മേപ്പാടി
കണ്ണുനീർ തോരാതെ മാധവിയമ്മ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ മൂന്നുദിനം പിന്നിടുന്നു. ഉറ്റവരായ ആറുപേർക്കുവേണ്ടിയാണ് കാത്തിരിപ്പ്. മാധവിയമ്മയുടെ മക്കളായ ഗുരുമലൻ, സിവണ്ണൻ, സിദ്ധരാജ്(അപ്പനൻ), മരുമക്കളായ സാവിത്രി, സബിത, ദിവ്യ, കൊച്ചുമക്കളായ അശ്വിൻ, ശ്രേയ, ലക്ഷിത് കൃഷ്‌ണ എന്നിവരെയാണ് ഉരുൾ കവർന്നത്. സിവണ്ണൺ, അശ്വിൻ, ശ്രേയ എന്നിവരുടെ മൃതദേഹം കിട്ടി. മറ്റുള്ളവരെവിടെയെന്ന ചോദ്യത്തിന് മുന്നിൽ ചുറ്റുമുള്ളവർ പതറിപ്പോകും.
ചൂരൽമലയിൽ അടുത്തടുത്ത വീടുകളിലാണ് സഹോദരങ്ങളായ ഗുരുമലനും സിവണ്ണയും സിദ്ധരാജും താമസിക്കുന്നത്. വെള്ളം ഉയരുന്നത് കണ്ടതോടെ കുറച്ചുമുകളിലായുള്ള സിവണ്ണന്റെ വീട്ടിലേക്ക് എല്ലാവരും മാറുകയായിരുന്നു. ഇതടക്കം മൂന്നുവീടുകളും ഒലിച്ചുപോയി. അവിടെ ഉണ്ടായിരുന്ന ആരും ബാക്കിയായില്ല. വില്ലേജ് റോഡിലെ മാട്ടറക്കുന്നിലുള്ള മകൾ രത്തിനയുടെ വീട്ടിലായിരുന്നു മാധവി.
ഓരോ ആംബുലൻസ് എത്തുമ്പോഴും കുടുംബാംഗങ്ങൾ നെഞ്ചുപിടഞ്ഞ് നോക്കും. വീണ്ടും കണ്ണീരുമായി ക്യാമ്പിലേക്ക് മടങ്ങും. ഒരു കുഞ്ഞിന്റെ മൃതദേഹം ഇവർ തിരിച്ചറിഞ്ഞെങ്കിലും സംശയം ഉയർന്നതിനാൽ ഡിഎൻഎ പരിശോധനയുടെ നടിപടിക്രമങ്ങൾക്കായി മാറ്റിവെച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..