ചെറുപ്പത്തിലേ അലട്ടിയ അപസ്‌മാരത്തോട് പൊരുതാൻ പഠിപ്പിച്ച അമ്മയായിരുന്നിരിക്കണം പ്രതിസന്ധികൾക്കിടയിലും മുന്നോട്ടുപോകാൻ കുഞ്ഞൂഞ്ഞ് എന്ന സി എം തോമസിന് പ്രചോദനമായത്. എട്ടുമക്കളിൽ ആറാമൻ. രോഗവും പ്രാർഥനയും നിറഞ്ഞ കുട്ടിക്കാലവും നാലാംക്ലാസിൽ മുടങ്ങിപ്പോയ വിദ്യാഭ്യാസവും ആട്ടിടയനായും അഞ്ചലോട്ടക്കാരനായുമൊക്കെ ജോലി ചെയ്‌ത് നേടിയ ജീവിതാനുഭവങ്ങളും എന്നും കരുത്തായി ഉണ്ടായിരുന്നു.
വയലിൽവച്ച് നായ കടിച്ചതിനുശേഷമാണ് മോഹാലസ്യപ്പെട്ടുവീഴുന്ന അസുഖം തുടങ്ങിയത്. രോഗം കുഞ്ഞൂഞ്ഞിനെ വിടാതെ പിന്തുടർന്നു. ജീവൻ അപകടത്തിലാകുന്ന പല സന്ദർഭങ്ങളുമുണ്ടായി. ബോധംകെട്ട് പലപ്പോഴും തീയിലും വെള്ളത്തിലും വീണു. ഒരിക്കൽ അടുക്കളയിലെ തീയിൽവീണ് നെറ്റിയിലും കഴുത്തിലും പൊള്ളലേറ്റു. എവിടെയെങ്കിലും വീണുപോയാൽ അറിയാൻ അമ്മയും അപ്പനും പരിഹാരം കണ്ടെത്തി. ഒരു പുല്ലാങ്കുഴൽ ഉണ്ടാക്കി നൽകി. കുറേനേരം പുല്ലാങ്കുഴൽനാദം കേൾക്കാതിരുന്നാൽ മകൻ അപകടത്തിലാണെന്ന് മാതാപിതാക്കൾ മനസ്സിലാക്കി.
ഭൂതകാലം തുറന്നുപറയുന്നത് ഒരു കുറവായി അദ്ദേഹം ഒരിക്കലും കണ്ടിരുന്നില്ല. പഠിപ്പിനെപ്പറ്റി ചോദിച്ചാൽ രണ്ട് സ്‌കൂളുകളിൽ നാലാംക്ലാസ് പഠിച്ചതും രണ്ടിടത്തും തോറ്റപ്പോൾ ആടുമേയ്‌ക്കാൻ ഇറങ്ങിയ കഥയും പറയും. ചെറുപ്പത്തിലെ ആടുമേയ്‌ക്കൽകൊണ്ട് കാലികളുടെ ലക്ഷണം പറയുന്നതിൽ വൈദഗ്‌ധ്യം നേടിയിരുന്നു. കാളയുടെയും പശുവിന്റെയുമൊക്കെ ചുറ്റും നടന്നുകണ്ട് ലക്ഷണം കൃത്യമായി പറയും. എത്ര മല്ലനായ കാളയെയും ഒറ്റയ്‌ക്ക് കിടത്താൻ തനിക്ക് ഒരു മർമപ്രയോഗം മതിയെന്ന് അഭിമാനത്തോടെ പറയുമായിരുന്നു.
ആടുമേച്ചു കഴിയുന്നതിനിടെയാണ് 15–-ാംവയസ്സിൽ മലേക്കുരിശ് ദയറായിലെ സണ്ടേസ്‌കൂൾ അധ്യാപകനായി. 1948ലാണ് തപാൽവകുപ്പിൽ അഞ്ചലോട്ടക്കാരനായി ജോലികിട്ടുന്നത്. തപാലുംകൊണ്ടുള്ള ആദ്യഓട്ടം പുത്തൻകുരിശിൽനിന്ന് തൃപ്പൂണിത്തുറയിലേക്ക്. മടക്കയാത്രയിൽ പത്രവിതരണക്കാരനുമായി. അക്കാലത്ത് ചില പണക്കാരും സ്ഥാപനങ്ങളുമൊക്കെയാണ് പത്രം വാങ്ങുന്നത്. ആ വരുമാനത്തിൽനിന്നാണ് ആദ്യവാഹനം. 43 രൂപയ്‌ക്ക് ഒരു സൈക്കിൾ. മൂന്ന് വർഷം ആ ജോലി തുടർന്നു.
തൊണ്ണൂറുകളിലും
പരീക്ഷണങ്ങൾ
മൂന്നുപതിറ്റാണ്ടിലേറെയായി പ്രമേഹത്തോട് പൊരുതിയാണ് ബാവ സഭയെ മുന്നോട്ടുകൊണ്ടുപോയത്. എങ്കിലും ആറ് വർഷംമുമ്പ്, 90–-ാംവയസ്സിൽ മാത്രമാണ് അദ്ദേഹം അൽപ്പമൊന്ന് പതറിയത്. അന്ന് കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ കുറച്ചുദിവസം ചികിത്സ വേണ്ടിവന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
പനിയും ചിക്കൻപോക്‌സും അതീവഗുരുതരാവസ്ഥയിൽ എത്തിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ചു. പരീക്ഷണങ്ങൾ തീർന്നില്ല. ഒരിക്കൽ തലച്ചോറിൽ രക്തസ്രാവമുണ്ടായി മരണത്തിന്റെ വക്കിലെത്തി. കോവിഡ് ബാധിച്ചു. 90 വയസ്സിനുശേഷമുണ്ടായ ഈ പരീക്ഷണങ്ങളെല്ലാം അതിജീവിച്ച് തിരികെയെത്തിയത് സഭയ്‌ക്കുവേണ്ടിയാണെന്ന് വിശ്വാസികൾ പറഞ്ഞിരുന്നു. പ്രാർഥനയ്ക്കൊപ്പം ചിട്ടയായ ജീവിതചര്യകൂടിയാണ് കർമരംഗത്ത് തന്നെ സജീവമാക്കുന്നതെന്നായിരുന്നു ബാവയുടെ വാക്കുകൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..