ന്യൂഡൽഹി
‘സീതാ വിചാരിച്ചിരുന്നെങ്കിൽ അദ്ദേഹം ഇപ്പോൾ ലോകബാങ്കിന്റെ തലപ്പത്ത് ഇരിക്കുമായിരുന്നു. അത്രയ്‌ക്കും ബുദ്ധിശാലിയായിരുന്നു. ഞാൻ ഈ ചെറുപ്പക്കാരന് എ പ്ലസല്ല, അനന്തമായ എ പ്ലസ് കൊടുക്കുമെന്ന് പറഞ്ഞത് ജെഎൻയുവിൽ അദ്ദേഹത്തിന്റെ പ്രൊഫസറായിരുന്ന കൃഷ്‌ണ ഭരദ്വാജ്. അത്രയ്‌ക്കും പ്രതിഭയുള്ള ആളാണ്. പക്ഷേ, സീതാ തെരഞ്ഞെടുത്തത് മറ്റൊരു വഴിയാണ്. നിസ്വരായ ജനങ്ങൾക്കൊപ്പം അടിയുറച്ച് നിൽക്കാൻ. അവർക്കുവേണ്ടി പോരാടാൻ. ആ ദൃഢനിശ്ചയത്തിൽനിന്ന് ഒരു സെക്കൻഡ് പോലും വ്യതിചലിച്ചിട്ടില്ല’–- ജെഎൻയുവിൽ യെച്ചൂരിയുടെ സഹപാഠിയും ഇന്റർനാഷണൽ സ്റ്റഡീസ് മുൻ ഡീനുമായിരുന്ന പ്രൊഫ. അനുരാധാ ചെനോയ് ‘ദേശാഭിമാനി’യോട് പറഞ്ഞു.
‘യെച്ചൂരി അന്ന് എസ്‌എഫ്‌ഐയിൽ ആണെങ്കിൽ ഞാൻ ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിലായിരുന്നു’–- 1978ൽ ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ സീതാറാമിന് എതിരെ മത്സരിച്ച് 48 വോട്ടിന് പരാജയപ്പെട്ട ഹരിരാമ മൂർത്തി ഓർമിക്കുന്നു. എസ്‌എഫ്‌ഐയുടെ ആശയങ്ങളെ ഞങ്ങൾ എതിർത്തിരുന്നു. എന്നാൽ, സീതാറാം ഞങ്ങളുടെ എല്ലാവരുടെയും സുഹൃത്തായിരുന്നു. അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിയെ ചെറുത്തുതോൽപ്പിക്കാൻ വിദ്യാർഥി പ്രസ്ഥാനങ്ങളെല്ലാം കൈകോർത്തു. സീതാറാം അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പുള്ള രാത്രി മെഹ്‌റോളിയിലെ ഒരു കോൺസ്റ്റബിൾ എനിക്ക് സൂചന നൽകി. ഉടനെ സീതാറാമിനെയും സുധീന്ദ്ര ഭഡോരിയയെയും അറിയിച്ചു. പിറ്റേന്ന് അറസ്റ്റുണ്ടായി. ഞാൻ തിഹാറിൽ സീതാറാമിനെ കണ്ടു’–- 1973 മുതൽ 1978 വരെ ജെഎൻയുവിൽ ഫ്രഞ്ച് എംഎ പഠിച്ച രാമമൂർത്തി പിന്നീട് എച്ച്‌എംടിയിൽ ഉദ്യോഗസ്ഥനായി.
എല്ലാവർക്കും ഏതുസമയവും സമീപിക്കാവുന്ന ഒരാളായിരുന്നു സീതാറാം എന്ന് യെച്ചൂരിക്ക് ശേഷം 1979ൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റായ ഡി രഘുനന്ദൻ പറഞ്ഞു. എതിരാളികളെ പോലും ശ്രദ്ധാപൂർവം കേൾക്കും. സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന് പ്രായോഗിക പോംവഴികൾ തേടും. ഈ സ്വഭാവഗുണങ്ങൾ അദ്ദേഹത്തെ വിദ്യാർഥികളുടെ പ്രിയങ്കരനാക്കി. 1977 –-1978 കാലയളവിൽ ജെഎൻയുവിൽ മൂന്ന് വട്ടം തെരഞ്ഞെടുപ്പ് നടന്നപ്പോഴും യെച്ചൂരി തന്നെ പ്രസിഡന്റായതിനുള്ള കാരണവും മറ്റൊന്നല്ല–- രഘുനന്ദൻ ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..