01 November Friday

കല്ലും മണ്ണും ചുമന്ന കൊച്ചച്ചൻ ; അനുഭവങ്ങളാൽ കരുത്തേറിയ ജീവിതം

ശ്രീരാജ്‌ ഓണക്കൂർUpdated: Thursday Oct 31, 2024


കൊച്ചി
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവയുടെ ജീവിതം അനുഭവങ്ങളാൽ കരുത്തേറിയതാണ്‌. സൺഡേസ്കൂളിൽ പഠിപ്പിച്ചും വചനം പ്രസംഗിച്ചും സഭാജീവിതം ആരംഭിച്ച അദ്ദേഹം അൽപകാലം മുമ്പുവരെ   കർമനിരതനായിരുന്നു. സുറിയാനി മൽപ്പാൻ ഞാർത്താങ്കൽ കോരുത്‌ മൽപ്പാനച്ചന്റെയും മൂശസലാമ റമ്പാന്റെയും (മോർ ക്രിസോസ്റ്റമോസ്‌ ) കടവിൽ പോൾ റമ്പാന്റെയും (പിന്നീട്‌ ഡോ. പൌലോസ്‌ മോർ അത്താനാസിയോസ്‌) കീഴിലായിരുന്നു വൈദികപഠനം.

ആറു വർഷം പുത്തൻകുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ പള്ളി വികാരിയായി പ്രവർത്തിച്ചു. പള്ളി പുതുക്കിപ്പണിതപ്പോൾ തൊഴിലാളികൾക്കൊപ്പം പകലന്തിയോളം കല്ലും മണ്ണും ചുമന്ന കൊച്ചച്ചന്റെ കഠിനാധ്വാനത്തിന്റെ കഥകൾ പ്രസിദ്ധമാണ്‌. ഇടവക വികാരിയായ 15 വർഷം (1959–74) ഇടവക ഭരണത്തിനൊപ്പം സുവിശേഷ പ്രസംഗങ്ങളിലും സജീവമായി. പെരുന്നാൾ ധ്യാനയോഗങ്ങളിലും സുവിശേഷ പന്തലുകളിലും പ്രധാന പ്രാസംഗികനായിരുന്നു. 1975 ഡിസംബർ 25, 26 തീയതികളിൽ അങ്കമാലി തുരുത്തിശേരി പള്ളിയിൽ നടന്ന ചരിത്രപ്രസിദ്ധമായ അസോസിയേഷന്റെ സംഘാടകനാണ്‌.

ഇതുവരെ അദ്ദേഹം 350 വൈദികർക്ക്‌ പൗരോഹിത്യ സ്ഥാനം നൽകിയിട്ടുണ്ട്‌.  2002ൽ പരിശുദ്ധ പരുമല തിരുമേനിയുടെ ചരമ ശതാബ്‌ദിയോടനുബന്ധിച്ച്‌ പുത്തൻകുരിശ്‌ പാത്രിയർക്കാ സെന്റർ മൈതാനത്തും 2010 ഡിസംബർ 29ന്‌ ക്നാനായ അതിഭ്രദാസന ശതാബ്‌ദിയോടനുബന്ധിച്ചു ചിങ്ങവനം ദയറാ കത്തീഡ്രൽ അങ്കണത്തിലും നടന്ന വിശുദ്ധ നൂറ്റൊന്നിന്മേൽ കുർബാനകൾക്ക്‌ മുഖ്യകാർമികനായി. സഭാ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു 2002ലെ നൂറ്റൊന്നിന്മേൽ കുർബാന.
വിശ്വാസികൾക്ക്‌ താമസിച്ച്‌ ധ്യാനങ്ങളിൽ പങ്കെടുക്കാൻ കീഴില്ലത്ത്‌ സെന്റ്‌ തോമസ്‌ ധ്യാനക്രേന്ദം, ഇന്ത്യ മുഴുവൻ പ്രേഷിതവേല ചെയ്യുന്ന പട്ടിമറ്റം സെന്റ്‌ പോൾസ്‌ മിഷൻ, നിർധനരും നിരാലംബരുമായ അനേകർക്ക്‌ ആശ്രയമായ കോതമംഗലം സെന്റ്‌ ജോൺസ്‌ മിഷൻ എന്നിവയ്ക്ക്‌ രൂപംനൽകി.

കിഴക്കേയിന്ത്യൻ മേഖലയിലെ കൽക്കരി ഖനികളിൽ മൃഗതുല്യരായി പണിയെടുക്കുന്നവർക്കും കശ്മീരിലെ ഉദംപൂരിലും വരിക്കോലി ആശുപത്രിയിലെ കുഷ്ഠരോഗികൾക്കും അദ്ദേഹം കരുണയുടെ പ്രകാശമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top