22 December Sunday

ഫെഡ്‌ എക്‌പ്രസ്‌ കഥ തുടരുമോ..

എ എൻ രവീന്ദ്രദാസ്Updated: Thursday Jul 4, 2019

പ്രായം തോറ്റോടുന്ന  പടയോട്ടത്തിൽ ഫെഡ്‌ എക്‌സ്‌പ്രസ്സ്‌ എന്നു വിളിപ്പേരുള്ള റോജർ ഫെഡറർക്ക്‌ വിശ്വ ടെന്നീസിന്റെ പരമപീഠമായ ഗ്രാൻസ്‌ലാമിൽ ഒരുവട്ടംകൂടി കിരീടം ഉയർത്താനുള്ള അവസാനത്തെ ഊഴമാണോ ഈ വിംബിൾഡൺ. രണ്ടാഴ്‌ചക്കുള്ളിൽ ഇതിനുത്തരം കിട്ടുമെങ്കിലും അതേ എന്ന്‌ തറപ്പിച്ചുപറയാൻ  ആരും ധൈര്യപ്പെടുന്നില്ല. എങ്കിലും ടെന്നീസിലെ ഈ നിത്യ ഹരിത നായകന്‌ ഇനി ഏറെ മുന്നോട്ടു പോകാനാവില്ലെന്ന്‌ കണക്കു കൂട്ടുന്നവരും കുറവല്ല.

കളിയെ സർവതല സ്‌പർശിയായ സുന്ദര അനുഭവമാക്കി മാറ്റിയ ഈ സ്വിറ്റ്‌സർലൻഡുകാരനെ എഴുതിത്തള്ളാൻ ശ്രമിക്കുമ്പോഴെല്ലാം തന്റെ  കായിക  സപര്യയ്‌ക്ക്‌ പുനർജനിയേകുന്ന പ്രതിഭാസ്‌പർശത്തിന്റെയും നിശ്‌ചയ ദാർഢ്യത്തിന്റെയും വിജയ തൃഷ്‌ണയുടെയും പുതിയ പാഠങ്ങൾ കാട്ടിത്തന്ന്‌ പ്രായം മുപ്പത്തെട്ടിലേെക്കത്തുമ്പോഴും ഈ ടെന്നീസ്‌ കാരണവർ വിജയപഥമേറുന്നതാണ്‌ നാം കാണുന്നത്‌. ഇത്തവണ വിംബിൾഡണിൽ ഒൻപതാം കിരീടമുയർത്തി ഫെഡറർ തന്റെ ഗ്രാൻസ്‌ലാമുകളുടെ സർവകാല റെക്കോർഡ്‌ 21ലേക്ക്‌ എത്തിക്കുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ.

പുരുഷ ടെന്നീസിലെ  ഫാബുലസ്‌ ഫോറിൽ അല്ലെങ്കിൽ ആൻഡിമറേ വിടവാങ്ങിയ സാഹചര്യത്തിലെ ത്രിമൂർത്തികളിൽ ഫെഡറർ ഇപ്പോഴും നിർണായക സാന്നിധ്യമാണ്‌. 18 ഗ്രാൻസ്‌്‌ലാം കിരീടങ്ങളുള്ള റാഫേൽ നദാലും 15 എണ്ണത്തിന്റെ അവകാശിയായ നൊവാക്‌ദ്യോക്കോവിച്ചും ഗ്രാൻസ്‌ലാമുകളുടെ സർവ്വകാല റെക്കോർഡിന്റെ അമരത്തേക്കുള്ള യാത്രയിൽ തന്നെയാണ്‌. ഡൊമിനിക്‌ തീം, അലക്‌സാണ്ടർ സ്വരേവ്‌, സ്‌റ്റെഫാനോസ്‌ ടിസ്‌റ്റിപാസ്‌ തുടങ്ങിയ യുവശിങ്കങ്ങളും കെയ്‌നിഷോരി,കെവിൻ ആൻഡേഴ്‌സൺ, ഫാബിയോ ഫോഗ്‌നിനി, യുവാൻ മാർട്ടിൻ, ഡെൽപോട്രോ, മിലോസ്‌ റോണിക്‌ എന്നിവരുൾപ്പെടെ പയറ്റിത്തെളിഞ്ഞവരും വെല്ലുവിളി ഉയർത്തുമെങ്കിലും മൊത്തം 53 ഗ്രാൻസ്‌ലാം കിരീടങ്ങൾ പങ്കിടുന്ന ഫെഡററും നദാലും ദ്യോക്കോവിച്ചും തമ്മിലാവും ഇത്തവണയും വിംബിൾഡണിലെ കിരീടപോരാട്ടം നടക്കുകയെന്ന്‌ നിരീക്ഷകർ കരുതുന്നു.

