22 December Sunday

സ്‌നേഹമഷി നിറച്ചെഴുതിയ നോട്ടുപുസ്‌തകം

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024


കോഴിക്കോട്‌
ഇടവേളകളിൽ മരച്ചോട്ടിലും ക്ലാസ്‌ മുറികളിലും ഒന്നിച്ചിരുന്ന് നോട്ടെഴുതുന്ന തിരക്കിലായിരുന്നു  മാറാട്‌ ജിനരാജദാസ് എഎൽപി സ്‌കൂൾ വിദ്യാർഥികൾ. ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത വെള്ളാർമലയിലെയും മുണ്ടക്കൈയിലെയും കൂട്ടുകാർക്കായി അവർ  പാഠഭാഗങ്ങൾ പകർത്തിയെഴുതി. സ്‌നേഹത്തിന്റെ മഷി നിറച്ച പേനയാൽ വടിവൊത്ത അക്ഷരങ്ങളിൽ ഇവർ  എഴുതിയ നോട്ടുപുസ്‌തകങ്ങളുമായി അധ്യാപകർ തിങ്കളാഴ്‌ച മേപ്പാടിയിലേക്ക്‌ പോകും.

അധ്യയനദിവസം ആരംഭിക്കുന്നതിനുമുമ്പുതന്നെ  ഉരുൾപൊട്ടലിൽ നഷ്‌ടപ്പെട്ട നോട്ടുപുസ്‌തകങ്ങൾ നൽകണമെന്ന ആശയമാണ്‌ 300 വിദ്യാർഥികൾ ചേർന്ന്‌ ഏറ്റെടുത്തത്‌. ഇംഗ്ലീഷ്‌, മലയാളം, പരിസരപഠനം, ഗണിതം, അറബിക്‌ വിഷയങ്ങളിലായി നോട്ടുകൾ  തയ്യാറാക്കി. മികച്ച കൈയക്ഷരമുള്ള 36 പേർ എഴുതിയപ്പോൾ മറ്റുള്ളവർ പാഠങ്ങൾ ഉറക്കെ വായിച്ചുകൊടുത്തു. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ 138 കുട്ടികൾക്കായി ഓണപ്പരീക്ഷ വരെയുള്ള നോട്ടുപുസ്‌തകങ്ങൾ  തയ്യാറായി.
ഓരോ ക്ലാസിലെയും നോട്ടുകൾ അതത് ക്ലാസിലെ കുട്ടികൾ തന്നെയാണ്‌ എഴുതിയത്‌. ഓരോ വിഷയത്തിന്റെയും ഓരോ നോട്ടുപുസ്തകം തയ്യാറാക്കി. ഇവ ഫോട്ടോസ്‌റ്റാറ്റെടുത്ത്‌ ബൈൻഡ്‌ ചെയ്‌ത്‌ പുസ്തകരൂപത്തിലാക്കിയാണ്‌  കൈമാറുന്നത്‌.

ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന മുണ്ടക്കൈയ്‌ക്കും വെള്ളാർമലയ്‌ക്കും മാറാടിന്റെ അക്ഷരസ്‌പർശം എന്ന ആശയവുമായി ‘ആർദ്രം’ എന്ന പേരിലാണ്‌ പ്രവർത്തനം. വയനാടിനായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയാണ്‌ നോട്ടുപുസ്‌തകത്തിൽ എത്തിയത്‌.  ഇക്കാര്യം  അറിയിച്ചപ്പോൾ വയനാട്ടിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പിന്തുണ നൽകി. പ്രധാനാധ്യാപകൻ ഇ എം പുഷ്പരാജൻ, പി സി ചിഞ്ചു, എൻ വി ഷിൽജമോൾ എന്നിവരാണ്‌ നേതൃത്വം നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top