22 December Sunday

അന്തരീക്ഷ മലിനീകരണം ഗ്രാമങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം മനുഷ്യനിർമിതവും പ്രകൃതിദത്തവുമായ സ്രോതസ്സുകളിൽ നിന്നും പുറന്തള്ളുന്ന നിരവധി രാസ, ഭൗതിക, ജൈവ ഘടകങ്ങളാൽ വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും ആന്തരികവും  ബാഹ്യവുമായ വായു മലീമസമാകുന്ന പ്രക്രിയയാണ് അന്തരീക്ഷ മലിനീകരണം.

4.2 ദശലക്ഷം  മരണം
മോട്ടോർ വാഹനങ്ങൾ, വ്യവസായശാലകൾ, ഗാർഹിക ജ്വലന ഉപകരണങ്ങൾ, കാട്ടുതീ തുടങ്ങിയവ അന്തരീക്ഷ മലിനീകരണത്തിന്റെ ഉറവിടങ്ങളാണ്. ചെറുതും വലുതുമായ പൊടിപടലങ്ങൾ, കാർബൺ മോണോക്സൈഡ്, ഓസോൺ, നൈട്രജൻ ഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ് എന്നിവയാണ് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പ്രധാന വായു മലിനീകാരികൾ. 2016-ൽ മാത്രം ആഗോളതലത്തിൽ 4.2 ദശലക്ഷം പേരുടെ മരണത്തിന്‌ വായു മലിനീകരണം കാരണമായതായാണ്‌ കണക്ക്‌. ഹൃദ്‌രോഗം, പക്ഷാഘാതം, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ, അർബുദം, ന്യുമോണിയ തുടങ്ങി നിരവധി മാരകരോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. വിവിധ സ്രോതസ്സുകളിൽനിന്നുള്ള ഉദ്വമനം(emission) കേന്ദ്രീകരിച്ചിരിക്കുന്ന വലിയ നഗരങ്ങളിലാണ് വായു മലിനീകരണം സാധാരണയായി കാണപ്പെട്ടിരുന്നത്. എന്നാൽ ഗ്രാമങ്ങളിലും വായുമലിനീകരണം വലിയതോതിലുള്ള  ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന്‌  പുതിയ ഗവേഷണങ്ങൾ പറയുന്നു.

ഇന്ത്യയിൽ കൂടുന്നു
അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്സൈഡി (NO2)ന്റെ അളവ് ഇന്ത്യയിൽ ഉയർന്നുവരികയാണ്‌. ആഗോളതലത്തിൽ നൈട്രജൻ ഓക്സൈഡുകളുടെ  ഉദ്വമനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും നഗരപ്രദേശങ്ങളിലെ ഗതാഗത മേഖലയിൽനിന്നുമാണെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥാ വ്യതിയാന വിശകലന സമിതിയുടെ വിലയിരുത്തൽ. എന്നാൽ, അടുത്തിടെയായി ഇന്ത്യയിൽ മൊത്തം നൈട്രജൻ ഡയോക്സൈഡ് മലിനീകരണത്തിന്റെ 4 ശതമാനം ഗ്രാമങ്ങളിൽനിന്നുള്ളതാണെന്നും അത് ഓരോ വർഷവും കൂടി വരികയുമാണെന്നും പഠനങ്ങളിൽ കണ്ടെത്തി.വ്യാവസായിക രാജ്യങ്ങളിൽ മനുഷ്യന്റെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും ഇടപെടലുകളുമാണ്അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങൾ.

1997–2019 കാലയളവിൽ ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും അന്തര ീക്ഷത്തിലെ NO2- ന്റെ സാന്ദ്രതയിലുണ്ടായ വ്യതിയാനങ്ങൾ

1997–2019 കാലയളവിൽ ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും അന്തര ീക്ഷത്തിലെ NO2- ന്റെ സാന്ദ്രതയിലുണ്ടായ വ്യതിയാനങ്ങൾ


 