നിലവിലെ ചാന്പ്യനായ ദ്യോക്കോവിച്ചിന്‌ അഞ്ചാം കിരീടമാണ്‌ ലക്ഷ്യം. തന്റെ 12‐ാം ഫ്രണ്ട്‌ ഓപ്പണും 18‐ാം ഗ്രാൻസ്‌ലാമും നേടിക്കൊണ്ട്‌ തന്നോട്‌ അധികമൊന്നും കനിവുകാട്ടാത്ത പുൽത്തകിടിയിലേക്കാണ്‌  ഇറങ്ങുന്നതെങ്കിലും റൊളാങ്‌ ഗാരോസ്‌‐വിംബിൾഡൺ തുടർവിജയങ്ങളുടെ ഡബിൾ മൂന്നാം തവണയും കരസ്ഥമാക്കി. ബ്യോൺ ബോർഗിന്റെ റെക്കോർഡിനൊപ്പമെത്താനുള്ള ഏറ്റവും നല്ല അവസരമാകും നദാലിന്‌ ഈ പോരാട്ടം.

റോജർ ഫെഡറർ എന്ന ടെന്നീസ്‌ സൂര്യൻ വീണ്ടും കത്തിജ്വലിക്കുമോ. ഈ പ്രായത്തിലും പ്രതിഭാശേഷിയുടെ പൂർണ്ണപ്രഭ ചെരിയാൻ കഴിയുന്നവനാണ്‌ ഫെഡറർ. ജർമനിയിലെ ഹാലി എടിപി ടൂർണമെന്റിൽ തന്റെ പത്താം കിരീടം നേടിയ സ്വിസ്‌ താരം പുൽകോർട്ടിൽ ഈ സീസണിൽ തോൽവി അറിയാത്ത റെക്കോർഡുമായാണ്‌ ഓൾ ഇംഗ്ലണ്ട്‌ ക്ലബ്ബിലിറങ്ങുന്നത്‌. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയൻ ഓപ്പണിലൂടെയാണ്‌ ഫെഡറർ 20 ഗ്രാൻസ്‌ലാം ട്രോഫികളെന്ന നേട്ടത്തിലെത്തിയത്‌. തുടർന്നുള്ള 16 മാസമെന്നത്‌ ടെന്നീസ്‌ കോർട്ടിൽ  പ്രാഗൽഭ്യത്തിന്റെ അളവുകോലിൽ ഫെഡററെ സംബന്ധിച്ചിടത്തോളം നീണ്ട കാലയളവ്‌ തന്നെയാണ്‌.

കാൽമുട്ടിലെ ശസ്‌ത്രക്രിയയെത്തുടർന്ന്‌ 35‐ാം വയസ്സിൽ ആറ്‌മാസം പുറത്തിരിക്കേണ്ടിവന്ന ഫെഡറർ 2011 മുതൽ 2016വരെ കാലത്ത്‌ ആകെ നേടിയത്‌ ഒരു ഗ്രാൻസ്‌ലാം മാത്രമാണ്‌. എന്നാൽ പിന്നീട്‌ അതിശക്തമായി തിരിച്ചെത്തിയപ്പോഴും 2018ലെ ഒാസ്‌ട്രേലിയൻ ഓപ്പണടക്കം മൂന്ന്‌ ഗ്രാൻസ്‌ലാമുകൾ നേടി ‐ അതാണ്‌ ഫെഡറർ.

ഇത്തവണ വിംബിൾഡൺ  നേടുകയാണെങ്കിൽ  1967ൽ തുടങ്ങുന്ന ഓപ്പൺ യുഗത്തിൽ ഗ്രാൻസ്‌ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ ചാന്പ്യനെന്ന ബഹുമതി ഫെഡറർക്കൊപ്പമാകും. പ്രായവും അത്‌ ചോർത്തുന്ന ഓജസും തമ്മിലുള്ള അനുപാതത്തെ നിരാകരിച്ചുകൊണ്ടാണ്‌ ഫെഡറർ യാത്ര തുടരുന്നത്‌. തീവ്രതയോടെ നിലനിൽക്കുക; അപ്പോൾ നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന ഫെഡററുടെ വാക്കുകൾ ഈ പുൽത്തകിടിയിൽ ഒരിക്കൽകൂടി സാർഥകമാകട്ടെ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top