27 December Friday

തൊടുപുഴ പാഴൂക്കര വാർഡിലെ പ്രണയജോഡികൾ 128; ആകെ വോട്ടർമാർ ആയിരത്തിൽ താഴെ

കെ പി മധുസൂദനൻUpdated: Thursday Feb 13, 2020

കരിമണ്ണൂർ  (തൊടുപുഴ) > പ്രണയവിവാഹം പാഴൂക്കരക്കാർക്ക്‌ പുതുമയേയല്ല. തൊടുപുഴ കരിമണ്ണൂർ പഞ്ചായത്തിലെ ഈ വാർഡിൽ മനംപോലെ മാംഗല്യം വരിച്ചത്‌  ഒന്നും രണ്ടുമല്ല  128 പ്രണയജോഡികളാണ്‌. ഇവരുടെ പ്രണയത്തിനു മുന്നിൽ മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകൾ പൊളിഞ്ഞുവീണു. ജീവിതത്തിലേക്ക്‌ കൈപിടിച്ച്‌ കൊണ്ടുവന്ന ഇണയെ കൈയൊഴിഞ്ഞ കഥയാകട്ടെ ഇവിടെ ഒന്നുപോലുമില്ല. പാഴൂക്കരയിലെ ആദ്യ പ്രണയവിവാഹം ഏതെന്ന്‌ ആർക്കും കൃത്യമായ അറിയില്ല.

എങ്കിലും പഴമക്കാരുടെ മനസ്സിൽ തെളിയുന്നതിൽ ആദ്യത്തേത്‌ കൊടുവേലിൽ കുഞ്ചിലോയുടെയും ലക്ഷ്‌മിയുടെയും വിവാഹമാണ്‌. 60 വർഷം മുമ്പാണ്‌ ഇവരുടെ പ്രണയം പൂവണിഞ്ഞത്‌. അറിയപ്പെടുന്ന നായർ തറവാട്ടിൽനിന്ന‌് ഇതരമതക്കാരനൊപ്പം ജീവിക്കാൻ പുറപ്പെട്ട ലക്ഷ്‌മി കടുത്ത എതിർപ്പുകളാണ്‌ നേരിടേണ്ടി വന്നത്‌.

ഇവരുടെ രണ്ട‌് പെൺമക്കളും പ്രണയിച്ചാണ്‌ വിവാഹിതരായത്‌. ലക്ഷ്‌മിയെ കൈപിടിച്ച്‌ ഒപ്പംകൂട്ടിയ കുഞ്ചിലോ ഇന്ന്‌ ജീവിച്ചിരിപ്പില്ല. കരിമണ്ണൂർ ടൗണിന‌് സമീപം താമസിച്ചിരുന്ന നാരായണൻ നായരും പ്രണയിനിയെ ജീവിതത്തിലേക്ക്‌ കൂട്ടി. അടുത്തിടെ 85–-ാം വയസ്സിലാണ്‌ അദ്ദേഹം മരിച്ചത്‌. ഇദ്ദേഹത്തിന്റെ മൂന്നു പെൺമക്കളും പ്രണയിച്ചാണ്‌ വിവാഹിതരായത്‌. കരിമണ്ണൂർ ടൗണിൽ സ‌്റ്റുഡിയോ നടത്തുന്ന പ്രദീപ‌ും ഇതരസമുദായത്തിലെ യുവതിയെ പ്രണയിച്ച‌് സ്വന്തമാക്കിയ ആളാണ്‌. പുതുതലമുറയിലും വശ്യത ഒട്ടും ചോരാതെ ഈ ഗ്രാമത്തിൽ പ്രണയമഴ പെയ്യുന്നുണ്ട്‌. റെമീസും ഷാമോനുമാണ്‌ പ്രണയവിവാഹിതരുടെ പട്ടികയിൽ ഏറ്റവുമൊടുവിൽ ഇടം നേടിയത്‌. ഇരുവരും അയൽക്കാരും സുഹൃത്തുക്കളും. റെമീസിന്റേത‌് കോളേജ‌് പ്രണയം. ഷാമോന്റെത്‌ ഇത്തിരി കട്ടി കൂടിയതാണ്‌.

സ‌്കൂൾകാലത്തെ പ്രണയം. റെമീസ‌് സ്വന്തം സമുദായക്കാരിയായ സബീനയെ സ്വന്തമാക്കിയപ്പോൾ ഷാമോൻ വീട്ടുകാരുടെ ആദ്യ എതിർപ്പുമറികടന്ന്‌ ഇതരമതസ്ഥയെ ഒപ്പം ചേർത്തു. ഒടുവിൽ മകന്റെ ആഗ്രഹത്തോടൊപ്പം ചേർന്ന വീട്ടുകാർ അയൽക്കാർക്കും സുഹൃത്തുക്കൾക്കും സ‌്നേഹവിരുന്നുമൊരുക്കി. ആയിരത്തിൽ താഴെമാത്രം സമ്മതിദായകരുള്ള വാർഡിലാണ്‌ ഇത്രയും പ്രണയവിവാഹിതർ എന്നതാണ്‌ കൗതുകം. പലരും താമസം മാറുകയും വാർഡ‌് വിഭജിക്കുകയും ചെയ്‌തതുകൊണ്ടാണ്‌ കണക്ക്‌ ഇതിൽ ഒതുങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top