17 September Tuesday

അരങ്ങൊഴിഞ്ഞ്‌ ‘കനവി’ന്റെ കഥാകാരൻ

വി ജെ വർഗീസ്‌Updated: Monday Sep 2, 2024


കൽപ്പറ്റ
കാടിന്റെ താളമറിഞ്ഞ്‌ മനുഷ്യസ്‌നേഹത്തിന്റെ കിനാവ്‌ കണ്ട ‘കനവി’ന്റെ കഥാകാരൻ കെ ജെ ബേബി മറഞ്ഞു. നോവലിസ്‌റ്റ്‌, നാടകകൃത്ത്‌, സംവിധായകൻ, നാടൻപാട്ടുകാരൻ, സാമൂഹ്യപ്രവർത്തകൻ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്രപതിപ്പിച്ചു. വയനാട്ടിൽനിന്ന്‌ രാജ്യം അറിഞ്ഞ വ്യക്തിത്വം, ഗോത്രവിഭാഗങ്ങളുടെ ഉന്നതിക്കായി സമാന്തര വിദ്യാഭ്യാസപാത വെട്ടിത്തുറന്ന വിചക്ഷണൻ. ആദിവാസികൾക്കായി, അവരുടെ ഭാഷയിൽ, വയനാട്ടിൽ ‘കനവ്‌’ ഗുരുകുല പാഠശാലയൊരുക്കി. ‘നാട്‌ എൻ വീട് വയനാട്’ എഴുതി കനവിലെ ആദിവാസി വിദ്യാർഥികൾക്കൊപ്പം പാടിയപ്പോൾ വയനാടൻ പെരുമ ലോകമെങ്ങുമറിഞ്ഞു.

കോളേജ്‌ അധ്യാപികയായിരുന്ന പങ്കാളി ഷേർളി മേരി ജോസഫ്‌ സ്വയം വിരമിച്ച്‌ ബേബിയുടെ  സ്വപ്നത്തിനൊപ്പം നിന്നു. 2021ൽ മരിക്കുംവരെ ഷേർളി ‘കനവി’ന്റെ കൂട്ടുകാരിയായി. മക്കളായ ശാന്തിപ്രിയയുടെയും ഗീതിപ്രിയയുടെയും വിദ്യാഭ്യാസവും അവിടെത്തന്നെയായിരുന്നു. പഠനവും പാട്ടും നാടകവും കൃഷിയും  അഭിനയവുമെല്ലാമായിരുന്നു സിലബസ്‌. കേരളത്തിൽ ഈ പരീക്ഷണം ആദ്യമായിരുന്നു.

ബദൽ വിദ്യാഭ്യാസത്തിനൊപ്പം ബദൽ ജീവിതവുമായിരുന്നു ബേബിയുടേത്‌. സന്യാസം, കുടുംബജീവിതം, എഴുത്ത്‌, അഭിനയം, സംവിധാനം, യാത്ര, സാംസ്‌കാരിക പ്രവർത്തനം തുടങ്ങി വ്യത്യസ്‌ത വഴികളിലൂടെ സഞ്ചരിച്ചു. എഴുപതുകളുടെ അവസാനം ‘നാട്ടുഗദ്ദിക’യെന്ന തെരുവ് നാടകവുമായി നാടുചുറ്റി. 1994ൽ കേരള സഹിത്യ അക്കാദമി അവർഡ്‌ ലഭിച്ച ‘മാവേലിമൻറം’ നോവൽ പിന്നീട്‌ നാടകമാക്കി നർമദാതീരങ്ങളിൽവരെ അവതരിപ്പിച്ചു. പിന്നീടാണ്‌ വയനാട്‌  നടവയലിൽ ‘കനവ്‌’ ആരംഭിച്ചത്‌. ഗോത്രവിദ്യാർഥികൾക്ക്‌ ക്ലാസ്‌ മുറികളിലെ വിദ്യഭ്യാസമല്ല, പ്രകൃതിയെ അറിഞ്ഞ്‌ അവരുടെ ഭാഷയും പൈതൃകവും  അടിസ്ഥാനമാക്കിയുള്ള  പഠനമാണ്‌ വേണ്ടതെന്നതായിരുന്നു ആശയം. 2007ൽ  ‘കനവ്‌ മക്കൾ’ ട്രസ്റ്റുണ്ടാക്കി വിദ്യാർഥികളായിരുന്നവർക്ക്‌ സ്ഥാപനം  കൈമാറി. കണ്ണൂരിൽനിന്ന്‌ കുടിയേറിയാണ്‌ വയനാടിന്റെ സാഹിത്യകാരനായി മാറിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top