തിരുവനന്തപുരം
ഒമ്പത് വർഷംമുമ്പ് തബലയിലെ മാന്ത്രികൻ ഐഎഫ്‌എഫ്‌കെ വേദിയിൽ എത്തി. 2015 ഡിസംബർ നാലിന് നിശാഗന്ധിയിൽ ഒത്തുകൂടിയ നൂറുകണക്കിന് ആസ്വാദകരുടെ മനസിൽ, ഹൃദയത്തിൽ പെയ്യിച്ച താളവിസ്‌മയം വർഷങ്ങൾ കഴിഞ്ഞിട്ടും അവരിൽ പലരിലും തോർന്നിട്ടില്ല. 20–-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങിലാണ് ഉസ്‌താദ് സാക്കിർ ഹുസൈൻ മുഖ്യാതിഥിയായി എത്തിയത്. ഉസ്‌താദിന് കൂട്ടായി സാരംഗിയുമായി ഉസ്‌താദ് സാദിർഖാനുമുണ്ടായിരുന്നു.
നമഷ്‌കാർ, സുഖമല്ലേ എന്ന് ചോദിച്ചുകൊണ്ടായിരുന്നു തന്റെ ആരാധകരോട് സാക്കീർ ഹുസൈൻ സംസാരിച്ചു തുടങ്ങിയത്. അതിരുകൾ ഇല്ലാതാക്കുന്ന മഹത്തായ സംഗീതത്തെ കുറിച്ചും സംഗീതത്തിലൂടെ മനസുകളിൽനിന്ന് മനസുകളിലേക്ക് സ്‌നേഹം ഒഴുകട്ടെയെന്നും അദ്ദേഹം പറഞ്ഞുവച്ചു. പിന്നെ തബലയിലേക്ക് ആ കൈകൾ... താളത്തിനൊപ്പം സാക്കീറിന്റെ മുടിയും പാറി പറന്നു. മലയാളികൾക്ക് ലഭിച്ച അപൂർവ വിരുന്നായിരുന്നു നിശാഗന്ധികൾ ഒന്നിച്ച് പൂത്ത സായാഹ്നം.
അതിനുമുമ്പ് കൂടുതൽ അദ്ദേഹം തിരുവനന്തപുരത്ത് ചെലവഴിച്ചത് ഷാജി എൻ കരുണിന്റെ ‘വാനപ്രസ്ഥം’ എന്ന സിനിമയ്ക്ക് സംഗീതം ഒരുക്കാനായിരുന്നു. 2009ൽ ആയിരുന്നു അത്. അതിനുമുമ്പ് രണ്ടുതവണ സൂര്യഫെസ്റ്റിവലിലും എത്തിയിരുന്നു. അടുത്തവർഷങ്ങളിൽ ഒരിക്കൽകൂടി സൂര്യഫെസ്റ്റിവലിന്റെ ഭാഗമാക്കാൻ സൂര്യകൃഷ്‌ണമൂർത്തി ക്ഷണിച്ചിരുന്നെങ്കിലും സാക്കീർ ഹുസൈന് വരാനായില്ല.
തിങ്കളാഴ്‌ച ഐഎഫ്‌എഫ്‌കെ വേദി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചിരുന്നു. സാക്കീർ, നിങ്ങൾ ഉണർത്തിവിട്ട താളം കാലമെത്ര കഴിഞ്ഞാലും ഞങ്ങളുടെ ഹൃദയങ്ങളിൽ മുഴങ്ങികൊണ്ടേയിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..