ആറുദിവസംകൂടി കഴിഞ്ഞിട്ടുവേണം റിയക്ക് പിപിഇ ധരിച്ച് വീണ്ടും ഐസൊലേഷൻ വാർഡിൽ രോഗികളെ ശുശ്രൂഷിക്കാൻ. മലാപ്പറമ്പ് ഇഖ്‌റ ആശുപത്രിയിലെ ഹെഡ് നേഴ്‌സായ റിയ തോമസ് എട്ടുവർഷമായി ആതുരസേവനരംഗത്ത്. രോഗീപരിചരണത്തിനിടെ കോവിഡ് ബാധിച്ചു. നിരീക്ഷണവും ആശുപത്രിവാസവുമായി കഴിയുകയായിരുന്നു. കോവിഡ് വന്നപ്പോൾ പോലും തോന്നാത്തത്ര വിഷമമാണ്, ഏറെ ഇഷ്‌ടമുള്ള നേഴ്‌സിങ്ങിൽനിന്ന് അകന്നുനിൽക്കുമ്പോഴെന്ന് റിയ.
ഗവ. മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും പരിചരണത്തിലും കരുതലിലുമാണ് രോഗമുക്തയായത്. ഐസൊലേഷൻ വാർഡിൽ ജോലിയിലിരിക്കെയായിരുന്നു രോഗബാധ. ഭർത്താവ് അരുൺ റോയിയും ഇവിടെ നേഴ്‌സാണ്. ഏപ്രിൽ ആദ്യം പനിയുമായി വന്ന എടച്ചേരി സ്വദേശിയിൽനിന്നായിരുന്നു പകർച്ച. പിപിഇ ധരിച്ചാണ് രോഗിയെ ശുശ്രൂഷിച്ചത്. അയാൾക്ക് കോവിഡ് സ്ഥിരീകരിച്ച ദിവസം റിയയും നിരീക്ഷണത്തിലായി. സ്രവ പരിശോധനയ്‌ക്കുശേഷം 22നാണ് പോസിറ്റീവായത്. രോഗലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. മുലകുടി മാറാത്ത രണ്ട് വയസ്സുള്ള അനൈനിനെയും അഞ്ച് വയസ്സുകാരൻ അവൈനിനെയും വീട്ടിലാക്കി ഉടൻ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക്. നെഗറ്റീവായതോടെ കോടഞ്ചേരി മൈക്കാവ് കണ്ണാണ്ടയിൽ വീട്ടിലെത്തി. 18ന് ക്വാറന്റൈൻ പൂർത്തീകരിച്ച് ജോലിക്ക് കയറാനുള്ള തയ്യാറെടുപ്പിലാണ്.
‘ഇഷ്ടത്തോടെ പഠിച്ച് നേടിയ ജോലിയാണ്. രോഗം വന്നെന്നുകരുതി ഇതിൽനിന്ന് വിട്ടുനിൽക്കാനാകില്ല’–- ഒരു വൈറസിനും തോൽപ്പിക്കാനാകാത്ത സേവന മനസ്സോടെ റിയ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..