14 November Thursday
2800 പേർക്ക് പരിക്കറ്റു, ഒൻപത് പേർ മരിച്ചു

പേജർ ആക്രമണത്തിൽ നടുങ്ങി ലോകം; അപ്പോൾ മൊബൈൽ ഫോണും സുരക്ഷിതമോ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

പേജറുകൾ പൊട്ടിത്തെറിച്ചത് എങ്ങനെയാണ്. ആക്രമണ പദ്ധതികൾക്കായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ മൊബൈൽ ഫോണുകളും ഇത്തരത്തിൽ മനുഷ്യ സമൂഹത്തിന് ഭീഷണിയായി മാറില്ലെ.

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ ലെബനനിലും സിറിയയിലും ചൊവ്വാഴ്ച നടത്തിയ പേജർ സ്ഫോടനപരമ്പര ഇതുവരെ സങ്കൽപത്തിൽ ഇല്ലാതിരുന്ന ആക്രമണതന്ത്രമാണ്. ഇപ്പോഴും ഇസ്രയേൽ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഒൻപത് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. 2800 ൽ അധികം പേർക്ക് പരുക്കേറ്റു. ഇത്തരം യുദ്ധ തന്ത്രങ്ങൾ ലോകത്തെ മുഴുവൻ മനുഷ്യരിൽ സുരക്ഷയെ കുറിച്ച് ആശങ്ക നിറയ്ക്കുന്നതാവുകയാണ്.

ആക്രമണത്തിന് പൂർണ ഉത്തരവാദി ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. ഇസ്രയേൽ ട്രാക്ക് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് യുദ്ധമുഖത്ത് സെൽഫോണുകളുപയോഗിക്കരുതെന്ന് സംഘാംഗങ്ങൾക്ക് ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള മുന്നറിയിപ്പ് നൽകിയത്. അതാണ് പേജർ എന്ന ബദൽ മാർഗ്ഗം തേടിയതിന്റെ കാരണം.

ആരാണ് പിന്നിൽ എന്താണ് തന്ത്രം

മെബൈൽ ഫോൺ പ്രവർത്തിക്കുന്നതിലും പേജറുകൾ പ്രവർത്തിക്കുന്നതിലും സാങ്കേതിക സംവിധാനങ്ങളിൽ വ്യത്യാസമുണ്ട്. ഇതാണ് മെബൈൽ ഫോണുകളിൽ പേജറിൽ എന്ന പോലെ ഇത്തരം ആയുധവൽക്കരണം സാധ്യമല്ല എന്നു പറയുന്നത്.

പേജറുകൾ ഇത്രയും വിപുലമായരീതിയിൽ ഒരേസമയം ആക്രമണം നടത്തണമെങ്കിൽ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്രയേലിന് കിട്ടിയിരിക്കണമെന്നാണ് സൈനികവിദഗ്ധനായ എലിജ് മാഗ്നിയറെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആക്രമണം നടത്തിയത് ഇസ്രയേലാണെങ്കിൽ അവരുടെ ചാരസംഘടനയായ മൊസാദ് പേജറുകളുടെ ഉത്പാദന-വിതരണ സമയംമുതലുള്ള ഘട്ടങ്ങളിൽതന്നെ ഇടപെട്ടിട്ടുണ്ടാവണം. വെറും പേജറുകൾ ഇങ്ങനെ പൊട്ടിത്തെറിക്കില്ല. അതിനുമാത്രം അതിനകത്ത് ഒന്നുമില്ല.

പേജറുകളിൽ ഉപയോഗിക്കുന്നത് റേഡിയോ ഫ്രീക്വൻസി

കൈവെള്ളയില്‍ ഒതുങ്ങുന്ന വലിപ്പം മാത്രമുള്ള കുഞ്ഞന്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണമാണിത്. ചെറിയ മെസേജുകളും അലര്‍ട്ടുകളും സ്വീകരിക്കാനും അയക്കാനുമായി പേജർ ഉപയോഗിക്കുന്നു. ബേസ് സ്റ്റേഷനില്‍ നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി വഴിയാണ് പേജറുകള്‍ പ്രവര്‍ത്തിക്കുന്നത്. വരുന്ന സന്ദേശങ്ങള്‍ തെളിയാന്‍ ചെറിയൊരു ഡിസ്‌പ്ലെ പേജറില്‍ കാണാം. പേജര്‍ എന്ന ഉപകരണത്തിന് 'ബീപര്‍' എന്നൊരു ഓമനപ്പേര് കൂടിയുണ്ട്. സന്ദേശം എത്തുമ്പോള്‍ നേരിയ ശബ്ദമോ ബീപ്പോ വൈബ്രേഷനോ ഉണ്ടാക്കുന്നതിനാലാണ് ഇങ്ങനെയൊരു പേര് പേജറിന് വീണത്.

