കാർമേഘം കണ്ടാൽ അമ്മയുടെ സാരിത്തുമ്പിൽ പൊന്നി മുഖമൊളിപ്പിക്കും. കളിക്കൂട്ടുകാരില്ലാതെ കടന്നുപോയ കുട്ടിക്കാലം മുതൽ അവൾ ആഗ്രഹിച്ചു, സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയെപ്പോലെയാവാൻ. ഒടുവിൽ പൊന്നി അമ്മയായി, ജീവിതത്തിലും അഭ്രപാളിയിലും. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടമായി കവിയൂർ പൊന്നമ്മ മലയാളികളെ മാറോടു ചേർത്തു. നാടകവേദിയിൽ സജീവമായ പൊന്നമ്മ 1962ൽ ‘ശ്രീരാമപട്ടാഭിഷേക'ത്തിൽ മണ്ഡോദരിയായാണ് ക്യാമറക്കുമുന്നിലുമെത്തിയത്. രണ്ടുവർഷം കഴിഞ്ഞ് പി എ തോമസ് സംവിധാനംചെയ്ത ‘കുടുംബിനി'യാണ് ആദ്യം ഇറങ്ങിയത്. രണ്ടുകുട്ടികളുടെ അമ്മയുടെ വേഷം. തുടർന്ന് ‘ഓടയിൽനിന്ന്', ‘റോസി' എന്നിവ. പൊന്നമ്മയിലെ അമ്മയുടെ പിറവി ''തൊമ്മന്റെ മക്കൾ'' എന്ന ശശികുമാർ ചിത്രത്തിൽ. 22ാം വയസിൽ വയസ്സിത്തള്ളയാവാനുള്ള സംവിധായകന്റെ ക്ഷണം വെല്ലുവിളിയാക്കി അച്ഛനെക്കാളും പ്രായമുള്ള മുതിർന്ന താരങ്ങൾക്ക് അമ്മയായി.
തന്റെ കഥാപ്രപഞ്ചം മുഴുവൻ സ്വന്തം അമ്മക്ക് സമർപ്പിച്ച പത്മരാജന്റെ ‘തിങ്കളാഴ്ച നല്ല ദിവസ'ത്തിലും വേഷമിട്ടു. ‘തനിയാവർത്തന'ത്തിൽ ബാലൻ മാസ്റ്റർക്ക് വിഷം നൽകിയ അമ്മയും ‘കിരീട'ത്തിൽ സേതുമാധവനുവേണ്ടി ഉരുകിയ മാതാവും മലയാളിയുടെ സ്വകാര്യ നൊമ്പരങ്ങളായി. അമൃത ടിവിയിൽ വിജി തമ്പി സംവിധാനംചെയ്ത ടെലിഫിലിമിലും അഭിനയിച്ചു. ‘പെരിയാറി'ൽ തന്നെക്കാൾ പ്രായമുള്ള തിലകന്റെ അമ്മയുമായി. ആദ്യകാലത്ത് നസീറും പിന്നീട് മോഹൻലാലും മാതൃത്വത്തിന്റെ വാത്സല്യഭാവങ്ങളൊന്നാകെ പൊന്നമ്മയിൽ രൂപപ്പെടുത്തി. ‘താൻ പ്രസവിക്കാത്ത ഭൂലോകവികൃതിയായ മകനാണ് ലാൽ' എന്നും ‘പുറമെ പരുക്കനാണെങ്കിലും മമ്മൂസിന്റെ ഉള്ള് മുഴുവൻ സ്നേഹമാണ്' എന്നുമാണ് പൊന്നമ്മ പറഞ്ഞത്. സഹപ്രവർത്തകരെപ്പോലെ വ്യത്യസ്ത വേഷങ്ങൾക്ക് കൊതിച്ചെങ്കിലും സംവിധായകർ അതൊക്കെ സ്നേഹപൂർവം നിരസിച്ചു. വില്ലത്തി വേഷത്തിന് ശശികുമാറിനോട് ആവശ്യപ്പെട്ടപ്പോൾ നൽകിയ മറുപടി ‘നിന്നെ കാണുമ്പോൾ എല്ലാവർക്കും സ്നേഹമാണ്' എന്നാണ്. അത്രമാത്രം മലയാളികളുടെ അമ്മസ്വരൂപമായി പൊന്നമ്മ മാറി. അപ്പോഴൊക്കെ അഭിമാനത്തോടെ പറഞ്ഞു,‘നാലുവയസുള്ള അനിയത്തി കിണറ്റിൽ വീണപ്പോൾ രക്ഷിക്കാൻ എടുത്തുചാടിയ അമ്മയുടെ മകളാണ് ഞാൻ’. നെഗറ്റീവ് ഭാവത്തിൽ പൊന്നമ്മയെ കാണാൻ ആരും കൂട്ടാക്കിയില്ല.
‘സുകൃത'ത്തിലെ കുശുമ്പി ചെറിയമ്മയോടും ഇത്തിരി ദുഷ്ടതകളുള്ള ‘ത്രിവേണി'യിലെ ശാരദയുടെ അമ്മയോടും പ്രേക്ഷകർ പിണങ്ങിയതും അതുകൊണ്ട്. ഒട്ടേറെ അഭിനയസാധ്യതയുള്ള തെരുവുവേശ്യയുടെ റോൾ പൊന്നമ്മക്കു നൽകരുതെന്ന് നസീർ പറഞ്ഞതും ആ ‘അമ്മത്വ'ത്തിന്റെ വശ്യതയാൽ. മാതൃത്വത്തിന്റെ ഭിന്നഭാവം പകരുമ്പോഴും ഒട്ടേറെ ദുഃഖങ്ങൾ പൊന്നമ്മ നേരിട്ടു. നഷ്ടങ്ങളുടെ ഘോഷയാത്രകൾ. ഭർത്താവുമായി അകന്നു. പരാജയപ്പെട്ട വിവാഹജീവിതത്തിന്റെ ബാക്കിപത്രമായി എരിഞ്ഞുതീർന്ന സഹോദരി മോനി, മറ്റൊരു സഹോദരിയും അഭിനേത്രിയുമായ രേണുക, അകൽച്ചയുടെ ആഴം കുറച്ച് പരിപാലിച്ച ഭർത്താവ്, ഒടുവിൽ പൊന്നമ്മ ജീവനുതുല്യം സ്നേഹിച്ച പേരക്കുട്ടി ശിവശങ്കറുമടക്കം പ്രിയപ്പെട്ടവർ വിട്ടുപോയി. അമ്മവേഷം ചെയ്യുന്ന നടിയെന്നതിനപ്പുറമാണ് പൊന്നമ്മക്ക് മലയാളികൾ നൽകുന്ന സ്ഥാനം. അമ്മത്തം സിനിമയിൽ ഒതുങ്ങിയില്ല, നൂറുകണക്കിന് അനാഥബാല്യങ്ങൾക്കും അവർ തുണയായി.
ആലുവ ജനസേവാ ശിശുഭവന്റെ പ്രമോട്ടറായ പൊന്നമ്മ കുട്ടികളുടെ സന്തോഷത്തിലും ദുഃഖങ്ങളിലും കൂട്ടിനുണ്ടായി. വി ആർ കൃഷ്ണയ്യർ, ജോസ് മാവേലി എന്നിവർക്കൊപ്പം ‘ഇന്ത്യൻ സ്ട്രീറ്റ് വോയ്സ്' സംഘടനയുണ്ടാക്കാനും പ്രവർത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..