22 November Friday

"ഈ മണ്ണിൽ ഞാനെന്ത്‌
 തിരയണം"

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024


ചൂരൽമല
മണ്ണിനടിയിൽ എവിടെയെങ്കിലും തങ്ങളുടെ ഉറ്റവർ ഉറങ്ങുന്നുണ്ടാവുമെന്ന്‌ അവർ ഓരോ ചുവടിലും കരുതുന്നു. ജീവിച്ച മണ്ണിനോട്‌ അളവറ്റ സ്‌നേഹം പുലർത്തിയവർക്ക്‌ മണ്ണിൽ അമർത്തിച്ചവിട്ടാൻ ഇപ്പോൾ മടിയാണ്‌. ഒരാന്തലോടെയാണ്‌ ഒരോ കാൽവെപ്പും. മുണ്ടക്കൈയിൽനിന്ന്‌ പ്രാണനുംകൊണ്ട്‌ ഓടിയവരിൽ പലരും വെള്ളിയാഴ്‌ച ജനകീയ തിരച്ചിനായി എത്തി. ദുരന്തത്തിന്‌ ശേഷം ആദ്യമായാണ്‌ ഇവർ എത്തുന്നത്‌. സന്തോഷവും സങ്കടവും ഒരുമിച്ചുപങ്കിട്ട ഓർമകളിൽ നീറുകയായിരുന്നു ഒരോരുത്തരും. ജനകീയ തിരച്ചിലിൽ വിവിധ സേനയെയും സന്നദ്ധസംഘടനകളെയും സഹായിക്കാനെത്തിയ പ്രദേശവാസികൾ നൊമ്പരക്കാഴ്‌ചയായി.

‘എന്ത്‌ തിരയാനാണ്‌ ഞാൻ. കൈവിട്ടുപോയവരുടെ നിലവിളി ഇപ്പോഴും കാതിലുണ്ട്‌. ഉരുളിന്റെ മുഴക്കം എത്രകാലം കഴിഞ്ഞാലാണ്‌ ഒഴിഞ്ഞുപോവുക’–- തൊണ്ടയിടറി ആ രാത്രിയെ ഓർക്കുകയാണ്‌ പാറക്കളം മോഹനൻ. പുഞ്ചിരിമട്ടം ജങ്ഷനിലാണ്‌ മോഹനനും കുടുംബവും താമസിച്ചിരുന്നത്‌. ‘കൺമുമ്പിലുണ്ടായിരുന്ന നൂറിലധികം വീടുകൾ ഇന്നില്ല. തൊട്ടുമുന്നിലെ വീട്ടിൽ അച്ഛന്റെ പെങ്ങൾ തായിക്കുട്ടിയെയും കുടുംബത്തെയും ഉരുൾവിഴുങ്ങുന്നത്‌ നേരിൽ കാണേണ്ടിവന്നു. കുടുംബത്തിലെ ആറുപേരെയാണ്‌ നഷ്‌ടമായത്‌.’–- മോഹനന്റെ സങ്കടങ്ങൾ പെയ്‌തുതീരുന്നില്ല. വീടിന്‌ മുന്നിൽ റോഡായിരുന്നു. റോഡിനപ്പുറം വീടുകളും. കൂറ്റൻ പാറക്കൂട്ടങ്ങളും മണ്ണും നിറഞ്ഞ്‌ വലിയൊരു കുന്നാണ്‌ ഇപ്പോൾ ആ ഭൂമി. ‘ജീവനോടെ രക്ഷപ്പെടാനായെങ്കിലും ജീവിതത്തിലെ സന്തോഷമെല്ലാം ആ രാത്രി കൊണ്ടുപോയി. പേടിയായിരുന്നു ഇങ്ങോട്ട്‌ തിരിച്ചുവരാൻ. ഭയം മാറ്റാനുറച്ചാണ്‌ തിരച്ചിലിനെത്തിയത്‌’– മോഹനൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top