മൊബൈൽ ഫോൺ വരുന്നതിന് മുൻപ് കേരളത്തിൽ ഇതിന്റെ ഉപയോഗം വ്യാപകമായിരുന്നു. ബി പി എൽ എന്ന കമ്പനികയാണ് ആദ്യമായി ഇവ രംഗത്ത് ഇറക്കിയത്. മൊബൈൽ കയ്യിൽ കൊണ്ടു നടക്കുമ്പോൾ പേജറുകൾ ബെൽറ്റിൽ പ്രത്യേക പൌച്ച് ഘടിപ്പിച്ചാണ് സൂക്ഷിച്ചിരുന്നത്.

ന്യൂമറിക് പേജര്‍, ആല്‍ഫാന്യൂമറിക് പേജര്‍ എന്നിങ്ങനെ രണ്ട് തരം ഉപകരണങ്ങളുണ്ട്. പേര് പോലെ തന്നെ ന്യൂമറിക് പേജര്‍ ഫോണ്‍ നമ്പറുകള്‍ പോലെ എന്തെങ്കിലും അക്കങ്ങള്‍ മാത്രമാണ് തെളിക്കുക. ഇതാണ് ഏറ്റവും പേജറിന്‍റെ ഏറ്റവും അടിസ്ഥാന രൂപം. ആല്‍ഫാന്യൂമറിക് ആവട്ടെ നമ്പറും അക്ഷരങ്ങളും സ്ക്രീനില്‍ കാട്ടും. കൂടുതല്‍ വിശദമായ സന്ദേശം അയക്കാനും സ്വീകരിക്കാനും ആല്‍ഫാന്യൂമറിക് പേജര്‍ സഹായിക്കും.

മെബൈലിനോളം വരില്ലെങ്കിലും പേജർ കേമനാണ്

ആദ്യകാല മൊബൈല്‍ ഫോണുകളേക്കാള്‍ ചില ഗുണങ്ങള്‍ പേജറുകള്‍ക്കുണ്ട്. വലിയ കവറേജ് ഏരിയയാണ് ഇത് സാധ്യമാക്കുന്നത്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭ്യമല്ലാത്ത ഇടങ്ങളില്‍ പോലും പേജര്‍ ഉപയോഗിച്ച് കമ്മ്യൂണിക്കേഷന്‍ സാധ്യമാകും.

നവീന മൊബൈല്‍ ഫോണുകളിലെ പോലെ വോയ്സ് മെസേജ്, ടെക്സ്റ്റ് മെസേജ്, ഇന്‍റര്‍നെറ്റ് ആക്സസ്, വീഡിയോ കോളിംഗ് തുടങ്ങിയ വലിയ ഫീച്ചറുകളുടെ നിര പേജറുകള്‍ക്കില്ല.

മൊബൈല്‍ ഫോണുമായി തട്ടിച്ചുനോക്കുമ്പോള്‍ ട്രേസ് ചെയ്യാന്‍ പ്രയാസമുള്ളതാണ് പേജറുകള്‍ എന്നതാണ് അതിന്‍റെ രഹസ്യാത്മകത. ഇതാണ്  സ്‌മാര്‍ട്ട്ഫോണുകളുടെ കാലത്തും പേജര്‍ ഉപയോഗിക്കാനുള്ള ഒരു കാരണം. ഉപയോഗിക്കാനുള്ള എളുപ്പവും ദീര്‍ഘമായ ബാറ്ററി ലൈഫും ഇപ്പോഴും എമര്‍ജന്‍സി സര്‍വീസുകള്‍ അടക്കം പേജര്‍ ഉപയോഗിക്കാന്‍ കാരണമാകുന്നു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ പേജര്‍ ദിവസങ്ങളോളം ഉപയോഗിക്കാം. മൊബൈല്‍ ഫോണ്‍ റേഞ്ച് ഇല്ലാത്തയിടങ്ങളില്‍ ഇപ്പോഴും പേജറുകള്‍ എന്ന കുഞ്ഞന്‍ ഉപകരണത്തിന് സ്വീകാര്യതയുണ്ട്.

എങ്കിൽ എങ്ങനെയാണ് പേജർ സ്ഫോടക വസ്തുവായി മാറുന്നത്

ഇറാനെ പിന്തുണയ്ക്കുന്ന ലെബനീസ് സായുധസംഘമാണ് ഹിസ്ബുള്ള. ഹിസ്ബുള്ളയ്ക്കുവേണ്ട വെടിക്കോപ്പുകളും നൂതന ഉപകരണങ്ങളുമെല്ലാം സിറിയയും ഇറാഖും വഴി എത്തിക്കുന്നത് ഇറാനാണ്എന്നാണ് വിവരം. ഇറാൻ വിതരണംചെയ്തവയാണോ ഈ പേജറുകൾ. എന്തായാലും പേജറുകളിൽ തിരിമറി നടത്താൻ ഇസ്രയേലിനു കഴിഞ്ഞിരിക്കണം.

