ന്യൂഡൽഹി
പ്രത്യയശാസ്‌ത്ര നിലപാടുകളിൽ നിന്നുകൊണ്ടുള്ള പ്രായോഗിക വിദേശനയത്തിന്റെ ശക്തനായ വക്താവായ സീതാറാം യെച്ചൂരി വിദേശരാജ്യങ്ങൾക്കും സ്വീകാര്യനായിരുന്നു. നേപ്പാളിനെ ജനാധിപത്യത്തിലേക്ക് നയിച്ച പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യമായി ‘യെച്ചൂരി ഫോർമുല’ ഉണ്ടായിരുന്നു. ക്യൂബയ്‌ക്കെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയിൽ മുഴങ്ങിയ ശബ്‌ദങ്ങളിലൊന്നും യെച്ചൂരിയുടെതായിരുന്നു. കേന്ദ്രസർക്കാരും അയൽരാഷ്‌ട്രങ്ങളും പലപ്പോഴും അദ്ദേഹത്തിന്റെ ഉപദേശവും സഹകരണവും തേടി. നേപ്പാളടക്കമുള്ള രാജ്യങ്ങളിൽ രാഷ്‌ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിലും യെച്ചൂരി ഇടപെട്ടു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായും ക്യൂബ, വിയറ്റ്‌നാം, ഉത്തര കൊറിയ, തുർക്കിയ, ഫ്രാൻസ്, ഇറ്റലി, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും കമ്യൂണിസ്റ്റ്–- വർക്കേഴ്‌സ് പാർടികളുമായും നല്ലബന്ധമുണ്ടായിരുന്നു.
സിപിഐ എമ്മിന്റെ വിദേശകാര്യ വിഭാഗത്തിന്റെ മുഖ്യചുമതലക്കാരനായിരുന്ന യെച്ചൂരി നേപ്പാൾ പ്രതിസന്ധി പരിഹരിച്ചാണ് ‘നയതന്ത്രജ്ഞൻ’ എന്ന കീർത്തി നേടിയത്. രാജവാഴ്‌ച അവസാനിപ്പിച്ച് ജനാധിപത്യത്തിലേക്ക് മുന്നേറാൻ അദ്ദേഹം മുന്നോട്ടുവെച്ച പന്ത്രണ്ടിന ഫോർമുലയെ ‘യെച്ചൂരി ഫോർമുല’യെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചു. 1990 മുതൽ നേപ്പാളിലെ ജനാധിപത്യ പോരാട്ടങ്ങൾക്ക് അദ്ദേഹം പിന്തുണ നൽകി. നേപ്പാളിന്റെ പരമാധികാരത്തെ നോവിക്കാതിരിക്കുന്നതിലും യെച്ചൂരിയിലെ നയതന്ത്രജ്ഞൻ സദാ ശ്രദ്ധാലുവായി. വിഘടിച്ചുനിന്ന മാവോയിസ്റ്റുകളെ യെച്ചൂരി ഒന്നിപ്പിച്ചു. 2008ൽ നേപ്പാൾ ജനാധിപത്യ റിപ്പബ്ലിക്കായി. പാർലമെന്റിന്റെ ആദ്യ സമ്മേളനത്തെ യെച്ചൂരി അഭിസംബോധന ചെയ്‌തു. 2015ൽ നേപ്പാളിനെ സ്വതന്ത്ര ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച ഭരണഘടനാ നിർമാണത്തിലും യെച്ചൂരി പങ്കുവഹിച്ചു.
ഒന്നാം യുപിഎ സർക്കാർ അമേരിക്കയുമായുണ്ടാക്കിയ ആണവ കരാറിന്റെ അപകടം ആ ഘട്ടത്തിൽതന്നെ യെച്ചൂരി ചൂണ്ടിക്കാട്ടി. വിദേശമന്ത്രാലയം പുറത്തിറക്കിയ രേഖയിൽ കാര്യകാരണ സഹിതമുള്ള യെച്ചൂരിയുടെ വിയോജിപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2005ൽ ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയിലും 2009ൽ കോപ്പൻഹേഗനിലെ കാലാവസ്ഥ ഉച്ചകോടിയിലും ഇന്ത്യയുടെ പ്രതിനിധിയായിരുന്നു യെച്ചൂരി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..