05 November Tuesday

വെള്ളത്താൽ ഒറ്റപ്പെട്ടപ്പോഴും
 സ്നേഹത്താൽ ചേർത്ത്‌ വയനാടിന്റെ കരുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


ചൂരൽമല
ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവർക്ക്‌ പറയാനുള്ളത് വയനാടിന്റെ കരുതലിനെപ്പറ്റിയാണ്‌. ഉറ്റവർ നഷ്ടപ്പെട്ട് സങ്കടത്തോടെ ക്യാമ്പിൽ കഴിയുമ്പോഴും ചുറ്റും ആശ്വാസവുമായെത്തുന്നവരെപ്പറ്റി പറയാതിരിക്കാൻ അവർക്കാവതില്ല.

ജീവനക്കാരും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും ക്യാമ്പിൽ സജീവമാണ്‌. ക്യാമ്പുകളിലേക്ക്‌ എത്തുന്നവരുടെ വാഹനത്തിന്‌ വഴിയൊരുക്കാൻ ദീർഘദൂരം റോഡരികിൽ നാട്ടുകാർ നിൽക്കുകയാണ്‌. മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും കമ്യൂണിറ്റി ഹാളിലുമായി താൽക്കാലികമായി ഒരുക്കിയ  മോർച്ചറിയുടെ പരിസരത്ത്‌ ആശ്വാസവുമായി നിരവധിപേരുണ്ട്‌. ഉറ്റവരുടെ മൃതദേഹം തിരിച്ചറിയാൻ എത്തിയവർ പിടിവിട്ടുപോകുന്ന അവസ്ഥയിൽ അപരിചിതരെ കെട്ടിപ്പിടിച്ചുപോലും കരയുകയാണ്‌.

മാസ്കും ഭക്ഷണവും വെള്ളവും എല്ലാമായി എപ്പോഴുമുള്ള കരുതലിൽ സങ്കടം മറക്കാനാണ്  ക്യാമ്പിലുള്ളവരുടെ ശ്രമം. പ്രിയപ്പെട്ടവരുടെ വിവരങ്ങൾ അന്വേഷിക്കാനെത്തുന്നവർക്ക്‌ പോലും ഭക്ഷണം ക്യാമ്പിലുണ്ട്‌.  കുട്ടികൾക്ക്‌ കളിപ്പാട്ടവും കുഞ്ഞുടുപ്പുകളും എല്ലാവർക്കും ആയുർവേദം, ഹോമിയോ, അലോപ്പതി വിഭാഗത്തിലെ ചികിത്സയും ലഭ്യമാണ്‌. അളവനുസരിച്ചുള്ള വസ്ത്രങ്ങളും കിടയ്ക്കയും പുതപ്പുമെല്ലാം ആവശ്യത്തിന്‌ എത്തുന്നുണ്ട്‌. മലിനജലത്തിൽ ഏറെനേരം നിൽക്കേണ്ടിവന്നതിനാൽ എലിപ്പനി പ്രതിരോധ മരുന്ന്‌ നിർബന്ധമായും കഴിക്കണമെന്ന്‌ ആരോഗ്യപ്രവർത്തകർ ക്യാമ്പിലെത്തുന്നവരോട്‌ നിർദേശിക്കുന്നു. മാനസിക പിന്തുണ ഉറപ്പാക്കാനും ക്യാമ്പിൽ സൗകര്യമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top