ഉയർന്ന സ്‌ഫോടകശേഷിയുള്ള വസ്തുക്കൾ കുറഞ്ഞ അളവിൽ പേജറുകളിൽ നിറയ്ക്കാൻ കഴിഞ്ഞിരിക്കണം. ഒന്നുമുതൽ മൂന്നുഗ്രാംവരെയാകും പരമാവധി ഒരുപേജറിൽ നിറയ്ക്കാനാവുക എന്നാണ് വിലയിരുത്തൽ.

ആയിരക്കണക്കിന് പേജറുകളിൽ ഇത്തരത്തിൽ സ്‌ഫോടകവസ്തു നിറയ്ക്കുന്നതിന് വൻ മനുഷ്യവിഭവ ശേഷിയും സമയവും ആവശ്യമാണ്. പുറമേനിന്നുകണ്ടാൽ ഒരു കുഴപ്പവും പേജറിന് തോന്നുകയുമരുത്. ഒപ്പം പേജറുകൾ പ്രവർത്തനക്ഷമവുമായിരിക്കുകയും വേണം. ഇവയ്ക്കൊക്കെയുമായി വലിയ ആൾശക്തിയും ഇസ്രയേൽ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. റേഡിയോ ആവൃത്തിയെയാകാം സ്ഫോടനത്വരകമായി ഉപയോഗിച്ചിരിക്കുക എന്നാണ് നിഗമനം. എങ്കിലും സാധാരണ റേഡിയോ ഫ്രീക്വൻസിയിൽ ഇത് പൊട്ടിത്തെറിക്കാൻ പാടില്ല.

പുതുനിര ബാറ്ററികളിൽ സ്ഫോടന സാധ്യതയുള്ള രാസവസ്തു കലർത്തിയതായും സംശയിക്കപ്പെടുന്നുണ്ട്. എന്നാൽ ബാറ്ററികൾ അത്രയും സമയം ഒരുമിച്ച് പൊട്ടിത്തെറിക്കാൻ കാത്തിരുന്നു എന്നത് ഈ നിഗമനത്തെ തള്ളുന്നു.

സൈബർ ആക്രമണമാണെങ്കിൽ ഒരേകമ്പനിയുടെ പേജറുകൾ ഒരേസമയം പ്രവർത്തനരഹിതമാവുകയെ ഉണ്ടായിരുന്നുള്ളൂ. ഏതായാലും തെക്കൻ ലെബനൻ, ബെകാവാലി, ബയ്‌റുത്ത്, സിറിയൻ തലസ്ഥാനം എന്നിവിടങ്ങളിലായി ആയിരക്കണക്കിന് പേജറുകളിൽ ഒരേസമയം ബാറ്ററികൾ പൊട്ടിത്തെറിച്ചത് കൃത്യമായ കണക്കുകൂട്ടൽ നടത്തി സംവിധാനം ചെയ്ത അട്ടിമറിയാണ്.

പൊട്ടിത്തെറി എങ്ങനെ പ്ലാൻ ചെയ്തു

ഹിസ്ബുല്ല അംഗങ്ങൾ ഉപയോഗിക്കുന്ന എല്ലാ പേജറുകളിലും ഒരു ചിപ്പ് ഇറക്കുമതി ചെയ്ത് സ്ഥാപിച്ചിരിക്കാം. ഇസ്രായേൽ സൈന്യം ലെബനനിലെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ച ഡ്രോണുകളിലൂടെ അയച്ച റേഡിയോ തരംഗങ്ങളിലൂടെയാവാം ഈ ചിപ്പ് ആക്ടിവേറ്റ് ചെയ്തത്. ഈ തരംഗങ്ങൾ വഴി ബാറ്ററി ചൂടാക്കി സ്ഫോടനം സാധ്യമാക്കിയതാവാം.

പൊട്ടിത്തെറിച്ച കമ്യൂണിക്കേഷൻ ഉപകരണങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങൾക്കകം ഹിസ്ബുല്ല ഇറക്കുമതി ചെയ്ത 'ഏറ്റവും പുതിയ മോഡൽ' ആണെന്ന് അവർ സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുമായി അടുത്ത ബന്ധമുള്ള ഉറവിടങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ വാൾസ്ട്രീറ്റ് ജേണൽ പത്രം റിപ്പോർട്ട് ചെയ്യുന്നതും ഈ ഉപകരണങ്ങൾ ഹിസ്ബുല്ല അടുത്തിടെ ഇറക്കുമതി ചെയ്തതാണ് എന്നാണ്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top