത്തിന്റെ ഊർജമായി ജ്വലിച്ച സഹനസൂര്യൻ മാഞ്ഞു. വേദനയുടെ നൂൽപാലം കടന്ന്മൂന്നുപതിറ്റാണ്ട് നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ വിടപറഞ്ഞത്.യുവജനമുന്നേറ്റത്തിൽ ചരിത്രം സൃഷ്ടിച്ച കൂത്തുപറമ്പ് പോരാട്ടത്തിലെ അഞ്ച് രക്തസാക്ഷികൾക്കൊപ്പം അദ്ദേഹവും  ഇനി ജ്വലിക്കുന്ന നക്ഷത്രം.

രാജ്യമാകെയുള്ള വിപ്ലവകാരികൾക്ക് പോരാട്ടത്തിന്റെ ഉറവവറ്റാത്ത ശക്തിസ്രോതസായിരുന്നു പുഷ്പൻ. കൂത്തുപറമ്പിനെ ചുവപ്പിച്ചവരുടെ ആത്മത്യാഗത്തിന്റെ കരുത്തിൽ മരണത്തെ വെല്ലുവിളിച്ച ധീരൻ. വിപ്ലവാഭിവാദ്യവുമായി കട്ടിലിനരികിലെത്തുന്നവരെ അത്ഭുതപ്പെടുത്തിയ പോരാളി. കഠിനവേദനയുടെ കൊടിമുടിയിലും   പുഞ്ചിരി മായാത്ത മുഖവുമായാണ്  പുഷ്പനയെന്നും നാട് കണ്ടത്. 1994 നവംബർ 25ന്  സമരമുഖത്ത് സുഷുമ്നാ നാഡി തുളച്ചുകയറിയ വെടിയുണ്ടയേറ്റ് വീണതുമുതൽ കിടപ്പിലായിട്ടും ശ്വാസം നിലക്കുംവരെ ചെങ്കൊടിയെ ഹൃദയത്തോട് ചേർത്തു.

എഴുന്നേൽക്കാനാവാതെ നിരാശയുടെ പടുകുഴിയിൽ വീഴുമായിരുന്ന ജീവിതത്തെയാണ് വിപ്ലവകാരിയുടെ വീറോടെ പുഷ്പൻ  പുഞ്ചിരിയാക്കി മാറ്റിയത്. വാക്കിലും നോക്കിലും, എന്തിന് ചിരിയിൽപോലുമുണ്ടായിരുന്നു ഊർജപ്രവാഹം. നെഞ്ചിൽ തൊടുന്നതായിരുന്നു വാക്കുകൾ. ശരീരത്തിൽ ഒരു ഉറുമ്പ് ഇഴഞ്ഞാൽപോലും കൊടുംവേദന. തിളച്ച വെള്ളം വീഴുന്നതുപോലുള്ള പിടച്ചിൽ. നൂറ് സൂചി പച്ചക്ക് കുത്തിക്കയറ്റുന്ന അനുഭവം.ചെറുതായി ചൂട് കൂടിപ്പോയാൽ സഹിക്കാനാവാത്തവിധം ശരീരം മാറിപ്പോകുമായിരുന്നു. അപ്പോൾ ശരീരം പൊള്ളിപ്പിടയും.   കാതിലും തൊണ്ടയിലും പൊള്ളുന്ന ചൂടുവെള്ളം ഒഴുകുന്ന അനുഭവം.  എന്നിട്ടും അമർത്തിക്കരയുക പോലും ചെയ്യാതെ എല്ലാം നേരിട്ടു. വേദനയുടെ വായ്ത്തലപ്പിലൂടെ യാത്രചെയ്യുമ്പോഴും പുഷ്പനത്പുഞ്ചിരിയിലൊളിപ്പിച്ചു.  ചൂട് സഹിക്കാനാവാത്ത അനുഭവമെല്ലാം ആദ്യം ഉള്ളിലൊതുക്കുകയായിരുന്നു. ഇത്സഖാക്കൾ എങ്ങനെയോ മനസിലാക്കിയാണ് മുറിയിൽ എയർകണ്ടീഷണർ സ്ഥാപിച്ചത്.