അന്തരീക്ഷ രസതന്ത്രം
ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രധാന വായു മലിനീകാരികൾ സമാനമാണെങ്കിലും അവയുടെ സ്ഥലപരമായ സാന്നിധ്യം രണ്ട് പ്രദേശങ്ങളിലും വ്യത്യസ്തമാണ്. നൈട്രജൻ, സൾഫർ എന്നിവയുടെ ഓക്സിജൻ അടങ്ങിയ സംയുക്തങ്ങൾ, കാർബൺ മോണോക്സൈഡ് , ഓസോൺ , അസ്ഥിര ജൈവ സംയുക്തങ്ങൾ , കാർബണിക -അകാർബണിക കണികകൾ എന്നിവയുടെ ബഹിർഗമനം കൂടുതലും നഗരങ്ങളിലാണ്. കാട് കത്തുന്നതും, ഗ്രാമപ്രദേശങ്ങളിൽ പ്രത്യേകിച്ച് ശൈത്യകാലത്ത്, കാർഷിക വിളവെടുപ്പിന് ശേഷം അവശേഷിക്കുന്ന കച്ചി കത്തിക്കുന്നതും മലിനീകാരികളുടെ ഉദ്വമനം വർധിപ്പിക്കും.  കീടനാശിനികളുടെ ഉപയോഗം അന്തരീക്ഷത്തിൽ അസ്ഥിര ജൈവ സംയുക്തങ്ങൾ രൂപപ്പെടുത്തും. ഇവ പിന്നീട് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ  പ്രതിപ്രവർത്തിച്ച് ഭൗമതല ഓസോണായി മാറി അന്തരീക്ഷ രസതന്ത്രത്തെ  പരിവർത്തനപ്പെടുത്തും.

വായു ഗുണനിലവാരം
2020-ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ 67 ശതമാനം ഗ്രാമങ്ങളിലും 33 ശതമാനം നഗരപ്രദേശങ്ങളിലുമാണ് അധിവസിക്കുന്നത്. വായു മലിനീകരണം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് അതിരുകളില്ലെന്നതിനാൽ ഇത് നിയന്ത്രിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌. നഗരങ്ങളും നഗരപ്രാന്ത പ്രദേശങ്ങളുമാണ് വായു മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങൾ. ഓരോ വർഷവും ഗ്രാമീണ ഇന്ത്യയിലെ നൈട്രജൻ ഡയോക്സൈഡിന്റെ വർധനയും നഗര മലിനീകരണത്തിനൊപ്പം ഗ്രാമീണ വായുവിന്റെ ഗുണനിലവാരത്തിലുള്ള തുടർച്ചയായ ഇടിവും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. വായു മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരങ്ങൾക്കപ്പുറത്തേക്ക് എത്തിക്കേണ്ട സമയം അതിക്രമിച്ചു. ഇതിനായി  നിരീക്ഷണ മാപിനികൾ ഗ്രാമങ്ങളിൽ സ്ഥാപിക്കുകയും അവ തുടർച്ചയായി നിരീക്ഷിക്കുകയും വേണം.

 1970--2018 കാലത്ത്‌ ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും നിന്നുള്ള NO2 ന്റെ മേഖല തിരിച്ചുള്ള കണക്ക്‌

1970--2018 കാലത്ത്‌ ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും നിന്നുള്ള NO2 ന്റെ മേഖല തിരിച്ചുള്ള കണക്ക്‌


 

ആരോഗ്യ പ്രശ്‌നങ്ങൾ
വായു മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നു. പോഷകാഹാര ലഭ്യത പരിമിതമായവർ, കുട്ടികൾ,  പ്രായമായവർ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർ  എന്നിവർക്ക് അപകടസാധ്യത വളരെ കൂടുതലാണ്. ആരോഗ്യപരിരക്ഷ അപ്രാപ്യമായതുമൂലം ദരിദ്രജനവിഭാഗങ്ങളും വായുമലിനീകരണ സംബന്ധിയായ രോഗങ്ങളുടെ ഭീഷണിയിലാണ്. വായുമലിനീകരണം ആയുർദൈർഘ്യം കുറയ്‌ക്കും.

ജാഗ്രത വേണം
ഡൽഹി ഉപനഗര പ്രദേശങ്ങൾ, ഗംഗാസമതലത്തിന്റെ താഴ്‌ന്ന വിതാനങ്ങൾ, കിഴക്കൻ ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളിലൊഴികെ ഗ്രാമീണ ഇന്ത്യയിൽ പൊതുവായി വായു ഗുണനിലവാരം മോശമല്ലെന്നാണ്‌ പഠനങ്ങൾ പറയുന്നത്‌. എന്നാൽ, അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്സൈഡ് സാന്ദ്രത വർധിക്കുന്ന പ്രവണത, ഉയരുന്ന നഗരവൽക്കരണ നിരക്ക്, വർധിച്ചുവരുന്ന ജനസംഖ്യ തുടങ്ങിയവ കൂടുതൽ ഗ്രാമപ്രദേശങ്ങൾ മലിനീകരണ പരിധിയിൽ  കടക്കാനുള്ള സാധ്യത കൂട്ടുകയാണ്‌. ഇത്‌ ഗൗരവകരമായി കാണണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top