22 December Sunday

ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ; മിന്നിത്തിളങ്ങി മലയാളം

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2024

 

പൃഥ്വിരാജ്‌ നടൻ, ഉർവശിയും ബീന ആർ ചന്ദ്രനും നടിമാർ
ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളിൽപ്പെട്ടുപോയ മനുഷ്യന്റെ നിസ്സഹായതയും അതിജീവനത്വരയും അനശ്വരമാക്കിയ  ബ്ലസിയുടെ ആടുജീവിതത്തിന് സംസ്ഥാന ചലച്ചിത്രഅവാർഡിൽ മിന്നും നേട്ടം. മികച്ച നടനും മികച്ച സംവിധായകനുമടക്കം ഒമ്പത്‌ അവാർഡുകളാണ്‌ ചിത്രം കരസ്ഥമാക്കിയത്‌. നജീബിനെ തന്മയത്വത്തോടെ അവതരിപ്പിച്ച പ്രകടനമികവിലൂടെ പൃഥ്വിരാജ്‌ മികച്ച നടനായി. ബ്ലസി മികച്ച സംവിധായകനും. ‘ഉള്ളൊഴുക്കി’ലെ പകരംവയ്‌ക്കാനില്ലാത്ത പ്രകടനത്തിലൂടെ ഉർവശിയും ‘തടവി’ലൂടെ ബീന ആർ ചന്ദ്രനും മികച്ച നടിമാരുമായി. ജിയോ ബേബിയുടെ കാതൽ ദി കോർ ആണ്‌ മികച്ച ചിത്രം. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ്‌ 2023 ലെ  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്‌. അഭിനയത്തിന്‌ കൃഷ്‌ണൻ( ജൈവം), കെ ആർ ഗോകുൽ( ആടുജീവിതം), സുധി കോഴിക്കോട്‌ (കാതൽ ദി കോർ) എന്നിവർ ജൂറിയുടെ പ്രത്യേകപരാമർശവും നേടി. സ്‌ത്രീ വിഭാഗത്തിൽ സംവിധായക മികവിന്‌ ശാലിനി ഉഷാദേവിയും( എന്നെന്നും) പുരസ്‌കാരം നേടി.

ആട്ട’ത്തിന് ദേശീയപുരസ്കാരം
ഏഴുപതാം ദേശീയ ചലച്ചിത്രപുരസ്‌കാര പ്രഖ്യാപനത്തിൽ മൂന്ന് പ്രധാന പുരസ്കാരവുമായി തിളങ്ങി ‘ആട്ടം’. മികച്ചചിത്രം, തിരക്കഥ (സംവിധായകന്‍ ആനന്ദ് ഏകര്‍ഷി), എഡിറ്റിങ് (മഹേഷ്‌ ഭുവനേന്ദ്) എന്നിവയാണ് സ്വന്തമാക്കിയത്. മികച്ച നടിക്കുള്ള പുരസ്‌കാരം ‘തിരുചിത്രമ്പലം’ എന്ന ധനുഷ് ചിത്രത്തിലൂടെ നിത്യ മേനോന്‍ ​ഗുജറാത്തി നടി മാനസി പരേഖുമായി (കച്ച്‌ എക്‌സ്‌പ്രസ്) പങ്കിട്ടു.തരുണ്‍ മൂര്‍ത്തി ഒരുക്കിയ ‘സൗദിവെള്ളക്ക’ മികച്ച മലയാള ചിത്രം. ഈ ചിത്രത്തില്‍ ‘ചായും വെയിൽ മുകിൽ ചില്ലകൾ’ എന്ന ഗാനം ആലപിച്ച ബോംബെ ജയശ്രീ മികച്ച ഗായിക.  ശ്രീപഥ്‌ (മാളികപ്പുറം) മികച്ച ബാലതാരം. ജയരാജ് ചിത്രം ‘കാഥിക’നിലൂടെ സഞ്‌ജയ്‌ സലിൽ ചൗധ്‌രി സം​ഗീതസംവിധാനത്തിനുള്ള ജൂറിയുടെ പ്രത്യേക പരാമർശം നേടി. ‘ഫ്രം ദി ഷാഡോസ്‌’ഒരുക്കിയ മിറിയം ചാണ്ടി മേനാച്ചേരി കഥേതരവിഭാ​ഗത്തില്‍ മികച്ച സംവിധായികയായി. അനിമേഷൻ സിനിമ: എ കോക്കനട്ട്‌ ട്രീ (ജോഷി ബനഡിക്ട്‌)

‘കാന്താര’യിലെ നായകനും സംവിധായകനുമായ ഋഷഭ്‌ ഷെട്ടി മികച്ച നടൻ. ‘കാന്താര’യാണ്‌ ജനപ്രീതിയുള്ള ചിത്രം. ഹിന്ദിചിത്രം ‘ഉഞ്ചായി’ ഒരുക്കിയ സൂരജ്‌ ബർതാജ്യ മികച്ച സംവിധായകന്‍. പശ്ചാത്തല സംഗീതം: എ ആർ റഹ്മാൻ, ഛായാഗ്രഹണം: രവിവർമൻ (പൊന്നിയിൻ സെൽവൻ–- ഒന്നാം ഭാഗം). 2022ല്‍  സെൻസർ ചെയ്‌ത സിനിമകളാണ്‌ പരിഗണിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top