വലതുപക്ഷ മാധ്യമങ്ങൾ കൂത്തുപറമ്പ് സമരത്തെ വെട്ടിയും തിരുത്തിയും വക്രീകരിച്ചപ്പോഴും പുഷ്പന്  ഒന്നും മാറ്റിപ്പറയേണ്ടിവന്നില്ല.  കിണഞ്ഞു ശ്രമിച്ചിട്ടും ചെറുത്തുനിൽപ്പിനെക്കുറിച്ച് വേണ്ടാക്കഥകൾ ഉൽപാദിപ്പിക്കാൻ മുതിർന്നവർ പുഷ്പന് മുന്നിൽ തോറ്റു.  വാക്കുകൾക്ക് അടയാളപ്പെടുത്താനാവാത്ത, സമാനതയില്ലാത്ത അനുഭവത്തിലൂടെ കടന്നുപോയപ്പോഴും പുഷ്പന്ആരോടും പരിഭവമുണ്ടായില്ല. അതായിരുന്നു രാഷ്ട്രീയബോധം.

ആത്മകഥാംശം നിറഞ്ഞ കുറിപ്പിൽ ഒരിക്കൽ  എഴുതി: ‘‘ഒരില കൊഴിയുന്ന ലാഘവത്തിൽ രാവും പകലും, തിളച്ച മരുഭൂമിയിലെന്ന പോലെയാണ് ഞാൻ കിടന്നത്.  ഈച്ചയും കൊതുകും ഉറുമ്പും എന്തിന് വണ്ടുപോലും മൂളിവരുമ്പോൾ തലക്കകത്ത് എന്തോ തിളച്ചുമറയുന്നത് പോലെ. എനിക്കറിയില്ല എങ്ങനെ ഒരേതരത്തിൽ കിടക്കുന്നുവെന്ന്. കടുത്ത വേദനയിലും ഒരിക്കലുംകരഞ്ഞിട്ടില്ല. നിലവിളിക്കാൻ തോന്നിയ സന്ദർഭങ്ങളുണ്ടായി. എന്നാൽ ഒരു തുള്ളി കണ്ണീർ പൊഴിച്ചിട്ടില്ല. കൂത്തുപറമ്പിലെ പോരാളി ഏത് കടുത്ത പ്രതിസന്ധിയിലും ദുർബലനാകരുത് എന്ന വിശ്വാസമായിരുന്നു.’’പ്രസ്ഥാനത്തിന്റെ ഓരോ ചലനവും പുഷ്പൻ കിടപ്പിലും തൊട്ടറിഞ്ഞിരുന്നു. ദേശാഭിമാനി അതിരാവിലെ  വായിച്ചുകേൾക്കും.  വിശകലനങ്ങളും.

ഓരോ പ്രശ്നത്തെയും കുറിച്ച് വ്യക്തമായ നിലപാടുകൾ. താങ്ങായി എന്നും സൗഹൃദവലയം. പുഷ്പാ എന്ന വിളിയിൽ അവർ കരുതൽ നിറച്ചു. കിടപ്പ്മുറി പലപ്പോഴും സൗഹൃദകൂട്ടായ്മകളുടെ ഇടമായി. രാത്രി കൂട്ടുകിടക്കാൻ സുഹൃത്തുക്കൾ. പനിയും ഇടയ്ക്കിടെയുണ്ടാവുന്ന  മൂത്രതടസവുമാണ് കിടപ്പ് ജീവിതത്തിലും പുഷ്പനെ ബുദ്ധിമുട്ടിച്ചത്. ഇടയ്ക്കിടെ ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു.  അടിയറവ്പറയിക്കാനെത്തിയ വേദനയെ തോൽപിച്ച്് ഒടുവിൽ യാത്ര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top