ചൂരൽമല
മണ്ണുമാന്തി യന്ത്രത്തിന്റെ കൈകൾ ആഴത്തിൻ കല്ലും മണ്ണും വാരുമ്പോൾ സഹദേവൻ നെഞ്ചുലഞ്ഞ് അരികിൽനിന്നു. മുണ്ടക്കൈയിൽ മൺകൂനയായി മാറിയ വീട് കുഴിച്ച് തിരയുമ്പോൾ സഹോദരൻ സുദേവന്റെയും കുടുംബാംഗങ്ങളുടെയും മുഖങ്ങളായിരുന്നു മനസ്സിൽ. യന്ത്രക്കൈകൾ ഓരോതവണ ഉയർന്ന് താഴുമ്പോഴും നിറമിഴികളോടെ നോക്കിനിന്നു.
കിട്ടിയ പ്ലാസ്റ്റിക് കവർ എടുത്ത് സമീപത്തെ മദ്രസ കെട്ടിടത്തിലേക്ക് അതിവേഗം നീങ്ങി. ബെഞ്ചിലിരുന്ന് കവർ തുറന്നപ്പോൾ സുദേവന്റെ ഫോട്ടോ പതിച്ച രേഖ. മിഴിപൂട്ടാതെ ചിത്രത്തിലേക്ക് ഏറെനേരം നോക്കി. കണ്ണുനീർ ഇറ്റുവീണു. മനസിൽ സങ്കടക്കടലിരമ്പി. കവിളിലെ കണ്ണീർച്ചാൽ തുടച്ച് രേഖകൾ ഓരോന്നായി പരിശോധിച്ചു. പിന്നീട് എല്ലാം ഭദ്രമാക്കിവച്ച് തിരച്ചിൽ സ്ഥലത്തേക്ക് തിരകെയെത്തി. മണ്ണടിഞ്ഞുപോയ വീട്ടിനുള്ളിൽനിന്ന് കഴിഞ്ഞദിവസം അമ്മ നീലുവിന്റെ മൃതദേഹം കിട്ടിയിരുന്നു. അൽപ്പം താഴെനിന്ന് സഹോദരന്റെ ഇളയ മകന്റെ മൃതദേഹവും ലഭിച്ചു. സുദേവനും ഭാര്യ ഷീജയ്ക്കും ഇളയ മകൻ വിഷ്‌ണുവിനും വേണ്ടിയുള്ള തിരച്ചിലാണിപ്പോൾ.
സഹദേവനും കുടുംബവും ഒരാഴ്ചമുമ്പാണ് തറവാട്ട് വീട്ടിൽനിന്ന് മേപ്പാടിയിലെ വാടക വീട്ടിലേക്ക് മാറിയത്. കർക്കടകവാവിന് മറ്റുസഹോദരങ്ങളെല്ലാമായി വീട്ടിൽ കൂടാനിരുന്നതാണ്. പൊട്ടിയൊഴുകിയ ഉരുൾ വീടുൾപ്പെടെ കുടുംബാംഗങ്ങളെ കൊണ്ടുപോയി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..